•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

പ്രത്യാശയുള്ള പാപബോധം

ജൂണ്‍ 27  ശ്ലീഹാക്കാലം   ആറാം ഞായര്‍
നിയ.4:1-8   ഏശ.2:1-5
1കോറി. 10:23-31 ലൂക്കാ.12:57-13:5


''ഭാവമാറ്റം'' ഉണ്ടാക്കുന്ന പാപം! 
പ്രകൃതിയുടെ ''ഭാവഭേദം'' വ്യാഖ്യാനിക്കാന്‍ കഴിവുള്ള നിങ്ങള്‍ നിങ്ങളുടെ സ്വഭാവത്തില്‍ ഉരുണ്ടുകൂടുന്ന ''ഭാവമാറ്റ''ങ്ങളെ എന്തേ കാണുന്നില്ല? (ലൂക്കാ. 12:56). കാലത്തിന്റെ ''കാലൊച്ച''കളെ എന്തേ കേള്‍ക്കുന്നില്ല? (അപ്പ. 5:9). ''ചുവരെഴുത്തുകള്‍'' എന്തേ വായിക്കുന്നില്ല? (ദാനി. 5:5).
സ്വഭാവഗുണങ്ങളില്‍ വരുന്ന ഭാവമാറ്റങ്ങളെ  നിരീക്ഷിക്കാനും നന്മയുടെ സ്ഥായീഭാവത്തിലേക്കു തിരിച്ചുവരാനും തിരുവചനം ഓര്‍മപ്പെടുത്തുന്നു. അവിശ്വസ്തനായ കാര്യസ്ഥന്‍ ജീവിതം 'തിരുത്തിയെഴുതി'  യജമാനന്റെ പ്രീതിക്കു പാത്രമായതുപോലെ (ലൂക്കാ. 16) 'നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍' (അപ്പ. 3:19).
വഴിയില്‍വച്ചുതന്നെ രമ്യതപ്പെടുക
ലക്ഷ്യപ്രയാണത്തിന്റെ വഴിത്താരയില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ് 'രമ്യത'യെന്ന് രമ്യതയുടെ നാഥന്‍ അത്ര സൗമ്യമല്ലാതെ ഓര്‍മിപ്പിക്കുന്നു. ബലിയര്‍പ്പിക്കുവാനായി ബലിപീഠത്തിലേക്ക് ഓടുമ്പോഴും ബലിവസ്തു വഴിയില്‍വച്ച് അവിടുന്ന്  രമ്യത ആവശ്യപ്പെടുന്നു.
യാത്രികനായ യേശുവിനെയാണ് ലൂക്കാസുവിശേഷകന്‍ ചിത്രീകരിക്കുന്നത്. യേശു നിരന്തരം യാത്രയിലാണ്. ഇരുന്നുകാണുന്നത് (ലൂക്കാസുവിശേഷത്തില്‍) എമ്മാവൂസ് യാത്രക്കാരുടെ ക്ഷണം കിട്ടിയപ്പോള്‍മാത്രമാണ്.  അവരുടെ കണ്ണു തുറപ്പിക്കുന്ന ഒരു ബോധ്യം, ദിവ്യകാരുണ്യത്തിലുള്ള യേശുസാന്നിധ്യം കൊടുക്കാനുള്ള ഇരിപ്പ്. 'ഞാനാണ് വഴി' (യോഹ. 14:6) എന്നു പറഞ്ഞ തീര്‍ത്ഥാടകന്റെ വഴിത്താര ജീവിതപന്ഥാവാക്കേണ്ടവരാണ് ക്രൈസ്തവര്‍. ആയതിനാല്‍, ക്രൈസ്തവര്‍ സഞ്ചാരികളാണ്, ആവണം.
ചില തിരുവചനങ്ങള്‍ ശ്രദ്ധിക്കാം: ''അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു'' (1 യോഹ. 2:6). ''എന്റെ കാലടികള്‍ അങ്ങയുടെ പാതയില്‍ത്തന്നെ പതിഞ്ഞു. എന്റെ പാദങ്ങള്‍ വഴുതിയില്ല'' (സങ്കീ. 17:5). ''എന്റെ പാദങ്ങള്‍ അവിടുത്തെ കാല്പാടുകളില്‍ ഞാന്‍ ഉറപ്പിച്ചു; ഞാന്‍ അവിടുത്തെ പാത പിന്തുടര്‍ന്നു. ഒരിക്കലും വ്യതിചലിച്ചില്ല. അവിടുത്തെ കല്പനകളില്‍നിന്നു ഞാന്‍ വ്യതിചലിച്ചില്ല'' (ജോബ് 23:11-12).
ക്രൈസ്തവജീവിതം നിരന്തരമായ ഒരു യാത്രയാണെന്നും നാം യാത്രികരാണെന്നും ക്രിസ്ത്യാനികള്‍ ക്രിസ്തു നടന്ന, ക്രിസ്തു കാട്ടിത്തന്ന മാര്‍ഗത്തിലൂടെ നടക്കേണ്ടവരാണെന്നും  നടപടിപ്പുസ്തകം ഓര്‍മിപ്പിക്കുന്നു. 'മാര്‍ഗ'വാസികളായാണ് ആദിമക്രൈസ്തവര്‍ തങ്ങളെത്തന്നെ കണ്ടിരുന്നതും അവരെ മറ്റുള്ളവര്‍ മനസ്സിലാക്കിയിരുന്നതും. ലൂക്കാസുവിശേഷകന്‍ നടപടിപ്പുസ്തകത്തില്‍ 'ക്രിസ്തുമാര്‍ഗ'ത്തിന്  ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു: 'ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാര്‍' (അപ്പ. 9:2), 'അവര്‍ 'രക്ഷയുടെ മാര്‍ഗം' പ്രഘോഷിക്കുന്നു' (അപ്പ. 16:17), 'ക്രിസ്തുമാര്‍ഗം' (അപ്പ. 19:9), 'ഈ മാര്‍ഗത്തെ നാമാവശേഷമാക്കുന്നു' (അപ്പ. 22:4), ''അവര്‍ ഒരു മതവിഭാഗം എന്നു വിളിക്കപ്പെടുന്ന 'മാര്‍ഗ' മനുസരിച്ച്...'' (അപ്പ. 24:14), 'മാര്‍ഗത്തെക്കുറിച്ചു കൂടുതല്‍ നന്നായി അറിയാമായിരുന്ന'... (അപ്പ. 24:22).
ക്രിസ്തുവിനെ ജീവിതത്തിന്റെ മാര്‍ഗരേഖയാക്കിയവരായിരുന്നു ആദിമക്രൈസ്തവര്‍. ക്രിസ്തുവിനെ വിറ്റഴിക്കാനുള്ള ഒരു ഉത്പന്നമോ കാശുണ്ടാക്കാനുള്ള ഒരു മാര്‍ഗമോ ആയി കണ്ടവരല്ല അവര്‍. വഴിയിലെ (മാര്‍ഗത്തിലെ) തടസ്സങ്ങള്‍ (മാര്‍ഗതടസ്സം) വഴിയില്‍വച്ചുതന്നെ പരിഹരിക്കാന്‍  വഴിയും യാത്രികനുമായ യേശു, പഥികരായ അനുയായികളെ ഓര്‍മപ്പെടുത്തുന്നു.
പശ്ചാത്താപം: ആത്മാനുതാപം
''കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഹൃദയംകൊണ്ട് പശ്ചാത്തപിക്കുന്നു'' (പ്രഭാ. 21:6). പാപിയെ തപിപ്പിക്കുന്ന ആത്മാനുതാപമാണ് പശ്ചാത്താപം. ഇരുമ്പു പഴുത്ത് രൂപഭേദം സംഭവിക്കുന്നു. പാപി തപിച്ച് 'ഭാവഭേദം' കൈവരിക്കുന്നു. കര്‍ത്താവ് ചോദിക്കുന്നു: ''കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ  വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്?'' (ലൂക്കാ 12:56). മാറ്റങ്ങള്‍ക്കും രൂപഭേദങ്ങള്‍ക്കും 'ഭാവഭേദ'ങ്ങള്‍ക്കും 'താപ'വും 'തപ' വും 'സാധന'കളും ചില  'സമാധി'കളും ആവശ്യമാണ്. പുഴുവിനെ പൂമ്പാറ്റയാക്കുന്നത് ഒരു സമാധിയുടെ താപമാണ്. പൂമൊട്ടിനെ പൂവാക്കുന്നത് ഒരു സമാധിയുടെ താപമാണ്. ദാസനെ കാളിദാസനാക്കിയത് കാളീക്ഷേത്രത്തിലെ സമാധിയുടെ താപമാണ്. രത്‌നാകരന്‍ എന്ന കൊള്ളക്കാരനെ വാല്മീകിയെന്ന  വലിയ കവിയാക്കിയത് ഒരു ധ്യാനസമാധിയുടെ താപമാണ്. സിദ്ധാര്‍ത്ഥനെന്ന രാജകുമാരനെ ശ്രീബുദ്ധനാക്കിയത് അരയാല്‍ച്ചുവട്ടിലെ നീണ്ട സമാധിയുടെ താപമാണ്.
തപിക്കുന്നത് 'വിരി'യാനാണ്. താപം മുട്ടയെ വിരിയിക്കുന്നു. താപം ഇല്ലെങ്കില്‍ മുട്ട ചീമുട്ടയാകും. ഒപ്പം, തപിക്കുന്നത് 'തിരി'യാനാണ്. 'അവര്‍ ,മറ്റൊരു വഴിയേ' യാത്ര ചെയ്തു. 'ഹെസക്കിയാ ചുമരിന്റെ നേരേ തിരിഞ്ഞ്' (ഏശ. 38:2) പ്രാര്‍ത്ഥിച്ചു. 'സ്വര്‍ഗത്തിലേക്കു നോക്കി' (തിരിഞ്ഞ്) ബുദ്ധി തിരിച്ചുകിട്ടിയ നബുക്കദ്‌നേസറുടെ കഥ ദാനിയേലിന്റെ പുസ്തകത്തിലുണ്ട് (ദാനി. 4:34). 'സൂര്യനു താഴേ', 'സൂര്യനു കീഴേ' എന്ന പദം പല പ്രാവശ്യം (26) 'സഭാപ്രസംഗ'കനില്‍ കടന്നുവരുന്നു. സൂര്യനു താഴെയുള്ളവയില്‍ നോക്കി നടക്കാതെ നീതിസൂര്യനായവനെ (മലാക്കി 4:2) നോക്കാന്‍, ഉടയവനിലേക്കു തിരിയാന്‍, സൂര്യനു മുകളിലുള്ളവനെ കാണാന്‍, ഇത്തരത്തിലുള്ളവനില്‍ ദൃഷ്ടി പതിപ്പിക്കാന്‍ സഭാപ്രസംഗകന്‍ പലവട്ടം ഓര്‍മിപ്പിക്കുന്നു.
'തിരിയുക' അഥവാ 'തിരിയുവിന്‍' എന്ന ചിന്ത പഴയനിയമത്തില്‍ ഉടനീളമുണ്ട്. പഴയനിയമത്തിലെ അവസാന പുസ്തകമായ മലാക്കിയുടെ അവസാന അധ്യായത്തിലെ അവസാനവചനംതന്നെ ഹൃദയം തിരിക്കാനുള്ള ആഹ്വാനമാണ്: ''ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും'' (മലാക്കി 4:6).
'വസ്ത്രം കീറല്‍' നിര്‍ത്തി 'ഹൃദയം കീറാന്‍' , ഹൃദയം തിരിക്കാന്‍ ജോയേല്‍ പ്രവാചകന്‍ ഒരു തിരുത്തല്‍ തരുന്നു (ജോയേല്‍ 2:13). 'ഹൃദയം കീറല്‍' അഥവാ ഹൃദയം തിരിക്കല്‍ ശരിയായ ആത്മാനുതാപമാണെന്ന് പ്രഭാഷകപുസ്തകം സാക്ഷിക്കുന്നു. ''കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഹൃദയംകൊണ്ട് പശ്ചാത്തപിക്കുന്നു'' (പ്രഭാ. 21:6).
പശ്ചാത്താപം: മനസ്സിന്റെ നവീകരണം
കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ശ്രദ്ധേയം:
''മനസ്സല്ലോ പരിസര-
മതു ശുദ്ധീകരിക്ക നാം.''
''മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍''(റോമ. 12:2). ''സഹോദരരേ, സന്തോഷിക്കുവിന്‍, നിങ്ങളെത്തന്നെ  നവീകരിക്കുവിന്‍'' (2 കൊറി. 13:11). ''നിന്റെ യൗവനം കഴുകന്റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി നിന്റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു'' (സങ്കീ. 103:5).
''വിശുദ്ധര്‍ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ'' (വെളി. 22:11). ''നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്'' (1 തെസ. 4:3). ''നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ, നിങ്ങളുടെയിടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും'' (ജ്വോഷ്വ 3:5).
അവസരം കളയാതെ അനുതപിക്കാം
''കോപിക്കുന്നോ, നിങ്ങള്‍ കോപിച്ചോളിന്‍, പിന്നെ
താപിക്കുവാനുമൊരുങ്ങിക്കോളിന്‍.''
(കുഞ്ഞുണ്ണി മാഷ്)
പശ്ചാത്താപത്തിന്റെ അഭാവം നാശത്തിന്റെ ഭാവമാണെന്നു മയമില്ലാതെ യേശു ഓര്‍മപ്പെടുത്തുന്നു. ''പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും'' (ലൂക്കാ 13:3).
ജീവിതം തിരുത്തിയെഴുതാന്‍, ഫലദായമാക്കാന്‍ 'എക്‌സ്ട്രാ ഈയേഴ്‌സ്', അതേ, അധികവര്‍ഷങ്ങള്‍ തരുന്ന വിധിയാളനായ അധിനാഥനോട് നമുക്കു നന്ദിയുള്ളവരായിരിക്കാം. കരുണയുടെ അനന്തമായ അതിരുകളെ ആദരിക്കാം.
ശിക്ഷകളും അദ്ഭുതങ്ങളും: അനുതാപത്തിനുള്ള ആഹ്വാനങ്ങള്‍
യേശുവിന്റെ അദ്ഭുതങ്ങളുടെ ഉദ്ദേശ്യംപോലും അനുതാപത്തിലേക്കുള്ള ആഹ്വാനങ്ങളായിരുന്നു. യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി. ''നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലുംനടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു... നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍ അത് ഇന്നും നിലനില്ക്കുമായിരുന്നു'' (മത്താ. 11:20-24).
പശ്ചാത്താപം: 
പ്രത്യാശയുള്ള പാപബോധം

പ്രത്യാശയുള്ള പാപബോധമാണ് അനുതാപം അഥവാ പശ്ചാത്താപം. പ്രത്യാശയുള്ള അനുതാപം മിഴികളില്‍ കണ്ണീര്‍ നിറയ്ക്കുന്നു. പ്രത്യാശയില്ലാത്ത ദുഃഖം, പ്രത്യാശയില്ലാത്ത പാപചിന്ത കുറ്റബോധവും ജീവഹാനിയും  വിളിച്ചുവരുത്തുന്നു. 'പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിക്കരുത്' എന്ന് പൗലോസ് ശ്ലീഹാ (1 തെസ. 4:13) പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ദുഃഖിക്കാം, പ്രത്യാശ നശിച്ചവരെപ്പോലെ ദുഃഖിക്കരുത്. കാരണം, 'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല' (റോമാ. 5:5).
സ്വന്തം കുറവുകളെക്കുറിച്ചുള്ള പൂര്‍ണമായ തിരിച്ചറിവും ഒപ്പം ആ കുറവുകളെ കഴുകിക്കളയുന്ന പിതാവായ ദൈവത്തിന്റെ അനന്തമായ കരുണയെക്കുറിച്ചുള്ള ഓര്‍മയും ഒരു വ്യക്തിയുടെ കണ്ണിലുതിര്‍ക്കുന്ന കണ്ണുനീരാണ് സത്യത്തില്‍ അനുതാപക്കണ്ണീര്‍.  ഈ കണ്ണീരിന്റെ വരം, ഇപ്രകാരം അനുതാപത്തോടെ 'കരയാനുള്ള വരം' ആഗ്രഹിക്കാം, കൊതിക്കാം, മിഴികള്‍ സജലങ്ങളാക്കി കരയാം.
കുറ്റബോധം: 
പ്രത്യാശയില്ലാത്ത ദുഃഖം

''പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിക്കരുതെന്നു ഞാന്‍  ആഗ്രഹിക്കുന്നു'' (1 തെസ. 4:13). കുറ്റബോധമല്ല,  അനുതാപമാണ് ദൈവം ആഗ്രഹിക്കുന്നത്. അനുതാപത്തിന്റെ അശ്രുകണങ്ങളാണ് ദൈവത്തിനു സ്വീകാര്യമായ സമ്മാനം.കുറ്റബോധത്തില്‍നിന്നും കുറ്റബോധം നിറയ്ക്കുന്ന പ്രഭാഷണങ്ങളില്‍നിന്നും അലര്‍ച്ചാധ്യാനങ്ങളില്‍നിന്നും അകന്നുനില്ക്കാം. ദൈവത്തിന്റെ കരുണയുടെ കനിവുള്ള മുഖം അറിയാത്തവരും മറന്നവരും മറച്ചുപിടിക്കുന്നവരും കുറ്റബോധം കുത്തിവയ്ക്കുന്ന പ്രഘോഷകരും കുറ്റബോധവ്യവസായത്തിന്റെ കുത്തകവ്യാപാരികളും ഉപാസകരുമാണ്. അകന്നുപോയ മകനെ വഴിക്കണ്ണുമായി കാത്തിരുന്ന പിതാവിനെ മറക്കാതിരിക്കാം. തിരികെ വന്ന മകനെ മാറോടണച്ച പിതാവിനെ ഓര്‍ക്കാം. പറയാനാഗ്രഹിച്ച പഴയ വഴികളുടെ പുരാണം പറയിപ്പിക്കാതെയും അതു കേള്‍ക്കാന്‍ ആഗ്രഹിക്കാതെയുമിരുന്നവനെ ധ്യാനിക്കാം. പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിന്റെ മുഖത്തിന് മൂടുപടമിടാതിരിക്കാം. ദൈവത്തിന്റെ സ്‌നേഹത്തിന്റെ മുഖത്ത് കരിവാരി എറിയാതിരിക്കാം, ചെളി വാരി പൂശാതിരിക്കാം. നല്ല ദൈവത്തിന്റെ മുഖം നല്ലതുപോലെ ധ്യാനിക്കാം, അവതരിപ്പിക്കാം.

 

Login log record inserted successfully!