ഒക്‌ടോബര്‍ 3 ഏലിയ സ്ലീവാ മൂശ ആറാം ഞായര്‍
നിയ 9:13-24 ഏശ 26:1-11
ഫിലി 4:4-9 മത്താ 15:21-28
മതിലുകളില്ലാത്ത മണ്ണില്‍ ജീവിച്ചവനാണ് മനുഷ്യപുത്രന്‍. അതിരുകള്‍ നോക്കാതെ അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടാണ് അവന്‍ നടന്നത്. അവന്റെ മരണക്കിടക്കയായ മരക്കുരിശിന്റെ മഹത്ത്വവും സാര്‍വത്രികതയും അതുതന്നെയാണ്. പൂര്‍ണശരണത്തോടെ ക്രൂശിനെ പുണരുന്ന ആര്‍ക്കും കണക്കെഴാത്ത കൃപകള്‍ കൈവശമാക്കാന്‍ കഴിയുന്നുണ്ട്. ഈയൊരു സത്യപ്രഭയിലേക്കു മിഴിതുറപ്പിക്കുന്ന വചനഭാഗങ്ങളാണ് ധ്യാനവിഷയങ്ങളായുള്ളത്.
ഒന്നാം വായനയിലെ ചിന്തകള്‍ തിന്മയുടെ തിക്തഫലങ്ങളെപ്പറ്റിയുള്ളവയാണ്. പാപിയുടെ പേരുപോലും പാരില്‍ അവശേഷിക്കില്ലെന്ന മുന്നറിയിപ്പ് വചനങ്ങളിലുണ്ട്. കല്പനകളുടെ ലംഘനം കര്‍ത്താവിനെ കുപിതനാക്കും. ഉടച്ചുകളയേണ്ടവയല്ല കര്‍ത്തൃകല്പനകളുടെ കല്ഫലകങ്ങള്‍. ദൈവത്തിന്റെ ക്രോധത്തിനല്ല, കൃപയ്ക്കാണ് നാം ദിനംപ്രതി പാത്രമാകേണ്ടത്. ആകയാല്‍, ദുഷ്‌കര്‍മങ്ങളും ദുശ്ശാഠ്യങ്ങളും ദൂരെയകറ്റി പതിരില്ലാത്ത പശ്ചാത്താപത്തോടെ തിരിഞ്ഞുനടക്കണം. സുകൃതസമ്പന്നമായ ജീവിതത്താല്‍ സര്‍വേശ്വരന്റെ സംപ്രീതി സമ്പാദിക്കണം. നമ്മുടെ ജീവിതതാഴ്‌വാരത്ത് അറിഞ്ഞോ അല്ലാതെയോ നാം നിര്‍മിച്ചു നമസ്‌കരിക്കുന്ന 'വിഗ്രഹങ്ങളെ' തച്ചുടയ്ക്കാനുള്ള താക്കീതുകൂടിയാണിത്.
രണ്ടാം വായനയിലെ ചിന്തകള്‍ ശക്തനായ ദൈവത്തില്‍ ശരണപ്പെടുന്നവര്‍ക്കുള്ള സുനിശ്ചിതമായ സംരക്ഷണത്തെയും ശാശ്വതമായ വിജയത്തെയും സംബന്ധിക്കുന്നവയാണ്. ദൈവത്തിനുവേണ്ടി ദാഹിക്കുന്നവരും അവിടുത്തെ തേടുന്നവരുമായി മാറാനുള്ള നിയോഗമാണ് മക്കളായ നമുക്കുള്ളതെന്നു മറക്കാറുണ്ടോ? നമ്മുടെ അന്തര്‍ദാഹവും അഭിലാഷവും അന്വേഷണവും ആഭിമുഖ്യവുമൊക്കെ ആരോടാണ്, എന്തിനോടാണ്? പാദം തെന്നുന്ന, പിടി വഴുതിപ്പോകുന്ന പാറകളെയാണോ ഇപ്പോഴും നാം അതിജീവനത്തിനായി ആശ്രയിക്കുന്നത്? നീതിയുടെ നിരത്തിലൂടെ നടന്ന് വിശ്വസ്തതയുടെ കവാടത്തിലൂടെ കടന്ന് കര്‍ത്താവിന്റെ കരുതലും കരുണയും കൈവരിക്കാന്‍ പ്രവാചകവചസ്സുകള്‍ക്കു കാതോര്‍ക്കാം.
മൂന്നാം വായനയിലെ ചിന്തകള്‍ ജീവിതത്തിന്റെ ആനന്ദവും ആഘോഷവുമൊക്കെ ഒരു മഹാമാരി വെട്ടിക്കുറച്ച് മനുഷ്യമനസ്സുകളില്‍ മരണഭീതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കര്‍ത്താവില്‍ സദാ സന്തോഷിക്കാനും സമാധാനം സ്വായത്തമാക്കാനുമുള്ള ക്രിസ്തുശിഷ്യരുടെ കര്‍ത്തവ്യവുമായി ബന്ധപ്പെട്ടവയാണ്. ജനിമൃതികള്‍ക്കിടയിലെ ജീവിതകാലത്ത് നമ്മുടേതാക്കാന്‍ നാം വല്ലാതെ വാഞ്ഛിക്കുന്ന ഇരട്ടഭാഗ്യങ്ങളല്ലേ സന്തോഷവും സമാധാനവും? ഇവ സ്വന്തമാക്കാന്‍ നമ്മുടെ ചിന്തകളും ചെയ്തികളും ഒരുപോലെ ചന്തമുള്ളവയായിരിക്കണം. വിശുദ്ധിയുടെ വെളിച്ചമുള്ള 'വിണ്ണിലേക്കുയരുന്ന' വിചാരങ്ങളാണ് നമ്മില്‍ നിറയേണ്ടത്. മനോവ്യാപാരങ്ങള്‍ മലിനമുക്തമാകുമ്പോള്‍ കര്‍മങ്ങളും കാതലുള്ളവയാകും. എന്തൊക്കെയാണ് നമ്മുടെ ആനന്ദകാരണങ്ങള്‍? എവിടെയൊക്കെയാണ് നാം ശാന്തി തിരയുന്നത്? ഓര്‍ക്കണം, സ്വര്‍ഗം തരുന്ന സന്തോഷസമാധാനങ്ങളാണ് സുസ്ഥിരം. അവ അനുഭവിക്കുമ്പോഴാണ് നമ്മുടെ വിശ്വാസജീവിതം അനുഗൃഹീതമാകുക. നസ്രായനെ നോക്കാത്തതുകൊണ്ടല്ലേ നമ്മുടെ നയനങ്ങള്‍ നിറയുന്നത്? ക്രിസ്തീയജീവിതം കുറെക്കൂടി കാമ്പും കഴമ്പും അര്‍ഹിക്കുന്നുണ്ട്. പൗലോസ് ശ്ലീഹായെപ്പോലെ വിശ്വാസകാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഒരു പാഠപുസ്തകമാകാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
സുവിശേഷത്തിലെ ചിന്തകള്‍ കേവലമൊരു 'അപ്പത്തിലും' തൃപ്തിയുടെ അങ്ങേയറ്റം കണ്ട് കര്‍ത്താവിനെ സമീപിച്ച കാനാന്‍കാരിയായ ഒരു അമ്മ മനസ്സിനെപ്പറ്റിയാണ്. ശരിയാണ്, അന്വേഷിക്കേണ്ട ആദ്യപോംവഴിയാണ് ദൈവം. കനിവിന്റെ കടാക്ഷവും, സ്വപുത്രിയുടെ സൗഖ്യവരവുമായിരുന്നു അവളുടെ ആവശ്യങ്ങള്‍. അവ നേടാനായി കര്‍ത്താവുമായി വാദപ്രതിവാദങ്ങളുടെ ഒരു 'വടംവലി'തന്നെ അവള്‍ നടത്തി. അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ വലിയ വിശ്വാസത്തിന്റെ വെള്ളിത്തിളക്കം കര്‍ത്താവു കണ്ടു. ഒടുവില്‍, കര്‍ത്തൃപക്ഷം 'തോറ്റു' എന്നു തോന്നുമാറ് മുറിവരത്തിനായി മുറവിളിച്ചവള്‍ക്കു മുഴുവരവും അവന്‍ കൊടുത്തു. ഉച്ചരിക്കുന്നപോലെ ഉള്ളില്‍ ഉളവാക്കാന്‍ അത്ര എളുപ്പമുള്ള പദമല്ല 'തൃപ്തി'. 'മതിയായി' എന്നു പറയാന്‍ ഒരായുസ്സു തന്നെയും ചിലപ്പോള്‍ മതിയാകില്ല. ഒന്നില്‍ തോന്നുന്ന തൃപ്തി മറ്റൊന്നിലുള്ള അതൃപ്തിയുടെ തുടക്കമല്ലേ? എന്നാല്‍, കര്‍ത്താവിന്റെ തുപ്പല്‍ത്തുള്ളിയിലും വസ്ത്രത്തുമ്പിലുമൊക്കെ സമ്പൂര്‍ണതൃപ്തിയടഞ്ഞ സുവിശേഷകഥാപാത്രങ്ങളുണ്ട്. അധികത്തിനായല്ല, അല്പത്തിനായാണ് അവരൊക്കെ അതിയായി ആഗ്രഹിച്ചത്. എന്നാല്‍, വിശപ്പടക്കാന്‍ മാത്രമല്ല, മിച്ചം വരാന്‍ മാത്രം അവന്‍ അവര്‍ക്കൊക്കെ വിളമ്പി. 'നുറുങ്ങുവരം' എന്നൊന്നില്ല. നൂറു ശതമാനവും നല്കുന്ന നന്മയാണവന്‍. വരമ്പുകള്‍ നോക്കാതെ വരമണികള്‍ വാരി വിതറുന്നവന്‍. വരങ്ങളൊന്നും താഴെ വീണു കിട്ടുന്നതല്ല. ദൈവം അറിഞ്ഞരുളുന്നതാണ്. അവ സ്വീകരിക്കാനുള്ള വിശ്വാസത്തുറവ് നമുക്കുണ്ടാകണം.
വിശ്വാസമാണ് വിമോചനത്തിലേക്കു വിരിയുന്ന വാതില്‍. വിശ്വാസജീവിതത്തിലെ വിലങ്ങുതടികളെ ചവിട്ടുപടികളാക്കുന്നവര്‍ക്കാണ് വരസമൃദ്ധിയുണ്ടാകുക. പ്രതിസന്ധികളില്‍ പിന്തിരിയാതെ കൂടുതല്‍ ഉച്ചത്തില്‍ പ്രലപിക്കാന്‍ പരിശ്രമിക്കണം. മുതലാളിയുടെ മേശയില്‍നിന്നു വീഴുന്നവകൊണ്ടു വിശപ്പടക്കാന്‍ ആശിച്ചെങ്കിലും കിട്ടാതെപോയ ലാസറിന്റേത് ഇന്നും ഉണങ്ങാത്ത മുറിവുകളാണ്. വിഭവസമൃദ്ധമായ ഊട്ടുമുറികളും വെളിയില്‍ വിശക്കുന്ന വയറുകളും വാഴ്‌വില്‍ ഇപ്പോഴും വേണ്ടുവോളമില്ലേ? എന്നാല്‍, വീഴുന്നവ ചോദിക്കുന്നവര്‍ക്ക് വീഴാത്തവ കൊടുക്കുന്നവന്റെ പേരാണ് ക്രിസ്തു. തുണ്ടുകള്‍കൊണ്ടു തൃപ്തിപ്പെടാന്‍ തയ്യാറാകുന്നവര്‍ക്ക് തൊണ്ടയറ്റം അനുഗ്രഹത്തിന്റെ അപ്പം ദാനമേകുന്ന ദൈവപരിപാലനയുടെ ധരയിലേക്കു നീണ്ട കരമാണവന്‍. വിട്ടുകൊടുക്കാതെ അവനെ കൂട്ടുപിടിക്കുന്നവര്‍ക്കേ അവന്‍ വരങ്ങള്‍ വിട്ടുതരൂ. വിശുദ്ധമായ വാശികള്‍ വിശ്വാസജീവിതത്തിന്റെ ചേലു വര്‍ദ്ധിപ്പിക്കും. അനര്‍ത്ഥങ്ങളുടെ അടമഴയെ കൈവിരലുകള്‍ ചേര്‍ത്തു തടയാന്‍ നമുക്കാവില്ല. പക്ഷേ, ക്രിസ്തുവാകുന്ന കുട വിടര്‍ത്തിപ്പിടിക്കാനാവും. അവനെ മുറുകെപ്പിടിക്കുന്നവര്‍ക്കാണ് സന്താപങ്ങളിലും അന്തമില്ലാതെ സന്തോഷിക്കാന്‍ സാധിക്കുക. കാനാന്‍കാരി എന്നെങ്കിലും നമ്മെ ലജ്ജിപ്പിച്ചിട്ടുണ്ടോ?