സ്വന്തം മക്കളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുകയും വിലയിരുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രക്ഷിതാക്കള്‍ നമ്മുടെയിടയില്‍ ധാരാളമുണ്ട്. ഇതിലൂടെ നീയോ ഞാനോ വലുത് എന്ന സമീപനരീതി കുട്ടികളില്‍ വളര്‍ന്നേക്കാം. പരസ്പരം അസൂയയും വഴക്കും വിദ്വേഷവും പൊരുത്തക്കേടുകളും ഇതുമൂലം കുട്ടികളില്‍ ഉടലെടുക്കുന്നു. ചില കുട്ടികളില്‍ അനാരോഗ്യകരമായ മാത്സര്യപ്രവണതയും രൂപപ്പെടാനിടയുണ്ട്. ജോലിയില്ലായ്മ, മാനസികസമ്മര്‍ദം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ തങ്ങളെക്കാള്‍ മുതിര്‍ന്നവരുടെ സൗഹൃദം തേടുകയും അവരുടെ ആഗ്രഹങ്ങള്‍ക്കനുസൃതമായി നീങ്ങുകയും ചെയ്യാം. പിന്നീട് അവര്‍ ലൈംഗികമായും അല്ലാതെയുമുള്ള ദുരുപയോഗത്തിനും ചൂഷണത്തിനും വിധേയരാകുന്നു. ഇത്തരം കുട്ടികളെ നിയന്ത്രിച്ചു വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കു കഴിയാറില്ല.
തങ്ങളുടെ കുട്ടികളോടു തുല്യമായ നീതി പുലര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. എന്റെ കഴിവ് രണ്ടാമനുണ്ട്, ഇളയവന്‍ അമ്മയെപ്പോലെയാ, അത്ര പോരാ, മൂത്തവന്‍ മിടുക്കനാ, അവന്‍ നന്നായി പരിശ്രമിക്കും, പഠിക്കും എന്നൊന്നും കുട്ടികളെ വേര്‍തിരിച്ചു സംസാരിക്കരുത്. കഴിവ് അല്പം കുറവുണ്ടെന്നു കരുതുന്നവനെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി അവനിലും കഴിവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കണം. ഒരാളോടുള്ള അധികക്കരുതല്‍ ഒരു കരുതല്‍ശേഖരമായിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ വലിയ പ്രാധാന്യം കല്പിക്കാത്ത മകനോ മകളോ ആയിരിക്കാം ആപത്ഘട്ടത്തില്‍ രക്ഷിതാക്കള്‍ക്കു കൂടുതല്‍ തുണയായി മാറുന്നത്. ആര് ആരൊക്കെ എവിടെയൊക്കെ എങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആര്‍ക്കറിയാം? ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിങ്ങനെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അതതു തലങ്ങളില്‍ ഒരുപോലെ എല്ലാ മക്കള്‍ക്കുമായി നല്‍കണം. അവര്‍ക്ക് ഒരുപോലെ വളരാനുള്ള മൂല്യങ്ങളാണു പകര്‍ന്നു നല്‌കേണ്ടത്.
ഓരോ കുട്ടിക്കും ഓരോ പ്രകൃതമാണുള്ളത്. രക്ഷിതാക്കള്‍ ചെയ്യേണ്ടത് എല്ലാവരോടും ശാന്തതയോടെ മാത്രം ഇടപെടുക, ബലഹീനരായവരെ ശക്തീകരിക്കുക. കുടുംബത്തിലെ പൊതുജോലികള്‍ എല്ലാവര്‍ക്കും പ്രാപ്തിക്കനുസൃതമായി വിഭജിച്ചു നല്‍കുകയും സ്‌നേഹത്തോടെ ചെയ്തുതീര്‍ക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുക. വീട്ടിലും വിദ്യാലയത്തിലും ജോലിസ്ഥലത്തും സത്യവും നീതിയും പാലിക്കാന്‍ പഠിപ്പിക്കുകയും ശ്രദ്ധിക്കുകയും വേണം. നിന്റെ കുറ്റംകൊണ്ടോ തെറ്റുകൊണ്ടോ കുറവുകൊണ്ടോ മറ്റാര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമുണ്ടാകാന്‍ ഇടവരരുത് എന്നു കുട്ടികളെ ബോധ്യപ്പെടുത്തിക്കൊടുക്കണം. കുട്ടികളുടെ കാര്യത്തില്‍ അനാസ്ഥ പുലര്‍ത്തിയിട്ട് സര്‍വകാര്യങ്ങള്‍ക്കും കുറ്റപ്പെടുത്തലും ശിക്ഷ കല്പിക്കലും നടത്തുന്നത് ഒരിക്കലും ശരിയല്ല.
ചോദിച്ചുവാങ്ങാന്‍ സാമര്‍ത്ഥ്യമില്ലാത്തവനു നല്ല സാധനങ്ങള്‍ കൊടുക്കാതിരിക്കരുത്. നീ പഠിക്കണമെന്നില്ല, വീട്ടിലെ ജോലിയും കൃഷിയും നോക്കി നടത്തിയാല്‍ മതി നിനക്കതൊക്കെയേ പറഞ്ഞിട്ടുള്ളൂ എന്നൊക്കെ തരംതാഴ്ത്തിപ്പറഞ്ഞ് അവഹേളിക്കരുത്. ആണ്‍കുട്ടിയെങ്കില്‍ ഉപരിപഠനം വേണം, പെണ്‍കുട്ടിയെങ്കില്‍ അത്ര വേണ്ട, അവളെ കല്യാണം കഴിച്ചങ്ങു വിട്ടാല്‍ മതി എന്നൊക്കെയുള്ള താരതമ്യതീര്‍പ്പുകള്‍ ഒഴിവാക്കി എല്ലാ മക്കളെയും ഒരുപോലെ കാണാനും വളര്‍ത്താനും പഠിപ്പിക്കാനും രക്ഷിതാക്കള്‍ തയ്യാറാകണം. എല്ലാ മക്കളോടും ഒരുപോലെ ന്യായവും നീതിയും സമത്വവും പാലിക്കുന്നതില്‍ മാതാപിതാക്കള്‍ ജാഗരൂകരായി നിലകൊള്ളണം. 'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന നിലപാടു മാറ്റിയെടുക്കാം. എല്ലാവരെയും ഒരുമിച്ചുചേര്‍ത്തു നിര്‍ത്തി നന്മയും സ്‌നേഹവും വിളയുന്ന നല്ല കുടുംബങ്ങള്‍ നമുക്കു വളര്‍ത്തിയെടുക്കാം.