ഇല കൊഴിയുന്ന മരങ്ങളില്‍പ്പെടുന്ന വേങ്ങ ഉഷ്ണമേഖലയില്‍ നല്ലതുപോലെ വളരുന്നു. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ സാധാരണമായി കാണപ്പെടുന്നു. 40 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഇതിന്റെ പൂക്കാലം മേയ് - സെപ്റ്റംബര്‍വരെയാണ്. ചിത്രശലഭത്തിന്റെ ആകൃതിപോലെയുള്ള ഇതിന്റെ പൂക്കള്‍ക്ക് നല്ല മണമുണ്ട്. കാറ്റിലൂടെയും കിളികള്‍ വഴിയുമാണ് ഇവയുടെ വിത്തുവിതരണം. നേരിട്ട് വെയിലേല്‍ക്കുന്ന വിത്തുകള്‍ മുളയ്ക്കാറില്ല. ചുവപ്പുനിറത്തിലുള്ള ഒരു കറ ഈ മരത്തിനുണ്ട്.
വേങ്ങയുടെ തടിക്ക് ഈടും ഉറപ്പുമുണ്ട്. തടിയുടെ വെള്ളയ്ക്ക് ഇളം മഞ്ഞനിറവും കാതലിന് മഞ്ഞകലര്‍ന്ന കറുപ്പുനിറവുമാണ്. ഫര്‍ണീച്ചര്‍, വാഹനങ്ങള്‍, റെയില്‍വേ സ്ലീപ്പര്‍ എന്നിവയുടെ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നു. തൊലിയും കാതലും ഔഷധഗുണമുള്ളതാണ്. വേങ്ങക്കാതല്‍ ദശമൂലാരിഷ്ടത്തില്‍ ഉപയോഗിക്കുന്നു. നമ്മുടെ കൃഷിയിടത്തില്‍ വേങ്ങമരത്തിനുകൂടി സ്ഥാനം കൊടുക്കുന്നതു നല്ലതാണ്.