ഒറ്റപ്പെട്ട് അലസമായിരിക്കുമ്പോള്‍ കൗമാര/യൗവനപ്രായത്തില്‍ തെറ്റുകളിലേക്കും പാപങ്ങളിലേക്കും വഴുതിവീഴാനുള്ള സാധ്യതകള്‍ ഏറെയാണ്. എന്തെല്ലാം അസൗകര്യങ്ങളും ഒഴികഴിവുകളും പറഞ്ഞാലും കഴിവതും കുട്ടികളെ തനിയെ ഇരിക്കാന്‍ അനുവദിക്കാതിരിക്കുന്നതാണു നല്ലത്. പഠനമുറിയും കിടപ്പും ഒറ്റയ്ക്കാവുന്നിടത്ത് രക്ഷിതാക്കളുടെ നോട്ടവും ശ്രദ്ധയും കുറയുന്നില്ലെന്ന് കുട്ടികള്‍ മനസ്സിലാക്കണം.
കുട്ടികള്‍ ഒറ്റയ്ക്കു മുറിയില്‍ അടച്ചിരിക്കുന്ന സാഹചര്യങ്ങള്‍ കഴിവതും കുറയ്ക്കുക. കുട്ടികളുടെ കാര്യങ്ങളില്‍ ഏറെ ശ്രദ്ധയോടെ ഇടപെടാന്‍ രക്ഷിതാക്കള്‍ക്കു കഴിയുമ്പോള്‍ അവര്‍ വൈകൃതശൈലികളിലേക്കു നീങ്ങുന്നതിനുള്ള സാഹചര്യങ്ങള്‍ കുറയും. മാത്രവുമല്ല, പഠനാവശ്യങ്ങള്‍ക്കും മറ്റുമായി വീടും നാടും വിട്ട് ഹോസ്റ്റലുകളിലോ ഭവനങ്ങളില്‍ പേയിങ് ഗസ്റ്റായോ ഒക്കെ താമസിക്കേണ്ടിവരുമ്പോഴും ജീവിതരീതികളില്‍ ജാഗ്രത പുലര്‍ത്തി നീങ്ങാന്‍ കുട്ടികള്‍ക്കു കഴിയണം.
കെണികളില്‍ വീഴുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി കൗണ്‍സലിങ്ങിനായി എത്തുന്നവര്‍ ഏറെയുണ്ട്. നഗ്നചിത്രങ്ങളും ലൈംഗികവൈകൃതങ്ങളും വിവിധ രീതികളിലുള്ള ലൈംഗികപ്രകടനങ്ങളും പ്രായത്തിനു ചേരാത്ത കാഴ്ചകളും കാണുവാന്‍ പ്രേരിപ്പിക്കുകയും രീതികള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന സുഹൃത്‌സംഘങ്ങളും ചില കുട്ടികളെയെങ്കിലും ഇതിന് അടിമകളാക്കിത്തീര്‍ക്കുന്നു. ഇതിലൂടെ തലച്ചോറു ചൂടുപിടിക്കുകയും ബുദ്ധിമണ്ഡലം മന്ദീഭവിക്കുകയും ചെയ്യുന്നു. താമസിയാതെ ഓര്‍മശക്തി കുറയുന്നു. ജീവിതത്തിനുണ്ടായിരിക്കേണ്ട നല്ല ലക്ഷ്യങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നു. ഇച്ഛാശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഇല്ലാതാകുന്നു. ക്രമേണ, സ്വന്തം ശരീരത്തോടും ജീവിതത്തോടും വെറുപ്പും ഒരുതരം അവജ്ഞയും പ്രകടമാവുന്നു. വീണ്ടും വീണ്ടും ഒറ്റപ്പടലിലേക്ക് ആഴ്ന്നുപോകുന്നു. രഹസ്യാത്മകമായ ഇത്തരം ഒറ്റപ്പെടലുകള്‍ പോര്‍ണോഗ്രാഫിയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല. ഒളിക്യാമറകളുടെയും ഒളിത്താവളങ്ങളുടെയും സങ്കേതങ്ങള്‍ തേടിനടക്കുകയും അത്തരം ഇടങ്ങളില്‍ ചേക്കേറുകയും ദുഷിച്ച കൂട്ടുകെട്ടുകളുടെ വലയില്‍ അകപ്പെട്ടുപോവുകയും ചെയ്യും.
മനുഷ്യജീവിതമെന്ന മഹത്ത്വമാര്‍ന്ന പ്രക്രിയയും കുടുംബജീവിതമെന്ന അമൂല്യമായ ജീവിതാന്തസ്സും സാമൂഹികജീവിതമെന്ന സുന്ദരാനുഭവവും നിലനിര്‍ത്തി ജീവിക്കാമായിരുന്ന ഇക്കൂട്ടര്‍, തങ്ങളില്‍ സ്ഥായിയായി നില്‍ക്കേണ്ട ഊഷ്മളത, പവിത്രത തുടങ്ങിയവയൊക്കെ കളഞ്ഞുകുളിച്ച്, ഉദാത്തചിന്തകള്‍ തച്ചുതകര്‍ത്ത് സംഹാരതാണ്ഡവം നടത്തുന്ന മൃഗീയതയിലേക്കു തരംതാഴ്ന്നുപോവുന്നു. അപകടവഴിയെന്നു തോന്നുന്നിടത്ത് ധൈര്യം പകരുന്നൊരു സുഖദായിനിയായി ചിലരെങ്കിലും ലഹരി കണ്ടെത്തുന്നു. ഇത്തരക്കാരെ തിരിച്ചുപിടിക്കാമെന്ന് ഒരു കാലഘട്ടംകഴിഞ്ഞു വിചാരിച്ചാല്‍ നടക്കണമെന്നില്ല. കുട്ടികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത സദാ പുലര്‍ത്തിയേ പറ്റൂ.
ഭക്ഷണവും മറ്റു സൗകര്യങ്ങളും മാത്രം നല്കിയാല്‍ പോരാ. നല്ല ബന്ധങ്ങള്‍, നല്ല മൂല്യങ്ങള്‍, നല്ല സുഹൃത്തുക്കള്‍, ക്രിയാത്മകതാത്പര്യങ്ങള്‍, അടുക്കും ചിട്ടയുമുള്ള ജീവിതശൈലി, സര്‍വോപരി മതബോധനവും ഈശ്വരവിശ്വാസവും കുട്ടികള്‍ക്കു പകര്‍ന്നുനല്‍കാന്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണം. ആത്മീയഗുരുക്കളുടെയും അധ്യാപകരുടെയും കൗണ്‍സലേഴ്‌സിന്റെയും സഹായവും ഗുണകരമാവും. അഡ്മിഷന്‍, പഠനം, ഗ്രേഡ്, സമ്പത്ത് ഇവയൊക്കെ മാത്രം മുന്നില്‍ക്കണ്ട് കുട്ടികളെ സ്വതന്ത്രരായി മേയാന്‍ വിടുന്നതു ശരിയായ നടപടിയല്ല.
തുടരും...