ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് അമൃത്. രണ്ടുതരം അമൃതുണ്ട്. ചിറ്റമൃത്, കാട്ടമൃത് എന്നിവ. ചിറ്റമൃതാണ് ഔഷധയോഗങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത്.
രക്തശുദ്ധി ഉണ്ടാക്കുന്നതാണ് അമൃത്. തണ്ടാണ് ഔഷധയോഗ്യമായ ഭാഗം. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതാണ് ഇവ. ചര്‍മ്മരോഗം, പനി, പ്രമേഹം, വൃക്കരോഗം, ശരീരത്തിലെ ചുട്ടുനീറ്റല്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്കു പ്രതിവിധികൂടിയാണിവ.
'അമൃത്' എന്ന വാക്കിന്റെ അര്‍ത്ഥം 'മരണം ഇല്ലാതാക്കുന്നത്' എന്നാണ്. ചിരകാലം ജീവിക്കുകയും മറ്റു ജീവികളെ രോഗമുക്തമാക്കി മരണത്തില്‍നിന്നു രക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് അമൃത് എന്ന പേര് ഈ സസ്യത്തിന് അന്വര്‍ത്ഥമാണ്.
അമൃതാരിഷ്ടം, അമൃതാഭിചൂര്‍ണ്ണം ഇവ അമൃത് ചേര്‍ത്തുണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്.
'മെനിസ് പെര്‍മേസി' എന്ന കുടുംബത്തില്‍പ്പെടുന്ന ചിറ്റമൃതിന്റെ ശാസ്ത്രനാമം 'ടൈനോസ് പോറകോര്‍ഡിഫോളിയ' എന്നാണ്. മഞ്ഞപ്പിത്തം, വാതം, ത്വഗ്രോഗങ്ങള്‍ ഇവയ്ക്ക് പ്രതിവിധിയായി അമൃതു വള്ളിയിലെ ഔഷധവീര്യമുള്ള നീര് തേന്‍ചേര്‍ത്ത് വൈദ്യനിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാറുണ്ട്. ചിറ്റമൃത് തിരിച്ചറിഞ്ഞ് അവയില്‍നിന്നു വള്ളി ശേഖരിച്ച് നടാവുന്നതാണ്. ഒട്ടനവധി ഗുണങ്ങള്‍ നിറഞ്ഞ ചിറ്റമൃതിനെ നമുക്കു മറക്കാതിരിക്കാം.