•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

വാഞ്ഛ

വാഞ്ഛ എന്ന പദം ''വാഞ്ച'' എന്നും ''വാഞ്ച്ഛ'' എന്നും എഴുതിക്കാണുന്നു. രണ്ടും തെറ്റാണ്; വാഞ്ഛ ആണു ശരി. ''ഞ'' കാരത്തോട് ഖരമായ ''ച'' ചേരില്ല. അതിഖരമായ ''ഛ''ചേര്‍ക്കണം. വാ+ഞ്+ഛ = വാഞ്ഛ. ''വാഛി ഇച്ഛായാം'' എന്ന ധാതുവില്‍നിന്നാണ് വാഞ്ഛ രൂപപ്പെട്ടത്. 'വാഞ്ഛരാലിപ്‌സാ മനോരഥഃ'* എന്ന് അമരകോശം രേഖപ്പെടുത്തുന്നു. ലഭിപ്പാനുള്ള ആഗ്രഹം എന്നര്‍ത്ഥം. വാഞ്ഛിക്കപ്പെട്ടത് (ആഗ്രഹം) എന്നര്‍ത്ഥം കിട്ടാന്‍ വാഞ്ഛിതം എന്നു വേണം എഴുതാന്‍. ''വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം'' എന്നു നളചരിതം ആട്ടക്കഥയില്‍ ഉണ്ണായി വാര്യര്‍ ലിപിയിലും വിവക്ഷിതത്തിലും വാഞ്ഛിതം ശരിയായി പ്രയോഗിച്ചിട്ടുണ്ട്.
വാഞ്ഛ എന്ന പദത്തിനു മുമ്പില്‍ 'അഭി' എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത് അഭിവാഞ്ഛ എന്നും അഭിവാഞ്ഛിതം എന്നും രൂപങ്ങള്‍ സൃഷ്ടിക്കാം. അഭിവാഞ്ഛയ്ക്ക് (അഭി+വാഞ്ഛ) വലിയ ആഗ്രഹം എന്നും അഭിവാഞ്ഛിതത്തിന് ആഗ്രഹിക്കപ്പെട്ടത് എന്നും താത്പര്യങ്ങള്‍. 'പരമഭിവാഞ്ഛയെനിക്കുനിന്നിലല്ലോ' എന്നു ലീലാകാവ്യത്തില്‍ കുമാരനാശാന്‍ പ്രയോഗിച്ചിട്ടുണ്ടല്ലോ.
നേരേ, ഉള്ളിലേക്ക്, മീതേ, കൂടെ, എതിരേ, വലിയ തുടങ്ങിയ അര്‍ത്ഥങ്ങളില്‍, സംസ്‌കൃതത്തില്‍ ക്രിയകളുടെയും നാമങ്ങളുടെയും മുമ്പില്‍ ചേര്‍ക്കുന്ന ഉപസര്‍ഗ്ഗമാണ് 'അഭി എന്നത്. അഭിഗമിക്കുക (അടുത്തുചെല്ലുക) അഭിമാനിക്കുക (അഭിമാനം കൊള്ളുക) അഭിരമിക്കുക (സന്തോഷിക്കുക) അഭിവാഞ്ഛിക്കുക മുതലായവയില്‍ അഭി ക്രിയകളോടു ചേര്‍ക്കുന്നു. അഭിനവം, അഭിജനം(തറവാട്) അഭിമുഖം തുടങ്ങിയവയില്‍ അഭി നാമങ്ങളോടാണു ചേരുന്നത്.
ചിലപ്പോള്‍ നാമങ്ങളുടെ പിന്നിലും അഭി ചേര്‍ക്കാറുണ്ട്. ഉദാ. ഗൃഹമഭി (ഓരോ ഗൃഹവും) ജനമഭി (ഓരോ ജനവും) സ്മിത്വാ സ്മിത്വാ നിജാന്തര്‍ ഗൃഹമഭി വഴികാട്ടീടിനാല്‍'' ** എന്നു പുനംനമ്പൂതിരിയുടെ ഭാഷാരാമായണം ചമ്പുവില്‍ 'ഗൃഹമഭി' പ്രയോഗിച്ചിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷിലെ വേഴ്‌സസ് എന്ന പദത്തിന്റെ സ്ഥാനത്തും അഭി പ്രയോഗത്തിലുണ്ട്. 
ഉദാ. രാജന്‍ അഭി സര്‍ക്കാര്‍ എന്ന കേസ്. 
* പരമേശ്വരന്‍ മൂസ്സത്, ടി.സി., അമരകോശം (പാരമേശ്വരി), എന്‍.ബി.എസ്., കോട്ടയം, 2013, പുറം - 189
** പുനം, നമ്പൂതിരി, ഭാഷാരാമായണം ചമ്പു, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 1982, പുറം - 175

 

Login log record inserted successfully!