•  28 Mar 2024
  •  ദീപം 57
  •  നാളം 4
ശ്രേഷ്ഠമലയാളം

അഹം

 അഹം എന്ന വാക്കിന് ഞാന്‍ എന്നര്‍ത്ഥം. അഹം പ്രായേണ കവിതയില്‍ മാത്രം പ്രയോഗിക്കുന്നു. ''അഹ''ത്തോട് കരം, ഭാവം, ബോധം എന്നീ ശബ്ദങ്ങള്‍ ഉത്തരപദമായി ചേര്‍ത്ത് അഹങ്കാരം (അഹം + കാരം) അഹംഭാവം (അഹം + ഭാവം) അഹംബോധം (അഹം + ബോധം) എന്നിങ്ങനെ സമസ്തപദങ്ങള്‍ സൃഷ്ടിക്കാം. അഹംകാരത്തില്‍ മാത്രം അനുസ്വാരത്തിന് ങകാരാദേശം (അഹങ്കാരം) സംഭവിക്കുന്നു. അഹംഭാവത്തിലും അഹംബോധത്തിലും ഒറ്റയ്ക്കു നില്‍ക്കുമ്പോഴും സമസ്തപദമാകുമ്പോഴും അനുസ്വാരലോപമില്ല.
ഞാന്‍ എന്ന ഭാവമാണ് അഹങ്കാരം (ലഴീശോെ). തന്നെപ്പറ്റി അതിരുകടന്ന മതിപ്പ്, ഗര്‍വം, ദുരഭിമാനം, അഹന്ത തുടങ്ങിയ വിവക്ഷിതങ്ങളില്‍ 'അഹങ്കാരം' ഉപയോഗിക്കുന്നു. അഹംഭാവ(അഹംബുദ്ധി) ത്തിന് അഹങ്കാരം അഥവാ അഹമ്മതി (അഹം + മതി) എന്നര്‍ത്ഥം പറയാം. പുല്ലിംഗവിവക്ഷയില്‍ അഹംഭാവി (അഹം + ഭാവി), അഹംഭാവമുള്ളവന്‍ എന്നുമാകാം. ഉഭയലിംഗവാചിയായി അഹങ്കാരി എന്ന പ്രയോഗവും ശരിയാണ്.
അഹങ്കാരം എന്ന സൂചനയില്‍ അഹംബോധം എന്നു പ്രയോഗിക്കാറുണ്ടെങ്കിലും അവയ്ക്കു തമ്മില്‍ നേരിയ അര്‍ത്ഥവ്യത്യാസമുണ്ട്. അഹംബോധത്തിന്, ഞാന്‍ എന്ന ബോധം (ലെഹള രീിരെശീൗിെല)ൈ എന്ന വിവക്ഷയാണുള്ളത്. ബോധം എന്നാല്‍ അറിവോ ജ്ഞാനമോ ആണല്ലോ. ആത്മവിശ്വാസത്തിലൂന്നിയ തിരിച്ചറിവത്രേ അഹംബോധം. അഹങ്കാരത്തിലും അഹംഭാവത്തിലുമുള്ള  'അതിരുകടന്ന സ്വയം മതിപ്പ്' അഹംബോധത്തിന് ഇല്ല എന്നു ചുരുക്കം.
''ഭഗവന്‍ നാരദ വന്ദേഹം'' (ഭഗവാനേ നാരദാ - അഹംവന്ദേ - ഞാന്‍ വന്ദിക്കുന്നു) എന്നു നളചരിതം ഒന്നാം ദിവസത്തിലും* ''അഹമഹമികാധിയാ - ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ - പാവക ജ്വാലക/ളംബരത്തോളമുയര്‍ന്നു ചെന്നൂ മുദാ'' എന്ന് അദ്ധ്യാത്മരാമായണം സുന്ദരകാണ്ഡത്തിലും** അഹ ശബ്ദത്തിന്റെ ശരിയായ പ്രയോഗം മനസ്സിലാക്കാം.
* ഉണ്ണായി വാര്യര്‍, നളചരിതം ആട്ടക്കഥ, കൈരളീ വ്യാഖ്യാനം, പന്മന രാമചന്ദ്രന്‍ നായര്‍, കറന്റ് ബുക്‌സ്, കോട്ടയം, 2001, പുറം - 287.
** എഴുത്തച്ഛന്‍ തുഞ്ചത്ത്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, അന്വയം, വ്യാഖ്യാനം, പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ഡി.സി. ബുക്‌സ്, കോട്ടയം, 2010, പുറം - 590

 

Login log record inserted successfully!