•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ശബ്ദതാരാവലി

ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ള(1864-1946) യുടെ ശബ്ദതാരാവലിയാണ് മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ഏകഭാഷാനിഘണ്ടു. ഇരുപത്താറോളം വര്‍ഷം ശ്രീകണ്‌ഠേശ്വരം നടത്തിയ പ്രയത്‌നത്തിന്റെ ഫലമത്രേ ശബ്ദതാരാവലി. 1923 ല്‍ ഒന്നാം പതിപ്പു പുറത്തിറങ്ങി. ആദ്യത്തെ മൂന്നു പതിപ്പുകള്‍ ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ പതിപ്പുകള്‍ മകനായ പി. ദാമോദരന്‍നായരുമാണ് പരിഷ്‌കരിച്ചത്. തുടര്‍ന്ന് സാഹിത്യപ്രവര്‍ത്തകസഹകരണസംഘവും; ഇപ്പോള്‍ ഡി.സി. ബുക്‌സും ശബ്ദതാരാവലി പരിഷ്‌കാരങ്ങളോടെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
ശബ്ദതാരാവലി എന്ന സമസ്തപദത്തെ ശബ്ദ + താര + ആവലി എന്നു പിരിച്ചെഴുതാം. ശബ്ദങ്ങളാകുന്ന നക്ഷത്രങ്ങളുടെ കൂട്ടം എന്നു ശബ്ദാര്‍ഥം. മലയാളികളുടെ മലയാളം എന്ന നിലയിലാണ് ശബ്ദതാരാവലിയുടെ ഖ്യാതി. ശബ്ദതാരാവലിയുടെ രണ്ടാംപതിപ്പിനെഴുതിയ മുഖവുരയില്‍ ഗ്രന്ഥകാരന്‍ കുറിക്കുന്നു: ''സുഖം എന്ന പദത്തിന്റെ അര്‍ഥം എന്റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നു വരികിലും പരമാര്‍ഥത്തില്‍ അത് എങ്ങനെയിരിക്കുമെന്ന് ഞാനിതുവരെ അറിഞ്ഞിട്ടുള്ളവനല്ല.''* സുഖം എങ്ങനെയിരിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയൊരു നിഘണ്ടു ഉണ്ടാകുമായിരുന്നില്ല എന്നാണല്ലോ ആ പ്രസ്താവത്തിന്റെ പൊരുള്‍. 
അന്നു ലഭ്യമായ എല്ലാ കൃതികളും പരിശോധിച്ചാണ് നിഘണ്ടു തയ്യാറാക്കിയിരിക്കുന്നതെന്ന് ആ ഗ്രന്ഥംതന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രാചീനകൃതികള്‍ മുതല്‍ സമകാലികരചനകള്‍ വരെയുള്ളവയില്‍നിന്നുള്ള ഉദ്ധരണികള്‍ ഗ്രന്ഥത്തിലുടനീളം കാണാം. ഒരു പുരാണനിഘണ്ടുവിന്റെയും ഔഷധനിഘണ്ടുവിന്റെയും ജ്യോതിഷനിഘണ്ടുവിന്റെയും ധര്‍മങ്ങള്‍ ശബ്ദതാരാവലി നിര്‍വഹിക്കുന്നുണ്ട്.
പദം, അര്‍ഥം, ശബ്ദസൂചന, പര്യായം, വിപരീതം, നിഷ്പത്തി, വിഭജനം തുടങ്ങി പല കാര്യങ്ങളും ഓരോ ലേഖകത്തിലും അടങ്ങിയിരിക്കുന്നു. പ്രൊഫ. എസ്. ഗുപ്തന്‍നായര്‍  ശബ്ദതാരാവലിയുടെ മേന്മ രേഖപ്പെടുത്തുന്നു: ''അസാമാന്യമായ പ്രയത്‌നത്തിന്റെയും അപ്രതിമമായ വിജ്ഞാനത്തിന്റെയും സന്താനമാണ് ശബ്ദതാരാവലി. ഏതു നിഘണ്ടുവിലും ചുരുക്കം ചില തെറ്റുകള്‍ കണ്ടേക്കും. അതിലപ്പുറമൊന്നും ശബ്ദതാരാവലിയിലില്ല... യഥാര്‍ഥത്തില്‍ ഭക്തിപൂര്‍വം പകുത്തു നോക്കേണ്ട മഹാഗ്രന്ഥമാണ് ശബ്ദതാരാവലി.''**
* പദ്മനാഭപിള്ള, ജി. ശ്രീകണ്‌ഠേശ്വരം, ശബ്ദതാരാവലി, എന്‍.ബി.എസ്, കോട്ടയം, 1986, പുറം - 9.
** ഗുപ്തന്‍നായര്‍, എസ്., പ്രൊഫ. വാഗര്‍ഥവിചാരം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2003, പുറം - 56,57. 

 

Login log record inserted successfully!