•  22 May 2025
  •  ദീപം 58
  •  നാളം 11
കാര്‍ഷികം

കൊങ്ങിണിച്ചെടി

കൊങ്ങിണിച്ചെടിയുടെ ജന്മനാട് അമേരിക്കയാണ്. മലയാളിയുടെ ഉദ്യാനക്കാഴ്ചയിലെ നിത്യസാന്നിധ്യം. വര്‍ഷം മുഴുവന്‍ പൂ ചൂടി നില്ക്കുന്ന നിത്യപുഷ്പിണിത്. ഇംഗ്ലീഷില്‍ ലന്റാന എന്നാണു വിളിപ്പേര്. വൈവിധ്യമാര്‍ന്ന വര്‍ണഭേദങ്ങളോടെ പൂക്കള്‍ വിടര്‍ത്തുന്ന പല പുതിയ സങ്കരങ്ങളും നിലവിലുണ്ട്.
കൊങ്ങിണിച്ചെടിയില്‍ പൂവിരിയുമ്പോള്‍ ആദ്യം മഞ്ഞനിറമായിരിക്കും. ക്രമേണ ഓറഞ്ച് കലര്‍ന്ന ചുവപ്പായി മാറുന്നു. വെള്ള, മഞ്ഞ, ഓറഞ്ച് തുടങ്ങി വിവിധതരം പൂക്കള്‍ വിരിയുന്നവയുമുണ്ട്. നല്ല ജൈവവളമായും ജൈവകീടനാശിനിയായും കര്‍ഷകര്‍ ഇവ ഉപയോഗിച്ചുവരുന്നു.
സങ്കരയിനങ്ങള്‍ അധികവും 'ലന്റാന കമാറ' എന്ന വിഭാഗത്തിലാണു പെടുന്നത്. പുതിയ ഇനങ്ങളെ അവയുടെ രൂപം, നിറം, ഇലയുടെയും പൂവിന്റെയും വലിപ്പം തുടങ്ങിയവ അടിസ്ഥാനമാക്കി വേര്‍തിരിക്കുന്നു. 
~ഉരുണ്ട ചെറിയ കായ്കളാണ് കൊങ്ങിണിച്ചെടികളില്‍ ഉണ്ടാകുന്നത്. മഴക്കാലത്തോടനുബന്ധിച്ചുള്ള ആദ്യത്തെ രണ്ടുമാസങ്ങളിലാണ് കൊങ്ങിണിച്ചെടിയില്‍ ഏറ്റവും അധികം പൂക്കള്‍ വിരിയുന്നത്. കൊങ്ങിണിച്ചെടികള്‍ക്ക് അത്ര സുഖകരമല്ലാത്ത ഒരു ഗന്ധമുണ്ട്. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്നു. വിത്തുപാകിയും തണ്ട് (കമ്പ്) മുറിച്ചുവച്ചും വളര്‍ത്താം. പൂന്തോട്ടങ്ങളില്‍ അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ത്തു കൊടുത്താല്‍ കരുത്തോടെ വളരും. എത്ര കടുത്ത വരള്‍ച്ചയെയും അതിജീവിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 
വരമ്പുകളിലും മറ്റും വേലിപോലെ നടാനും ചരിഞ്ഞ സ്ഥലങ്ങളിലും മലമ്പ്രദേശങ്ങളിലും മറ്റും മണ്ണൊലിപ്പു നിയന്ത്രിക്കാനും കൊങ്ങിണിച്ചെടി നട്ടുവളര്‍ത്താറുണ്ട്. ഇതിന്റെ ഉണങ്ങിയ ഇലകളും അവശിഷ്ടങ്ങളും ചാണകവുമായി കലര്‍ത്തിയാല്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കുവാനും ഉത്തമം. 
ഫെസ്റ്റിവല്‍ എന്ന സങ്കരയിനമാണ് ഏറ്റവുമധികം ശ്രദ്ധനേടിയിട്ടുള്ളത്. ചുവപ്പും മഞ്ഞയും പിങ്കും പൂക്കള്‍ ഇടകലര്‍ന്നു വളരുന്ന ഈയിനം, പേര് സൂചിപ്പിക്കുന്നതുപോലെ നിറങ്ങളുടെ ഉത്സവമാണ്. സ്വര്‍ണമഞ്ഞനിറത്തില്‍ പൂക്കള്‍ വിടര്‍ത്തുന്ന ന്യൂഗോള്‍ഡാണ് മറ്റൊരു ശ്രദ്ധേയമായ ഇനം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)