വ്ര, വൃ - ഇവ സംയുക്തവ്യഞ്ജനങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. വ്രയും വൃവും പലതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. വ്ര - വ, റ എന്നീ വ്യഞ്ജനങ്ങളുടെ സംയുക്തമാണ്. വ് + റ് + അ = വ്ര. വകാരത്തിന്റെ പിന്‍നിലയാണ് റകാരം. എന്നാല്‍, ലിപിവിന്യാസത്തില്‍ മുന്‍നിലയായി വേണം എഴുതാന്‍. വ്ര കൂട്ടക്ഷരമാണ്. വ്യഞ്ജനസ്വരസംഹിതയാണ് വൃ (വ് + ഋ = വൃ). അത് കൂട്ടക്ഷരമല്ല. ഋകാരത്തെ സ്വരങ്ങളുടെ കൂട്ടത്തിലാണ് സംസ്‌കൃതവ്യാകരണവും മലയാളവ്യാകരണവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വരം ചേര്‍ന്നുനില്‍ക്കുന്ന വ്യഞ്ജനത്തെ കൂട്ടക്ഷരമായി ഗണിക്കാറില്ല. വൃത്തശാസ്ത്രപ്രകാരം വ്രയ്ക്കു മുമ്പുള്ള വ്യഞ്ജനം ഗുരുവും വൃവിനു മുമ്പുള്ള വ്യഞ്ജനം ലഘുവുമാണ്. ഉദാ. പതിവ്രത ണ്ണതി, ഗുരു; പരിവൃത ണ്ണരി, ലഘു.*
വ്രതം - വൃതം ഇവ ഒന്നല്ല. വ്രതത്തിന് നോമ്പ് (ഉപവാസം) എന്നും വൃതത്തിന് ചുറ്റപ്പെട്ടത് എന്നുമാണു സാമാന്യമായ അര്‍ത്ഥം. വ്രത്യവും വ്രതമാണ്. വ്രതം അനുഷ്ഠിക്കുന്നവന്‍ വ്രതിയുമാകും. വ്രതം എന്ന അര്‍ത്ഥത്തില്‍ വൃതം പ്രയോഗിക്കരുത്. ആവരണം ചെയ്യപ്പെട്ടതോ മറയ്ക്കപ്പെട്ടതോ ഉരുണ്ടതോ ഒക്കെയാണ് വൃതം. അതിന് ഉപവാസവുമായി ഒരു ബന്ധവുമില്ല. വൃതിക്ക് തിരഞ്ഞെടുപ്പ്, അന്വേഷണം, മറവ്, വേലി എന്നെല്ലാം വിവക്ഷിതങ്ങളുണ്ട്. പദങ്ങള്‍ തമ്മിലുള്ള അര്‍ത്ഥവ്യത്യാസം ശ്രദ്ധിക്കുക.
ഭക്ഷണം കഴിക്കാതെ ആചരിക്കുന്ന വ്രതമാണ് ഉണ്ണാവ്രതം. ഏതെങ്കിലുമൊരു പ്രവൃത്തിയിലോ ചിന്തയിലോ മുഴുകിയിരിക്കലാണത്. നിരാഹാരവ്രതം എന്നും പറയാം (തമിഴില്‍ ഉണ്ണാവിരതം) 'ഉണ്ണാവൃതം' തെറ്റാണ്; പ്രയോഗിക്കരുത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്, ഏതെങ്കിലും ഒരു ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരമാര്‍ഗ്ഗമാണ് ഉണ്ണാവ്രതം. അതിനോട് സത്യഗ്രഹം (ഏതെങ്കിലും സത്യം നിറവേറ്റാനായി ചെയ്യുന്ന അഹിംസാപൂര്‍ണമായ യത്‌നം) കൂട്ടിച്ചേര്‍ത്ത് 'ഉണ്ണാവ്രതസത്യഗ്രഹം' എന്നൊരു സമസ്തപദം നിര്‍മ്മിക്കേണ്ട ആവശ്യമില്ല. അനാവശ്യമായ ആവര്‍ത്തിച്ചു പറയലാണത്. പൗനരുക്ത്യം എന്ന ദോഷം. ഒന്നുകില്‍ ഉണ്ണാവ്രതം അല്ലെങ്കില്‍ സത്യഗ്രഹം. സത്യാഗ്രഹവും ശരിയാണ്. (സത്യ + ആഗ്രഹം = സത്യാഗ്രഹം).
വാക്കുകളുടെ വിവക്ഷിതങ്ങള്‍ മനസ്സിലാക്കാതെ പുതുപദനിര്‍മ്മിതിക്ക് ഇറങ്ങിപ്പുറപ്പെട്ടതാണ് ഇവിടെ സംഭവിച്ച സ്ഖലിതത്തിന് ഹേതു. അല്പജ്ഞാനവും ഉദാസീനതയും വികലപദങ്ങളുടെ പിറവിക്കു കാരണമായിത്തീരുന്നു. അച്ചടിവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നവരുടെ 'ഭാഷാജ്ഞാന'മല്ല നോട്ടീസുകളിലും ഫ്‌ളക്‌സ്‌ബോര്‍ഡുകളിലും പ്രതിഫലിക്കേണ്ടത്.
*പ്രബോധചന്ദ്രന്‍നായര്‍, വി.ആര്‍., ഡോ., എഴുത്തു നന്നാവാന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം - 101)