•  2 May 2024
  •  ദീപം 57
  •  നാളം 8
സഞ്ചാരം

സീനാമലമുകളില്‍

സീനാമല ഒരു വിശുദ്ധമലയാണ്. മലയുടെ താഴ്‌വാരത്തുള്ള ഒരു കുന്നിന്‍ചെരുവിലാണ് ജെത്രോയുടെ ആടുകളെ മേയിച്ചുകഴിഞ്ഞിരുന്ന മോശയ്ക്കു ദൈവം കത്തുന്ന മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായത്. അവിടെവച്ചാണ് ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്‍ജനതയെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച് കാനാന്‍ദേശത്തേക്കു നയിക്കുവാനുള്ള ദൗത്യം മോശയ്ക്കു അവിടുന്നു നല്‍കിയത്. കാനാന്‍ദേശത്തേക്ക് ഇസ്രായേല്‍ജനതയെ നയിച്ചുകൊണ്ടുള്ള യാത്രയില്‍ വീണ്ടും അദ്ദേഹം സീനാമലയുടെ താഴ്‌വരയിലെത്തി. അവിടെ ഇസ്രായേല്‍ജനം പാളയമടിച്ചു. 
മോശ സീനാമലയിലേക്കു കയറിച്ചെന്നു. ദൈവം മോശയോടു സംസാരിച്ചു. ഈജിപ്തുകാരോട് ദൈവം ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടുകഴിഞ്ഞു. കഴുകന്‍ തന്റെ ചിറകുകളില്‍ കുഞ്ഞുങ്ങളെ സംവഹിക്കുന്നതുപോലെ ഇസ്രായേലിനെ ദൈവം അവിടെ വരെ കൊണ്ടുവന്നിരിക്കുന്നു. മോശയോട് ദൈവം പറഞ്ഞു: ഇസ്രായേല്‍ ജനതയോടു പറയുക: 'നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനതകളിലുംവച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ജനമായിരിക്കും. നിങ്ങള്‍ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും' (പുറ. 19:5-6). ജനം സന്തോഷത്തോടെ ഇതു സ്വീകരിച്ചു. ദൈവം നിര്‍ദ്ദേശിച്ചതനുസരിച്ച് മോശ ജനത്തെ വിശുദ്ധീകരിക്കുകയും മലയുടെ ചുറ്റും അണിനിരത്തുകയും ചെയ്തു. 
മൂന്നാംദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്‍പ്പിണരുകളുമുണ്ടായി. മലമുകളില്‍ ദൈവസാന്നിധ്യം കാണിക്കുന്ന കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളധ്വനി മുഴങ്ങി. ദൈവത്തെ കാണുവാനായി ജനം മലയുടെ അടിവാരത്തു നിലയുറപ്പിച്ചു. കര്‍ത്താവ് അഗ്നിയില്‍ ഇറങ്ങിവന്നതിനാല്‍ സീനാമല മുഴുവന്‍ ധൂമാവൃതമായി. മല ശക്തമായി ഇളകിമറിഞ്ഞു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്തില്‍ ഉത്തരം നല്‍കുകയും ചെയ്തു. കര്‍ത്താവ് സീനാമലമുകളില്‍ ഇറങ്ങിവന്ന് മോശയെ അങ്ങോട്ടു വിളിച്ചു. മോശ കയറിച്ചെന്നു (പുറ 19:16-20). കര്‍ത്താവ് മോശയോടു സംസാരിച്ചു. ''അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറേ ദേവന്മാര്‍ നിനക്കുണ്ടാകരുത്...'' പത്തു കല്പനകള്‍ പിറക്കുകയായിരുന്നു (പുറ.20:1-17). കര്‍ത്താവു മോശയോടു സംസാരിച്ച സീനാ ഒരു വിശുദ്ധമലയായിത്തീര്‍ന്നു.
പിന്നീടുള്ള കാലങ്ങളില്‍ വിശുദ്ധജീവിതം കാംക്ഷിച്ച നിരവധി ഏകാന്തസന്ന്യാസികള്‍ ഈ പ്രദേശത്തുവന്നു ഭക്തജീവിതം നയിച്ചുതുടങ്ങി. ഈ വിശുദ്ധമലയിലേക്കു തീര്‍ത്ഥാടനവും കുറവായിരുന്നില്ല. മലയുടെ താഴ്‌വരയില്‍ ഒരു ആശ്രമമുണ്ടായി. ധാരാളം ക്രൈസ്തവസന്ന്യാസികള്‍ അവിടെ ഭക്തജീവിതം നയിച്ചുവന്നു. ഇപ്പോള്‍ ഈ ആശ്രമം അറിയപ്പെടുന്നത് സെന്റ് കാതറൈന്‍ മൊണാസ്ട്രി എന്നാണ്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ആശ്രമത്തിനു ചുറ്റും കോട്ടകെട്ടി അവിടം സുരക്ഷിതമാക്കി. ചക്രവര്‍ത്തിതന്നെ റുമേനിയായില്‍ നിന്നും ഈജിപ്റ്റില്‍നിന്നുമായി ഇരുനൂറു കുടുംബങ്ങളെ കൊണ്ടുവന്ന് ആശ്രമത്തിന്റെ സംരക്ഷണച്ചുമതല ഏല്പിച്ചു. നാളെ ഞങ്ങളുടെ തീര്‍ത്ഥാടകസംഘത്തിന്റെ ആദ്യപരിപാടി സെന്റ് കാതറൈന്‍ മൊണാസ്ട്രി സന്ദര്‍ശിക്കുകയാണ്. അതിനുമുമ്പ് വിശുദ്ധമലയായ സീനായിലേക്കുള്ള യാത്രയുമുണ്ട്.
അര്‍ദ്ധരാത്രിയോടെ ഞങ്ങളുടെ തീര്‍ത്ഥാടകസംഘത്തിലെ കുറെപ്പേര്‍ സീനാമല കയറാനുള്ള തയ്യാറെടുപ്പില്‍ ഒത്തുചേര്‍ന്നു. ഞാനുള്‍പ്പെടെ ഭൂരിപക്ഷംപേരും വിവിധ കാരണങ്ങളാല്‍ മലകയറ്റം വേണ്ട എന്നു തീരുമാനിച്ചു. മല കയറാന്‍ പോയവര്‍ അവരുടെ അനുഭവങ്ങള്‍ പിന്നീട് വിശദമായി ഞങ്ങളോടു പങ്കുവച്ചു. മല കയറാനുള്ള തയ്യാറെടുപ്പോടുകൂടിയായിരുന്നു ചിലര്‍ നാട്ടില്‍നിന്നുതന്നെ പോന്നത്. ഷൂസും ടോര്‍ച്ചും കുടിവെള്ളവുമെല്ലാം കരുതിയാണ് അവര്‍ നില്ക്കുന്നത്. മറ്റുചിലര്‍ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് ഇറങ്ങിയത്. അവര്‍ക്കു മല കയറാനുള്ള ആവേശം മാത്രമാണ് കൈമുതല്‍. ഹോട്ടലില്‍നിന്നു കുറച്ചുദൂരം ബസില്‍ പോകാം. അതിനുശേഷം സീനാമലയുടെ ചുവട്ടിലേക്കു സാമാന്യം നല്ല കയറ്റമാണ്. കാല്‍നടയായോ ഒട്ടകത്തിന്റെ പുറത്തോ സഞ്ചരിക്കാം. അവിടെ ഒട്ടകങ്ങളുമായി കുറേപ്പേര്‍ നില്പുണ്ട്. നിശ്ചിത തുക കൊടുത്താല്‍ ഒട്ടകത്തിന്റെ പുറത്തിരുന്നു മല കയറാം. പലരും നടക്കാന്‍തന്നെ തീരുമാനിച്ചു. ഒട്ടകത്തിന്റെ പുറത്തുകയറി സഞ്ചരിച്ചവര്‍ പിന്നീട് അവരുടെ അനുഭവം വിവരിച്ചു. ഒട്ടകം മലമുകളിലേക്ക് ഓരോ ചുവടും വയ്ക്കുമ്പോള്‍ അതിന്റെ ഉയര്‍ന്നുപൊന്തിനില്ക്കുന്ന ഉപ്പുചുമല്‍ മുകളില്‍ ഇരുന്നു സഞ്ചരിക്കുന്നവന്റെ വയറ്റത്തിടിക്കും. അടുത്ത ചുവടു വയ്ക്കുമ്പോള്‍ വയറിന്റെ മറുവശത്താണ് ഇടി. ഇങ്ങനെ കുറെദൂരം ഇടി വാങ്ങി സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ താഴെയിറങ്ങി ഒട്ടകക്കാരന്റെ പണവുംകൊടുത്ത് കാല്‍നടയായി അവര്‍ മല കയറി.
കുറെ മുമ്പോട്ടു പോകുമ്പോള്‍ തൂക്കായ കയറ്റമാണ്. വഴി ഇടുങ്ങിയതും ദുര്‍ഗമവുമാണ്. ആദ്യകാലസന്ന്യാസികള്‍ കല്ലില്‍ നടകള്‍ വെട്ടിയുണ്ടാക്കിയിട്ടുണ്ട്. ആ നടകള്‍ കയറിയാണ് തീര്‍ത്ഥാടകര്‍ മുകളിലേക്കു പോകുന്നത്. 864 നടകളുണ്ട്. ഉദ്ദേശം രണ്ടടി നീളത്തിലുള്ളവയാണ് കല്‍പ്പടവുകള്‍. 'കുറിയേലൈസോന്‍' (കര്‍ത്താവേ, അനുഗ്രഹിക്കണമേ) 'ക്രിസ്‌തേലൈസോന്‍' (മിശിഹായേ, അനുഗ്രഹിക്കണമേ) എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ആദ്യകാല തീര്‍ത്ഥാടകര്‍ മല കയറിയിരുന്നത്. 'പറുദീസായിലേക്കുള്ള ഗോവണി' എന്നാണ് വി. ജോണ്‍ ക്ലിമാകൂസ് ഈ നടകളെപ്പറ്റി പറഞ്ഞിട്ടുള്ളത്. അദ്ദേഹം സെന്റ് കാതറൈന്‍ മൊണാസ്ട്രിയിലെ ഒരു അന്തേവാസിയും 'പറുദീസയിലേക്കുള്ള ഗോവണി' (ഘമററലൃ ീേ ജമൃമറശലെ) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്. കല്‍പ്പടവുകള്‍ കയറിക്കഴിഞ്ഞാല്‍ കല്ലുംകൂട്ടം നിറഞ്ഞ ഇടുങ്ങിയ വഴിയാണ്. കുറേക്കൂടി മുകളിലേക്കു കയറുമ്പോള്‍ കൂടുതല്‍ ഇടുങ്ങിയ ഒരു ഭാഗമുണ്ട്. അതാണ് 'ഉീീൃ ീള ഇീിളലശൈീി' കുമ്പസാരവാതില്‍. തീര്‍ത്ഥാടകര്‍ അവിടെയെത്തുമ്പോള്‍ മുട്ടിന്മേല്‍നിന്ന് അവരുടെ തെറ്റുകള്‍ക്ക് ദൈവത്തോടു മാപ്പു ചോദിച്ചിരുന്നു. സങ്കീര്‍ത്തനം 24:3-4 ഉരുവിട്ട് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു.
''കര്‍ത്താവിന്റെ മലയിലേക്ക് ആരു കയറും?
അവിടെ കാലുകുത്തുവാന്‍ ആര്‍ക്കു ധൈര്യമുണ്ടാകും.
പരിശുദ്ധമായ കരങ്ങളും
നിര്‍മ്മലമായ മനഃസാക്ഷിയുമുള്ളവനും
സ്വയം വഞ്ചിച്ച് കള്ളസത്യം ചെയ്യാത്തവനും...''
മലമുകളില്‍നിന്ന് 700 പടികള്‍ താഴെ ആംഫിതീയേറ്റര്‍പോലെ ഒരു ഭാഗമുണ്ട്. പഴയ ചാപ്പലുകളുടെ ചില അവശിഷ്ടങ്ങള്‍ അവിടെയുണ്ട്. ചുരുക്കംചില സൈപ്രസ് മരങ്ങളുടെ നേരിയ പച്ചപ്പും ആ ഭാഗത്തുണ്ട്. പാരമ്പര്യമനുസരിച്ച് നടുവില്‍ കാണുന്ന പാറയിലാണ് മോശയും ജനനേതാക്കളും ദൈവത്തെ ധ്യാനിച്ചു കഴിഞ്ഞിരുന്നത് (പുറ. 24:1-2; 9-11). ആഹാസ് രാജാവിനെ ഭയന്ന് ഓടിരക്ഷപ്പെട്ട ഏലിയാ ഇവിടെയാണത്രേ അഭയം തേടിയത്. ഒരു കുളിര്‍ത്തെന്നലില്‍ ഏലിയായ്ക്ക് ദൈവത്തിന്റെ ദര്‍ശനമുണ്ടായത് ഇവിടെയാണ് (1 രാജാ. 19:8-13). ഏലിയായുടെ ഗുഹ എന്നാണ് ഈ ഭാഗത്തെ വിളിക്കുന്നത്.
മലമുകളിലേക്ക് ഇവിടെനിന്ന് 700 പടികള്‍കൂടി കയറണം. ആ കല്‍പ്പടവുകള്‍ കാറ്റിന്റെ ശക്തിമൂലം തേഞ്ഞുപോയിരിക്കുന്നതുകൊണ്ട് കയറ്റം കൂടുതല്‍ പ്രയാസമാണ്. മലമുകള്‍ ഒരു പ്ലാറ്റുഫോംപോലെയാണ്. ഇവിടെ സമുദ്രനിരപ്പില്‍നിന്ന് 2244 മീറ്റര്‍ ഉയരമുണ്ട്. ഈ സ്ഥലത്തെ ജേബല്‍ മൂസാ-മോശയുടെ കൊടുമുടി - എന്നാണു വിളിക്കുന്നത്. ഇവിടെ സെന്റ് കാതറൈനിലെ സന്ന്യാസികള്‍ നാലാം നൂറ്റാണ്ടില്‍ ഒരു ചാപ്പലുണ്ടാക്കി. ഇപ്പോഴും ഇവിടെ കല്ലുകൊണ്ടു കെട്ടിയ ഒരു ചാപ്പലുണ്ട്. ചുറ്റും നിറയെ പര്‍വ്വതനിരകളാണ്. തീര്‍ത്ഥാടകര്‍ ഇവിടെ നിന്നു സൂര്യോദയം ദര്‍ശിക്കുന്ന പതിവുണ്ട്. ലോകത്ത് മറ്റൊരു സ്ഥലത്തും കിട്ടാത്തതുപോലെയുള്ള മനോഹരമായ കാഴ്ചയാണത് എന്നാണ് തീര്‍ത്ഥാടകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സഭാപിതാവായ ഒരിജന്‍ ഒരിക്കല്‍ പറഞ്ഞത് വളരെ അര്‍ത്ഥവത്തായിത്തോന്നും: 'മരുഭൂമിയില്‍ വായു കൂടുതല്‍ ശുദ്ധമാണ്, ആകാശം കൂടുതല്‍ അടുത്തും ദൈവം ഏറ്റവും സമീപത്തുമാണ്.''
ഈ ഗിരിശൃംഗത്തിന്റെ കിഴക്കേച്ചെരുവില്‍ ഒരു ഗുഹയുണ്ട്. മോശയുടെ ഗുഹ എന്നാണ് അറിയപ്പെടുന്നത്. അവിടെയാണത്രേ മോശ ദൈവത്തെ ധ്യാനിച്ച് നാല്പതുദിനരാത്രങ്ങള്‍ കഴിഞ്ഞുകൂടിയത്. ദൈവത്തിന്റെ മുഖം കാണാന്‍ മോശ ആഗ്രഹിച്ചെങ്കിലും ദൈവത്തിന്റെ മഹത്ത്വം കാണാന്‍ മാത്രമാണ് മോശയ്ക്കു സാധിച്ചത് (പുറ 33:19-23). ദൈവം മോശയോടു പറഞ്ഞു: ''എന്നെക്കാണുന്ന ഒരു മനുഷ്യനും ജീവനോടെ ഇരിക്കുകയില്ല... എന്റെ മഹത്ത്വം കടന്നുപോകുമ്പോള്‍ നിന്നെ ഒരു പാറയുടെ ഇടുക്കില്‍ ഞാന്‍ നിര്‍ത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ എന്റെ കൈകൊണ്ട് നിന്നെ മറയ്ക്കും. അതിനുശേഷം ഞാന്‍ കൈ മാറ്റും. അപ്പോള്‍ നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്നാല്‍, എന്റെ മുഖം നീ കാണുകയില്ല'' (പുറ 33:22-23). കര്‍ത്താവ് മേഘത്തില്‍ ഇറങ്ങിവന്ന് മോശയുടെ അടുക്കല്‍ നില്ക്കുകയും 'കര്‍ത്താവ് എന്നാണ് എന്റെ നാമം' പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് ഇപ്രകാരം ഉദ്‌ഘോഷിച്ചുകൊണ്ട് അവന്റെ മുമ്പിലൂടെ കടന്നുപോയി: ''കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍, തെറ്റുകളുംകുറ്റങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍'' (പുറ 34:6-7). ഉദാത്തമായ ദൈവികവെളിപാടുകളുടെ സ്ഥലമാണ് ഈ മലമുകള്‍ എന്നോര്‍ക്കുമ്പോള്‍ തീര്‍ത്ഥാടകന്റെ ഹൃദയം ദൈവസ്‌നേഹംകൊണ്ടു നിറയും.
സീനാമലമുകളിലെ ദൈവാനുഭവം മോശയില്‍ വരുത്തിയ മാറ്റത്തെപ്പറ്റി ബൈബിള്‍ നമുക്കു പറഞ്ഞുതരുന്നുണ്ട്. മലയില്‍നിന്നു താഴെയിറങ്ങിവന്ന മോശയ്ക്ക് തന്റെ മുഖത്തുനിന്ന് ഒരു പ്രകാശം പ്രസരിക്കുന്നു എന്നു മനസ്സിലായില്ല. അതു മനസ്സിലാക്കിയപ്പോള്‍മുതല്‍ മോശ തന്റെ മുഖത്തിനു മുമ്പില്‍ ഒരു തിരശ്ശീലയിട്ടു. മോശയുടെ മുഖത്തെ പ്രകാശം ദൈവവമഹത്ത്വത്തിന്റെ ഒരു പ്രതിഫലനമായിരുന്നു. ഹീബ്രുഭാഷയില്‍ പ്രകാശരശ്മിക്കുപയോഗിക്കുന്ന വാക്കിന് 'കൊമ്പ്' എന്നര്‍ത്ഥമുണ്ട്. അതുകൊണ്ടാണ് മൈക്കലാഞ്ചലോയുടെ ഒരു ശില്പം മാര്‍ബിളില്‍ കൊത്തിയുണ്ടാക്കിയപ്പോള്‍ തലയില്‍ രണ്ടു കൊമ്പുകള്‍ വച്ചത്.
പിറ്റേദിവസം തീര്‍ത്ഥാടകസംഘത്തിലുള്ളവര്‍ അന്നത്തെ സന്ദര്‍ശനപരിപാടികള്‍ക്കു തയ്യാറെടുക്കവേ മലമുകളിലേക്കു പോയവര്‍ തിരിച്ചുവന്നുതുടങ്ങി. മലകയറാന്‍ പോയവരില്‍ രണ്ടുപേര്‍ തിരിച്ചുവന്നിട്ടില്ല എന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനായി. ഇപ്പോള്‍ തിരിച്ചെത്തും എന്ന പ്രതീക്ഷയില്‍ എല്ലാവരും പ്രഭാതഭക്ഷണം കഴിച്ച് സെന്റ് കാതറൈന്‍ മൊണാസ്ട്രി കാണാനായി പുറപ്പെട്ടു. സമയം ഒന്‍പതുമണിയാകുന്നു. അപ്പോഴേക്കും കൂട്ടംവിട്ടുപോയ സുഹൃത്തുക്കള്‍ രണ്ടുപേരും ക്ഷീണിതരും വിവശരുമായി മലയിറങ്ങിവന്നു. തിരിച്ചുള്ള യാത്രയ്ക്കിടയില്‍ വഴിതെറ്റി കുറേദൂരം സഞ്ചരിച്ചു. ചില പ്രദേശവാസികളുടെ സഹായത്തോടെ തിരിച്ചിറങ്ങിവരുകയായിരുന്നു. മരുഭൂമിയിലെ കനത്ത ചൂട് താങ്ങാന്‍ കഴിയാതെ അപകടത്തില്‍പ്പെടാനുള്ള സാധ്യത ദൈവാനുഗ്രഹംകൊണ്ട് ഇല്ലാതായി. എല്ലാവരും ദൈവത്തിനു നന്ദിപറഞ്ഞ് കാതറൈന്‍ മൊണാസ്ട്രിയിലേക്കു നടന്നു. 


(തുടരും)

Login log record inserted successfully!