•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

ചരിത്രവസ്തുതകള്‍ തമസ്‌കരിക്കരുത്

ജൂണ്‍ 29ലെ പതിവുവാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനനായകരില്‍ ഒരാളായ കുമാരഗുരുദേവനെ അനുസ്മരിക്കുകയുണ്ടായി. പ്രത്യക്ഷരക്ഷാദൈവസഭ എന്ന ക്രൈസ്തവസമൂഹത്തിന്റെ സ്ഥാപകനായ കുമാരഗുരുദേവന്‍ (1879-1939) പറയ സമുദായത്തില്‍നിന്നുയര്‍ന്നുവന്ന ഒരു സാമൂഹികപരിഷ്‌കര്‍ത്താവും മതനേതാവുമാണ്. ഇരവിപേരൂര്‍ സ്വദേശിയായ അദ്ദേഹം പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. 1939 ജൂണ്‍ 29 ന് അദ്ദേഹം സമാധിയടഞ്ഞു.
ഈ അനുസ്മരണം, വളരെ ശ്രദ്ധേയമായ ഒരു ചരിത്രവസ്തുതയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. കേരളനവോത്ഥാനം, വിവിധ സമുദായതലങ്ങളില്‍, അതതുസമുദായത്തില്‍നിന്നുയര്‍ന്നുവന്ന മഹാപുരുഷന്മാരുടെ നേതൃത്വത്തിലുണ്ടായ സാമൂഹികവും സാമുദായികവുമായ ഉണര്‍വ്വിന്റെ ആകത്തുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കേരളത്തിലാരംഭിച്ച വിദ്യാഭ്യാസവിപ്ലവത്തിന്റെ അനന്തരഫലംകൂടിയാണിത്.
മാര്‍ത്തോമ്മാസഭാസ്ഥാപകനായ പാലക്കുന്നത്ത് അബ്രാഹം മല്പാനിലാണ് (1796-1845) ഇതിന്റെ തുടക്കം. കത്തോലിക്കാസമൂഹത്തില്‍ ചാവറയച്ചന്‍ (1805-1871), തെക്കന്‍തിരുവിതാംകൂറിലെ നാടാര്‍ സമുദായത്തില്‍ വൈകുണ്ഠസ്വാമികള്‍ (1809-1851), നായര്‍ സമുദായത്തില്‍ ചട്ടമ്പിസ്വാമികള്‍ (1853-1924), ഈഴവസമൂഹത്തില്‍ ശ്രീനാരായണഗുരു (1856-1928), പുലയസമൂഹത്തില്‍ അയ്യങ്കാളി (1863-1941), മുസ്ലീംകള്‍ക്കിടയില്‍ വക്കം അബ്ദുള്‍ഖാദര്‍ മൗലവി (1873-1932), നായര്‍വിഭാഗത്തില്‍ വീണ്ടും മന്നത്തു പത്മനാഭന്‍ (1878-1970), നമ്പൂതിരിമാര്‍ക്കിടയില്‍ വി.ടി. ഭട്ടതിരിപ്പാട് (1896-1982) തുടങ്ങിയ മഹാപുരുഷന്മാര്‍ നവോത്ഥാനാത്മകമായ ഉണര്‍വ്വിനു നേതൃത്വം നല്കി.
ആധുനികവിദ്യാഭ്യാസം നേടി പ്രബുദ്ധരാവാനും ആധ്യാത്മികമായ ഉണര്‍വ്വിലൂടെ നല്ല മനുഷ്യരാകാനുമാണ് ഈ മഹാപുരുഷന്മാര്‍ സ്വസമുദായങ്ങളെ ഉപദേശിച്ചത്. ഈ പ്രബുദ്ധതയും നന്മയും അഭേദ്യമാംവിധം ഇഴചേര്‍ന്നപ്പോളാണ് നവോത്ഥാനസംഭാവന എന്നു വിശേഷിപ്പിക്കാവുന്ന കേരളത്തിലെ പരിഷ്‌കൃതസമൂഹം രൂപംകൊണ്ടത്. അതുകൊണ്ടാണ് സാമൂഹികപുരോഗതിയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറിയതും.
ഇന്ത്യയിലും കേരളത്തിലുമുണ്ടായ നവോത്ഥാനം ആഗോളനവോത്ഥാനത്തിന്റെ ഭാഗമായിട്ടാണു വിലയിരുത്തപ്പെടേണ്ടത്. ലോകചരിത്രത്തിലെ പ്രഖ്യാതമായ നവോത്ഥാനത്തിന്റെ തുടക്കം പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇറ്റലിയിലെ ഒരു സ്വതന്ത്രറിപ്പബ്ലിക്കായിരുന്ന ഫ്‌ളോറന്‍സിലാണ്. അതാവട്ടെ, നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസസമ്പ്രദായത്തിന്റെ വിപ്ലവകരമായ പൊളിച്ചെഴുത്തിലൂടെയാണ് ആരംഭിച്ചതും. വ്യക്തിമഹത്ത്വമുള്ള സമഗ്രമനുഷ്യന്റെ രൂപവത്കരണത്തിനു വിദ്യാഭ്യാസം പ്രയോജനപ്പെടണം എന്നതായിരുന്നു പുതിയ കാഴ്ചപ്പാട്. ഇവിടെനിന്നാണ് ആധുനികവിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്.
ഏതാണ്ടിതിനു സമാനമായ ഒരു സാഹചര്യത്തില്‍നിന്നാണ് കേരളനവോത്ഥാനത്തിന്റെ സമാരംഭവും. 1806ല്‍ തെക്കന്‍തിരുവിതാംകൂറിലെത്തിയ ലണ്ടന്‍ മിഷനറി സൊസൈറ്റിയംഗം വില്യം തോബിയാസ് റിംഗിള്‍ ടോബ് എന്ന പ്രോട്ടസ്റ്റന്റുമിഷനറി നാഗര്‍കോവിലിനു സമീപം മൈലാടിയില്‍, സുഹൃത്ത് വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്താരംഭിച്ച വിദ്യാലയമാണ് കേരളത്തില്‍ ആധുനികവിദ്യാഭ്യാസത്തിന്റെ ആദ്യസംരംഭമായി വിലയിരുത്തപ്പെടുന്നത്. അതൊരു പൊതുവിദ്യാലയമായിരുന്നു. ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗം കുട്ടികള്‍ക്കും ഒന്നിച്ചിരുന്നു പഠിക്കാന്‍ കേരളത്തില്‍ ഒരുങ്ങിയ ആദ്യപാഠശാല. അതുവരെ ഗുരുകുലങ്ങളിലും ആശാന്‍കളരികളിലും സവര്‍ണസമൂഹത്തിനു മാത്രമാണല്ലോ വിദ്യാഭ്യാസസൗകര്യം ലഭിച്ചിരുന്നത്.
മിഷനറിമാര്‍ അക്ഷരത്തോടൊപ്പം പരിഷ്‌കൃതജീവിതത്തിനുവേണ്ട പരിശീലനംകൂടി നല്കാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണു ശ്രദ്ധേയമായ മറ്റൊരു വസ്തുത. അതു ശുചിത്വബോധത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും പ്രാഥമികപാഠങ്ങളായിരുന്നു. പല്ലു തേക്കണം, കുളിക്കണം, വസ്ത്രം ധരിക്കണം, മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കി വൃത്തിയാക്കി ധരിക്കണം, ഭക്ഷണത്തിനു മുമ്പും പിമ്പും കൈയും വായും കഴുകണം, രോഗം വരുമ്പോള്‍ ചികിത്സിക്കണം, മലമൂത്രവിസര്‍ജ്ജനത്തിനു പ്രത്യേകസൗകര്യമുണ്ടാക്കണം എന്നിങ്ങനെ. അത്തരം കാര്യങ്ങളിലൊക്കെ അലസതയും അശ്രദ്ധയും പുലര്‍ത്തിയിരുന്ന കീഴാളവിഭാഗങ്ങളെയാണ് മിഷനറിമാര്‍ ഇത്തരത്തില്‍ ഉണര്‍ത്തിയെടുക്കാന്‍ ശ്രമിച്ചത്.
ഇതോടൊപ്പം ജനതയുടെ ആധ്യാത്മികനവോത്ഥാനത്തിലും മിഷനറിമാര്‍ ജാഗ്രത പുലര്‍ത്തി. അതാണ് പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടം എന്ന ആശയത്തിന്റെ പശ്ചാത്തലം. റിംഗിള്‍ ടോബു മൈലാടിയില്‍ തുടങ്ങാന്‍ ആഗ്രഹിച്ചത് പള്ളിക്കൂടം മാത്രമല്ല പള്ളിയുംകൂടിയായിരുന്നു. പുതിയ പള്ളി സ്ഥാപിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുവാദം വേണമായിരുന്നു. അന്ന് തിരുവിതാംകൂര്‍ ദിവാന്‍ വേലുത്തമ്പിയാണ്. അദ്ദേഹത്തെ നേരില്‍ക്കണ്ട് റിംഗിള്‍ ടോബ് അനുവാദം ചോദിച്ചെങ്കിലും നടന്നില്ല. 'ഇവിടെ ഇപ്പോള്‍ത്തന്നെ ആവശ്യത്തിലധികം മതങ്ങളുണ്ട്. ഇനി പുതിയൊരു മതംകൂടി ആവശ്യമില്ല' എന്നായിരുന്നത്രേ വേലുത്തമ്പിയുടെ നിലപാട്. 1809 ല്‍ വേലുത്തമ്പി ആത്മഹത്യ ചെയ്തതിനുശേഷമേ മൈലാടിയില്‍ പള്ളി പണിയാന്‍ അനുവാദം ലഭിച്ചുള്ളൂ.
പള്ളിയോടു ചേര്‍ന്ന് പള്ളിക്കൂടം എന്നത് ആഗോളകത്തോലിക്കാസഭയുടെ ഒരു കാഴ്ചപ്പാടാണ്. നവോത്ഥാനചരിത്രത്തിന് ഇങ്ങനെയൊരു പശ്ചാത്തലംകൂടിയുണ്ട് എന്ന വസ്തുത പലരും വിസ്മരിച്ചുകളയുന്നു. ഇതിന്റെ തുടക്കം ഒമ്പതാം നൂറ്റാണ്ടിലാണ്. എന്നുകരുതി, അന്നേ നവോത്ഥാനം ആരംഭിച്ചുവെന്നു വാദിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. 826 ല്‍ പോപ്പ് എവുജേനിയൂസ് രണ്ടാമന്‍ വിളിച്ചുചേര്‍ത്ത റോമന്‍ സിനഡില്‍ ഒരു തീരുമാനമുണ്ടായി. കത്തീഡ്രലുകള്‍, ഇടവകദൈവാലയങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയോടു ചേര്‍ന്നു മാത്രമല്ല, ആവശ്യമുള്ള ഇടങ്ങളിലൊക്കെ സ്‌കൂളുകള്‍ ആരംഭിക്കണമെന്ന്. അവിടെനിന്നാണ് യൂറോപ്പിലെ സാര്‍വ്വത്രികവിദ്യാഭ്യാസപരിപാടിയുടെ തുടക്കം.
ഈ ആശയം ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത് പ്രോട്ടസ്റ്റന്റു മിഷനറിമാരാണ്. യൂറോപ്പിലെ നവോത്ഥാനത്തിന്റെ പശ്ചാത്തലചരിത്രം അവര്‍ക്കു പരിചിതമായിരുന്നല്ലോ. റിംഗിള്‍ ടോബിന്റെ പിന്‍ഗാമി ചാള്‍സ് മീഡ് തെക്കന്‍തിരുവിതാംകൂറിലെ മിഷന്‍ കേന്ദ്രങ്ങളിലെല്ലാം സ്‌കൂളുകള്‍കൂടി ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്കിയതായി കാണുന്നുണ്ട്.
മാര്‍ത്തോമ്മാ സഭാസ്ഥാപകന്‍ അബ്രാഹം മല്പാന്‍ ഇടവകകള്‍ തോറും ഇംഗ്ലീഷ് സ്‌കൂളുകള്‍ ആരംഭിക്കണമെന്ന് അനുയായികളോട് ഉപദേശിച്ചിരുന്നു. 1856 ല്‍ വരാപ്പുഴ മെത്രാന്‍ ബര്‍ണര്‍ദീന്‍ ബാച്ചിനെല്ലി ദൈവാലയങ്ങളോടു ചേര്‍ന്നു സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ലത്തീന്‍ സഭാവിഭാഗത്തിലെ ചരിത്രപണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. 1865ലെ പ്രശസ്തമായ സര്‍ക്കുലറിലൂടെ, എല്ലാ പള്ളികളോടുംചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ആരംഭിക്കണമെന്നു ചാവറയച്ചനും കല്പന നല്കിയിരുന്നുവല്ലോ.
ഇന്ന് കേരളത്തിലെ എല്ലാ ക്രൈസ്തവവിഭാഗങ്ങളും അവരവരുടെ ദൈവാലയങ്ങളോടു ചേര്‍ന്നു വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തിവരുന്നുണ്ട്. കേരളവിദ്യാഭ്യാസമേഖലയിലെ ആദ്യകാലപ്രണേതാക്കള്‍ ക്രൈസ്തവസമൂഹങ്ങളാണ്. അവരുടെ എല്ലാ സ്ഥാപനങ്ങളും എല്ലാ വിഭാഗം ജനങ്ങള്‍ക്കുംവേണ്ടിയായിരുന്നു. ജാതിമതവര്‍ണവര്‍ഗ്ഗഭേദങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും അവിടങ്ങളില്‍ ഉണ്ടായിരുന്നില്ല.
കുമാരഗുരുദേവന്‍ ഉള്‍പ്പെടെയുള്ള നവോത്ഥാനനായകര്‍ ഈ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഗുണഭോക്താക്കളാണ്. വിദ്യാഭ്യാസം ചെയ്യുന്നത് ആന്തരികനേത്രങ്ങള്‍ക്കു കാഴ്ചശക്തി നല്കലാണ്. ഇതു സംഭവിക്കാതെ ഒരു വ്യക്തിക്കും വളരാനാവില്ല. ഈ വളര്‍ച്ച കേരളത്തിനു നല്കാന്‍ കഴിഞ്ഞു എന്നതാണ് കേരളത്തിലെ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചാരിതാര്‍ത്ഥ്യം.
ഇതൊന്നും വസ്തുനിഷ്ഠമായും സഹിഷ്ണുതയോടെയും മനസ്സിലാക്കാന്‍ തയ്യാറല്ലാത്തവരാണ് കേരളനവോത്ഥാനത്തിന്റെ കുത്തക ചിലര്‍ക്കു മാത്രമായി സംവരണം ചെയ്യുന്നത്. അങ്ങനെയല്ല, വിഭിന്നസമുദായങ്ങള്‍, അതതു സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ചരിത്രപുരുഷന്മാരിലൂടെ കൈവരിച്ച സമഗ്രവികസനത്തിന്റെ ആകത്തുകയാണ് കേരളനവോത്ഥാനം. അത് ഒറ്റപ്പെട്ട പ്രക്രിയയല്ല സംയുക്തസംരംഭമാണ്.
അവകാശവാദങ്ങള്‍ ഉന്നയിക്കുകയല്ല, ചരിത്രവസ്തുതകള്‍ തമസ്‌കരിക്കരുത് എന്നു സൂചിപ്പിക്കുകമാത്രമാണ്.

 

Login log record inserted successfully!