•  21 Nov 2024
  •  ദീപം 57
  •  നാളം 37
ജാലകം

കരുതണം കൗമാരക്കാരെ

കൗമാരക്കാരുള്‍പ്പെടെയുള്ള യുവജനങ്ങളുടെയിടയില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനവും അവയുടെ ദുരുപയോഗങ്ങളും വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. എന്റെ ഒരു കൗണ്‍സെലിങ് അനുഭവം  വിവരിക്കട്ടെ.
ഒരു ആണ്‍കുട്ടി ഒരു മുതിര്‍ന്ന ആണ്‍സുഹൃത്തുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയത്തിലാകുന്നു. നയപരമായ ഇടപെടലും പെരുമാറ്റവും. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ക്കൊന്നും ഇടവന്നില്ല.  ആത്മാര്‍ത്ഥതയുള്ള ഒരു സുഹൃത്തുതന്നെയെന്നു കുട്ടിയും വിശ്വസിച്ചു.
ഒരിക്കല്‍, ഈ മുതിര്‍ന്ന സുഹൃത്തിന്റെ വീട്ടില്‍ രാത്രി താമസത്തിനു കുട്ടിയെ ക്ഷണിച്ചു. ഏറെ നാളായുള്ള പരിചയത്തിന്റെ പിന്‍ബലത്തില്‍ രക്ഷിതാക്കള്‍ അതിനു സമ്മതം നല്‍കുകയും ചെയ്തു. പിറ്റേന്നു വീട്ടിലെത്തിയ കുട്ടി തനിക്കു ലഭിച്ച മികച്ച പരിചരണത്തെക്കുറിച്ച് മാതാപിതാക്കളോടു സന്തോഷം പങ്കുവച്ചു. എന്നാല്‍, വീണ്ടും ഒരിക്കല്‍ക്കൂടി സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അന്തിയുറങ്ങാന്‍പോയ കുട്ടിക്ക് തീര്‍ത്തും മോശമായ അനുഭവങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
ഈ മുതിര്‍ന്ന ആണ്‍സുഹൃത്ത് സ്വവര്‍ഗഭോഗത്തിന് അടിമയായിരുന്നു. അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ലൈംഗികാതിക്രമം കൗമാരക്കാരനെ വലിയ പരിഭ്രമത്തിലും നിരാശയിലും ഭയത്തിലുമാഴ്ത്തി. ഒട്ടും പ്രതീക്ഷിക്കാത്ത ഈ ദുരനുഭവം അവനില്‍ വല്ലാത്തൊരു നൊമ്പരമായി നീറിപ്പടര്‍ന്നു. വിശപ്പില്ലായ്മയും അസ്വസ്ഥതയും അവനെയാകെ തളര്‍ത്തിക്കളഞ്ഞു. താമസിയാതെ തലവേദന തുടങ്ങി. പിന്നെ പനിയായി മാറി. അടുത്തുള്ള ക്ലിനിക്കില്‍ പോയി, പനിക്കു മരുന്നു വാങ്ങിക്കൊടുത്തു. പനി ശമിച്ചെങ്കിലും അവന്റെ സ്വഭാവത്തിലെ മാറ്റം മാതാപിതാക്കളെ ആകുലരാക്കി. അധികമാരോടും സംസാരിക്കാത്ത പ്രകൃതത്തിലേക്കു കുട്ടി മാറി. സ്‌കൂളില്‍ പോകാനും താത്പര്യം കുറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസിനും അലസതയായി. ക്രമേണ, പഠനവൈകല്യമായി, വ്യക്തിത്വത്തകരാറായി. കൗണ്‍സെലിങ്ങില്‍ വിശദമായി ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് മുന്‍പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായത്. കുറച്ചൊക്കെ പിരുപിരുപ്പും ശ്രദ്ധക്കുറവും മര്‍ക്കടമുഷ്ടിയും ഈ കുട്ടിക്കു നേരത്തേതന്നെ ഉണ്ടായിരുന്നു. മാത്രമല്ല, ഓരോ കാര്യം ചെയ്യുന്നതിനും അലസതയും ഉണ്ടായിരുന്നു. വൈകിക്കിടക്കുക, താമസിച്ച് എണീല്‍ക്കുക, കുളിമുറിയിലും മറ്റും ഏറെനേരം ചെലവഴിക്കുക തുടങ്ങി ചില പ്രശ്‌നങ്ങള്‍. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാന്‍  മാതാപിതാക്കള്‍ക്കു കഴിഞ്ഞുമില്ല. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന സുഹൃത്തിന്റെ രംഗപ്രവേശം. അയാളില്‍നിന്നു ലഭിച്ച സ്‌നേഹവും പരിഗണനയും തനിക്കു കിട്ടിയ വലിയൊരംഗീകാരമായും ആദരവായും അവനു തോന്നി. ഇവിടെ നാം ആരെയാണു പഴിക്കേണ്ടത്?
പ്രിയരക്ഷിതാക്കളേ, ഇത്തരം അനുഭവങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നാളെകളില്‍ ഉണ്ടായിക്കൂടെന്നില്ല. ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക: കുട്ടികള്‍ ഒരിക്കലും ഒരു കാര്യത്തിലും ഒറ്റയ്ക്കിരിക്കുകയോ ഒറ്റയ്ക്കു പോകുകയോ അരുത്. സമപ്രായക്കാരായ നല്ല സുഹൃത്തുക്കളെ ചുരുക്കമായെങ്കിലും കൂട്ടാം. പക്ഷേ, അവരാരാണ്, വീടെവിടാണ്, കുടുംബപശ്ചാത്തലം നമുക്കു ചേര്‍ന്നതോ എന്നൊക്കെ അന്വേഷിച്ചറിഞ്ഞിരിക്കണം. ഒറ്റപ്പെട്ടു നടക്കുന്ന  കൗമാരക്കാര്‍ ഏതുതരത്തിലുള്ള ചീത്തസ്വഭാവങ്ങളിലും അകപ്പെടാനും അവ പഠിച്ചെടുക്കാനും സാധ്യതയണ്ട്. തന്നെക്കാള്‍ മുതിര്‍ന്ന കൂട്ടുകാരെ തേടിപ്പോകുന്നതും ഒറ്റയ്ക്കുള്ള സഞ്ചാരവും അമിതമായ ഫോണ്‍ ഉപയോഗവും തുടക്കത്തിലേതന്നെ ശ്രദ്ധിക്കുക. ഒരിക്കലും മറ്റൊരു ഭവനത്തില്‍ കിടന്നുറങ്ങാന്‍ തനിയെ വിടരുത്. (വിദ്യാലയാനുബന്ധപ്രോഗ്രാമുകളുടെയോ യാത്രയുടെയോ ഭാഗമായി ഏതെങ്കിലും ഭവനത്തില്‍ ഒന്നിച്ചു കഴിയേണ്ട സാഹചര്യങ്ങളില്‍ രക്ഷിതാക്കളുംകൂടി അവിടെയായിരിക്കാനും കിടപ്പുമുറികളില്‍ കുട്ടികള്‍ മാത്രമാകാതിരിക്കാനും ശ്രദ്ധിക്കുക.)
കുട്ടികളുടെ കൂട്ടുകാരെക്കുറിച്ചും അവരുടെ വീട്ടുകാരെക്കുറിച്ചും നന്നായി മനസ്സിലാക്കിയിരിക്കണം. സ്വഭാവ/ പഠനവൈകല്യങ്ങള്‍, അപകര്‍ഷതാഭാവം, അശ്രദ്ധമായ നീക്കങ്ങള്‍ സമൂഹത്തില്‍നിന്നോ അയല്‍ക്കാരില്‍നിന്നോ ലഭിക്കുന്ന പരാതി തുടങ്ങിയവരെയൊക്കെ പ്രത്യേകം നിരീക്ഷിക്കണം. ഇവര്‍ക്കെപ്പോഴും ഒരംഗീകാരത്തിനുവേണ്ടിയുള്ള ദാഹമുണ്ടാവും. അതിന്റെ ഭാഗമായാണ് മുതിര്‍ന്ന സുഹൃത്തുക്കളെയും മറ്റും തേടുന്നത്. ഇത്തരക്കാര്‍വഴി മദ്യം, മയക്കുമരുന്ന്, കഞ്ചാവ് / പുകവലി തുടങ്ങിയ ലഹരികളുടെ ഉപയോഗത്തിലേക്കും മോഷണം, പിടിച്ചുപറിക്കല്‍ തുടങ്ങിയ അധമപ്രവണതകളിലേക്കും നീങ്ങാനും ഇടയായേക്കാം. നമ്മുടെ നാട്ടില്‍ത്തന്നെ ചില ചെറുപ്പക്കാരെങ്കിലും പഠനം പൂര്‍ത്തിയാക്കാത്തവരായുണ്ട്. ജോലി കിട്ടാത്തവരും ഒരു ജോലിയും ചെയ്യാത്തവരുമായി കവല നിരങ്ങുന്നവരെയും കറങ്ങിനടക്കുന്നവരെയും നാം കാണുന്നില്ലേ? ഇവരെല്ലാം മുമ്പു സൂചിപ്പിച്ചതുപോലെ കുടുംബസാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു കീഴ്‌പ്പെട്ടുപോയവര്‍തന്നെ. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളെ നല്ലൊരു കൗണ്‍സെലിങ് കേന്ദ്രത്തിലേക്ക് എത്രയും വേഗം എത്തിക്കുക. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.            


(തുടരും)  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)