നവംബര്‍ 7 പള്ളിക്കൂദാശ രണ്ടാം ഞായര്‍
പുറ 40:1-16 1 രാജാ 8:22-29
ഹെബ്രാ 8:1-6 മത്താ 12:1-13
സഭയുടെ ശിരസ്സായ ഈശോ പുതിയ നിയമത്തിലെ പ്രധാന പുരോഹിതനാണ് (ഹെബ്രാ. 8:1). കരുണയുടെയും (മത്തായി 12:7) നന്മയുടെയുമായ (മത്താ 12:12) പുതിയ നിയമബലി ഈശോ അര്‍പ്പിക്കുന്നത് സഭയിലാണ്. ശിരസ്സായ ഈശോയും ശരീരമാകുന്ന സഭയും ബലിയര്‍പ്പണത്താല്‍ പരസ്പരബന്ധിതമാകുന്നു. ഈ യാഥാര്‍ത്ഥ്യത്തെ എടുത്തുകാണിക്കുന്നവയാണ് പള്ളിക്കൂദാശക്കാലം രണ്ടാം ഞായറാഴ്ചത്തെ വായനകള്‍.
തന്റെ സാന്നിധ്യത്താല്‍ നിറയാന്‍ പോകുന്ന സമാഗമകൂടാരം എങ്ങനെ നിര്‍മിക്കണമെന്നു ദൈവം മോശയ്ക്കു കൊടുക്കുന്ന നിര്‍ദേശങ്ങളാണ് പുറപ്പാടുപുസ്തകത്തില്‍നിന്നുള്ള ഒന്നാം വായന നല്കുന്നത് (പുറ. 40:1-16). ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതിവിശുദ്ധവും ദൈവസാന്നിധ്യം നിറഞ്ഞതുമായ സമാഗമകൂടാരത്തിന്റെ ഉള്ളിലായിരുന്നില്ല ബലിപീഠം; അതിന്റെ വാതില്‍ക്കലായിരുന്നു (40:6). ബലിപീഠത്തില്‍ അര്‍പ്പിക്കപ്പെട്ടിരുന്നത് മാനുഷികമായ ബലികളായിരുന്നു എന്നതാണ് കൂടാത്തിന്റെയുള്ളില്‍ അതിവിശുദ്ധസ്ഥലത്ത് ബലിപീഠം ഒരുക്കാതിരുന്നതിനു കാരണം. മാനുഷികമായ ബലികളുടെ ഏറ്റവും വലിയ കുറവ് അതിനെ ദൈവവുമായി ബന്ധപ്പെടുത്തുന്ന ആധ്യാത്മികതലം ഇല്ലായിരുന്നു എന്നതാണ്. ഈ ആധ്യാത്മികതലമാണ് ഈശോയുടെ ബലിയോടെ പൂര്‍ത്തിയാക്കപ്പെടുന്നത് (ഹെബ്രാ. 10:1). പാപപരിഹാരത്തിനായി രക്തബലികള്‍ അര്‍പ്പിക്കപ്പെടുമ്പോള്‍ അവയും പാപങ്ങള്‍ നീക്കിക്കളയാന്‍ പര്യാപ്തമല്ലായിരുന്നു (ഹെബ്രാ. 10:4). എന്നാല്‍, ''ഈശോമിശിഹായുടെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു'' (ഹെബ്രാ. 10:10).
പഴയനിയമ സമാഗമകൂടാരത്തിന്റെ വാതില്‍ക്കലായിരുന്ന ബലിപീഠത്തെ പുതിയനിയമ ദൈവാലയത്തിന്റെ അതിവിശുദ്ധസ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചത് 'എന്നേക്കുമുള്ള ഏകബലി' (ഹെബ്രാ. 10:10)യായി ഈശോ തന്നെത്തന്നെ ബലിപീഠത്തില്‍ അര്‍പ്പിച്ചതുവഴിയാണ് (ഹെബ്രാ. 9:11-14). പുതിയ നിയമത്തിന്റെ ഇക്കാലത്ത് അനുദിനം നാം അര്‍പ്പിക്കുന്ന പരിശുദ്ധകുര്‍ബാന അതിവിശുദ്ധസ്ഥലത്ത് ഈശോ അര്‍പ്പിക്കുന്ന ബലിയാണ്. സഭയില്‍ വി. കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ഈശോതന്നെ ബലിയര്‍പ്പകനും ബലിവസ്തുവുമായി നമ്മുടെ രക്ഷ സാധിക്കുന്നു. പുതിയ നിയമത്തിലെ ഈശോ പഴയനിയമപൗരോഹിത്യത്തിന്റെ ശ്രേഷ്ഠമായ പൂര്‍ത്തീകരണമാണെന്ന് ഹെബ്രായര്‍ക്കുള്ള ലേഖനം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് (ഹെബ്രാ. 8:1-6). നമ്മുടെ പ്രധാന പുരോഹിതന്‍ ഈശോയാണെന്നും മനുഷ്യനിര്‍മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്ഥാപിതവുമായ സത്യകൂടാരത്തിന്റെ ശുശ്രൂഷകനാണ് ഈശോയെന്നും വചനം പഠിപ്പിക്കുന്നു (8:2).
പ്രപഞ്ചം മുഴുവനും ദൈവസാന്നിധ്യം നിറഞ്ഞുനില്ക്കുന്നു എന്നു പറയുമ്പോള്‍ത്തന്നെ ദൈവാലയത്തിലുള്ള സവിശേഷമായ ദൈവികമഹത്ത്വസാന്നിധ്യത്തെ എടുത്തുകാണിക്കുന്നവയാണ് ദൈവാലയവുമായി ബന്ധപ്പെട്ട പഴയനിയമ വചനഭാഗങ്ങള്‍ എല്ലാംതന്നെ. തന്റെ സാന്നിധ്യം ദൈവജനത്തിനു പ്രത്യേകമായി ഓര്‍മിക്കാനും അനുഭവിക്കാനുംവേണ്ടിയാണ് സമാഗമകൂടാരവും ദൈവാലയവും പണിയാന്‍ ദൈവം ജനത്തിനു നിര്‍ദേശം നല്കുന്നത്. തങ്ങള്‍ക്കു നല്കുന്ന ആ നിര്‍ദേശത്തെ ജനവും കാലാകാലങ്ങളിലെ അവരുടെ നേതാക്കന്മാരും നടപ്പാക്കുന്നുണ്ട് എന്നു നാം കാണുന്നു. ദൈവത്തിനു വസിക്കാനുള്ള ഭവനം എത്രയും മനോഹരമാകണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദൈവാലയം പൂര്‍ത്തീകരിച്ചതിനുശേഷവും ഭയഭക്തികളോടെയും തികഞ്ഞ ഒരുക്കത്തോടെയും മാത്രമേ അവര്‍ അതില്‍ പ്രവേശിച്ചിരുന്നുള്ളൂ. ദൈവാലയത്തിനുപുറത്ത് അനുദിനജീവിതത്തില്‍ ജനത്തിനു സംഭവിച്ചേക്കാവുന്ന പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള വേദിയുമായിരുന്നു ദൈവാലയം. അവിടെ അര്‍പ്പിച്ചിരുന്ന വിവിധ ബലികള്‍ തന്നെ ഉദാഹരണം. നിര്‍മാണത്തിനുശേഷം ജറൂസലേം ദൈവാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനമെന്ന നിലയില്‍ വാഗ്ദാനപേടകം സോളമന്‍ രാജാവ് ദൈവാലയത്തിലെത്തിക്കുമ്പോള്‍ നടത്തുന്ന പ്രാര്‍ത്ഥനയാണ് പഴയനിയമത്തില്‍നിന്നുള്ള ഇന്നത്തെ രണ്ടാമത്തെ വായന (1 രാജാ. 8:22-29). രാജാവ് ദൈവാലയത്തെ ഭവനമായാണ് (8:29) കാണുന്നത്. ഇസ്രായേല്‍ജനം ദൈവത്തെ അനുഭവിക്കുന്ന, ആരാധിക്കുന്ന സുരക്ഷിതമായ ഭവനമായി ജറൂസലേം ദൈവാലയം മാറുന്നു. ദൈവത്തിന്റെ മഹത്ത്വത്തിന്റെ നിതാന്തമായ സാന്നിധ്യമായി ഇസ്രായേല്‍ജനത്തിന്റെ മധ്യത്തില്‍ ദൈവാലയം ശോഭിച്ചുനില്ക്കുന്നു.
ഈ ജറുസലേം ദൈവാലയത്തെ പിതാവിന്റെ ഭവനമായാണ് ഈശോതന്നെയും കാണുന്നത് (ലൂക്കാ 2:49; മത്താ. 21:13). ദൈവത്തിന്റെ മഹത്ത്വം നിരന്തരം നിറഞ്ഞുനില്ക്കുന്ന ജറൂസലേംദൈവാലയം ഭൗതികമാണെന്നും അതു തകര്‍ക്കപ്പെടുമെന്നും എന്നാല്‍, തകര്‍ക്കാനാവാത്തതും മനുഷ്യനിര്‍മിതമല്ലാത്തതും സത്യദൈവാലയവുമായ തന്നെക്കുറിച്ച്, ഈശോയെക്കുറിച്ച്, പറഞ്ഞുകൊണ്ടാണ് പഴയനിയമത്തില്‍നിന്നു പുതിയ നിയമത്തിലേക്കുള്ള കാതലായ മാറ്റം ഈശോ പ്രഖ്യാപിക്കുന്നത് (മത്താ. 24:2; മര്‍ക്കോ. 13:2; യോഹ. 2:19). ഈശോതന്നെ ദൈവാലയവും പ്രധാനപുരോഹിതനും ബലിവസ്തുവുമായിത്തീരുന്ന ദൈവികരഹസ്യം നമ്മെ അദ്ഭുതപ്പെടുത്തണം.
ഇന്നത്തെ സുവിശേഷമാകട്ടെ ദൈവാലയത്തിന്റെ വിശുദ്ധിയുടെ ഉറവിടവും കാരണഭൂതനുമായ സത്യദൈവമായ ഈശോയെയാണു ചൂണ്ടിക്കാണിക്കുന്നത് (മത്താ. 12:1-13). ''എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. അവന്‍ കരുണയുടെ ബലിയാകുന്നു. ബലിയല്ല കരുണയെ സൃഷ്ടിക്കുന്നത്. മറിച്ച്, കരുണയില്‍നിന്നാണു യഥാര്‍ത്ഥ ബലിയര്‍പ്പണം ഉണ്ടാകുന്നത്. മനുഷ്യവര്‍ഗത്തോടുള്ള ദൈവത്തിന്റെ അനന്തമായ കരുണ ഈശോയെന്ന യഥാര്‍ത്ഥ ബലിയര്‍പ്പകനെയും ബലിവസ്തുവിനെയും നമുക്കു നല്കി.''
ബലിയര്‍പ്പണങ്ങളിലെ കരുതലില്ലായ്മമൂലമാണ് മനുഷ്യമനസ്സുകള്‍ ഇടുങ്ങിയതും തുറവില്ലാത്തതുമായി ചുരുങ്ങുന്നത്. കരുണയും നന്മയും ഇല്ലാതെ ശോഷിച്ചുപോയ ഫരിസേയരുടെ ബലിയര്‍പ്പണങ്ങളെ സ്‌നേഹത്തിന്റേതും നന്മയുടേതുമായി പുനരുജ്ജീവിപ്പിക്കാന്‍ ഈശോ ക്ഷണിക്കുന്നു. കൈ ശോഷിച്ചുപോയ വ്യക്തിയെ സുഖപ്പെടുത്തുമ്പോള്‍ ശോഷിച്ചുപോയ ഫരിസേയരുടെ മനസ്സിനെക്കൂടിയാണ് ഈശോ സൗഖ്യത്തിലേക്കു ക്ഷണിക്കുന്നത്. കരുണയില്‍നിന്നുണ്ടാകുന്ന സ്‌നേഹബലിയാണ് യഥാര്‍ത്ഥബലിയെന്ന് അവര്‍ക്കു മനസ്സിലാകുന്നില്ല. ആ ശ്രേഷ്ഠബലിയുടെ ആധികാരിക അര്‍പ്പകനും അര്‍പ്പണവസ്തുവും അവരുടെ മധ്യേ നില്ക്കുന്നത് അവര്‍ തിരിച്ചറിയുന്നുമില്ല.
ദൈവാലയത്തില്‍ ബലിയര്‍പ്പിക്കാന്‍ ഒരുമിച്ചുകൂടുമ്പോള്‍ നാം ഓര്‍ക്കേണ്ട ചില വസ്തുതകളെ മേല്‍പ്പറഞ്ഞ വചനഭാഗങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്; 1, ദൈവാലയം ഒരു ഭവനമാണ്; ദൈവത്തെ നമുക്കനുഭവിക്കാന്‍ കഴിയുന്ന സുരക്ഷിതമായ ഭവനം. 2, ദൈവാലയം ഒരു കെട്ടിടം എന്ന നിര്‍മിതവസ്തുവല്ല. മനുഷ്യനിര്‍മിതമല്ലാത്തതും സത്യകൂടാരവുമായ ഈശോയും ശരീരമാകുന്ന നമ്മളും ഉള്‍ക്കൊണ്ടിരിക്കുന്ന, ഭവനം കൂടിയാണത്. ഇപ്പോള്‍ നമ്മുടെ ഇടവകദൈവാലയത്തിന്റെ പ്രാധാന്യം നമുക്കു മനസ്സിലാകും; അതൊരു കെട്ടിടം മാത്രമല്ല, പരിശുദ്ധ ത്രിത്വം നിറഞ്ഞുനില്ക്കുന്ന മഹനീയഭവനമാണ്. ഇടവകദൈവാലയത്തില്‍ പോയി ബലിയര്‍പ്പിക്കണം എന്നതിന്റെ അര്‍ത്ഥവും അപ്പോള്‍ നമുക്ക് മനസ്സിലാകും. കാരണം, ദൈവാലയത്തിലേക്കു പ്രവേശിക്കുന്നവര്‍ ഈശോയുടെ ശരീരമാകുന്ന സഭയിലേക്കാണു പ്രവേശിക്കുന്നത്. നാമോരോരുത്തരും സഭയിലെ (ഈശോയുടെ ശരീരത്തിലെ) അവയവങ്ങളായിത്തീര്‍ന്നുകൊണ്ട് ശരീരത്തെ പൂര്‍ണമായി മഹത്ത്വപ്പെടുത്തുന്ന ഈശോയോടു ചേര്‍ന്നിരിക്കുന്നു.