ഫെബ്രുവരി 20 ദനഹാക്കാലം എട്ടാം ഞായര്‍
ഉത്പ 49: 22-26 ജറെ 23: 1-4
1 പത്രോ 5: 1-11 മത്താ 9: 35-10:4.
ശ്രേഷ്ഠന്മാരും ജനങ്ങളുമടങ്ങുന്ന സഭാകൂട്ടായ്മ വിശ്വാസത്തില്‍ തുല്യരാണെന്ന വിനയം രണ്ടു കൂട്ടര്‍ക്കും ഉണ്ടാകണം. പരസ്പരവിനയത്തിന്റെ ഈ രീതി മാത്രമേ സഭയെ യഥാര്‍ത്ഥ ഇടയനോടു ചേര്‍ത്തുനിര്‍ത്തുകയുള്ളൂ.
''ഇടയനും ആടുകളും'' എന്നത് സുവിശേഷത്തിലെ ഏറ്റവും സുന്ദരവും ആഴമുള്ളതുമായ പ്രതീകങ്ങളിലൊന്നാണ്. ക്രൈസ്തവവിശ്വാസത്തില്‍ ഈശോമിശിഹായെ നല്ല ഇടയനായും വിശ്വാസികളെ ഇടയനെ പിന്‍ഗമിക്കുന്ന ആടുകളായും ദര്‍ശിക്കുന്നു. നല്ലിടയനായ ഈശോ തന്റെ ജനത്തിന് ഇടയന്മാരായി ശിഷ്യന്മാരെ നല്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. മറ്റെല്ലാ വായനകളും ഇടയന്റെ ദൗത്യത്തെക്കുറിച്ചു സുവിശേഷത്തോടു ചേര്‍ന്നു ധ്യാനിക്കുന്നു.
ജോസഫിന്റെ ഭാവിയെക്കുറിച്ചും അവനു ദൈവവുമായുള്ള ബന്ധത്തെക്കുറിച്ചും അവന്റെ പിതാവായ യാക്കോബ് നടത്തുന്ന പ്രവചനമാണ് ഒന്നാം വായന (ഉത്പ. 49:22-26). ജോസഫിനെക്കുറിച്ചുള്ള ആദ്യനിരീക്ഷണംതന്നെ അതിശക്തമാണ്: ''നീരുറവയ്ക്കരികെ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണ് ജോസഫ്'' (49:22). ദൈവത്തില്‍നിന്നു ജീവന്‍ ശേഖരിച്ചു സ്വജീവിതത്തെ ജോസഫ് ഫലസമൃദ്ധമാക്കുന്നു എന്നു സാരം. മനുഷ്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട, പരസ്പരം ബന്ധമുള്ള രണ്ടു കാര്യങ്ങളാണിവ. ദൈവത്തില്‍നിന്നു പോഷണം ശേഖരിക്കുകയും അതിനെ സ്വജീവിതത്തില്‍ ഫലസമൃദ്ധമായി ഉപയോഗിക്കുകയും ചെയ്യുക. രണ്ടു സാധ്യതകളും മനുഷ്യജീവിതത്തെ മനോഹരവും ബഹുമാനയോഗ്യവുമാക്കി മാറ്റും എന്നതില്‍ തര്‍ക്കമില്ല. ഒരു വ്യക്തിയുടെ ഈ ലോകജീവിതത്തെ ചിരകാല ഓര്‍മയുടെ മുദ്രയാക്കുന്നതിനുള്ള പോഷണം നല്കുന്നത് സ്രഷ്ടാവായ ദൈവമാണ്. ആ പോഷണത്തെ യഥാവിധി സ്വീകരിച്ച് ലോകത്തിന്റെ വിവിധ സാഹചര്യങ്ങളില്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുന്ന വ്യക്തിയുടെ ജീവിതം ജോസഫിന്റേതുപോലെ ഫലസമൃദ്ധവും സര്‍വകാല അനുസ്മരണത്തിനു യോഗ്യവുമാകും.
യാക്കോബ് തന്റെ മക്കളെ വിളിച്ചുവരുത്തി 'ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലാണ് അവരെ അനുഗ്രഹിച്ചത്' (49,28). ജോസഫിനെ അനുഗ്രഹിക്കുമ്പോള്‍ യാക്കോബ്, തന്റെ ദൈവത്തെ ചേര്‍ത്തുപറയുന്നതായി നാം കാണുന്നു: ''യാക്കോബിന്റെ ശക്തനായ ദൈവം - ഇസ്രായേലിന്റെ പാറയായ ഇടയന്‍ - തന്റെ കൈകള്‍കൊണ്ട് അവന്റെ കൈകളെ ശക്തിപ്പെടുത്തി'' (49:24). മറ്റുള്ള എല്ലാ മക്കള്‍ക്കും അവരുടെ കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും പറഞ്ഞ് അനുഗ്രഹം നല്കുമ്പോള്‍ ജോസഫിനെ മാത്രം ശക്തനായ ദൈവത്തിന്റെ കൈകള്‍കൊണ്ട് ശക്തിപ്പെടുത്തിയവന്‍ എന്നു പറഞ്ഞ് അനുഗ്രഹം നല്കുന്നു.
'യാക്കോബിന്റെ ശക്തനായ ദൈവം' എന്നു യാക്കോബ് തന്നെ എടുത്തുപറയണമെങ്കില്‍ തന്റെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് എത്രയധികം ബോധ്യം യാക്കോബിനുണ്ടായിരിക്കണം! 'ഇസ്രായേലിന്റെ പാറയായ ഇടയന്‍' എന്ന വിശേഷണംകൂടി യാക്കോബ് ദൈവത്തിനു നല്കുന്നു. ദൈവം ഇസ്രായേലിന്റെ ഇടയനാകുന്നു എന്നത് യാക്കോബിന്റെ ഇടയസങ്കല്പത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാകണം. യാക്കോബിന്റെ മറ്റൊരു പേരാണല്ലോ ഇസ്രായേല്‍. യാക്കോബിന്റെ ജീവിതത്തില്‍ ഉടനീളം അവനനുഭവിച്ച ദൈവത്തിന്റെ ഇടയനടുത്ത കരുതലും പരിപാലനയും ഇത്തരമൊരു നിരീക്ഷണം നടത്തുന്നതിന് യാക്കോബിനു പ്രേരണ നല്കിയിരിക്കാം.
ഇസ്രായേലിന്റെ പാറയായ ഇടയന്‍ ശക്തനാണെങ്കിലും ഇടയന്റെ ദൗത്യം ചെയ്യാത്ത ചില ഇടയന്മാരെക്കുറിച്ചാണ് ജറെമിയാപ്രവാചകനിലൂടെ ദൈവം സംസാരിക്കുന്നത് (ജെറ. 23:1-4 രണ്ടാം വായന). ദൈവത്തിന്റെ കാഴ്ചപ്പാടില്‍ ഇടയന്മാര്‍ അവിടത്തെ ജനത്തിന്റെ സംരക്ഷകരായിരിക്കണം. പക്ഷേ, ചില ഇടയന്മാര്‍ അങ്ങനെയായിരുന്നില്ല. അവര്‍ കര്‍ത്താവിന്റെ ആട്ടിന്‍പറ്റത്തെ ചിതറിച്ചു. ആടുകളെ ചിതറിച്ച ഇടയന്മാരെ ദൈവം ശിക്ഷിക്കുകതന്നെ ചെയ്യും. എന്നാല്‍, അതിനപ്പുറം ഈ ഇടയന്മാരാല്‍ ചിതറിക്കപ്പെട്ട ജനത്തെ, ദൈവം വീണ്ടും, ഒരുമിച്ചുകൂട്ടുകയും കര്‍ത്താവിന്റെ ആലയിലേക്കു തിരികെക്കൊണ്ടുവരികയും ചെയ്യും.
കര്‍ത്താവിന്റെ ആട്ടിന്‍പറ്റത്തെ ചിതറിക്കാന്‍ വ്യാജ ഇടയന്മാര്‍ ഉപയോഗിച്ച രണ്ടു വഴികള്‍ ഇവയാണ്: ''അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ച് എന്റെ ജനമായ ഇസ്രായേലിനെ വഴിപിഴപ്പിച്ചു'' (ജെറ. 23:13). ''ആരും ദുഷ്ടതയുപേക്ഷിക്കാതിരിക്കത്തക്കവിധം അവര്‍ ദുഷ്ടരെ പിന്താങ്ങുന്നു'' (ജെറ. 23:14). ഇസ്രായേലിന്റെ ദൈവത്തിന്റെ ശക്തിയും കരുണയും പ്രസംഗിക്കാനും, അവനിലേക്കു ജനത്തെ നയിക്കാനും വിളിക്കപ്പെട്ട ഇടയന്മാര്‍ അന്യദൈവത്തിലേക്കു ജനത്തെ നയിച്ചു. ദുഷ്ടതയാണു ശരി എന്നു തോന്നിപ്പിക്കുന്നവിധത്തില്‍ ഇടയന്മാര്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.
ഏകദൈവവിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലില്‍നിന്നകന്നുപോയ ഇസ്രായേല്‍ജനത്തെ ദൈവം തന്റെ പുത്രനിലൂടെ യഥാര്‍ത്ഥ ആലയിലേക്കു തിരികെക്കൊണ്ടുവരികയും, അവര്‍ക്കു പുതിയ ഇടയന്മാരെ നല്കുകയും ചെയ്യുന്നതാണു സുവിശേഷത്തില്‍ നാം വായിക്കുന്നത് (മത്താ. 9:35-10:4). ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായ ജനക്കൂട്ടത്തെക്കുറിച്ചുള്ള പരാമര്‍ശം ജെറമിയാ പ്രവാചകന്റെ വാക്കുകളോടു ചേര്‍ത്തുവയ്‌ക്കേണ്ടതാണ്. ദൈവം ഏല്പിച്ച ഇടയന്മാര്‍ ഇസ്രായേലിനെ യഥാര്‍ത്ഥ രീതിയില്‍ നയിക്കാതെ വന്നപ്പോള്‍ ജനത്തിനു വഴിതെറ്റുകയും അതിനാല്‍ അവര്‍ പരിഭ്രാന്തരാകുകയും നിസ്സഹായരായി നില്ക്കുകയും ചെയ്യേണ്ടിവന്നു. ജനത്തെ ദൈവത്തോടു ചേര്‍ത്തുനിര്‍ത്തുന്നതിനുപകരം നിയമാനുഷ്ഠാനത്തിന്റെ നൂലാമാലകളിലേക്ക് അവരെ കുരുക്കി കരുണയുടെയും സ്‌നേഹത്തിന്റെയുമായ അനുഭവത്തില്‍നിന്ന് ഈ വ്യാജ ഇടയന്മാര്‍ അകറ്റി.
ഇസ്രായേലിന്റെ പാറയായ ഇടയന്‍, പുതിയ ഇസ്രായേലിന്റെ പാറയായ ഈശോമിശിഹായില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഇസ്രായേലില്‍ അതിന്റെ നാഥനായ ഈശോ നിയമിക്കുന്ന ഇടയന്മാരുടെ ദൗത്യം രണ്ടാണ്: അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കുക; എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുക. അതിനായി ഈശോ ശിഷ്യന്മാര്‍ക്ക് അധികാരം നല്കുന്നു.
ഈശോ നല്കിയ ഈ ദൗത്യം ഏറ്റെടുത്ത ശിഷ്യന്മാരില്‍ ഒരാളായ പത്രോസ് തന്റെ ലേഖനത്തിലൂടെ ഇടയന്മാരുടെ ദൗത്യമെന്തെന്ന് ആവര്‍ത്തിക്കുന്നു (1 പത്രോ. 5:1-11). ജനത്തിന്റെ ഇടയന്മാര്‍ എന്ന നിലയില്‍ സഭയിലെ ശ്രേഷ്ഠന്മാര്‍ക്ക് പത്രോസ് ഉപദേശം നല്കുന്നു. സന്മനസ്സോടെ, തീക്ഷ്ണതയോടെ, സന്മാതൃക നല്കിക്കൊണ്ട് ദൈവത്തിന്റെ അജഗണത്തെ അവര്‍ പരിപാലിക്കണം. നിര്‍ബന്ധംമൂലമോ, ലാഭേച്ഛയോടെയോ, ആധിപത്യം പുലര്‍ത്തിക്കൊണ്ടോ ഇടയനടുത്ത ദൗത്യം നിര്‍വഹിക്കരുത് എന്ന് പത്രോസ് ശ്രേഷ്ഠന്മാരെ ഓര്‍മിപ്പിക്കുന്നു. അങ്ങനെ ചെയ്താല്‍ ജെറമിയാപ്രവാചകന്റെ വാക്കുകളില്‍ ഉള്ളതുപോലെ ജനം ദൈവത്തില്‍നിന്ന് അകറ്റപ്പെട്ട് ചിതറിച്ചു കളയപ്പെടും എന്നു പത്രോസ് ശ്ലീഹായ്ക്കറിയാം. അജഗണത്തെ യഥാര്‍ത്ഥത്തില്‍ പരിപാലിച്ചുനിര്‍ത്തുന്ന ഇടയന്മാര്‍ക്ക് ഇടയന്മാരുടെ തലവന്‍ (1 പത്രോ. 5:4), ഇസ്രായേലിന്റെ പാറയായ ഇടയന്‍ (ഉത്പ. 49:24) പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്ത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം ലഭിക്കും.
തന്റെ ലേഖനത്തിന്റെ രണ്ടാംഭാഗത്ത് ഇടയന്മാരോടു വിധേയരായിരിക്കേണ്ട ജനത്തെക്കുറിച്ചും പത്രോസ് സംസാരിക്കുന്നുണ്ട് (1 പത്രോസ് 5:5). ഇവിടെ പത്രോസ് പ്രത്യേകം പറയുന്നത് പരസ്പരവിനയത്തിന്റെ അങ്കി അണിയുക എന്നതാണ്. ഇടന്മാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ഇസ്രായേലിന്റെ പാറയായ ഇടയന്റെ, ഇടയന്മാരുടെ തലവനായ ഈശോമിശിഹായുടെ സാന്നിധ്യമാണ്. തങ്ങള്‍ വലിയവരാണെന്ന് ഇടയന്മാരോ തങ്ങള്‍ ചെറിയവരാണെന്ന് ജനങ്ങളോ കരുതേണ്ട കാര്യമില്ല. എല്ലാവരെയും തുല്യരാക്കുന്ന കൃപയുടെ, കരുണയുടെ ഇടയന്‍ ഈശോമിശിഹാ മാത്രമാണ്. ശ്രേഷ്ഠന്മാരും ജനങ്ങളുമടങ്ങുന്ന സഭാകൂട്ടായ്മ വിശ്വാസത്തില്‍ തുല്യരാണെന്ന വിനയം രണ്ടു കൂട്ടര്‍ക്കും ഉണ്ടാകണം. പരസ്പരവിനയത്തിന്റെ ഈ രീതി മാത്രമേ സഭയെ യഥാര്‍ത്ഥ ഇടയനോടു ചേര്‍ത്തുനിര്‍ത്തുകയുള്ളൂ.
ഇടയന്മാരുടെ ദൗത്യനിര്‍വഹണത്തില്‍ വരുന്ന കുറവുകള്‍ ജനത്തിന്റെ അവരോടുള്ള പൊരുത്തക്കേടിനു കാരണമാകുന്നുണ്ടോയെന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു. പരസ്പരവിനയത്തിന്റെ അങ്കിയണിഞ്ഞുകൊണ്ട് യഥാര്‍ത്ഥ ഇടയനായ ഈശോമിശിഹായുടെ കരുണയോടു ചേര്‍ന്നുനില്ക്കാന്‍ സഭയിലെ ശ്രേഷ്ഠന്മാര്‍ക്കും വിശ്വാസികള്‍ക്കും ഇടയാകട്ടെ.