ഡിസംബര്‍ 12 മംഗളവാര്‍ത്ത മൂന്നാം ഞായര്‍
ഉത്പത്തി 21: 1-12 ഏശ 40: 1 -11 1 കോറി 1: 26-31 വി. ലൂക്കാ 1: 57-66
നല്ല ഇടയന്റെ കരങ്ങളില്‍ ആടുകള്‍ക്കു സുരക്ഷിതത്വവും സമാധാനവും ഉണ്ടാവും. മനുഷ്യജീവിതത്തില്‍ അനുതാപത്തിന്റെ അനിവാര്യതയാണ് രക്ഷകന്റെ ഗണത്തില്‍പ്പെടാനുള്ള യോഗ്യത. ഏക ഇടയനായ അവിടുന്നിലും ഏകതൊഴുത്തായ സഭയിലും ചേര്‍ന്നിരിക്കുന്ന ജീവിതദര്‍ശനങ്ങളാണ് ദൈവരാജ്യാനുഭവത്തിലേക്കു നയിക്കുന്നത്.
മംഗളവാര്‍ത്തക്കാലത്തിലെ മൂന്നാം ഞായറാഴ്ചയിലെ വായനകളുടെ മുഖ്യ ആശയം ഭാവാത്മകമായി ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത് ദൈവികദര്‍ശനങ്ങളാണെന്ന വസ്തുതയാണ്. ദര്‍ശനങ്ങളില്ലാതാകുമ്പോള്‍ മനുഷ്യന്‍ അപകടകാരിയാകുന്നു. മനുഷ്യാവതാരദര്‍ശനങ്ങള്‍ നല്‍കുന്ന ആനന്ദമാണ് ഈ ആശയങ്ങളുടെ ചൈതന്യം.
ഉത്പത്തിപ്പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയില്‍, മനുഷ്യന്റെ നിസ്സഹായതയും ദൈവത്തിന്റെ ശക്തിയുമാണ് പ്രായം കഴിഞ്ഞ അബ്രാഹത്തിനും സാറായ്ക്കും ജനിക്കുന്ന പുത്രന്‍ ഇസഹാക്ക്. കര്‍ത്താവിന്റെ അനുഗ്രഹവും ദൈവത്തിന്റെ വാഗ്ദാനപൂര്‍ത്തീകരണവുമാണ് ഇസഹാക്ക്. അതുകൊണ്ട് അവന്‍ ''വാഗ്ദത്തപുത്ര''നായി വിശേഷിപ്പിക്കപ്പെടുന്നു. ഇസഹാക്ക് എന്ന ഹീബ്രുപദത്തിന്റെ അര്‍ത്ഥം ''ദൈവം നിന്റെമേല്‍ പുഞ്ചിരിക്കട്ടെ'' എന്നാണ്. ദൈവം സദാ മനുഷ്യന്റെമേല്‍ പുഞ്ചിരിയാകുന്ന സംപ്രീതി പൊഴിക്കുന്നുവെന്നതും അത് അടയാളങ്ങളിലൂടെ കാലാകാലങ്ങളില്‍ വെളിപ്പെടുത്തുന്നതുമാണ് ഇസഹാക്കിന്റെ ജനനം. നൂറാംവയസ്സില്‍ അബ്രാഹത്തിനു പ്രായംകവിഞ്ഞ ഭാര്യ സാറായില്‍ ഒരു പുത്രന്‍ ജനിച്ചുവെന്നത് എല്ലാവരിലും സന്തോഷം ഉളവാക്കിയ സംഭവമാണ്. ലോകരക്ഷകനായ ഈശോമിശിഹായുടെ ജനനത്തില്‍ മനുഷ്യകുലത്തിനുമുഴുവന്‍ ലഭിക്കാനിരിക്കുന്ന വലിയ ആനന്ദത്തിന്റെ മുന്നാസ്വാദനമാണ് ഇസഹാക്കിന്റെ ജനനത്തിലുളവായ സന്തോഷം. മനുഷ്യന്‍ ദൈവത്തില്‍ സന്തോഷം അന്വേഷിക്കുകയും അനുഭവിക്കുകയും വേണം. ദൈവത്തില്‍ സന്തോഷം അനുഭവിച്ച അബ്രാഹത്തിനും സാറായ്ക്കും തങ്ങളുടെ സന്തോഷം സമൂഹത്തിലേക്കു പ്രസരിപ്പിക്കാനും കഴിഞ്ഞു. ഈ സന്തോഷം ഈശോമിശിഹായിലൂടെ പൂര്‍ണമാക്കപ്പെട്ട രക്ഷയില്‍ കേന്ദ്രീകൃതവുമാണ്. ദൈവികദര്‍ശനങ്ങളിലധിഷ്ഠിതമായ ജീവിതം നയിച്ച അബ്രാഹത്തിനും സാറായ്ക്കും സന്താനമില്ലായ്മ പരിമിതിയല്ലാതാകുകയും പുതിയ സാധ്യതകളുടെ വാതില്‍ തുറക്കപ്പെടുകയും ചെയ്തു.
ഏശയ്യാപ്രവാചകന്റെ പുസ്തകത്തിലൂടെ രണ്ടാം വായനയില്‍ 'കര്‍ത്താവിനു വഴിയൊരുക്കുവിന്‍' എന്ന സ്വരമാണു കേള്‍ക്കുന്നത്. കര്‍ത്താവിന്റെ ആഗമനം സമീപസ്ഥമായിരിക്കുന്നുവെന്നത് ഭൂതലത്തിനു മുഴുവന്‍ ആനന്ദവും പ്രതീക്ഷയും നല്‍കുന്നു. മനുഷ്യന്റെ വീഴ്ചകള്‍ക്കും തെറ്റുകള്‍ക്കും നിത്യമായി ശിക്ഷ കല്പിച്ചിരിക്കുന്ന ദൈവമല്ല; പ്രത്യുത, അനുതപിക്കുന്നവരോടു മടുപ്പില്ലാതെ ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്ന ദൈവത്തെപ്പറ്റിയാണ് പ്രവാചകന്‍ അറിയിക്കുന്നത്. ഈ കരുണയുടെ സദ്വാര്‍ത്തയാണ് കര്‍ത്താവിന്റെ ആഗമനം വിളിച്ചറിയിക്കുന്നത്.
കര്‍ത്താവിന്റെ ആഗമനം നല്ലയിടയന്റെ അനുഭവമായിരിക്കും പ്രദാനം ചെയ്യുന്നതെന്ന് പ്രവാചകന്‍ മുന്‍കൂട്ടി വ്യക്തമാക്കുന്നു. നല്ല ഇടയന്റെ കരങ്ങളില്‍ ആടുകള്‍ക്കു സുരക്ഷിതത്വവും സമാധാനവും ഉണ്ടാവും. മനുഷ്യജീവിതത്തില്‍ അനുതാപത്തിന്റെ അനിവാര്യതയാണ് രക്ഷകന്റെ ഗണത്തില്‍പ്പെടാനുള്ള യോഗ്യത. ഏക ഇടയനായ അവിടുന്നിലും ഏക തൊഴുത്തായ സഭയിലും ചേര്‍ന്നിരിക്കുന്ന ജീവിതദര്‍ശനങ്ങളാണ് ദൈവരാജ്യാനുഭവത്തിലേക്കു നയിക്കുന്നത്.
കൊറിന്ത്യര്‍ക്കുള്ള ലേഖനത്തില്‍ ദൈവത്തിന്റെ തിരഞ്ഞെടുപ്പിനു നിദാനമായിരിക്കുന്നത് മനുഷ്യന്റെ മേന്മയല്ല; പ്രത്യുത, അതു പൂര്‍ണമായും ദൈവത്തിന്റെ ദാനമാണെന്ന് ഓര്‍മിപ്പിക്കുന്നു. ദൈവത്തിന്റെ തിരഞ്ഞെടുപ്പിലാണ് മനുഷ്യന്റെ സന്തോഷം കുടികൊള്ളേണ്ടത്. മനുഷ്യരെ ലോകമുമ്പില്‍ പ്രധാനിയാക്കുന്ന മാനദണ്ഡങ്ങളായ അറിവ്, സ്വാധീനം, സമ്പത്ത്, പദവി ഇവയൊന്നുമല്ല അവനെ ശ്രേഷ്ഠനാക്കുന്നത്; മറിച്ച്, ദൈവകൃപയാണ്. സ്രഷ്ടാവായ ദൈവത്തിന്റെ മുമ്പില്‍ കേവലം സൃഷ്ടിയായ മനുഷ്യന് അഹങ്കരിക്കാനൊന്നുമില്ലെന്നതും മനുഷ്യന്റെ നിസ്സാരതയിലും നിസ്സഹായാവസ്ഥയിലും ദൈവം തന്റെ കൃപ വര്‍ഷിക്കുന്നുവെന്നതും അനുഭവവേദ്യമായ സത്യമാണ്. ഈശോമിശിഹായെ ദൈവം മനുഷ്യനു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവുമാക്കിയിരിക്കുന്നു. ആയതിനാല്‍, മിശിഹായില്‍ ആനന്ദിക്കാനും അഭിമാനിക്കാനും തക്ക ദര്‍ശനമാണ് മനുഷ്യനാവശ്യം.
വി. ലൂക്കായുടെ സുവിശേഷത്തില്‍, യോഹന്നാന്‍ മാംദാനയുടെ ജനന അറിയിപ്പ് യൂദയായിലെ മലനാട്ടില്‍ വലിയ സംസാരവിഷയമായി. യോഹന്നാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം 'കൃപയുള്ളവന്‍' എന്നാണ്. ദൈവം സംസാരവിഷയമായ സംഭവമായിരുന്നു യോഹന്നാന്റെ ജനനം. ദൈവം സംസാരവിഷയമാകുമ്പോഴാണ് ഒരു നാടും ജനതയും അനുഗൃഹീതമാകുന്നത്. യോഹന്നാന്റെ ജനനത്തില്‍ അവന്റെ പിതാവ് സഖറിയായുടെ അടയ്ക്കപ്പെട്ട നാവ് തുറക്കപ്പെട്ടു. അവിശ്വാസം പറഞ്ഞപ്പോഴാണ് സഖറിയായുടെ നാവ് ദൈവദൂതന്‍ പൂട്ടിയത്. സഖറിയ എഴുത്തുപലകയില്‍ 'യോഹന്നാന്‍' എന്നെഴുതിയപ്പോള്‍ അവന്‍ സംസാരിക്കാന്‍ തുടങ്ങി. അവന്റെ സംസാരം പുതിയ ഭാഷയായിരുന്നു. അതു സുവിശേഷമാണ്. ഈശോമിശിഹായായിരുന്നു ആ സംസാരത്തിന്റെ കേന്ദ്രം. ബാബേല്‍ ഗോപുരസംഭവത്തില്‍ ഭിന്നിച്ച മനുഷ്യന്റെ ഭാഷ സഖറിയായുടെ വായ് പൂട്ടിയപ്പോള്‍ ദൂതന്‍ അടച്ചു. സഖറിയാ ദൈവദര്‍ശനമുള്‍ക്കൊണ്ടപ്പോള്‍ പുതിയ ഒറ്റഭാഷയുണ്ടായി. അതു സുവിശേഷത്തിന്റെ മര്‍മമായ സ്‌നേഹമാണ്. പുതിയ ഉടമ്പടിയില്‍ മനുഷ്യനെ ഒന്നിപ്പിക്കുന്ന ഭാഷ സ്‌നേഹമാണ്. ഈ സ്‌നേഹദര്‍ശനമാണ് ഇന്നു മനുഷ്യനാവശ്യം.