•  10 Jul 2025
  •  ദീപം 58
  •  നാളം 18
ലേഖനം

ആരോഗ്യത്തിന്റെ കാവല്‍ഭടന്മാര്‍

ജൂലൈ ഒന്ന് ഡോക്ടേഴ്‌സ് ദിനം. മാസ്‌കിനു പിന്നില്‍, പരിചരണം നല്‍കുന്നവരെ പരിപാലിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഡോക്ടേഴ്‌സ് ദിന പ്രമേയം.

   നിങ്ങളില്‍ ചിലരെങ്കിലും ഭൂമിയില്‍ ദൈവത്തെ കണ്ടിട്ടുണ്ടാവും. ആകര്‍ഷകമായ വേഷവിധാനങ്ങളോ മനംകുളിര്‍പ്പിക്കുന്ന മുഖപ്രസാദമോ ഒന്നും അവരില്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. പനിക്കിടക്കകളിലും ഐസോലേഷന്‍മുറികളിലും അത്യാഹിതവിഭാഗങ്ങളിലും ശസ്ത്രക്രിയാ തീയറ്ററുകളിലും ഒക്കെ മരണത്തിനും ജീവിതത്തിനുമിടയില്‍ നിസ്സഹായരായി കിടക്കുന്ന മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി ദിനരാത്രങ്ങള്‍ അധ്വാനിക്കുന്നതില്‍ ആനന്ദവും അഭിമാനവും ആത്മനിര്‍ഭരതയും കണ്ടെത്തുന്ന ഒരുപറ്റം പടയാളികള്‍. 
ദൈവത്തോടെന്നപോലെ അവരെ നമ്മള്‍ രോഗം വരുമ്പോള്‍ ഓര്‍ക്കുകയും സുഖമാകുമ്പോള്‍ മറക്കുകയും ചെയ്യും. സമയവും സന്ദര്‍ഭവും നോക്കാതെ ദൈവം കനിഞ്ഞുനല്‍കിയ ജീവന്റെ സംരക്ഷകരാണ് ഡോക്ടര്‍മാര്‍. 
    പത്തും പതിനഞ്ചും വര്‍ഷം അധ്വാനിച്ചു പഠിച്ചെടുത്തതും നേടിയെടുത്തതുമായ അറിവും പാടവവും അഹം എന്ന ഭാവമില്ലാതെ തന്നെത്തേടിയെത്തുന്ന വേദനിക്കുന്ന മനുഷ്യരുടെ ജീവനെ പരിപാലിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാര്‍. ചീ േമഹഹ ീെഹറശലൃ െവമ്‌ല ംലമുീി െീൊല വമ്‌ല േെലവേീരെീുല െഎന്നാണു പറയുക. ഗുരുതരമായ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, അപകടങ്ങള്‍, അത്യാഹിതങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിങ്ങനെ എല്ലാ ജീവന്മരണപ്രശ്‌നങ്ങളിലും സ്വന്തം ജീവന്‍പോലും അപകടത്തിലാക്കി ഓടിയെത്തുന്ന ഡോക്ടര്‍മാരുടെ കഥകള്‍ പലതും നമ്മള്‍ കേള്‍ക്കാറുണ്ട്. ലോകമെമ്പാടും മഹാമാരികള്‍ മാറി മാറി വരുമ്പോള്‍ ആഘാതമേല്‍ക്കാനും പോരാടാനും മുമ്പിലെന്നും ഡോക്ടര്‍മാര്‍തന്നെയാകും ഉള്ളത്. 
    സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥകളാണ് ഡോക്ടര്‍മാരുടെ ഓരോ ദിവസവും. വേദനയുടെയും ആശങ്കയുടെയും നിമിഷങ്ങളില്‍ ചഞ്ചലരാകാതെ സമചിത്തതയോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഹൃദയാഘാതം മൂലം പള്‍സും ബിപിയും ഇല്ലാതെ രോഗി എത്തിയാല്‍, അപകടത്തില്‍പെട്ട് ഗുരുതരമായ മുറിവുകളില്‍ നിന്നു രക്തസ്രാവവുമായി ചെറുപ്രായക്കാര്‍ മുമ്പിലെത്തിയാല്‍, ശ്വാസം കിട്ടാതെയും സംസാരിക്കാനാകാതെയും ആസ്ത്മയുള്ള കുട്ടി മുമ്പിലെത്തിയാല്‍... കുട്ടിയുടെ ചലനം കുറഞ്ഞു എന്നു സംശയിച്ച് ഗര്‍ഭിണി മുന്നിലെത്തിയാല്‍ സമചിത്തതയോടും മനക്കരുത്തോടെയും ഏറ്റവും ഉചിതമായത് മിനിറ്റുകള്‍പോലും നഷ്ടപ്പെടുത്താതെ സാമര്‍ഥ്യത്തോടെ ചെയ്യാന്‍ പ്രാപ്തിയുള്ളവരാണ് നമ്മുടെ ഡോക്ടര്‍മാര്‍. ഇതൊക്കെ ചെയ്യുമ്പോഴും സ്വന്തം പള്‍സും ബി.പിയും രോഗിയുടെ പോലെതന്നെ കൂടുന്നതും കുറയുന്നതും ഡോക്ടര്‍മാര്‍ അറിയുന്നുപോലുമില്ല എന്നതാണു വാസ്തവം. 
    മരുന്ന് ശാസ്ത്രീയമാണെങ്കിലും അതിന്റെ പ്രയോഗം തികച്ചും ഒരു കലാവൈഭവമാണ്. കുറിക്കുന്ന മരുന്നിനെക്കാളും ചിലപ്പോഴെല്ലാം രോഗിക്കു സൗഖ്യം നല്‍കുന്നത് ചികിത്സിക്കുന്ന ഡോക്ടറുടെ ആശ്വാസവാക്കുകളായിരിക്കാം.  ജീവിതത്തില്‍ ഒരിക്കലെങ്കിലും മറക്കാനാകാത്ത ഓര്‍മകള്‍ സമ്മാനിച്ച ഒരു ഡോക്ടര്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടായിരിക്കും. രോഗിയെ സംബന്ധിച്ചടത്തോളം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഉറവിടമാണ് ഡോക്ടര്‍മാര്‍. ചികിത്സിക്കുന്ന ഡോക്ടറെ ആശുപത്രിവിട്ടാലും ഹൃദയത്തില്‍ സൂക്ഷിക്കുന്ന രോഗികളും വിരളമല്ല. ഏതു പ്രതികൂലസാഹചര്യങ്ങളിലും കൃത്യനിര്‍വഹണത്തിനായി തുനിഞ്ഞിറങ്ങാനുള്ള കരുത്തും ഉന്മേഷവും നല്‍കുന്നതും ഇത്തരത്തിലുള്ള ഡോക്ടറെ മനസ്സിലാക്കാന്‍ കഴിവുള്ള രോഗികള്‍ തന്നെ. നിരവധി ആളുകളുടെ ദൈനംദിന ജീവിതത്തില്‍ അദ്ഭുതവും വെളിച്ചവുമായി മാറുന്ന എല്ലാ ഡോക്ടേഴ്‌സിനും ഡോക്ടേഴ്‌സ് ദിനത്തിന്റെ എല്ലാ ആശംസകളും ഹൃദയപൂര്‍വം നേരുന്നു. നിങ്ങളുടെ എല്ലാ സംരംഭവും വിജയിക്കട്ടെ. നിങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സന്നദ്ധമായ വേദികളുണ്ടാകട്ടെ. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം തന്നെ തന്റെയും തനിക്കുള്ളവരുടെയും ആരോഗ്യവും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഉചിതമായ ജീവിതസാഹചര്യങ്ങളും പ്രവര്‍ത്തനവേദികളും സുരക്ഷാസംവിധാനങ്ങളും ആരോഗ്യമേഖല ഉറപ്പുവരുത്തേണ്ടതുണ്ട്.
   ദൈവത്തിന്റെ ദാനമായ ജീവന്റെ കാവല്‍ഭടന്മാരാണ് ഡോക്ടേഴ്‌സ്. എങ്കില്‍ അവരുടെ ജീവനും ഏറെ വിലപ്പെട്ടതത്രേ. ഈ ഒരു ഓര്‍മപ്പെടുത്തല്‍ ഡോക്ടേഴ്‌സിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമായി കുറിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)