കൗമാരപ്രായത്തില്‍ കുട്ടികളില്‍ പലതരത്തിലുള്ള സ്വഭാവവ്യതിയാനങ്ങള്‍ ഉണ്ടാവാറുണ്ട്. അതിലൊന്നാണ് വിഷാദഭാവം. പ്രധാനമായും ഇവരെ അലട്ടുന്ന വിഷയം സമപ്രായത്തിലുള്ളവരുമായി ഇവര്‍ തങ്ങളെ താരതമ്യം ചെയ്തുനോക്കുന്നു എന്നുള്ളതാണ്. അവര്‍ കൂടുതല്‍ പഠിച്ചു, പ്രഫഷണല്‍ കോളജുകളിലും മറ്റും അഡ്മിഷന്‍ ലഭിച്ചു, വിദ്യാര്‍ത്ഥിവിസയിലും മറ്റും വിദേശങ്ങളില്‍ വിവിധ കോഴ്‌സുകളില്‍ പഠനാര്‍ഹത നേടി, സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളാല്‍ തങ്ങള്‍ക്ക് ഇത്തരം അവസരങ്ങള്‍ അന്യമായിപ്പോയി തുടങ്ങിയുള്ള ചിന്തകളാകും ഇക്കൂട്ടരെ വല്ലാതെ ഉലയ്ക്കുന്നത്. ഇത്തരം ചിന്തകള്‍ കുന്നുകൂടുമ്പോള്‍ ഒരുതരം നിസ്സംഗത ഇവരില്‍ രൂപപ്പെട്ടുവന്നേക്കാം. പ്രോത്സാഹിപ്പിക്കാനും വീട്ടുകാര്‍ക്കു കഴിഞ്ഞെന്നു വരില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ തങ്ങളെ സഹായിക്കാന്‍ എതിര്‍ലിംഗത്തില്‍പ്പെട്ട ഒരാള്‍ക്കേ കഴിയൂവെന്ന് അവര്‍ വിശ്വസിക്കുന്നു. ഇങ്ങനെയാരംഭിക്കുന്ന ബന്ധങ്ങള്‍ ആദ്യമൊക്കെ ആശ്വാസകരമായി ഇരുകൂട്ടര്‍ക്കും അനുഭവപ്പെട്ടേക്കാം. എന്നാല്‍, ഈ പ്രായത്തില്‍ ഒരുക്കിയെടുക്കുന്ന ഇത്തരമൊരു സാഹചര്യം ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പരിശീലനക്കളരിയല്ല. ഇതുകൊണ്ടുതന്നെയാണ് ഇത്തരം ഇടപെടലുകളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പല പ്രേമബന്ധങ്ങളും പരാജയങ്ങളായും പരാതികളുടെ പരമ്പരകളായും തീരുന്നത്. കുടുംബപ്രശ്‌നങ്ങള്‍ ഈ സ്വാഭാവികവിഷാദത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.
പല രക്ഷിതാക്കള്‍ക്കും കുട്ടികളെ വരുതിയിലും നിയന്ത്രണത്തിലും നിര്‍ത്തി സ്‌നേഹിച്ചും പ്രോത്സാഹിപ്പിച്ചും വളര്‍ത്തിക്കൊണ്ടുപോകുവാന്‍ കഴിയുന്നില്ല. 'അവന്‍ അങ്ങനെയാ, ഇവള്‍ ഇങ്ങനെയാ' എന്നാണ് പലരും പരാതിക്കെട്ടുകള്‍ അഴിക്കാന്‍ തുടങ്ങുന്നത്. ചില മാതാപിതാക്കള്‍ അമിതമായി കുട്ടികളുടെ കാര്യങ്ങളില്‍ ഇടപെട്ട് തീരുമാനങ്ങളെടുക്കുകയും ചെയ്യാറുണ്ട്. ഇത് കുട്ടികളെ സ്വാശ്രയബോധമില്ലാത്തവരാക്കി മാറ്റുന്നു. കുടുംബത്തില്‍ വ്യക്തിസ്വാതന്ത്ര്യവും, തീരുമാനങ്ങളെടുക്കാനും പ്രശ്‌നങ്ങള്‍ പരിഹരിച്ചെടുക്കാനും തന്റേതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങളും, ലഭ്യമല്ലാതെ വരുമ്പോള്‍ സഹപാഠികളോടും സഹവര്‍ത്തികളോടും ആഴത്തിലുള്ള ബന്ധങ്ങള്‍ ഉടലെടുക്കാറുണ്ട്; പ്രത്യേകിച്ചും പത്ത്, പ്ലസ് വണ്‍/ടു കാലഘട്ടങ്ങളില്‍ ഇതു തന്മയത്വമായി കൈകാര്യം ചെയ്യുന്നതില്‍ രക്ഷിതാക്കള്‍ ഏറെപ്പേരും പരാജയപ്പെടുകയാണ്.
രക്ഷാകര്‍ത്തൃത്വത്തെക്കുറിച്ച് രക്ഷിതാക്കളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. സാമാന്യ അറിവുകള്‍ പലര്‍ക്കുമുണ്ടാവാം. പക്ഷേ, കുട്ടികളുടെ പ്രായത്തിനു തക്ക സ്‌നേഹവും പരിചരണവും നല്‍കണമെന്നും ഏറ്റുമുട്ടലിലൂടെ ഏറ്റുവാങ്ങേണ്ടതല്ല കുട്ടികളില്‍നിന്നു ലഭിക്കേണ്ട പ്രതികരണങ്ങളെന്നും പലരും തിരിച്ചറിയുന്നില്ല. 'ഞാന്‍ പറയുന്നതങ്ങ് അനുസരിച്ചാല്‍ മതി, എന്നെ പഠിപ്പിക്കാനും തിരുത്താനും വരേണ്ട' എന്ന മനോഭാവം മക്കളോടു കാണിക്കാതിരിക്കുന്നതാണു ബുദ്ധി. പല കാര്യങ്ങളിലും നാം ഏറെ പുരോഗമിച്ചുവെങ്കിലും കുട്ടികളുടെ വളര്‍ത്തലില്‍ വേണ്ടത്ര രീതിയില്‍ ശ്രദ്ധിച്ചുനീങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല. വൈകാരികപക്വതയിലേക്കു വളരാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാന്യമായി പറഞ്ഞു ബോധ്യപ്പെടുത്തിക്കൊടുക്കാനും അതു സ്‌നേഹസമീപനത്തിലൂടെ പ്രായോഗികമാക്കിയെടുക്കാനും സാധിക്കണം. കൗണ്‍സെലിങ്ങും ക്യാമ്പുകളും എല്ലാ വിഭാഗങ്ങളിലും സംഘടിപ്പിക്കുകയും കുട്ടികളെ നിര്‍ബന്ധമായും ഇവയിലൊക്കെ പങ്കെടുപ്പിക്കുകയും വേണം. ഇങ്ങനെ ക്രിയാത്മകമായ ഒരു ഇടപെടല്‍ കുട്ടികളുടെ കാര്യത്തില്‍ ചെറുപ്രായംമുതല്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കുട്ടികള്‍ കഴിവുള്ളവര്‍തന്നെയാണ്. അവരുടെ നീക്കങ്ങളും ചെയ്തികളും അസ്ഥാനത്താവാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ പെട്ടുപോവാതിരിക്കാന്‍ കുട്ടിയും ശ്രദ്ധിക്കണം.
ഓരോ കുടുംബത്തിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍, എനിക്കും നന്നായി പഠിക്കാനും വളരാനും ജോലി തേടാനും അവസരങ്ങള്‍ വരുകതന്നെ ചെയ്യും, മറ്റുള്ളവര്‍ ഏതു വഴിക്കും നീങ്ങട്ടെ എന്നു വിശ്വസിക്കുക. രക്ഷിതാക്കളെയും വേണ്ടപ്പെട്ടവരെയും അവരര്‍ഹിക്കുംവിധം മാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കുട്ടികള്‍ ആവശ്യമില്ലാത്ത ബന്ധങ്ങളില്‍ ചെന്നു ചാടുകയില്ല. ഏതു പ്രതിസന്ധികളെയും നേരിടാനുള്ള കഴിവ് അവര്‍ ആര്‍ജിച്ചെടുക്കുകയും ചെയ്യും. അതുപോലെ കുട്ടികളില്‍ സ്വയംമതിപ്പ് വര്‍ദ്ധിപ്പിക്കാനും, ജീവിതപരിമിതികള്‍ മനസ്സിലാക്കാനും, ആശയവിനിമയം നടത്താനും, സമയക്രമീകരണങ്ങള്‍ പാലിക്കാനും, നല്ല ചിന്തകള്‍ അങ്കുരിപ്പിക്കാനും കുടുംബങ്ങളില്‍ത്തന്നെ പരിശീലനമുണ്ടാവണം.