•  18 Apr 2024
  •  ദീപം 57
  •  നാളം 6
ജാലകം

കുട്ടികള്‍ക്കു വേണ്ടത് രക്ഷിതാക്കളുടെ സ്‌നേഹവും സാന്നിധ്യവും

റപ്പുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനും സ്ഥായിയായ നിലപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടു നീങ്ങാനും കഴിയാതെ പോകുന്ന കുടുംബങ്ങളില്‍ മാതാപിതാക്കള്‍ ഒരു കുട്ടിയെ മാത്രം ആശ്രയിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്ന പ്രവണതയാണ് പലപ്പോഴും കണ്ടുവരുന്നത്.  അഥവാ മൂന്നു മക്കളുണ്ടെങ്കില്‍ രണ്ടുപേരെയോ ഒക്കെ കൂട്ടുപിടിച്ച് കുടുംബപ്രശ്‌നങ്ങള്‍ ബാലന്‍സു ചെയ്തു നിര്‍ത്താന്‍ ശ്രമിക്കുന്നു.
ഇത്തരം പ്രതിസന്ധികള്‍ കൂടുതലും സംഭവിക്കുന്നത്  രക്ഷിതാക്കള്‍ രണ്ടുപേരുമോ ഒരാളോ വിദേശത്തുള്ള ഭവനങ്ങളിലാണ്. ഇത് ഒട്ടുവളരെ പ്രശ്‌നങ്ങള്‍ കുടുംബങ്ങളില്‍ സൃഷ്ടിച്ചേക്കാം. അച്ഛന്‍ ഇസ്രായേലില്‍, അമ്മ ദുബായില്‍ മകന്‍/മകള്‍/മക്കള്‍ നാട്ടില്‍ ഉള്ള ഒരു കുടുംബം ഉണ്ടെന്നിരിക്കട്ടെ. ഇത്തരം ഘട്ടങ്ങളില്‍ ഈ കുട്ടികള്‍ തങ്ങളുടെ പ്രായത്തിലും കവിഞ്ഞ സമ്മര്‍ദങ്ങളിലൂടെയായിരിക്കും കടന്നുപോകുന്നത്. വല്ലാത്ത ഏകാന്തതയും ഇവരെ അലട്ടാറുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ സ്വാര്‍ത്ഥരായിത്തീര്‍ന്നേക്കാം. ഇത്തരം കുട്ടികള്‍ സ്വയംഭോഗത്തിലേക്കും ലൈംഗികവൈകൃതങ്ങളിലേക്കും ലഹരിയിലേക്കും തിരിയാനും ദുഷിച്ച കൂട്ടുകെട്ടുകളില്‍ നിപതിക്കാനും ഇടയാകുന്നു. ഇതു സംഭവിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ സദാ ജാഗരൂകരായിരിക്കണം. ഒന്നും സാരമില്ല, കുറെക്കൂടി കഴിയുമ്പോള്‍ നേരേയാകും, കുട്ടികളായതുകൊണ്ടും  തനിയെ ആയതുകൊണ്ടുമൊക്കെ വന്നുഭവിക്കുന്ന കേവലം സ്വാഭാവികമായ കാര്യങ്ങളാണിതെന്ന കാര്യഗൗരവമില്ലായ്മ പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. കഴിവതും രക്ഷിതാക്കള്‍ ഒന്നിച്ചുതാമസിക്കുന്നതാണു നല്ലത്. അതിന് ഒരുതരത്തിലും കഴിയാത്ത സാഹചര്യത്തില്‍പ്പോലും  ഏറെനാള്‍ വിട്ടുനില്‍ക്കുന്നത്  ഒഴിവാക്കിയേ പറ്റൂ. ഇങ്ങനെ ചെയ്യുന്നത് കുട്ടികളോടു ചെയ്യുന്ന അനീതിയാണ്.
പിതാവിനോടും മാതാവിനോടുമുള്ള  ബന്ധങ്ങള്‍ ഒരുപോലെതന്നെ നിലനിര്‍ത്താനുള്ള സാഹചര്യം കുട്ടികള്‍ക്കു ലഭിക്കണം. ഒത്തൊരുമയോടെയുള്ള ഇത്തരം ബന്ധങ്ങളും ആശയവിനിമയവും ഉള്ളിടത്താണ് കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുകയും പ്രശ്‌നങ്ങളുണ്ടാവാതെ സുഗമമായി മുന്നോട്ടുപോകുകയും ചെയ്യുന്നത്. ഇത്തരം സ്‌നേഹഭാവങ്ങളുടെ അഭാവത്തില്‍ ഉള്ളില്‍ രൂപപ്പെട്ടുവരുന്ന അടങ്ങാത്ത ദാഹമാണ് ആവശ്യമില്ലാതെയുള്ള പ്രേമബന്ധങ്ങളിലേക്കും അതിരുവിട്ട ജീവിതശൈലികളിലേക്കും പോര്‍ണോഗ്രഫി/ലഹരി ദുരുപയോഗങ്ങളിലേക്കും തിരിയുവാന്‍ കുട്ടികള്‍ക്കു പ്രേരകമാകുന്നത്.
പിതാവും മാതാവും വഴക്കിടുന്ന കുടുംബങ്ങളിലുള്ള  കുട്ടികള്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ട് നിസ്സാരകാര്യങ്ങളുടെ പേരില്‍ ജീവഹത്യയ്ക്കുപോലും ശ്രമിക്കുന്ന നിരവധി കേസുകള്‍ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. രക്ഷിതാക്കളോട് ഒരുതരം വൈകാരികവിച്ഛേദം പ്രകടിപ്പിക്കുന്ന കുട്ടികളും കുറവല്ല. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗമോ, അനീതി ചെയ്തുവെന്ന തോന്നലോ, വേര്‍തിരിച്ചു കണ്ടുവെന്ന സംശയമോ, കളിയാക്കിയെന്ന വിചാരമോ ശിക്ഷ നല്‍കിയതോ അതിലെ വിവേചനംപോലുള്ള പ്രശ്‌നങ്ങളോ മനസ്സില്‍ കിടക്കുന്ന കുട്ടികള്‍ പിന്നീട് അതിനിടയാക്കിയെന്നു തോന്നുന്ന വ്യക്തിയോടു മാത്രവുമല്ല, തനിക്കു ചുറ്റുമുള്ള എല്ലാവരോടുംതന്നെ ഒരു പരിധിവരെ അകന്നുമാറിക്കഴിഞ്ഞേക്കാം. ഇത്തരം തിരസ്‌കരണങ്ങള്‍ക്കു വിധേയരാവുന്ന കുട്ടികള്‍ വളര്‍ന്നുവരുമ്പോഴും എല്ലാവരോടും അകന്നുനില്‍ക്കാനാണ് താത്പര്യപ്പെടുന്നത്. ഇത്തരക്കാര്‍ പഠന/ജോലി ഭാഗമായി നാടുവിട്ടോ ഹോസ്റ്റല്‍പോലുള്ളിടത്തോ  പോയാലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്തവരായിത്തീരുന്നു. ഇത് ഒരുതരം മാനസികസമ്മര്‍ദ/സംഘര്‍ഷാവസ്ഥകളിലേക്ക് ഇവരെ ആനയിച്ചേക്കാം. കാരണം, സ്വന്തം കുടുംബത്തില്‍നിന്നു  വേണ്ടത്ര സ്‌നേഹം, സുരക്ഷിതത്വം, ജീവിതമാര്‍ഗം അതിനുള്ള പ്രായോഗികവശങ്ങള്‍ ഇതൊന്നും ഇവര്‍ക്കു ലഭ്യമായിരുന്നില്ല.

 

Login log record inserted successfully!