•  21 Nov 2024
  •  ദീപം 57
  •  നാളം 37
സിനിമ

കണക്കുകൂട്ടലുകളുമായെത്തിയ കുറുപ്പ്

കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ലോങ് പെന്‍ഡിങ്ങായി നീക്കിവയ്ക്കപ്പെട്ടതാണ് സുകുമാരക്കുറുപ്പ് പ്രതിസ്ഥാനത്തുള്ള ചാക്കോ വധക്കേസ്. കുറുപ്പ് മരിച്ചോ ജീവിക്കുന്നുണ്ടോ എന്ന് ഇനിയും തീര്‍ച്ചപ്പെടുത്താനാവാത്ത നാണക്കേടിന്റെ ഏട് വീണ്ടും ചര്‍ച്ചകളില്‍ നിറയ്ക്കുന്ന ചലച്ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായെത്തുന്ന ''കുറുപ്പ്''.
സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ കുപ്രസിദ്ധ ചരിത്രമറിയുന്ന കേരളക്കര ദുല്‍ഖറിന്റെ കുറുപ്പും ചര്‍ച്ചയാക്കുന്നത് സ്വാഭാവികം. സിനിമയുടെ അണിയറപ്രവര്‍ത്തകരും ഉറ്റുനോക്കുന്നത് ഈ ചര്‍ച്ചകളും കഥകളും എത്രത്തോളം വളര്‍ന്നുപോകുന്നുവെന്നായിരിക്കും. 37 വര്‍ഷമായി മലയാളിമനസ്സിനെ ഭാരപ്പെടുത്തുന്ന നിഗൂഢതയാണ്, കുത്സിതനും കുതന്ത്രനും വിപരീതബുദ്ധിയുടെ കുറുകുറുക്കനുമാണ് (പുപ്പുലി എന്നു പറയുംപോലെ) സുകുമാരക്കുറുപ്പ് എന്ന കുറ്റവാളി. ഇന്‍ഷുറന്‍സ് തുക നേടി സുഖിമാനായി ജീവിക്കാന്‍ അയാളൊരുക്കിയ കെണിയില്‍പ്പെട്ട് ജീവന്‍ വെടിഞ്ഞ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ എന്ന പാവപ്പെട്ട മനുഷ്യനെ ഏവരും മറന്നെന്നിരിക്കും (കെണി എന്നു പേരുള്ള മമ്മൂട്ടിച്ചിത്രമായിരുന്നു ചാക്കോയുടെ കൈയിലെ ഫിലിം പെട്ടിയില്‍ എന്നു പറയപ്പെടുന്നു). എന്നാല്‍, മായാവിക്കഥപോലെ നമ്മെ വട്ടം കറക്കി വിലസുന്ന ഓര്‍മയാണ് കുറുപ്പിന്റേത്. അക്കാരണത്താല്‍ത്തന്നെ, യഥാര്‍ത്ഥ കുറ്റകൃത്യത്തിന്റെ അന്വേഷണാത്മക ത്രില്ലര്‍ എന്ന് ഈ ദുല്‍ഖര്‍ സിനിമയെ വിശേഷിപ്പിക്കാം.
 ''കുഞ്ഞിക്ക'' എന്ന് ആരാധകര്‍ വിളിക്കുന്ന ദുല്‍ഖറിന്റെ ആദ്യചിത്രമായ ''സെക്കന്റ് ഷോ''യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിനെയും അണിയിച്ചൊരുക്കിയത്. ഊഹാപോഹങ്ങളും ഉപകഥകളും നിറഞ്ഞ സുകുമാരക്കുറുപ്പുചരിതം, ക്രൈം നടന്ന അന്നുമുതല്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്. സിനിമ റിലീസ് ആയപ്പോഴും കുറുപ്പെന്ന അവതാരത്തിന്റെ മിസ്റ്റിക് സ്റ്റോറീസ് തുടരുന്നു. ഇതൊക്കെ ഉള്ളിലിട്ടു കൊറിച്ചുകൊണ്ട് പടം കാണാനെത്തുന്നവരെ ഇരുത്തി ബോധ്യപ്പെടുത്തേണ്ടïബാധ്യതയും സംവിധായകന്റെ ചുമലിലുണ്ട്. ആ കഥകള്‍ക്കും പോലീസ് ഭാഷ്യങ്ങള്‍ക്കും ഉള്ളില്‍നിന്നുകൊണ്ടുതന്നെയാണ് സിനിമ വളരുന്നത്. പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നുപറയാം.
കുറുപ്പുകേസിനു പുറകേ ഏറെക്കാലം അന്വേഷണവുമായി നടന്ന കൃഷ്ണദാസ് എന്ന പോലീസ് ഓഫീസറുടെ റിട്ടയര്‍മെന്റ് പാര്‍ട്ടിയിലാണ് സിനിമയുടെ തുടക്കം. ഓര്‍മകളിലൂടെ, ഡയറിക്കുറിപ്പുകളിലൂടെ പത്രവാര്‍ത്തകളിലൂടെ, പിന്നെ പലരുടെയും ചിന്തകളിലൂടെയാണ് കുറുപ്പിനെ വരച്ചുകാട്ടുന്നത്. ഇതെല്ലാം ചേരുമ്പോള്‍ ഇയാള്‍ ആരായിരുന്നു എന്ന ചോദ്യത്തിനുത്തരമായി. യഥാര്‍ത്ഥ സംഭവവുമായി കഥയെ ഒത്തുചേര്‍ത്തു കൊണ്ടുപോവുകയാണ് സംവിധായകന്‍. കുറുപ്പ് തികഞ്ഞ ഒരു ക്രിമിനലായതെങ്ങനെയെന്നും പ്രേക്ഷകനു പിടികിട്ടുന്നുണ്ട്. പോലീസിന്റെ അന്വേഷണം പോകുന്ന വഴിയിലൂടെ സിനിമാസ്വാദകനും സഞ്ചരിക്കുന്നു. കുറുപ്പിന്റെ സഹജമായ ക്രിമിനല്‍ മനസ്സും സാഹസികതയും പകരാന്‍ ദുല്‍ഖര്‍ പരിശ്രമിച്ചത് ചിത്രത്തിനു നേട്ടമാണ്. പോലീസ് ഓഫീസര്‍ കൃഷ്ണദാസായി വരുന്ന ഇന്ദ്രജിത്തും ഷൈന്‍ ടോം ചാക്കോയുടെ പിള്ളയും ശ്രദ്ധേയമായി. ശോഭിത ധുലി പാല (മൂത്തോനിലെ നായിക) കുറുപ്പിന്റെ ഭാര്യയായെത്തുന്നു. വിജയരാഘവന്‍, സണ്ണി വെയ്ന്‍, സുരഭി ലക്ഷ്മി, ബാലചന്ദ്രന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
സുകുമാരക്കുറുപ്പുസംഭവത്തിനു ശേഷം ഏറെ വൈകാതെയിറങ്ങിയ കുറുപ്പുസിനിമയാണ് സാജ് പിക്‌ചേഴ്‌സിന്റെ ചഒ.47 (1984). ടി.ജി. രവിയാണതില്‍ കുറുപ്പായി വരുന്നത്. സുകുമാരനായിരുന്നു അന്ന് ചാക്കോ ആയത്. ആ സിനിമയുടെ തുടക്കത്തില്‍ 'ഇതൊരു സാങ്കല്പിക കഥ'യാണെന്ന് എഴുതിക്കാട്ടുന്നുണ്ട്. പാപ്പനംകോട് ലക്ഷ്മണന്റെ തിരക്കഥയിലൂടെയാണ് ചഒ 47 നീണ്ടു പോകുന്നത്. തിരശ്ശീലയില്‍, നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എന്നെഴുതിക്കാട്ടുന്ന ഈ ചിത്രത്തിന്റെ സംവിധാനം, ലിസപോലുള്ള ഭയാനക പ്രേതസിനിമകള്‍വഴി പ്രശസ്തനായ ബേബി ആയിരുന്നു. അന്ന് അത്രയൊന്നും ഹിറ്റാകാതിരുന്ന ആ ചിത്രമിപ്പോള്‍ ആസ്വാദകര്‍ യൂട്യൂബില്‍  കാണുന്നുണ്ട് എന്നതും കൗതുകംതന്നെ. അടൂര്‍ ഗോപാലകൃഷ്ണന്റെ 'പിന്നെയും' സുകുമാരക്കുറുപ്പിന്റെ കഥയാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ എത്തിനോട്ടം നടത്തിയെങ്കിലും ജനം കാണാത്ത സിനിമയായിരുന്നു അത്.
പുതിയ 'കുറുപ്പി'ന്റെ നിര്‍മാതാവായിരുന്നിട്ടും OTP വഴിയുള്ള സാമ്പത്തികസുരക്ഷ നോക്കാതെ തിയേറ്ററില്‍ പടമെത്തിച്ച ദുല്‍ഖറിന് അഭിനന്ദനം പറയുന്നുണ്ട് സിനിമാലോകം. തിയേറ്ററില്‍ കുറച്ചു ദിവസം പടമോടിയാല്‍ മുകള്‍ത്തട്ടുമുതല്‍ കടലക്കച്ചവടക്കാരനും ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവനുംവരെ വരുമാനമുണ്ടാവുമെന്നു വലിയ നിലയില്‍ ആശ്വസിക്കുന്ന സമയമാണിത്. ഒത്തിരിപ്പേരുടെ അധ്വാനവും ശ്രമവുമുണ്ട് സ്‌ക്രീനില്‍ തെളിയുന്ന ഓരോ സിനിമയ്ക്കു പിന്നിലും. ഗ്യാരണ്ടിയുള്ള അഭിനേതാക്കളും മറ്റു സന്നാഹങ്ങളുമായെത്തുന്ന സിനിമകള്‍ തിയേറ്റര്‍വഴി ഇപ്പോള്‍ ജനം കാണുമ്പോള്‍ അതും ഒരു ഗുണമാണ്.
ഏതായാലും, ഈ അനിശ്ചിതകാലഘട്ടത്തിലെത്തുന്ന സിനിമകളില്‍ ചരിത്ര പ്രാധാന്യമുള്ള ബ്രഹ്‌മാണ്ഡചിത്രങ്ങളും വലിയ അളവില്‍ കാശിറക്കി സമൂലക്കൂട്ടുകളോടെയെത്തിയ സുകുമാരക്കുറുപ്പ് 'ചരിത്രാഖ്യായിക'യുമൊക്കെ സിനിമാ വ്യവസായത്തെ സംരക്ഷിച്ചു നിര്‍ത്തുമെങ്കില്‍ അതും ഒരു നന്മയാണ്.
37 വര്‍ഷമായി കേരളത്തിലെ പോലീസിനെ വട്ടം കറക്കുന്ന ഒരു കുറ്റവാളി, മരിച്ചാലും ജീവിച്ചിരുന്നാലും ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഉത്ഥാനം ചെയ്തിരിക്കുകയാണിപ്പോള്‍. കഥകളും ഉപകഥകളുമായി കുറുപ്പുചരിതം നാട്ടാരുടെ ഗൗരവപ്പെട്ട ചര്‍ച്ചകളിലും കൊച്ചുവര്‍ത്താനങ്ങളിലും നിറയുന്നു. മാധ്യമങ്ങള്‍ക്കും എഴുതാനും പറയാനും ഏറെക്കിട്ടി. എവിടെയൊക്കെയോ കുറുപ്പുണ്ടായിരുന്നു അല്ലെങ്കില്‍ എന്നോ മരിച്ചു, അങ്ങനെ ഭാവനകളെത്ര. സിനിമ കാണാന്‍ എന്തായാലും കുറുപ്പെത്തും അല്ലെങ്കില്‍ അയാള്‍ വന്നു സിനിമ കണ്ടുകഴിഞ്ഞു. അങ്ങനെ കഥകളെത്രയാണു തകര്‍ത്തോടുന്നത്!
നാടു മുഴുവന്‍ ചര്‍ച്ചയില്‍ മുഴുകാനും മാത്രം പ്രമാദമായൊരു വിഷയം കണ്ടെത്തി സിനിമയാക്കി തിയേറ്ററിലെത്തിച്ച എല്ലാ പിന്നണിബുദ്ധികളും വിജയിച്ചു നില്‍ക്കുന്നു 'കുറുപ്പി'ന്റെ കാര്യത്തില്‍. നാളുകള്‍ക്കുശേഷം തിയേറ്ററുകളിലുയരുന്ന ആരവങ്ങള്‍ സിനിമയെ മൊത്തം രക്ഷിച്ചു നിര്‍ത്തട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)