അത്യപൂര്‍വ്വമായ ഒരു സാംക്രമികരോഗബാധയുടെ ഭീഷണിയില്‍ ലോകമാകെ വിറകൊണ്ടു നില്ക്കുന്ന ഘട്ടത്തിലും കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയകലാപങ്ങള്‍ സാമാന്യബുദ്ധിയുള്ള ആരെയും വേദനിപ്പിക്കുന്നതാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൊറോണ വൈറസ് മാരകമാംവിധം പടരുന്നു. എന്നാല്‍, കേരളം താരതമ്യേന സുരക്ഷിതമാണെന്നൊരു ചിന്ത പലര്‍ക്കുമുണ്ട്. അതാണോ ചില രാഷ്ട്രീയനേതാക്കള്‍ ഇത്ര ലാഘവത്തോടെ കളിക്കളത്തിലിറങ്ങാന്‍ കാരണം?
ഏറ്റവുമൊടുവില്‍ സംഭവിച്ച കൗതുകകരമായ കാര്യം, കേരളാകോണ്‍ഗ്രസില്‍ ഒരു വിഭാഗത്തെ ഐക്യജനാധിപത്യമുന്നണിയില്‍നിന്നു പുറത്താക്കിയതാണ്. ജനകീയാടിത്തറയുള്ളതെന്ന് എതിരാളികള്‍പോലും സാക്ഷ്യപ്പെടുത്തുന്ന ഒരു കക്ഷിയെ മുന്നണിയില്‍നിന്നു പുറത്താക്കി ആദര്‍ശമേന്മ നടിക്കുന്ന രാഷ്ട്രീയബുദ്ധിവൈഭവത്തിനു വെറ്റിലയും പാക്കും വച്ചു നമസ്‌കരിക്കുകതന്നെ വേണം!
മഹാകവി വിദ്യാധരന്റെ 'ഏകാവലി'യിലെ ഒരു പദ്യം ഓര്‍മ്മയില്‍വരുന്നു. അതിന്റെ ആശയം ഇങ്ങനെ: ''ദാരിദ്ര്യം എത്രയോ ദയാലുവാണ്. സ്വന്തം നാശത്തെ അവഗണിച്ചുപോലും മഹാരാജാവിനെ കാണാനുള്ള അവസരം എനിക്കുണ്ടാക്കിത്തന്നല്ലോ!'' (മഹാരാജാവു കവിക്കു സാമ്പത്തികസഹായം ചെയ്യുമെന്നും കവിയുടെ ദാരിദ്ര്യം ഇല്ലാതാകുമെന്നും സൂചന). ഇങ്ങനെ സ്വയം നഷ്ടപ്പെടുത്തി മറ്റുള്ളവരെ സഹായിക്കുന്ന ഉദാരമതികള്‍ രാഷ്ട്രീയത്തിലുമുണെ്ടന്നതു ജനങ്ങളുടെ ഭാഗ്യം!
ഒരു കണക്കിനാലോചിച്ചാല്‍, രാഷ്ട്രീയം ഇങ്ങനെയൊക്കെത്തന്നെയാണ് എവിടെയും എന്നും. ജനാധിപത്യസംവിധാനത്തില്‍ ജനപിന്തുണയോടെ അധികാരം പിടിക്കാനുള്ള ജനകീയകൂട്ടായ്മകളാണു രാഷ്ട്രീയകക്ഷികള്‍. അവര്‍ക്കെങ്ങനെയും അധികാരം പിടിക്കണം. ജനങ്ങള്‍ക്കെന്തു സംഭവിച്ചാലെന്ത്, അവര്‍ ഇരിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. ദീപസ്തംഭം മഹാശ്ചര്യം, ഞങ്ങള്‍ക്കും വേണം അധികാരം!
ഭരണം നടത്തുന്ന ഗവണ്‍മെന്റിനെ ജനങ്ങള്‍ തിരഞ്ഞെടുത്തു നിയോഗിച്ചിരിക്കുന്നതാണെന്ന ബോധ്യം പ്രതിപക്ഷകക്ഷികളും ഉള്‍ക്കൊള്ളേണ്ടതാണ്. ജനക്ഷേമകരമായ കാര്യങ്ങളില്‍ പ്രതിപക്ഷവും ഭരണപക്ഷത്തോടു സഹകരിക്കണം. വീഴ്ചയുണ്ടായാല്‍ ചൂണ്ടിക്കാണിക്കുകയും വിമര്‍ശിക്കുകയും വേണം. പക്ഷേ, 'ഇഷ്ടമില്ലാത്തച്ചിക്കു തൊട്ടതെല്ലാം കുറ്റം' എന്ന നാടന്‍മൊഴിപോലെ ആയാലോ? കേരളത്തിലെ പ്രതിപക്ഷത്തിന്റെ അവസ്ഥ ഇപ്പോള്‍ ഈ മട്ടിലായിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണോ രാഷ്ട്രീയപ്രവര്‍ത്തനം? നമ്മുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ കാലഘട്ടത്തിലെ മഹാന്മാരായ നേതാക്കള്‍ ഇങ്ങനെയാണോ മാതൃക നല്കിയിട്ടുള്ളത്? ഇന്ത്യയിലെ ആദ്യരാഷ്ട്രീയപാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന ഇംഗ്ലീഷുകാരനാണ് 1885 ല്‍ ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ഇന്ത്യയിലെ വിദ്യാസമ്പന്നരായ പുതുതലമുറയെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി സഹകരിപ്പിക്കുകയായിരുന്നു ഹ്യൂമിന്റെ ലക്ഷ്യം. പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യവാഞ്ഛയുടെ തീനാളമാകാനായിരുന്നു കോണ്‍ഗ്രസിന്റെ നിയോഗം. പില്ക്കാലത്തു നിറവേറിയതും അതുതന്നെ.
എന്നാല്‍, എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ചണിനിരത്തി അവിഭക്തസ്വതന്ത്ര ഇന്ത്യയ്ക്കു രൂപം നല്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിച്ചില്ല. മുഹമ്മദലി ജിന്ന, ആഗാഖാന്‍ തുടങ്ങിയ ചില മുസ്ലീം നേതാക്കള്‍ അഖിലേന്ത്യാ മുസ്ലീംലീഗ് എന്ന രാഷ്ട്രീയകക്ഷിക്ക് 1906ല്‍ ത്തന്നെ രൂപം നല്കിയിരുന്നു. അതു മുസ്ലീംകള്‍ക്കു പ്രത്യേക രാഷ്ട്രം എന്ന വാദമുയര്‍ത്തുകയും ലക്ഷ്യം കാണുകയും ചെയ്തു.
സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്കിയ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസില്‍നിന്ന് അഭിപ്രായവ്യത്യാസങ്ങള്‍മൂലം പിണങ്ങിപ്പിരിഞ്ഞ നേതാക്കളാണ് ഇന്ത്യയില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാപിച്ചത്. ഇതിന്റെ തുടക്കം മുസ്ലീംലീഗില്‍ നിന്നുതന്നെയാണ്. പിന്നീട് കോണ്‍ഗ്രസില്‍നിന്നകന്നത് സോഷ്യലിസ്റ്റുകളാണ്. ആശയപരമായ തെന്നിപ്പിരിയലായിരുന്നു അത്. അങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബുദ്ധിജീവിയെന്നറിയപ്പെട്ട എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി രൂപമെടുത്തത്. അത് 1920 ലായിരുന്നു. ആ വര്‍ഷം റഷ്യയിലെ താഷ്‌ക്കെന്റില്‍ ഏഴു സോഷ്യലിസ്റ്റുനേതാക്കള്‍ ഒത്തുചേര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപിച്ചു. ഇന്ത്യയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആദ്യസമ്മേളനം ചേര്‍ന്നത് 1925 ഡിസംബറില്‍ കാണ്‍പൂരിലാണ്.
ഒരുകാലത്ത് ഇന്ത്യയിലെ പ്രമുഖരാഷ്ട്രീയകക്ഷിയായിരുന്ന പ്രജാസോഷ്യലിസ്റ്റുപാര്‍ട്ടി പിറവിയെടുത്തത് 1952 ലാണ്. അന്ന് ആചാര്യ ജെ.ബി. കൃപലാനിയുടെ രാഷ്ട്രീയപ്രസ്ഥാനമുണ്ടായിരുന്നു - കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി. ഈ പാര്‍ട്ടിയെക്കൂടി യോജിപ്പിച്ചുകൊണ്ടാണ് ജയപ്രകാശ് നാരായണനും ആചാര്യ നരേന്ദ്രദേവും ചേര്‍ന്നു പി.എസ്.പി. ക്കു രൂപം നല്കിയത്. റാം മനോഹര്‍ ലോഹ്യ, എം.ആര്‍. മഡാനി, അശോക മേത്ത തുടങ്ങിയ സോഷ്യലിസ്റ്റുചിന്തകരായ നേതാക്കളെ സംഭാവന ചെയ്തത് ഈ രാഷ്ട്രീയപ്രസ്ഥാനമാണ്. പക്ഷേ, പില്ക്കാലത്തു പല കഷണങ്ങളായി പിരിഞ്ഞു പല സംസ്ഥാനങ്ങളിലും പല പേരുകള്‍ സ്വീകരിച്ച് ഇല്ലാതാവാനായിരുന്നു പി.എസ്.പി. യുടെ വിധി.
ഇന്നത്തെ ബിജെപി യുടെ പൂര്‍വരൂപം ജനസംഘമാണ്. 1951 ല്‍ ശ്യാമപ്രസാദ് മുഖര്‍ജി രൂപം നല്‍കിയ ദേശീയ ഹിന്ദു വീക്ഷണമുള്ള പ്രസ്ഥാനം. 1977 ല്‍ ജനസംഘം, അന്നത്തെ പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്തപ്രസ്ഥാനമായ ജനതാപാര്‍ട്ടിയില്‍ ലയിച്ചു. 1980 ല്‍ ജനതാപാര്‍ട്ടി തകര്‍ന്നതോടെ ഭാരതീയജനതാപാര്‍ട്ടിയായി പുനര്‍ജനിച്ചു. എ.ബി. വാജ്‌പേയിയും എല്‍.കെ. അഡ്വാനിയുമാണു സ്ഥാപകനേതാക്കള്‍. ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് ദുര്‍ബലമായപ്പോള്‍ ബിജെപി ശക്തിപ്പെടുകയും ഇന്ത്യയുടെ ഭരണം കൈയടക്കുകയും ചെയ്തിരിക്കുന്നു.
ഇന്നു ലോകത്ത് ഏറ്റവുമധികം രാഷ്ട്രീയപാര്‍ട്ടികളുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ വിശാലജനാധിപത്യം, ആര്‍ക്കും എവിടെയും എപ്പോള്‍വേണമെങ്കിലും പുതിയൊരു രാഷ്ട്രീയപാര്‍ട്ടിക്കു രൂപംകൊടുക്കാന്‍ സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്. ദേശീയാംഗീകാരമുള്ള എട്ടു കക്ഷികളാണു നമുക്കുള്ളളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാരതീയ ജനതാപാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, നാഷണലിസ്റ്റു കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റുപാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി, പി.എ. സംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി.
സംസ്ഥാനപാര്‍ട്ടികളുടെ എണ്ണം 53. ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു പാര്‍ട്ടികള്‍ 2599. രജിസ്റ്റര്‍ ചെയ്യാത്ത വേറെ പാര്‍ട്ടികള്‍ 2538. ആകെ 5198 രാഷ്ട്രീയപാര്‍ട്ടികള്‍.
പ്രധാന പാര്‍ട്ടികള്‍ പിളര്‍ന്നാണ് മിക്കവാറും എല്ലാ കക്ഷികളുംതന്നെ രൂപംകൊണ്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളാണ് മുന്നില്‍. ഇന്ത്യയിലൊട്ടാകെ ഇന്നു നിലവിലുള്ള കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ എണ്ണം നൂറിലധികമാണ്! കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ രണ്ടു പ്രബല ധാരയുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തോടു സഹകരിക്കുന്ന പ്രമുഖ പാര്‍ട്ടികളും സായുധസമരത്തില്‍ മാത്രം വിശ്വസിക്കുന്ന ചെറിയ ചെറിയ നക്‌സല്‍-മാവോ ഗ്രൂപ്പുകളും. മാവോയിസ്റ്റുകളില്‍ത്തന്നെ മിതവാദികളും തീവ്രവാദികളുമുണ്ട്. മിതവാദികളുടെ 17 ഗ്രൂപ്പും തീവ്രവാദികളുടെ 19 ഗ്രൂപ്പും ഇന്ന് പ്രവര്‍ത്തനനിരതമാണ്. പ്രവര്‍ത്തനം നിലച്ചുപോയ മാവോവാദികളുടേതുള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുപാര്‍ട്ടികള്‍തന്നെ 87 വരും!
ഇവയ്ക്കു പുറമേയാണ് നിരവധി സോഷ്യലിസ്റ്റുകക്ഷികള്‍. വിപ്ലവം കൂടിയവരും കുറഞ്ഞവരുമായി അവരും ചേരിതിരിഞ്ഞുനില്ക്കുന്നു. ആര്‍.എസ്.പി. കളും ജനതാദളുകളുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തിന്റെ ബഹുസ്വരത ഏറെ കൗതുകകരംതന്നെ.
അമേരിക്കയിലും യൂറോപ്യന്‍രാജ്യങ്ങളിലുമൊക്കെ വിശാലജനാധിപത്യമാണു നിലവിലുള്ളത്. നിരങ്കുശമെന്നു വിശേഷിപ്പിക്കാവുന്നത്ര അപകടകരമാണ് അവിടത്തെ വ്യക്തിസ്വാതന്ത്ര്യമെങ്കിലും ഇന്ത്യയിലേതുപോലെ രാഷ്ട്രീയകക്ഷിബഹുലത അവിടങ്ങളിലില്ല.
കഴിഞ്ഞ ഒന്നരനൂറ്റാണ്ടായി അമേരിക്കയില്‍ ദ്വികക്ഷി സമ്പ്രദായമാണു നിലവിലുള്ളത്. 1852 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും മാറി മാറി അധികാരം പിടിച്ചുപോരുന്നു. ചില ചെറിയ കക്ഷികളുമുണ്ട്. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, കോണ്‍സ്റ്റിറ്റിയൂഷന്‍ പാര്‍ട്ടി എന്നിവ. അവര്‍ക്കൊക്കെ തിരഞ്ഞെടുപ്പില്‍ കുറെ വോട്ടു നേടാന്‍ കഴിയുന്നു എന്നതിനപ്പുറം ഭരണനിര്‍വ്വഹണത്തില്‍ പങ്കുചേരാനൊന്നും സാധിക്കാറില്ല.
അമേരിക്കയിലും ചിലരൊക്കെ ഇടയ്ക്കിടെ പ്രാദേശികതലങ്ങളിലൊക്കെ ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു രൂപംകൊടുക്കാറുണ്ട്. കുറേനാള്‍ കഴിയുമ്പോള്‍ ആരുമറിയാതെ വിസ്മൃതമാവുകയും ചെയ്യും. ഇത്തരത്തില്‍ ഏറ്റവും അവസാനമുണ്ടായ പാര്‍ട്ടിയാണത്രേ ട്രെഡീഷണാലിസ്റ്റു വര്‍ക്കര്‍ പാര്‍ട്ടി. 2013 ല്‍ ജന്മമെടുത്തു. 2018 ല്‍ പ്രവര്‍ത്തനം നിലച്ചു!
ആധുനികജനാധിപത്യത്തിന്റെ ഉന്നതമാതൃകയായ ബ്രിട്ടനിലും 1920 മുതല്‍ ദ്വികക്ഷി സമ്പ്രദായമാണു നിലവിലുള്ളത്. 1834 ല്‍ രൂപംകൊണ്ട വലതുചിന്താഗതിക്കാരുടെ കണ്‍സര്‍വേറ്റീവ് ആന്‍ഡ് യൂണിയനിസ്റ്റുപാര്‍ട്ടിയും 1900 ല്‍ രൂപമെടുത്ത ഇടതുമിതവാദികളുടെ ലേബര്‍ പാര്‍ട്ടിയും. മറ്റു രണ്ടു കക്ഷികളാണു സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും. പാര്‍ലമെന്റില്‍ സാന്നിധ്യമുണ്ടാകാറുണെ്ടങ്കിലും ഭരണത്തെ സ്വാധീനിക്കാനുള്ള ശക്തിയൊന്നും അവര്‍ക്കില്ല.
പ്രമുഖ യൂറോപ്യന്‍രാജ്യമായ ജര്‍മ്മനിയിലെ സാഹചര്യം കുറച്ചു വ്യത്യസ്തമാണ്. അവിടെ പലപ്പോഴും രാഷ്ട്രീയസഖ്യങ്ങളാണ് അധികാരം പിടിക്കുന്നത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനാണു പ്രധാന കക്ഷി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍, ഗ്രീന്‍പാര്‍ട്ടി, ഇടതുപാര്‍ട്ടി, ആല്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി തുടങ്ങിയ കക്ഷികളും രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കക്ഷിബാഹുല്യം പലപ്പോഴും ജര്‍മ്മനിയുടെ ഭരണത്തില്‍ അസ്ഥിരതയ്ക്കു കാരണമാകാറുണ്ട്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യയിലുണ്ടായ മാറ്റവും ശ്രദ്ധേയമാണ്. പുടിന്റെ യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയാണു തുടരെ അധികാരം പിടിക്കുന്നതെങ്കിലും ബഹുകക്ഷി ജനാധിപത്യത്തിന് അവിടെയും ഇടം ലഭിച്ചിരിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടി, ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി, ജസ്റ്റ് റഷ്യാ, റോഡിനാ, സിവിക് പ്‌ളാറ്റ്‌ഫോം തുടങ്ങിയവയാണു മറ്റു പാര്‍ട്ടികള്‍.
ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമാണു ചൈന. പക്ഷേ, ചൈനക്കാര്‍ക്ക് ഇന്നും ജനാധിപത്യം കിട്ടാക്കനിയാണ്. ഏകകക്ഷിമേധാവിത്വം നിലവിലുള്ള കമ്യൂണിസ്റ്റുചൈനയില്‍ ജനങ്ങള്‍ സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്ന കാലം ഇനിയും ഏറെ ദൂരെയാണെന്നു പറയാം. അവിടെ സ്വാതന്ത്ര്യം പരിമിതം. ഇവിടെ സ്വാതന്ത്ര്യം അപരിമിതം.
ഏതാണു നല്ലത് എന്നൊരു ചോദ്യമോ താരതമ്യനിര്‍ണയമോ ജനാധിപത്യത്തെക്കുറിച്ച് ആവശ്യമില്ല. ജനാധിപത്യത്തെക്കാള്‍ മഹത്തരമായ മറ്റൊരു ഭരണസംവിധാനവും ലോകം ഇന്നുവരെ പരിചയപ്പെട്ടിട്ടില്ല. അതിന്റെ സാധ്യതകള്‍ അനന്തമാണ്, ക്രിയാത്മകമാണ്. അതു മനസ്സിലാക്കി, അധികാരക്കൊതിയില്‍ മിതത്വം പാലിച്ചു പ്രവര്‍ത്തിക്കാനാണ് നമ്മുടെ രാഷ്ട്രീയകക്ഷികള്‍ തയ്യാറാകേണ്ടത്.
അധികാരം വേണം. അതുപയോഗിച്ചാണു ജനക്ഷേമപരിപാടികളും വികസനപദ്ധതികളും ആസൂത്രണം ചെയ്യേണ്ടത്. പക്ഷേ, അധികാരത്തിനുവേണ്ടി മാത്രമാണോ രാഷ്ട്രീയം?