•  28 Nov 2024
  •  ദീപം 57
  •  നാളം 38
ജാലകം

വഴുതിവീഴാന്‍ വഴികളേറെ

ചില കുടുംബങ്ങളില്‍ തലമുറകളായി പാരമ്പര്യമെന്നോണം തഴക്കദോഷങ്ങളും പെരുമാറ്റത്തകരാറുകളും കണ്ടുവരാറുണ്ട്: മദ്യപാനം, വ്യഭിചാരം, ആത്മഹത്യാപ്രവണത, അക്രമസ്വഭാവം, ആരോടും അടുക്കാത്ത പ്രകൃതം തുടങ്ങിയവ. എന്നാല്‍, ഇവ പൂര്‍ണമായും പാരമ്പര്യമായിക്കൊള്ളണമെന്നില്ല. ഇത് ഒരുതരം അനുകരണവുംകൂടിയാണ്. മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ചെയ്യുവാനുള്ള താത്പര്യം. അത്തരം ജീവിതശൈലികള്‍ സ്വയം ആശ്ലേഷിക്കുന്നു.
അമിതമായും ആര്‍ഭാടമായും പണം ചെലവഴിക്കുന്നവരും മൂല്യങ്ങളില്ലാത്ത ജീവിതരീതി കൊണ്ടുനടക്കുന്നവരുമുണ്ട്. ദൈവവിശ്വാസമില്ലാതെ കഴിഞ്ഞുകൂടുന്നവരുമുണ്ട്. അസഭ്യവാക്കുകള്‍ മുന്‍പിന്‍ നോക്കാതെ പ്രയോഗിക്കുന്നവരും വായെടുത്താല്‍ നുണ മാത്രം  പറയുന്നവരും കുറവല്ല. മറ്റുള്ളവരുടെ വസ്തുക്കള്‍ അനര്‍ഹമായി കൈവന്നാല്‍ അതു കേമമെന്നു കരുതുന്നവര്‍ വേറെ. അന്യന്റെ തൊടിയില്‍ നിന്നു വീണുകിട്ടുന്ന തേങ്ങ എടുത്തുകൊണ്ടുപോകുന്നത് ആരും കണ്ടില്ലെങ്കില്‍ പിന്നെ കുഴപ്പമൊന്നുമില്ല എന്നു ചിന്തിക്കുന്നവരുമുണ്ട്. 'മാന്യമായ' മോഷണം. അന്യന്റെ വക ഒരു മൊട്ടുസൂചിപോലും ആഗ്രഹിക്കുകയോ അറിയാതെ എടുക്കുകയോ ചെയ്യരുതെന്ന നല്ല പാഠം ഇവര്‍ക്ക് അന്യമാണ്. ഇത്തരം തഴക്കങ്ങളും ദുശ്ശീലങ്ങളും നിലനില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളും അറിഞ്ഞോ അറിയാതെയോ ഇത്തരം പെരുമാറ്റങ്ങള്‍ അനുകരിക്കുന്നു. മാതാപിതാക്കളുടെ പിടിപ്പുകേടുകാരണം സ്വന്തം കുടുംബത്തോടുള്ള ബന്ധങ്ങള്‍പ്പോലും ചില മക്കള്‍ മുറിച്ചുകളഞ്ഞേക്കാം.
കുടുംബത്തില്‍ ബന്ധവും സ്‌നേഹവും ഇല്ലാതാകുന്നവര്‍ വിവാഹംപോലും ഉപേക്ഷിച്ച് ദുഷിച്ച കൂട്ടുകെട്ടുകളിലേക്കു കടന്നുചെല്ലും. പുതിയ സ്‌നേഹഭാഷണങ്ങളും ബന്ധാനുഭവങ്ങളും  ഇവര്‍ സ്വായത്തമാക്കുന്നു. തുടര്‍ന്ന്, കുറ്റകൃത്യങ്ങളിലേക്കും അക്രമസ്വഭാവങ്ങളിലേക്കും വഴിതിരിയുന്നു. ഇതെല്ലാം കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. കുടുംബബന്ധങ്ങളിലുണ്ടാകുന്ന കുറവുകളും തന്നെ ആര്‍ക്കും വേണ്ട എന്ന തോന്നലും ആത്മനിന്ദയിലേക്കും തിരസ്‌കരണമനോഭാവത്തിലേക്കും കുട്ടികളെ നയിക്കുന്നു. ക്രമേണ അവര്‍ അരുതാത്ത ഇടങ്ങളിലേക്ക് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.
ഭാവിയും വിദ്യാഭ്യാസവും കുടുംബജീവിതവുമെല്ലാം താറുമാറായിപ്പോയിട്ടുള്ള നിരവധി യുവജനങ്ങള്‍ നമ്മുടെയിടയിലുണ്ട്. ശരിയായ സമയത്ത് ശിക്ഷയും ശിക്ഷണവും കുട്ടികള്‍ക്കു വേണ്ടവിധം നല്‍കാന്‍ അറിയാതെപോയ രക്ഷിതാക്കളും ഇക്കാര്യത്തില്‍ ഒരുപോലെ തെറ്റുകാരാണ്. ടീനേജിന്റെ ആരംഭംമുതലേ കുട്ടികള്‍ക്കാവശ്യമായ കരുതലും സ്‌നേഹവും സംരക്ഷണവും  നല്‍കുന്നതില്‍ രക്ഷിതാക്കള്‍ അലംഭാവം കാണിക്കരുത്. തങ്ങളുടെ വരുതിയില്‍ നില്‍ക്കാന്‍ കൂട്ടാക്കാതിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ നല്ല സുഹൃത്തുക്കളുടെയും ഗുരുഭൂതരുടെയും ആത്മീയശുശ്രൂഷകരുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നതും അഭികാമ്യമാണ്. വിദഗ്ധ ഇടപെടല്‍ കുട്ടികളെ വഴിവിട്ടുള്ള രീതികളില്‍നിന്നു പിന്തിരിപ്പിക്കാന്‍ പര്യാപ്തമാകാറുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)