•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

വോട്ട്

ഇംഗ്ലീഷില്‍നിന്നു മലയാളത്തിലേക്കു കടന്നുവന്ന ഒരു വാക്കാണ് വോട്ട് (vote). സമ്മതി (അനുമതി; അംഗീകാരം) സമ്മതിദാനം, സമ്മതിപത്രം, പ്രകടിതാഭിപ്രായം എന്നെല്ലാമാണ് ആ വാക്കിന്റെ അര്‍ഥം. ജനാധിപത്യത്തിന്റെ മൗലികധര്‍മമാണ് ഒരു പൗരനെ/ പൗരിയെ സംബന്ധിച്ചിടത്തോളം വോട്ടവകാശം. പദവിക്കു യോജിച്ച ആളെ തിരഞ്ഞെടുക്കുന്നതിനായി ജനം വോട്ടിങ്ങില്‍ ഏര്‍പ്പെടുന്നു. ''ഓട്ടു ചെയ്യുക'' എന്ന അകര്‍മകക്രിയാരൂപത്തിന് സമ്മതിദാനം നല്‍കുക എന്നാണര്‍ഥം. വോട്ട് എന്ന പദം വാമൊഴിയില്‍ 'ഓട്ട്' എന്നാകാറുണ്ട്. ഉദാസീനതമൂലം സംഭവിക്കുന്ന വര്‍ണവികാരമാണത്. സംസാരഭാഷയില്‍, വോട്ടും; ഓട്ടും തമ്മിലുള്ള വ്യത്യാസം പ്രകടമാകണമെന്നില്ല. എന്നാല്‍, വോട്ട് എന്ന ശബ്ദംമാത്രമാണ് മാനകരൂപം.
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പുകാലത്തു പുറത്തിറക്കുന്ന പത്രികകളില്‍ 'വോട്ടുകള്‍ രേഖപ്പെടുത്തുക' എന്ന് എഴുതിക്കാണാറുണ്ട്. ഒറ്റക്കേള്‍വിയില്‍ പ്രയോഗത്തിനു കുഴപ്പമില്ല എന്നു തോന്നാം. ''വോട്ടുചെയ്യാന്‍ ആളുകള്‍ ഒന്നിച്ചു ചെന്നാലും വോട്ടു ചെയ്യുന്നത് ഒറ്റയ്‌ക്കൊറ്റയ്ക്കാണ്; അതേ, വിവരമുള്ള അവരാരും 'വോട്ടുകള്‍' ചെയ്യുന്നില്ല. അതൊക്കെക്കഴിഞ്ഞ് ജയപരാജയാദികാര്യങ്ങളിലും സാമാന്യവ്യവഹാരം വോട്ടിനോട് 'കള്‍' ചേര്‍ക്കാതെയാണ്. 'രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം; 'അങ്ങനെ ഒരഞ്ഞൂറ് വോട്ടു മറഞ്ഞു;' 'ആറായിരം വോട്ടിന് മുന്നിട്ടുനിന്നതാണല്ലോ.' അതേയതേ വോട്ടു മുന്നില്‍ നില്‍ക്കട്ടെ, 'വോട്ടുകള്‍' വേണ്ട. പ്രബുദ്ധമലയാളികള്‍ ശരിക്കുമാത്രം വോട്ടു രേഖപ്പെടുത്തും''*
വാല്‍ക്കഷണം
ഒരാള്‍ ഒരുസമയം ഒന്നിലേറെത്തവണ വോട്ടു ചെയ്താല്‍; ഒന്നുകില്‍ അത് അസാധു. അല്ലെങ്കില്‍, കള്ളവോട്ട്. പൗരാവകാശദുര്‍വിനിയോഗമായ കള്ളവോട്ട് കുറ്റകൃത്യമാകുന്നു.
* നാരായണന്‍, വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം - 108.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)