•  2 May 2024
  •  ദീപം 57
  •  നാളം 8
കാര്‍ഷികം

ഔഷധ പോഷകഗുണങ്ങളുടെ കലവറ കാരറ്റ്

ഒട്ടനവധി ഔഷധഗുണങ്ങളുടെയും പോഷകഗുണങ്ങളുടെയും കലവറയാണ് കാരറ്റ്.

പ്രോട്ടീന്‍, കാല്‍സിയം, ഇരുമ്പ്, തയാമിന്‍, വിറ്റാമിന്‍ എ, സി എന്നിവ വിവിധ അളവില്‍ കാരറ്റില്‍ അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ കുറവ് പരിഹരിക്കുവാന്‍ ഏറെ ഉത്തമം.
കാരറ്റ് ദിവസം ഒന്നെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നേത്രരോഗികള്‍ക്കും ഗുണപ്രദം.
കിഴങ്ങുവര്‍ഗ്ഗങ്ങളുടെ റാണിയായും കാരറ്റ് അറിയപ്പെടുന്നു. കരള്‍സംബന്ധമായ രോഗങ്ങള്‍ക്കും കാരറ്റ് നല്ലതാണ്. പച്ചക്കറികളുടെ കൂട്ടത്തില്‍ സമുന്നതമായ സ്ഥാനമാണ് കാരറ്റിനുള്ളത്. ഇതിലെ പോഷകഗുണം, വേവിക്കുമ്പോള്‍ കുറയുവാന്‍ ഇടയുള്ളതിനാല്‍ പച്ചയ്ക്കു തിന്നുന്നതാണ് കൂടുതല്‍ നല്ലത്. നന്നായി കഴുകി വൃത്തിയാക്കി പുറംതൊലി ചീകിമാറ്റിയശേഷം പച്ചയ്ക്കു ഭക്ഷിക്കാം. 
കാരറ്റ് കറികള്‍ക്കും പലഹാരങ്ങള്‍ക്കും ഗുണമേന്മ ഉണ്ടാക്കും. മുടികൊഴിച്ചില്‍, ചൊറി, ചിരങ്ങ്, ത്വഗ്രോഗങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം മുഖസൗന്ദര്യത്തിനും ശരീരസൗന്ദര്യത്തിനും നല്ലതാണിവ. രക്തശുദ്ധിക്കും കാരറ്റ് ഫലപ്രദം തന്നെ. കാരറ്റ് ജ്യൂസ് ഒരു ടോണിക്കിന്റെ ഫലം ചെയ്യും. കുടല്‍രോഗങ്ങള്‍ക്കും ദഹനേന്ദ്രിയരോഗങ്ങള്‍ക്കും വളരെ നല്ലതാണിവ. കാരറ്റില്‍ കരോട്ടിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്നു.
ഭക്ഷണം കഴിച്ചയുടനെ ഒരു കാരറ്റ് ചവച്ചുതിന്നാല്‍ വായിലുള്ള ഉപദ്രവകാരികളായ അണുക്കളെ നിര്‍ജീവമാക്കുകയും പല്ലുകളെ ശുചിയാക്കുകയും പോടുകളില്‍ തങ്ങിനില്‍ക്കുന്ന ഭക്ഷ്യാംശങ്ങളെ നീക്കിക്കളയുകയും മോണയ്ക്കും മറ്റും കരുത്തു നല്‍കുകയും ചെയ്യുന്നു. കരളിന്റെ ഉത്തേജനത്തിനും സന്ധിസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരറ്റ് നല്ലതാണ്. കാരറ്റുനീര് കഴിക്കുന്നത് ഓര്‍മ്മശക്തിയും ചിന്താശക്തിയും കൂട്ടുമെന്നും പറയപ്പെടുന്നു.
പുകവലിക്കാര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരറ്റ് നല്ലതാണ്. ഭക്ഷ്യവസ്തുക്കള്‍ക്കു സുഗന്ധവും നിറവും സ്വാദും നല്‍കുവാനും ഭക്ഷ്യവസ്തുക്കള്‍ അലങ്കരിക്കുവാനും കാരറ്റ് ഉപയോഗിക്കുന്നു.
കാരറ്റ് തോരനായും മെഴുക്കുപുരട്ടിയായും ഭക്ഷണത്തോടൊപ്പം ഉപയോഗിച്ചുവരുന്നു. ഇവ സൂപ്പായി ഉപയോഗിക്കുന്നതും ആരോഗ്യരക്ഷയ്ക്കു നല്ലതുതന്നെ. കാരറ്റ് അച്ചാര്‍ ഇടുവാനും ജാം, ഹലുവ എന്നിവ ഉണ്ടാക്കുവാനും നല്ലതാണ്.

Login log record inserted successfully!