•  5 Dec 2024
  •  ദീപം 57
  •  നാളം 39
സഞ്ചാരം

കത്തുന്ന മുള്‍പ്പടര്‍പ്പിന്റെ സ്മരണയില്‍

ക്രിസ്തുവര്‍ഷം മൂന്നാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഡേഷിയസ് ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരേ മതമര്‍ദ്ദനമാരംഭിച്ചു. ഈ കാലഘട്ടത്തില്‍ പാലസ്തീനായിലും ഈജിപ്തിലും ഭക്തജീവിതം നയിച്ചിരുന്ന അനാക്രേറ്റുകള്‍ (സന്ന്യാസികള്‍) സീനാമലയിലും സമീപപ്രദേശങ്ങളിലുമെത്തി താമസം തുടങ്ങി. ദൈവം മോശയോടു മുഖാമുഖം സംസാരിച്ച സീനാമലയും സമീപപ്രദേശവും അവരുടെ സന്ന്യാസജീവിതത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി അവര്‍ക്കു തോന്നിയിരിക്കണം. സീനാമലയുടെ താഴെയായി മോശയ്ക്കു കത്തുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവം പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അവര്‍ ഒരു ദൈവാലയം നിര്‍മ്മിച്ചു. പരിശുദ്ധ കന്യാമറിയത്തിന് അവര്‍ ആ ദൈവാലയം പ്രതിഷ്ഠിച്ചു. കത്തിയിട്ടും എരിഞ്ഞടങ്ങാത്ത മുള്‍പ്പടര്‍പ്പിനെ സഭാപിതാക്കന്മാര്‍ കന്യാത്വത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്നു. അതുകൊണ്ടാണ് പരി. കന്യാമറിയത്തിന് അവര്‍ ആ ദൈവാലയം പ്രതിഷ്ഠിച്ചത്. 

'എതേറിയ' എന്ന തീര്‍ത്ഥാടക ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടില്‍ ഇവിടെ എത്തിയപ്പോള്‍ ഏകാന്തസന്ന്യാസികളുടെ അനേകം ഹെര്‍മിറ്റേജുകള്‍ കണ്ടതായും അവിടെ താമസിച്ചിരുന്ന സന്ന്യാസികള്‍ ഞായറാഴ്ചദിവസം കത്തുന്ന മുള്‍പ്പടര്‍പ്പിന്റെ ദൈവാലയത്തില്‍ ഒന്നിച്ചുകൂടി വിശുദ്ധകുര്‍ബാന അര്‍പ്പിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദൈവാലയം സംരക്ഷിക്കാനായി ഒരു ഗോപുരവും അവര്‍ നിര്‍മ്മിച്ചു. നാലാം നൂറ്റാണ്ടില്‍ സാരസന്മാരുടെ ആക്രമണത്തിന് സീനാ ഇരയായി. എ.ഡി. 304 ലും 400 ലും സാരസന്മാരുടെ ആക്രമണത്തില്‍ നിരപരാധികളായ നിരവധി സന്ന്യാസികള്‍ രക്തസാക്ഷികളായി. എല്ലാ വര്‍ഷവും ജനുവരി 14 ന് സീനായിലെ 40 രക്തസാക്ഷികളുടെ തിരുനാള്‍ സഭ ആചരിക്കുന്നു. റോമാചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ സീനായിലുള്ള സന്ന്യാസിനികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ചുറ്റും ഉയര്‍ന്ന സംരക്ഷണഭിത്തി കെട്ടിയ ഒരു ആശ്രമവും ഒരു ബസ്ലിക്കായും നിര്‍മ്മിച്ചു. ആശ്രമത്തിന്റെ സംരക്ഷണത്തിനായി ചക്രവര്‍ത്തി റുമേനിയായില്‍നിന്നും ഈജിപ്തില്‍നിന്നുമായി 200 കുടുംബങ്ങളെ കൊണ്ടുവന്ന് ആശ്രമപരിസരത്തു താമസിപ്പിച്ചു. കഴിഞ്ഞ 15 നൂറ്റാണ്ടുകളായി ഈ കുടുംബങ്ങള്‍ ആശ്രമത്തിന്റെ നിലങ്ങളില്‍ കൃഷിയും ആശ്രമത്തോടു ബന്ധപ്പെട്ട സംരക്ഷണച്ചുമതലയും നോക്കിക്കഴിയുന്നു. ഇസ്ലാമിക അധിനിവേശകാലത്ത് അവരെല്ലാം ഇസ്ലാംമതം സ്വീകരിച്ചു. ആശ്രമപരിസരത്തുതന്നെ അവര്‍ക്കായി ഒരു മോസ്‌കും നിര്‍മ്മിച്ചിട്ടുണ്ട്. ജബന്‍ മൂസാ- മോശയുടെ കൊടുമുടിയിലും ഒരു മോസ്‌ക് ഉണ്ടാക്കിയിട്ടുണ്ട്. ആശ്രമത്തിലേക്കുള്ള പ്രവേശനകവാടത്തിനു മുകളിലായി ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ പത്‌നിയായ തിയഡോറായുടെയും സ്മരണയ്ക്കായി നിര്‍മ്മിക്കപ്പെട്ടത് എന്നെഴുതിയ ഒരു ഫലകവും സ്ഥാപിച്ചിട്ടുണ്ട്.
ആദ്യകാലത്ത് എല്ലാ റീത്തുകളിലുംപെട്ട സന്ന്യാസികള്‍ ഒരുമിച്ചുതാമസിക്കുകയും തങ്ങളുടെ ആരാധനക്രമങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നു. ഗ്രീക്കുസഭ റോമിന്റെ കീഴില്‍നിന്നു വേര്‍പിരിഞ്ഞതോടെ ഈ മൊണാസ്ട്രി ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള ഒരു ആശ്രമമായി മാറി. ചില ഇസ്ലാമിക് ആക്രമണങ്ങള്‍ക്കും ആശ്രമം വിധേയമായിട്ടുണ്ട്. അതിന്റെ ഫലമായി ധാരാളം സന്ന്യാസികള്‍ മറ്റു സുരക്ഷിതസ്ഥലങ്ങളിലേക്കു മാറിപ്പോകുകയുണ്ടായി. 1516 ല്‍ തുര്‍ക്കികളും മാമുലൂക്കുകളും തമ്മിലുണ്ടായ യുദ്ധത്തിനിടെ ആശ്രമത്തിലെ സന്ന്യാസിമാരെ പുറത്താക്കി ആശ്രമം പിടിച്ചെടുത്തു. കുറെക്കാലത്തേക്ക് ആശ്രമത്തില്‍ ആരുമില്ലാത്ത സ്ഥിതിയുണ്ടായി. ക്രമേണ സന്ന്യാസികള്‍ എത്തുകയും ആശ്രമജീവിതം നയിച്ചുതുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഏകദേശം ഇരുപതു സന്ന്യാസിനികളാണ് ആശ്രമത്തിലുള്ളത്. പ്രദേശവാസികളുമായും സന്ദര്‍ശകരുമായും ആതിഥ്യമര്യാദയോടെ ഇടപെട്ട് അവര്‍ ഭക്തജീവിതം നയിച്ചുപോരുന്നു.
സെന്റ് കാതറൈന്‍ മൊണാസ്ട്രിയുടെ ഉള്ളിലേക്കു കടക്കുവാന്‍ മുന്‍വശത്തുള്ള കന്‍മതിലില്‍ ഇടുങ്ങിയ ഒരു വാതിലുണ്ട്. അതിലൂടെ കടന്നാല്‍ ഒരു ഇടനാഴിയാണ്. ഇതുവഴി മുമ്പോട്ടുപോയി രണ്ടു വാതിലുകളില്‍ക്കൂടി കടന്നാലേ അകത്തെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. മതിലിനു കുറെ മുകളിലായി ഒരു കിളിവാതില്‍ പുറത്തേക്കു തള്ളിനില്ക്കുന്നുണ്ട്. ആദ്യകാലത്ത് തീര്‍ത്ഥാടകരെയും മറ്റും അകത്തേക്കു പ്രവേശിപ്പിക്കാനായി ഒരു തൊട്ടി താഴേക്ക് ഇറക്കിവിടുകയും അതില്‍ക്കയറിയിരുന്ന് മുകളിലേക്ക് ഒരു കപ്പിയുടെ സഹായത്തോടെ ഉയര്‍ത്തിയെടുക്കുകയുമായിരുന്നു പതിവ്. ഇപ്പോള്‍ ആ കവാടം ഉപയോഗിക്കുന്നില്ല. ആശ്രമത്തിന്റെ ചുറ്റുമതിലിനുള്ളില്‍ പ്രവേശിച്ചാല്‍ നിരവധി ചെറിയ അറകളോടുകൂടിയ കെട്ടിടസമുച്ചയം കാണാം. ഈ അറകളിലാണ് ആശ്രമവാസികള്‍ ഏകാന്തജീവിതം നയിക്കുന്നത്. ആശ്രമത്തിനുള്ളിലെ സംവിധാനങ്ങളൊന്നും നടന്നുകാണാന്‍ സാധാരണമായി അനുവദിക്കാറില്ല. ഉള്ളില്‍ക്കടന്ന ഞങ്ങള്‍ ആദ്യമായി കണ്ടത് ആശ്രമപരിസരത്തുള്ള 'കത്തുന്ന മുള്‍പ്പടര്‍പ്പി'ന്റെ ചെടിയാണ്. ജെത്രോയുടെ ആടുകളെ മേയിച്ചുകൊണ്ട് ഈ സ്ഥലത്തെത്തിയ മോശയ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ടത് ഒരു കത്തുന്ന മുള്‍പ്പടര്‍പ്പിലാണ്. മുള്‍പ്പടര്‍പ്പു കത്തുന്നുണെ്ടങ്കിലും എരിഞ്ഞടങ്ങുന്നില്ല എന്ന് മോശ കണ്ടു. ആ മുള്‍പ്പടര്‍പ്പില്‍നിന്ന് ദൈവം മോശയോടു സംസാരിച്ചു. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ജനതയെ മോചിപ്പിച്ച് കാനാന്‍ദേശത്തേക്ക് അവരെ നയിക്കുവാനുള്ള ദൗത്യമാണ് ദൈവം മോശയെ ഏല്പിച്ചത്.
ദൈവം പ്രത്യക്ഷപ്പെട്ട സ്ഥാനത്ത് ഇപ്പോഴും ഒരു മുള്‍ച്ചെടി കാണാനുണ്ട്. ആശ്രമത്തിലെ പള്ളിയുടെ പരിസരത്തുനിന്ന് ഒരു മതിലിനു മുകളിലൂടെ പുറത്തേക്കു പടര്‍ന്നു നില്ക്കുകയാണ് ആ ചെടി. അടുത്തുചെന്ന് ഞങ്ങള്‍ ആ മുള്‍ച്ചെടി നിരീക്ഷിച്ചു. അടിഭാഗത്തുള്ള കമ്പുകളും ഇലകളും തീര്‍ത്ഥാടകര്‍ മുറിച്ചെടുത്തു കൊണ്ടുപോയിരിക്കുന്നു. നല്ല ഉയരമുള്ളവര്‍ക്ക് ഒന്നു സ്പര്‍ശിക്കാന്‍ പറ്റും. അടുത്ത കാലത്തായി തീര്‍ത്ഥാടകരെ ചെടിയുടെ അടുത്തേക്കു പോകാന്‍ അനുവദിക്കാറില്ല എന്നാണറിയുന്നത്.
ആശ്രമകവാടത്തിനടുത്തുതന്നെ ഒരു കിണറുണ്ട്. ഈ കിണര്‍ അറിയപ്പെടുന്നത് മോശയുടെ കിണര്‍ എന്നാണ്. ബൈബിളിലെ പുറപ്പാടിന്റെ പുസ്തകത്തില്‍ ഈജിപ്തിലെ ഫറവോയുടെ കൊട്ടാരത്തില്‍ വളര്‍ന്ന മോശ അവിടെനിന്ന് മരുഭൂമിയിലേക്ക് ഓടിരക്ഷപ്പെടേണ്ടിവന്ന സാഹചര്യം വിവരിക്കുന്നുണ്ട്. മരുഭൂമിയിലെത്തിയ മോശ ഈ കിണറിനു സമീപമാണു വിശ്രമിച്ചത്. ഇവിടെവച്ചാണ് മിദിയാനിലെ പുരോഹിതനായിരുന്ന ജത്രോയുടെ (റഗുവേലിന്റെ) ഏഴു പെണ്‍മക്കളുമായി സംസാരിച്ചതും അവരുടെ ആടുകള്‍ക്കു വെള്ളം കോരിക്കൊടുത്ത് അവരെ സഹായിച്ചതും. ഇതറിഞ്ഞ ജത്രോ ഭക്ഷണം നല്‍കി സല്‍ക്കരിക്കുകയും ചെയ്തു. റഗുവേല്‍ തന്റെ പുത്രി സിപ്പോറയെ മോശയ്ക്കു ഭാര്യയായി നല്‍കി. സീനാമലയുടെ താഴ്‌വാരത്ത് ജത്രോയുടെ ആടുമാടുകളെ മേയിച്ചു കഴിഞ്ഞുകൂടവേയാണ് ദൈവത്തിന്റെ പ്രത്യേക വിളി മോശയ്ക്കു ലഭിച്ചത്. കത്തുന്ന മുള്‍പ്പടര്‍പ്പില്‍ നിന്നു ദൈവം മോശയോടു സംസാരിച്ചു: ''ഇതാ ഇസ്രായേല്‍ മക്കളുടെ നിലവിളി എന്റെയടുത്ത് എത്തിയിരിക്കുന്നു... നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം.'' തേനും പാലുമൊഴുകുന്ന കാനാന്‍ ദേശത്തേക്ക് അവരെ നയിക്കാനുള്ള ദൗത്യം ദൈവം മോശയെ ഏല്പിച്ചു. ഇവിടെയുള്ള കിണറും പരിസരവുമെല്ലാം ഈ ദൈവികഇടപെടലിന് സാക്ഷ്യം വഹിച്ച സ്ഥലമാണ്. മോശയുടെ കിണര്‍ എന്നറിയപ്പെടുന്ന കിണര്‍ ആശ്രമപരിസരത്ത് ഇപ്പോഴും കാണാവുന്നതാണ്. മുകള്‍ഭാഗം മൂടിയിരിക്കുന്നതുകൊണ്ട് കിണറിന്റെ ഉള്‍ഭാഗം കാണാന്‍ സാധിക്കുകയില്ല. ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ സമ്മാനിച്ച ഒരു ഹാന്‍ഡ് പമ്പ് കിണറിനു സമീപം ഇപ്പോഴും കാണാം.


(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)