തൃശൂര്‍ ബിഷപ്പായിരുന്ന ജോര്‍ജ് ആലപ്പാട്ടു തിരുമേനിയുടെ സ്വീകരണമുറിയില്‍ മുള്‍ക്കിരീടമണിഞ്ഞുനില്‍ക്കുന്ന യേശുവിന്റെ ഒരു അര്‍ദ്ധകായപ്രതിമ ഉണ്ടായിരുന്നതോര്‍ക്കുന്നു. അടുത്തുള്ള അനാഥാലയത്തിലെ ഒരു കലാകാരന്‍ കടഞ്ഞെടുത്തതാണ് അത്. മുള്‍ക്കിരീടം ചാര്‍ത്തപ്പെട്ടപ്പോള്‍ അസഹ്യമായ വേദനകൊണ്ട് യേശു ഞെളിഞ്ഞുപുളയുകയായിരുന്നോ? അതോ വേറെന്തെങ്കിലും ഭാവം പ്രകടിപ്പിക്കുകയായിരുന്നുവോ? കലാകാരന്റെ ഭാവനയില്‍ അങ്ങനെയൊന്നുമല്ല യേശു പ്രതികരിച്ചത്. അവിടുന്ന് ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിക്കുകയായിരുന്നു- മുഖത്തുകൂടി രക്തമൊഴുകിവീഴുമ്പോഴും മനുഷ്യരോടുള്ള സ്‌നേഹത്തെപ്രതി അപാരമായ വേദന ഏറ്റുവാങ്ങിനിന്ന വേളയിലും യേശുവിന് അനുഭവവേദ്യമായ ആനന്ദം കലാകാരന്‍ വരച്ചുകാണിക്കുകയായിരുന്നു. പ്രപഞ്ചസൃഷ്ടിയുടെ ചരിത്രത്തില്‍ ആദ്യമായി ആ ആനന്ദം കൈവരുന്നത് അവിടുത്തേക്കുതന്നെയാണ്.
പിന്നീട് അപ്പസ്‌തോലന്മാര്‍ക്കും അഭൗമികമായ ആ ആനന്ദം അനുഭവപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ച അപ്പസ്‌തോലന്മാരെ ന്യായാധിപസംഘം വിളിച്ചുവരുത്തി; പരസ്യമായി അടിച്ച് അപമാനിച്ചശേഷം പറഞ്ഞയച്ചു. അവരെപ്പറ്റി നാം വായിക്കുന്ന അടുത്ത വാചകമിതാണ്: ''അവരാകട്ടെ, യേശുവിന്റെ നാമത്തില്‍ അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ടു പുറത്തുപോയി'' (അപ്പ. പ്രവ. 5:41). എന്തൊരു സന്തോഷം - ആനന്ദത്തിന്റെ അത്യുന്നതി!
അവരെ അനുകരിച്ചവരെയും ചരിത്രത്തില്‍ അങ്ങിങ്ങായി നാം കണ്ടുമുട്ടും.
അസീസിയിലെ സ്‌പൊലേറ്റോ താഴ്‌വരയിലൂടെ കുതിരപ്പുറത്തുകയറി നീങ്ങുകയാണ് ഫ്രാന്‍സീസ്. വഴിയിലൊരു കുഷ്ഠരോഗി! അറച്ചുമാറിപ്പോയെങ്കിലും അവന്‍ തിരിച്ചുവന്നു. ആ കുഷ്ഠരോഗിയെ യേശുവിന്റെ നാമത്തില്‍ ആലിംഗനം ചെയ്ത്; അവന്റെ വ്രണങ്ങളില്‍ ഉമ്മവച്ചു. അപ്പോള്‍, ആ മുള്‍ക്കിരീടധാരിക്കുണ്ടായ സന്തോഷം അവനും അനുഭവപ്പെട്ടു.
യേശുവിെനപ്രതി ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ചുകൊണ്ട്, തറഞ്ഞ തറയില്‍ അസ്ഥികള്‍ തുളച്ചുകയറുന്ന കൊടുംതണുപ്പില്‍ കിടുകിടാ വിറച്ചുകിടന്ന ഉറക്കമില്ലാത്ത രാത്രികളിലും ആ സന്തോഷം ഫ്രാന്‍സീസിനെ വിട്ടുപോയില്ല.
കുരിശില്‍ കിടക്കുന്ന യേശു ഒരു കൈ പറിച്ചെടുത്ത് വി. ഫ്രാന്‍സീസിനെ ആലിംഗനം ചെയ്യുന്ന ചിത്രം നമുക്കൊക്കെ പരിചിതമാണല്ലോ. സുപ്രസിദ്ധ സ്പാനിഷ് കലാകാരന്‍ മുറില്ലോയുടെ ഭാവനയില്‍ വിരിഞ്ഞതാണത്. ചിത്രം വരച്ചുതെളിച്ചെടുത്തപ്പോള്‍ ആനന്ദത്തിന്റെ ഒരു നിഴല്‍ അയാളിലും പതിച്ചിട്ടുണ്ടാകണം.
കുഷ്ഠരോഗികളുടെ പഴുത്തുപുഴുത്തൊലിക്കുന്ന വ്രണങ്ങള്‍ കഴുകിക്കെട്ടിയും അവര്‍ക്കു ഭക്ഷണം വാരിക്കൊടുത്തും ഒപ്പംകഴിഞ്ഞ ഫാദര്‍ ഡാമിയനും അതേ ആനന്ദം അനുഭവപ്പെട്ടിട്ടുണ്ടാകും. ആ മനുഷ്യസ്‌നേഹിയുടെ ശവകുടീരത്തില്‍ പിന്നീട് എഴുതിച്ചേര്‍ത്ത വാചകം യേശുവിനോടു കടം മേടിച്ചതാണ്: ''സ്‌നേഹിതനുവേണ്ടി മരിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല'' - അതില്‍പ്പരം സന്തോഷവും വേറേയില്ല.
ഒരു മുന്‍പരിചയവുമില്ലാത്ത ഗയോണിഷെക്കിന് തന്റെ ജീവനും ജീവിതവും പകരം കൊടുത്തപ്പോള്‍ ഫാദര്‍ മാക്‌സ്മില്യന്‍ കോള്‍ബെയ്ക്ക് അനുഭവപ്പെട്ടതും മാറ്റേറിയ ആ സ്‌നേഹംതന്നെയാണ് - അതേ സന്തോഷമാണ്.
'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' എന്ന സിനിമയില്‍ കുരിശെടുത്തുകൊണ്ട് യേശുവിനോടൊപ്പം കാല്‍വരി കയറുന്ന ശിമയോനെ വളരെ ഭംഗിയായി മെല്‍ ഗിബ്‌സണ്‍ ചിത്രീകരിക്കുന്നുണ്ട്. മടിച്ചുമടിച്ചാണ് അയാള്‍ യേശുവിന്റെ കുരിശെടുത്തുതുടങ്ങുന്നത്. എങ്കിലും യേശുവിന്റെ ഒരു നോട്ടം അയാളിലൊരു വ്യതിയാനം സൃഷ്ടിച്ചു. അയാള്‍ മറ്റൊരു മനുഷ്യനായി മാറി. യേശുവിനോടൊപ്പം മലമുകളിലെത്തിയവന്‍, വിട്ടുപോകാതെ അവിടെത്തന്നെ നിലകൊള്ളുകയാണ് - യേശുവിന്റെ കുരിശുവഹിച്ചവന് അവിടുത്തേക്കു പകരം ക്രൂശിക്കപ്പെടുന്നതിനാണു താത്പര്യം. അതിലാണ് അവന്റെ സന്തോഷം!
തിരിച്ചുപോരാന്‍ പറഞ്ഞിട്ടും ചീഞ്ഞളിഞ്ഞ വ്രണിതരോടൊപ്പം മൊളോക്കായില്‍ത്തന്നെ കഴിഞ്ഞ ഫാദര്‍ ഡാമിയന്റെ മാനസികാവസ്ഥയും അതുതന്നെയായിരുന്നു.
ഈ ലോകത്തിന്റെ സുഖവും സന്തോഷവും മാത്രം തേടിനടക്കുന്ന അതിനുവേണ്ടി എന്ത് അക്രമവും അനീതിയും കാണിക്കാന്‍ തയ്യാറാവുന്ന ഈ തലമുറയ്ക്ക് തികച്ചും അജ്ഞാതമാണ് ആ ലോകം. പക്ഷേ, നമുക്ക് അഗ്രാഹ്യമായ, അഭൗമികമായ എന്തോ ഒന്ന് അവിടെയുണ്ടെന്നത് യേശുവിനെ അനുകരിച്ചവര്‍ കണ്ടുപിടിച്ചു.''അതു കണ്ടെത്തിയവര്‍ തികഞ്ഞ സന്തോഷത്തോടെ തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് ആ വയലും നിധിയും വാങ്ങിയെടുത്തു'' (മത്താ 13:44-46)! അവിടമായിരിക്കട്ടെ നമ്മുടെയും ആകര്‍ഷണകേന്ദ്രം.