ഇക്കഴിഞ്ഞ 27-ാം തീയതി 40 വയസ്സുകാരനായ ശുഭാംശുശുക്ലയെന്ന വ്യോമസേനാ ക്യാപ്റ്റനെ അന്താരാഷ്ട്രബഹിരാകാശനിലയിത്തിലെത്തിച്ചത് ഏറെ പ്രതീക്ഷകളുള്ള ഒരു നിക്ഷേപമായാണ് രാജ്യം കാണുന്നത്. ഏകദേശം 550 കോടി രൂപ ചെലവഴിച്ചുള്ള ഈ യാത്ര ദീര്‍ഘകാലലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒട്ടനവധി പദ്ധതികളുടെ തുടക്കമാണ്. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെയും, ബഹിരാകാശനിലയത്തിലെത്തുന്ന ആദ്യത്തെയും ഇന്ത്യക്കാരന്‍ എന്നീ ബഹുമതികള്‍ ശുഭാംശു നേടിയപ്പോള്‍ ബഹിരാകാശാന്വേഷണത്തിന്റെ വിവിധ മേഖലകളിലേക്ക് ഐ.എസ്.ആര്‍.ഒ. വ്യാപിച്ച് ഒരു വന്‍ശക്തിയാകാന്‍ പോകുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. ഭാവിയില്‍ സ്വന്തമായൊരു ബഹിരാകാശനിലയം, മനുഷ്യനെ ബഹിരാകാശനിലയത്തിലെത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതി എന്നിങ്ങനെ നമ്മുടെ രാജ്യം കാത്തുസൂക്ഷിക്കുന്ന സ്വപ്നങ്ങള്‍ക്കു ചിറകേകാന്‍ ഈ വിജയത്തിനാകുമെന്നു നമുക്കു പ്രതീക്ഷിക്കാം.
41 വര്‍ഷങ്ങള്‍ക്കുമുമ്പാണ് നമ്മുടെ വ്യോമസേനാ വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മയിലൂടെ ഇന്ത്യയുടെ ആദ്യബഹിരാകാശസാന്നിധ്യം സാധ്യമായത് (1984). അന്താരാഷ്ട്ര ബഹിരാകാശനിലയം അന്നു നിലവില്‍ വന്നിരുന്നില്ല. സല്യൂട്ട്-7 എന്ന റഷ്യന്‍ ബഹിരാകാശനിലയത്തിലായിരുന്നു രാകേഷ് ശര്‍മ 8-ാം ദിവസം താമസിച്ചത്.
ആക്‌സിയം-4 എന്നാണ് ശുഭാംശു നടത്തിയ ഈ ചരിത്രബഹിരാകാശദൗത്യത്തിന്റെ പേര്. അമേരിക്കയുടെ ബഹിരാകാശകമ്പനിയായ ആക്‌സിയം സ്‌പെയിസിന്റെ നാലാം ദൗത്യം. നാസ, ഐ.എസ്.ആര്‍.ഒ., ആക്‌സിയം സ്‌പെയ്‌സ്, സ്‌പെയ്‌സ് എക്‌സ്, യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശഏജന്‍സികള്‍ എന്നിവയുടെ സംയുക്തദൗത്യമാണ് ആക്‌സിയം-4.
ശുഭാംശുവിനോടൊപ്പം അമേരിക്കക്കാരിയായ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ (65), ഹംഗറിക്കാരനായ മിഷന്‍ സ്‌പെഷലിസ്റ്റ് ടിബോര്‍ കാപു (34), പോളണ്ടുകാരനായ മിഷന്‍സ്‌പെഷലിസ്റ്റ് സ്ലാവോസ് വിസ്‌നിവ്‌സ്‌കി (41) എന്നീ മൂന്നുപേര്‍കൂടി ദൗത്യത്തിന്റെ ഭാഗമായുണ്ട്. ദൗത്യത്തിന്റെ പൈലറ്റ് ശുഭാംശുവാണ്. ഫ്‌ളോറിഡയില്‍ നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് 25-ാം തീയതിയാണ് ഈ നാല്‍വര്‍സംഘം പുറപ്പെട്ടത്. ഡ്രാഗണ്‍ സി 213 എന്നാണ് ഇവര്‍ ഉപയോഗിച്ച പേടകത്തിന്റെ പേര്. ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റാണ് പേടകത്തെ വിക്ഷേപിച്ചത്. പുറപ്പെട്ട് 10 മിനിറ്റില്‍ പേടകം ഭൂമിയെ ഭ്രമണം ചെയ്യാന്‍ തുടങ്ങി. ഭ്രമണപഥം തുടരെ വര്‍ധിപ്പിച്ച് 28 മണിക്കൂര്‍ യാത്രചെയ്തതിനുശേഷമാണ് ഡ്രാഗണ്‍ ബഹിരാകാശനിലവയുമായി ഘടിപ്പിച്ചത്. ഡോക്കിങ് എന്നാണ് ഈ പ്രവര്‍ത്തനത്തിനു പറയുന്ന പേര്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇന്ത്യ നടത്തിയ ഡോക്കിംഗ് പരീക്ഷണങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വേണ്ട തയ്യാറെടുപ്പുകള്‍ക്കുശേഷം സംഘം ബഹിരാകാശനിലയത്തില്‍ പ്രവേശിച്ചു.
ഭൂമിയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ കഴിയുന്ന അന്താരാഷ്ട്രബഹിരാകാശനിലയം മണിക്കൂറില്‍ 28000 കിലോമീറ്റര്‍ വേഗത്തില്‍ ഓരോ 90 മിനിറ്റിലും ഭൂമിയെ വലംവയ്ക്കുന്നു. ഇതിന്റെ വലുപ്പം ഏകദേശം ഒരു ഫുട്‌ബോള്‍ഗ്രൗണ്ടിനു സമാനം! 1998 ല്‍ അമേരിക്ക, റഷ്യ, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി എന്നിവര്‍ ചേര്‍ന്നാണ് നിലയം നിര്‍മിച്ചത്. 7 മുറികള്‍, 2 ശുചിമുറികള്‍, ജിംനേഷ്യം എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ ബഹിരാകാശനിലയത്തില്‍ ലഭ്യമാണ്. ഗുരുത്വാകര്‍ഷണബലത്തിന്റെ അഭാവംമൂലം ഭിത്തികളില്‍ പിടിച്ചോ, ഒഴുകി നീന്തിയോ വേണം നിലയത്തിലൂടെയുള്ള സഞ്ചാരം.
31 രാജ്യങ്ങളില്‍നിന്നായി വിവിധ പരീക്ഷണാവശ്യങ്ങള്‍ക്കായുള്ള 60 പേലോഡുകളാണ് ഡ്രാഗണ്‍ പേടകത്തിലുള്ളത്. ഇതില്‍ ഏഴെണ്ണം ഐ.എസ്.ആര്‍.ഒ. യുടേതാണ്. മസില്‍ റീജനറേഷന്‍ പഠനം, മൈക്രോ ആല്‍ഗേ പരീക്ഷണം, ബഹിരാകാശകൃഷി, കംപ്യൂട്ടര്‍ സ്‌ക്രീനുകളുടെ ബഹിരാകാശത്തെ ഉപയോഗം, ജലക്കരടികള്‍ എന്ന സൂക്ഷ്മജീവികള്‍ ബഹിരാകാശത്ത് എങ്ങനെ ജീവിക്കുന്നുവെന്ന പഠനം, സയനോബാക്ടീരിയക ളുടെ ബഹിരാകാശത്തെ വളര്‍ച്ച, എള്ള്, നെല്ല്, തക്കാളി, വഴുതന, കുറ്റിപ്പയര്‍ എന്നീ വിത്തുകള്‍ ബഹിരാകാശത്ത് എത്തിയതിനുശേഷം എങ്ങനെ മാറുന്നുവെന്ന ഗവേഷണം എന്നീ പഠനങ്ങള്‍ക്കാണ് ശുഭാംശു പ്രത്യേകമായി നേതൃത്വം നല്‍കുക. ഇവയില്‍ വിത്തിനങ്ങള്‍ സംബന്ധിച്ച പഠനം നമ്മുടെ കാര്‍ഷികസര്‍വകലാശാലയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് ടെക്‌നോളജിയും ചേര്‍ന്നുള്ളതാണ്.
ഇന്ത്യ സ്വന്തം നിലയ്ക്ക് ബഹിരാകാശത്തേക്കു യാത്രികരെ അയയ്ക്കുന്ന ഗഗന്‍യാന്‍ പദ്ധതിക്കു തിരഞ്ഞെടുക്കപ്പെട്ട നാലുപേരിലൊരാള്‍ ശുഭാംശുവാണ്. 20000 കോടി മുതല്‍മുടക്കുന്ന ഗഗന്‍യാന്‍ 2027 ലാണ് പദ്ധതിയിട്ടിട്ടുള്ളത്. വരുംകാലങ്ങളില്‍ ബഹിരാകാശയാത്രികര്‍ക്കായുള്ള പരിശീലനകേന്ദ്രങ്ങള്‍ രാജ്യത്തു നിലവില്‍വരുമ്പോള്‍ ശുഭാംശുവിന്റെ അനുഭവപരിചയം വലിയ മുതല്‍ക്കൂട്ടാവും. ഈ കേന്ദ്രങ്ങള്‍ വാണിജ്യപരമായ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തിനു നല്‍കുമെന്നുറപ്പ്. ഒട്ടനവധി സ്റ്റാര്‍ട്ടപ്പുകള്‍ സ്വകാര്യമേഖലയിലുണ്ടാകട്ടേയെന്നു പ്രത്യാശിക്കാം.