- സെപ്റ്റംബര്‍ 5 അധ്യാപകദിനം
തലമുറമാറ്റത്തെക്കുറിച്ചു നിരന്തരം കേള്‍ക്കുന്ന കാലമാണിത്. പഴയ തലമുറ വഴിമാറിക്കൊടുക്കണമെന്നും പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ ലഭിക്കണമെന്നുമുള്ള വാദഗതിക്ക് ഇന്നു വലിയ പിന്തുണയുണ്ട്. രാഷ്ട്രീയരംഗത്താണ് ഇതിനു തുടക്കം കുറിച്ചതെങ്കിലും സാമൂഹികസാമുദായികരംഗങ്ങളിലൊക്കെ ഇപ്പറഞ്ഞ മുറവിളി ഉയരുന്നതു കേള്‍ക്കാം. തലമുറമാറ്റത്തിനുവേണ്ടിയുള്ള നാനാവിധ പരിശ്രമങ്ങള്‍ താത്ത്വികമായും പ്രായോഗികമായും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നു ചുരുക്കം.
ഇതിനിടയില്‍ നമ്മുടെചിന്തയ്ക്കു കാര്യമായി വിഷയീഭവിക്കാത്ത ഒരു മേഖലയെക്കുറിച്ചു സൂചിപ്പിക്കാം. അത് വിദ്യാലയങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്ന അധ്യയനവേദിയാണ്. അവിടെയുമുണ്ട് തലമുറമാറ്റം. രണ്ടു കൂട്ടരാണല്ലോ സ്‌കൂളുകളിലുള്ളത്; വിദ്യ നേടാനെത്തുന്ന വിദ്യാര്‍ത്ഥികളും അവരെ പഠിപ്പിക്കാനെത്തുന്ന അധ്യാപകരും. കുട്ടികള്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് പഠനത്തിനുള്ള പ്രായമാകുമ്പോള്‍ വിദ്യാലയങ്ങളിലെത്തുന്നു. പഠനം പൂര്‍ത്തിയാക്കി വിടപറയുന്നു. അധ്യാപകരാകട്ടെ, നിര്‍ദിഷ്ട അധ്യാപനയോഗ്യതകളോടെ സേവനമാരംഭിക്കുന്നു. നിയമമനുശാസിക്കുന്ന പ്രായത്തില്‍ വിരമിക്കുന്നു.
2021 ല്‍ ജീവിക്കുന്ന നമുക്ക് സൂക്ഷ്മമായി പരിശോധിച്ചാല്‍ സവിശേഷമായൊരു തലമുറമാറ്റം കണ്ടെത്താനാകും. ഏതാനും വര്‍ഷമായി ആരംഭിച്ച ഈ പരിവര്‍ത്തനപ്രക്രിയ, ഇനി കുറച്ചുവര്‍ഷംകൊണ്ടു പൂര്‍ണമാകും. അതു മനസ്സിലാക്കാന്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ആരാണെന്നു നാം തിരിച്ചറിയണം. ആരാണ് നമ്മുടെ വിദ്യാലയങ്ങളില്‍ ഇന്നു പഠിക്കുന്ന കുട്ടികള്‍? അവര്‍ രണ്ടായിരാമാണ്ടിനുശേഷം ജനിച്ചവരാണ്. അതായത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സന്താനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളെ വര്‍ണാഭമാക്കുന്നത്.
ഇനി നമുക്ക് അധ്യാപകരുടെ കാര്യമെടുക്കാം. ഇന്ന് അധ്യാപനപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ അധ്യാപകരും രണ്ടായിരാമാണ്ടിനുമുമ്പു ജനിച്ചവരാണ്. അതായത്, ഇരുപതാം നൂറ്റാണ്ടിന്റെ സന്തതികള്‍. ഇനി കുറച്ചു വര്‍ഷംകൂടി മാത്രമേ ഈ സ്ഥിതി തുടരുകയുള്ളൂ. അധികം വൈകാതെ പുതുനൂറ്റാണ്ടിലെ വ്യക്തികള്‍ അധ്യാപകരായി രംഗത്തുവരും. ഇവിടെ നാമോര്‍മിക്കേണ്ട പ്രധാന വസ്തുതയിതാണ്: ഈ നൂറ്റാണ്ടിലെ കുട്ടികളെ കഴിഞ്ഞ നൂറ്റാണ്ടിലെ അധ്യാപകര്‍ പഠിപ്പിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതിലെന്താണു കുഴപ്പം എന്നു തോന്നിയേക്കാം. കുഴപ്പങ്ങള്‍ കുറയ്ക്കുന്നതിന് ഇക്കാര്യത്തിലുള്ള അവബോധം അധ്യാപകസമൂഹത്തിന് ഉണ്ടാവണമെന്നു മാത്രം. അതാകട്ടെ സ്വയം പരിവര്‍ത്തനപ്പെടാനും നവീകരിക്കാനും അധ്യാപകര്‍ക്കു സഹായമേകും.
വിപ്ലവാത്മകമായ മാറ്റങ്ങളാണ് രണ്ടായിരാമാണ്ടിനു മുമ്പും പിമ്പും ലോകത്തെമ്പാടും സംഭവിച്ചിട്ടുള്ളത്. അതിന്റെ ഗുണദോഷങ്ങള്‍ പേറുന്ന രണ്ടു തലമുറകളാണ് ഇന്നത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളുമെന്നതാണ് ഏറെ ശ്രദ്ധേയം. മിന്നല്‍പ്പിണര്‍പോലെ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. മാറ്റങ്ങളുടെ ഗതിവേഗം ഇനി കുറയാനും പോകുന്നില്ല. ഈ നാളുകളില്‍ അധ്യാപനശുശ്രൂഷ കൂടുതല്‍ സഫലമാക്കാന്‍ സഹായിക്കുന്ന അഞ്ചു കാര്യങ്ങള്‍ കുറിക്കട്ടെ:
1. അന്തരം അംഗീകരിക്കാം കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ ജനിച്ചുവളര്‍ന്നവരാണ് തങ്ങളെന്ന വാസ്തവം അധ്യാപകര്‍ അംഗീകരിക്കുക, നവയുഗത്തില്‍ പിറന്നുവീണ കുട്ടികളാണ് മുന്നിലുള്ളതെന്നു തിരിച്ചറിയുക, തങ്ങള്‍ക്കിയില്‍ വലിയ അന്തരമുണ്ട്; പക്ഷേ, അത് വിടവോ ഗര്‍ത്തമോ ആയി കണക്കാക്കരുത്. പരസ്പരം മനസ്സിലാക്കലിന്റെ പാലം പണിയാനാണു ശ്രമിക്കേണ്ടത്.
2. കുട്ടികളെ ശരിയായി
അറിയാം: കുട്ടികള്‍ ജനിച്ചകാലം തികച്ചും വ്യത്യസ്തമാണ്. സൗകര്യങ്ങളും സാധ്യതകളും ഏറെയുള്ള കാലദേശങ്ങളിലാണ് അവര്‍ ജന്മംകൊണ്ടത്. അതിന്റെ സവിശേഷതകള്‍ അവരിലുണ്ടാകും. അവയെ സൂക്ഷ്മമായി മനസ്സിലാക്കുകയാണു പ്രധാനം; അവരെ എഴുതിത്തള്ളുകയല്ല.
3. സ്വന്തം പരിമിതികള്‍ അറിയാം: ഒട്ടേറെ അസൗകര്യങ്ങളിലും പരിമിതികളിലുമാണ് അധ്യാപകര്‍ ജനിച്ചുവളര്‍ന്നതും പഠിച്ചു ജോലി നേടിയതും. തിരിഞ്ഞു നോക്കുമ്പോള്‍ ആ പരിമിതികളെ എളുപ്പത്തില്‍ മനസ്സിലാക്കാനാകും. പക്ഷേ, അവയെ ഓര്‍ത്ത് അപകര്‍ഷതയോ നഷ്ടബോധമോ ആവശ്യമില്ല. അന്നത്തെ കുറവുകള്‍ ഇന്നത്തെ നിറവുകളായി മാറിയതോര്‍ത്തു സന്തോഷിക്കുകയാണു വേണ്ടത്.
4. പഴമയിലെ നന്മകളെ പകരാം: കഴിഞ്ഞ നൂറ്റാണ്ടില്‍ ജനിച്ച അധ്യാപകര്‍ 'പഴഞ്ചന്‍സ്' ആയി തോന്നിയേക്കാം. പഴമയിലെ നന്മകളെ തിരിച്ചറിഞ്ഞ് ഉയര്‍ത്തിപ്പിടിക്കാം. എക്കാലവും പ്രസക്തമായ ചില മൂല്യങ്ങള്‍ പഴമയുടെ തിരുശ്ശേഷിപ്പുകള്‍പോലെ സ്വന്തമായുണ്ടാകും. അവ ആത്മവിശ്വാസത്തോടും ആത്മാഭിമാനത്തോടുംകൂടി പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കു പകരാന്‍ കഴിയുന്നിടത്താണു വിജയം.
5. പുതുമയിലെ നന്മകളെ പുണരാം: ഈ നൂറ്റാണ്ടിലെ കുട്ടികള്‍ 'ന്യൂജന്‍സ്' ആണെങ്കിലും അവരിലുമുണ്ട് നന്മകള്‍. എടുപ്പിലും നടപ്പിലും എത്ര മാറ്റമുണ്ടായാലും അടിസ്ഥാനപരമായ മാനവികതയില്‍ മാറ്റമുണ്ടാകാന്‍ പാടില്ലല്ലോ. പുത്തന്‍തലമുറ ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികതയുടെ നല്ല പാഠങ്ങള്‍ തിരിച്ചറിയണം. അവയില്‍നിന്നു സ്വീകരിക്കാവുന്നവയെ സന്തോഷത്തോടെ സ്വന്തമാക്കാം.
2021 ലെ അധ്യാപകസമൂഹത്തിന് പുത്തന്‍ സാധ്യതകള്‍ സ്വീകാര്യമാണെന്നതിന് ഈ കൊവിഡ്കാലം സാക്ഷ്യം വഹിക്കുന്നു. മാറുന്ന ലോകത്ത് മാറാത്ത മൂല്യങ്ങളെ മുറുകെപ്പിടിച്ച്, മാറ്റങ്ങള്‍ക്കൊത്ത് സ്വന്തം സേവനരംഗം നവീകരിക്കുന്ന എല്ലാ അധ്യാപകശ്രേഷ്ഠര്‍ക്കും നന്മകള്‍ നേരുന്നു.