•  25 Apr 2024
  •  ദീപം 57
  •  നാളം 7
സിനിമ

കാവല്‍

സുരേഷ് ഗോപിയും രണ്‍ജി പണിക്കരും പ്രധാന വേഷത്തില്‍ എത്തുന്ന, നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത  ഏറ്റവും പുതിയ ചിത്രമാണ് കാവല്‍. സുരേഷ് ഗോപി രണ്ടാം വരവു നടത്തുന്ന ആക്ഷന്‍ മൂവി എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമകൂടിയാണിത്. കേരളത്തിലെ 220 തിയേറ്ററുകളില്‍ കാവല്‍ റിലീസ് ചെയ്തിരുന്നു. 14 ജില്ലകളിലും ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ കസബയ്ക്കുശേഷം സംവിധാനം ചെയ്ത സിനിമയാണ് കാവല്‍.  ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി. ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍ നിര്‍വഹിക്കുന്നു. കല ദിലീപ് നാഥും, മേക്കപ് പ്രദീപ് രംഗനുമാണ്.
സുരേഷ് ഗോപി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കാവല്‍. രണ്‍ജി പണിക്കര്‍ - സുരേഷ് ഗോപി കൂട്ടുകെട്ട് ചരിത്രം ആവര്‍ത്തിക്കുമെന്നാണു സിനിമ കണ്ടിറങ്ങുന്ന പ്രേഷകപ്രതികരണങ്ങള്‍.
സുരേഷ് ഗോപി എന്ന നടനെ ആളുകള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന് അദ്ദേഹത്തിന്റെ ഇന്‍ട്രോയില്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും സന്തോഷം പ്രകടിപ്പിക്കുന്ന ആരാധകര്‍ തെളിവാണ്. കസബയുടെ പോരായ്മകള്‍ പുതിയ ചിത്രത്തില്‍  പരിഹരിക്കപ്പെടുമ്പോഴും ദുര്‍ബലമായ, കണ്ടും കേട്ടും മടുത്ത ഒരു തിരക്കഥ എന്നൊരു പോരായ്മ കാവലിനുണ്ട്.
ഇന്‍ട്രോ സീനില്‍ ആകാശത്തു വട്ടമിട്ടു പറക്കുന്ന പരുന്തിനെ നോക്കി മീശ പിരിക്കുന്ന തമ്പാന്റെ കണ്ണുകളില്‍ തിളയ്ക്കുന്ന രൗദ്രം കാണുമ്പോള്‍ത്തന്നെ ചാരത്തിലെ കനല്‍ കെട്ടിട്ടില്ലെന്നു  നമുക്കു മനസ്സിലാകും. കാവല്‍  ഹൈറേഞ്ചില്‍  നടക്കുന്ന ഒരു കഥയാണ്. ഒരു കാലത്ത് ഒരു പ്രദേശം അടക്കിവാണിരുന്ന, പിന്നീടു ദാരിദ്ര്യത്തിലും പലിശക്കടങ്ങളിലും, ഭീഷണികള്‍ക്കു മുമ്പിലും ജീവിതം വീര്‍പ്പുമുട്ടുന്ന  ആന്റണി(രണ്‍ജി പണിക്കര്‍)യില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ഓരോ ദിവസവും തന്റെ കുടുംബത്തെ രക്ഷിക്കാന്‍ കഴിയാതെ വിഷമിക്കുന്ന ആന്റണിക്കും കുടുബത്തിനും  കാവലായി ഹൈറേഞ്ചിലേക്കു പോകുകയാണ്  തമ്പാന്‍ (സുരേഷ് ഗോപി). നല്ലകാലത്ത് പൊലീസിനു ബദലായിനിന്ന് പാവപ്പെട്ടവര്‍ക്കായി ആന്റണി നടത്തിയ പോരാട്ടത്തില്‍ കരുത്തായി കൂടെനിന്നവന്‍. വളരെ പതുക്കെ ഇമോഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യം കൊടുത്തു മുമ്പോട്ടു പോകുന്ന സിനിമയാണ് കാവല്‍.
പതിവ് സുരേഷ് ഗോപിച്ചിത്രം പ്രതീക്ഷിക്കു ന്നവര്‍ക്ക് കാവല്‍ അല്പം നിരാശ നല്‍കും. തരക്കേടില്ലാത്ത നല്ലൊരു സിനിമ എന്നതിനപ്പുറം പുതിയ നിര്‍വചനങ്ങളൊന്നും ചിത്രത്തിനു  നല്കാന്‍ സാധിച്ചിട്ടില്ല. പ്രേക്ഷകര്‍ സുരേഷ് ഗോപിയില്‍നിന്നു  പ്രതീക്ഷിക്കുന്നതുപോലുള്ള ആക്ഷന്‍ മൂവിയല്ല കാവല്‍. ട്രെയ്‌ലറില്‍നിന്നു മനസ്സിലാകുന്നതിന് അപ്പുറമൊന്നും സിനിമ കാണുമ്പോഴും ലഭിക്കുന്നില്ല. ശക്തമായ ഒരു തിരക്കഥയില്ല എന്നതുതന്നെയാണ് സിനിമയുടെ പ്രധാന പോരായ്മ. എന്നിരുന്നാലും, പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീപ്പൊരി ഡയലോഗുകളും അഭിനയത്തിന്റെ സ്വതഃസിദ്ധമായ സുരേഷ് ഗോപി സ്‌റ്റൈലും ഈ  സിനിമയിലും കാണാന്‍ കഴിയും. രംഗങ്ങളോടു ചേരുന്ന പാശ്ചാത്തലസംഗീതവും. അനാവശ്യമായ കുത്തിനിറയ്ക്കലുകളില്ലാത്ത, ആക്ഷന്‍രംഗങ്ങളുള്ള ഒരു സിനിമയെന്ന നിലയില്‍ കാവല്‍ കൈയടി അര്‍ഹിക്കുന്നു. വലിയ പ്രതീക്ഷകള്‍ ഇല്ലാതെ കാണുകയാണെങ്കില്‍ കൊടുത്ത പൈസ മുതലാക്കാന്‍ പറ്റുന്ന ശരാശരിക്കു മുകളിലുള്ള ഒരു സിനിമയാണ് കാവല്‍.

 

Login log record inserted successfully!