ഖലീല്‍ ജിബ്രാന്റെ ''പ്രവാചകന്‍'' വിവാഹിതരാകാ നാഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്കു നല്‍കുന്ന ജ്ഞാനോപദേശങ്ങളില്‍ ഇങ്ങനെയൊരു ഭാഗമുണ്ട്:
''എങ്കിലും നിങ്ങള്‍ക്കിടയില്‍ ചില അകലങ്ങളുണ്ടാവട്ടെ / അതിനിടയില്‍ സ്വര്‍ഗീയമായൊരു തെന്നല്‍ വീശട്ടെ...
അന്യോന്യം ചഷകങ്ങള്‍ നിറയ്ക്കുക /എന്നാല്‍ ഒരേ പാത്രത്തില്‍ നിന്നു കുടിക്കാതിരിക്കുക.
പരസ്പരം അപ്പം കൊടുക്കുക/ എന്നാല്‍, ഒരേ അപ്പത്തുണ്ട് ഭുജിക്കാതിരിക്കുക.
ഒരേ ഗീതത്തിന് ഒരേ നൃത്തച്ചുവടുകള്‍ ചവിട്ടുമ്പോഴും / നിങ്ങള്‍ നിങ്ങളായിത്തന്നെ നിലനില്ക്കുക.''
(പരിഭാഷ: ബോബി ജോസ് കട്ടികാട്)
പ്രണയത്തിലോ വിവാഹത്തിലോ മാത്രമല്ല, ഏതു ബന്ധങ്ങളിലും ഒരു നിശ്ചിതദൂരം അഥവാ പേഴ്‌സണല്‍ സ്‌പേസ് എല്ലാ മനുഷ്യര്‍ക്കും അനിവാര്യമാണ്. സ്‌നേഹമെന്നതുപോലെ തന്നെ പ്രധാനമാണ് സ്വാതന്ത്ര്യവും.
ഒരു ബന്ധവും ബന്ധനമായിക്കൂടാ, മറ്റൊരാള്‍ക്കുമേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതു സ്‌നേഹവുമല്ല. ഒരാളെ സ്‌നേഹിക്കുകയെന്നാല്‍ അയാളെ അയാളായിരിക്കാന്‍ അനുവദിക്കുക എന്നു കൂടിയാണര്‍ത്ഥം.
ഓരോ മനുഷ്യനും ഓരോ രഹസ്യമാണെന്നറിയുക.
ഓരോരുത്തര്‍ക്കുമുള്ളില്‍ മറ്റാര്‍ക്കും അറിയാത്ത ഒരായിരം ലോകങ്ങളുണ്ടെന്നതും മറക്കാതിരിക്കുക.
ആ അദൃശ്യലോകങ്ങളില്‍ നിശ്ശബ്ദദുഃഖങ്ങളുടെ അലയടികളുണ്ട്.
ഇന്നലെകളുടെ ഇനിയും മായാത്ത കയ്പുകളുണ്ട്. തുറന്നുപറയാന്‍ മടിക്കുന്ന സന്ദേഹങ്ങളും സംശയങ്ങളുമുണ്ട്. അവയെ ബഹുമാനിക്കുക.
നമ്മള്‍ക്കെത്ര പ്രിയപ്പെട്ടവരും ആകട്ടെ, അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറാതിരിക്കുക. അങ്ങനെയാണ് പരസ്പരമുള്ള വിശ്വാസത്തിലും
സ്‌നേഹത്തിലും നാം മുന്നോട്ടു പോവുക.
അങ്ങനെയാണ് ബന്ധങ്ങള്‍ സുദൃഢമായി നിലനില്ക്കുക.
''ഒരു മരത്തിന്റെ ഏറ്റവും അടുത്തു ചെന്നാല്‍ മരത്തെ പൂര്‍ണമായും നമുക്കു കാണാനാവില്ല. ഒത്തിരി അകലെനിന്നാല്‍ അവ്യക്തമായേ കാണാനാകൂ. എന്നാല്‍, ഒരു നിശ്ചിതദൂരത്തില്‍ നില്‍ക്കുമ്പോള്‍ മരത്തെ അതിന്റെ എല്ലാ പൂര്‍ണതയോടെയും നമുക്കു ദര്‍ശിക്കാനും അനുഭവിക്കാനുമാകും.'' (താഴ്വരയുടെ സംഗീതം, ഷൗക്കത്ത്). ഈ നിശ്ചിതദൂരമാണ് മനുഷ്യബന്ധങ്ങള്‍ക്കും അനിവാര്യമായുള്ളത്.
അടുപ്പത്തിലായിരിക്കുക, അപ്പോഴും ആ അടുപ്പത്തില്‍ അനിവാര്യമായ അകലം കാത്തുസൂക്ഷിക്കുകയും ചെയ്യുക.'മറ്റുള്ളവര്‍ക്കു നമ്മെ കടം കൊടുക്കുക. നമുക്കുമാത്രം നമ്മെ സ്വന്തമായി കൊടുക്കുക' എന്ന മിഷേല്‍ ദെ മൊന്‍തേയ്‌ന്റെ വാക്കുകളും ഈ ആശയത്തോടു ചേര്‍ത്തുവായിക്കാം.