''ഞാന്‍ ഒരു കണ്ണോക്കിനു പോയതാണ്.'' ചില ദിക്കില്‍ ആളുകള്‍ ഇങ്ങനെ പറയാറുണ്ട്. മരിച്ച ആളിനെയും അയാളുടെ ബന്ധുക്കളെയും ചെന്നു കാണല്‍ എന്നാണ് ആ പദത്തിന്റെ സാമാന്യമായ അര്‍ഥം. ഇഴവ് എന്നാല്‍ മരണം. അത് അന്വേഷിക്കലാണ് കണ്ണോക്ക്. കണ്‍+നോക്ക്, സന്ധിയില്‍ കണ്ണോക്ക് എന്നായിത്തീരുന്നു. പൂര്‍വപദത്തിന്റെ വര്‍ഗത്തിലേക്ക് (ചിലപ്പോള്‍ അതേ വര്‍ണമാകാം.) ഉത്തരപദാദിയില്‍ വരുന്ന വ്യഞ്ജനം മാറാം. അപ്പോള്‍ കണ്‍+നോക്ക് ആദ്യം കണ്‍ + ണോക്ക് എന്നും പിന്നീട് കണ്ണോക്ക് എന്നുമാകുന്നു (First visit to a morning house).
കണ്ണോക്ക് എന്ന പദത്തിന്റെ രൂപഭേദമാണ് കണ്ണാക്ക് എന്ന് ശബ്ദതാരാവലിയും മലയാള മഹാനിഘണ്ടുവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ ശേഷക്കാരെ ദുഃഖമന്വേഷിച്ചു ചെന്നു കാണുക; മരണം അന്വേഷിച്ചു ചെല്ലുക എന്നിങ്ങനെ അര്‍ഥങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണാക്കിനെ രൂപഭേദം മാത്രമായി ഗണിക്കാതെ മറ്റൊരുവിധം നിഷ്പത്തി കണ്ടെത്താന്‍ പ്രൊഫ. ആദിനാട് ഗോപി ശ്രമിക്കുന്നു. ''മരിച്ചവരുടെ വീട്ടില്‍ ഉറ്റവര്‍ ചെന്നാല്‍ അനുശോചിക്കുന്നത് കരഞ്ഞും പറഞ്ഞും(കണ്‍ + നാക്ക്) വേണം എന്ന കുറെക്കൂടി വൈകാരികസത്ത ഈ കണ്ണാക്കിനുണ്ട്. ഇത്തരം വാചകങ്ങളുടെ മറ്റൊരു പ്രത്യേകത ഇവ സമൂഹത്തിന്റെ ഒരു പ്രത്യേക വിഭാഗം ആളുകള്‍ സംസാരിക്കുന്നു എന്നതും പല ജനസമുദായങ്ങളില്‍ ആശയവ്യത്യസ്തതയോടെ ഇവ ഉപയോഗിക്കുന്നു എന്നതുമാണ്''* അങ്ങനെയെങ്കില്‍ കണ്ണോക്കിന്റെ വികൃതരൂപമാണ് കണ്ണാക്ക് എന്നു കണക്കാക്കാതെ ഭേദാര്‍ഥങ്ങളെ സൃഷ്ടിക്കുന്ന രണ്ടുവാക്കുകളായി മനസ്സിലാക്കിയാല്‍ ആശയവ്യക്തതയ്ക്കു തിളക്കം കൂടും.
* ഗോപി, ആദിനാട്, പ്രൊഫ. മലയാളം (ശൈലിപ്രയോഗം, ലിപി) രചന ബുക്‌സ്, കൊല്ലം, 2009, പുറം-57.