ചിരി ഒരു ഉന്നതമനോഭാവത്തിന്റെ അടയാളമായിട്ടാണ് തോമസ് പാലാ കണ്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ പള്ളിക്കൂടം കഥകള്‍ വായിക്കുന്ന ഒരാള്‍ക്ക് അനായാസം തിരിച്ചറിയാന്‍ കഴിയും. വിനോദത്തേക്കാള്‍, ചിന്തിക്കാനുള്ള സാധ്യതയാണ് അദ്ദേഹം തേടിയത്. താനെഴുതുന്നത് ഹാസ്യമാണെന്നു മാന്യവായനക്കാര്‍ ധരിക്കരുതേയെന്ന് അദ്ദേഹം പള്ളിക്കൂടം കഥകളുടെ തുടക്കത്തില്‍ത്തന്നെ പറയുന്നുണ്ട്.
ചിരി ഒരു സാര്‍വത്രിക പ്രതിഭാസമാണ് എന്ന് ഹാസ്യത്തെ നിര്‍വചിക്കാനുള്ള പ്രയാസം എന്ന ശീര്‍ഷകത്തില്‍ എഴുതിയ പ്രബന്ധത്തില്‍ സാമുവല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യര്‍ പല തരത്തില്‍ ജ്ഞാനികളാണെങ്കിലും, അവര്‍ എപ്പോഴും ഒരേ രീതിയില്‍ ചിരിച്ചു. ഭാഷയില്ലാത്ത മൃഗങ്ങള്‍ ചിരിക്കില്ല. ഫ്രെഡറിക് നീഷെ മനുഷ്യമൃഗം മാത്രമേ ചിരിക്കുകയുള്ളൂ എന്നഭിപ്രായപ്പെട്ടു. കാരണം, അവന്‍ വളരെ ക്രൂരമായി കഷ്ടപ്പെടുന്നു. കൂടാതെ, ദുരിതങ്ങള്‍ക്കിടയില്‍ ആശ്വസിപ്പിക്കുന്ന ചിരി മനുഷ്യന്‍ സ്വപ്നം കാണേണ്ടതുണ്ട്. ശരീരത്തിന്റെ ലിബിഡിനല്‍ ആഴത്തില്‍നിന്ന് നേരിട്ട് ഉറവെടുക്കുന്ന ഒരു രൂപമാണ് ചിരി. എന്നാല്‍, അതിന് ഒരു വൈജ്ഞാനികമാനമുണ്ട് എന്നു ടെറി ഈഗിള്‍ടണ്‍ എഴുതുന്നു. ക്രോധമോ അസൂയയോപോലെ, അതില്‍ വിശ്വാസങ്ങളും അനുമാനങ്ങളും ഉള്‍പ്പെടുന്നു.
ചിരിയുടെ ശക്തി ഇന്ദ്രിയങ്ങളെ ദുരുപയോഗം ചെയ്യുന്നില്ല. എന്നാല്‍, ചിരി അധികാരശ്രേണികളെ ആശയക്കുഴപ്പത്തിലാക്കുന്നു, വിവിധ സ്വത്വങ്ങളെ ലയിപ്പിക്കുന്നു, വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നു, അര്‍ഥത്തിന്റെ തകര്‍ച്ചയില്‍ ആഹ്ലാദിക്കുന്നു. വാസ്തവത്തില്‍, നര്‍മത്തിന്റെ ചില രൂപങ്ങള്‍, പ്രാഥമികമായി ബൗദ്ധികകാര്യങ്ങളാണ്. ചിരിയെ ഒരു പാഠമായി അല്ലെങ്കില്‍ നിരവധി പ്രാദേശികഉച്ചാരണങ്ങളുള്ള ഒരു ഭാഷയായി കണക്കാക്കാം. ചിരി വിവിധ ഭാഷാശൈലികളുള്ള ഒരു ഭാഷയാണ്. ചിരിക്കുന്നതിനും പുഞ്ചിരിക്കുന്നതിനും പരിഹസിക്കുന്നതിനും വ്യത്യസ്തമായ വഴികളുണ്ട്. പുഞ്ചിരി ദൃശ്യപരമാണ്. ചിരി പ്രാഥമികമായി ശ്രവണപരമാണ്. പക്ഷേ, ടി.എസ്. എലിയറ്റ് 'തരിശുഭൂമി' (ഠവല ണമേെല ഘമിറ)യില്‍ 'ചെവിക്കു ചെവി പരക്കുന്നു അമര്‍ത്തിച്ചിരി' എന്നെഴുതുമ്പോള്‍ ഈ രണ്ടു പ്രതിഭാസങ്ങളെയും കവി സംയോജിപ്പിക്കുന്നു. 'ചെവിയില്‍ നിന്നു ചെവിയിലേക്കു പടരുന്ന ഒരു ചിരി'യാണ് തോമസ് പാലായുടെ കഥകളിലുമുള്ളത്.
ചിരി ഒരു ഉന്നതമനോഭാവത്തിന്റെ അടയാളമായിട്ടാണ് തോമസ് പാലാ കണ്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ 'പള്ളിക്കൂടം കഥകള്‍' വായിക്കുന്ന ഒരാള്‍ക്ക് അനായാസം തിരിച്ചറിയാന്‍ കഴിയും. വിനോദത്തേക്കാള്‍, ചിന്തിക്കാനുള്ള സാധ്യതയാണ് അദ്ദേഹം തേടിയത്. താനെഴുതുന്നത് ഹാസ്യമാണെന്നു മാന്യവായനക്കാര്‍ ധരിക്കരുതേയെന്ന് അദ്ദേഹം പള്ളിക്കൂടം കഥകളുടെ തുടക്കത്തില്‍ത്തന്നെ പറയുന്നുണ്ട്. ഓര്‍മകള്‍ നിറച്ച കാലമാകുന്ന സഞ്ചിയെ തോളില്‍ തൂക്കിക്കൊണ്ട് പള്ളിക്കൂടത്തിലേക്കു നടക്കുന്ന തോമസ് പാലായെയാണ് പള്ളിക്കൂടംകഥകളില്‍ നിങ്ങള്‍ കണ്ടുമുട്ടുക. അദ്ദേഹത്തിന്റെ ഓര്‍മകള്‍ വായിച്ച് ആശ്ചര്യത്തോടെയോ സന്തോഷത്തോടെയോ ചിരിക്കുക. അതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതേസമയം ചിരി എന്നാല്‍ സ്വതഃസിദ്ധമായ ഒരു ശാരീരികസംഭവമാണെങ്കിലും സാമൂഹികമായ ഒന്നാണ് എന്നു കൂടി തോമസ് പാലായുടെ കഥകള്‍ ഓര്‍മിപ്പിക്കുന്നു. ആനി ലെക്ലര്‍ക്കിനെ ഉദ്ധരിച്ച് മിലന്‍ കുന്ദേര, 'ചിരി ഞങ്ങളെ ചിരിപ്പിച്ചു' എന്നു പറഞ്ഞിട്ടുണ്ട്. പകരുന്ന ചിരിയുടെ പരമ്പരയായിരുന്നു പള്ളിക്കൂടം കഥകള്‍. ചിരിയുടെ ഒരു ഡോസ് ഓരോ ഓര്‍മയിലും അദ്ദേഹം ഉള്‍ക്കൊള്ളിച്ചു. ചില രോഗങ്ങള്‍പോലെ, ചിരി എവിടെനിന്നാണു വന്നതെന്ന് ഉറപ്പില്ലാതെ നിങ്ങള്‍ക്കു ചിരിയുടെ ഒരു ഡോസ് എടുക്കാന്‍ പള്ളിക്കൂടം കഥകള്‍ വായിച്ചാല്‍ മതി.
തോമസ് പാലാ ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു. പ്രവിത്താനം ഇംഗ്ലീഷ് മിഡില്‍ സ്‌കൂളിലെ പ്രിപ്പേരട്ടറി ക്ലാസില്‍ ചേര്‍ന്നു പഠിച്ച കഥ പറയുമ്പോള്‍ പള്ളിക്കൂടം കഥകളില്‍ അദ്ദേഹം എഴുതുന്നു: ''അരക്ലാസിലെ മുഴുവന്‍ ബെഞ്ചിന്റെ അരികുചേര്‍ന്ന്, നിക്കറും മുറിക്കയ്യന്‍ഷര്‍ട്ടും ധരിച്ചിരുന്ന് മിക്ക അധ്യാപകന്മാരോടും അടിയും വാങ്ങി, ചില സഹപാഠികളോട് ഇടിയും വാങ്ങി, വീട്ടില്‍ നിന്നും അടിച്ചെടുത്ത ചില്ലറയ്ക്ക് അടുത്തുള്ള മുറുക്കാന്‍കടയില്‍നിന്നു മിഠായിയും വാങ്ങിക്കഴിഞ്ഞ അക്കാലത്ത് ആ സ്‌കൂളില്‍ത്തന്നെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു വാധ്യാരായി ഈയുള്ളവന്‍ ചെല്ലുമെന്ന് സ്വപ്നത്തില്‍പോലും ഓര്‍ത്തില്ല..'' 1934 ഒക്ടോബര്‍ 28 ന് ജനിച്ച തോമസ് പാലാ 1997 ഡിസംബര്‍ 7 ന് അറുപത്തിമൂന്നാം വയസ്സില്‍ അന്തരിച്ചു. പഞ്ചായത്തു പ്രസിഡന്റിന്റെ പല്ല്, സിദ്ധന്‍ കേരളത്തില്‍, ചാത്തന്മാരും സിദ്ധന്മാരും, ആനക്കുഴി പുരാണം, അടി എന്നടി കാമാച്ചി, സൈഡ് കര്‍ട്ടന്‍ തുടങ്ങി ഹാസ്യരസപ്രധാനങ്ങളായ ഇരുപതോളം കൃതികള്‍ അദ്ദേഹം രചിക്കുകയുണ്ടായി. നിരവധി നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് തോമസ് പാലായുടെ എഴുത്തുകള്‍ സജീവമായി പ്രത്യക്ഷപ്പെട്ടത്. ഒരു കാലത്തെ പാലായുടെ സാംസ്‌കാരികചരിത്രം അദ്ദേഹത്തിന്റെ രചനകളില്‍ ദൃശ്യമാണ്. ആര്‍.വി. തോമസ് സ്വാതന്ത്ര്യസമരകാലത്ത് കടനാട് പ്രസംഗിക്കാന്‍ വന്നതും പ്രസംഗം എല്ലാവര്‍ക്കും ബോധിച്ചതും അദ്ദേഹത്തിന്റെ തലയിലെ തൊപ്പിപോലൊന്ന് തന്റെ തലയില്‍ ഇല്ലാത്തതിന്റെ വിഷമവും ഒക്കെ പള്ളിക്കൂടം കഥകളില്‍ തോമസ് പാലാ എഴുതിയിട്ടുണ്ട്.
പാലായ്ക്ക് ഒട്ടേറെ കുടിയേറ്റകഥകള്‍ പറയാനുണ്ട്. മലബാര്‍കുടിയേറ്റം അതിലൊരധ്യായമാണ്. അത് അതിജീവനത്തിന്റെയും അടയാളപ്പെടുത്തലിന്റെയും പുരാവൃത്തമായി പാലാ കൊണ്ടാടുന്നു. പള്ളിക്കൂടം കഥകളില്‍ അതിലൊരു കഥ തോമസ് പാലാ പറയുന്നുണ്ട്. മധ്യവേനലവധി കഴിഞ്ഞു സ്‌കൂളിലേക്കു പോകുംവഴി സഹപാഠിയായ മൈക്കിളിനെ കാണുന്നു. കൂടെ അവന്റെ പിതാവുമുണ്ട്. ആഘോഷമായ വരവാണ്. അതു കണ്ടു വണ്ടറടിച്ച് തോമസ് അവനോട് പള്ളിക്കൂടത്തില്‍ വരുന്നില്ലേ എന്നു ചോദിക്കുന്നു. പഠിത്തം നിര്‍ത്തി മലബാറിനു പോകുവാണ് അവന്‍. വിദ്യാധനം വാരിക്കൂട്ടാനുള്ള പരിപാടി ഉപേക്ഷിച്ച്, മലബാറിലെ മണ്ണില്‍നിന്നു നാലുകാശുണ്ടാക്കാനായി പോകുന്ന മൈക്കിളിനെ അല്പനേരം നോക്കിനിന്നിട്ട് വിദ്യാധനം വാരിക്കൂട്ടാനായി തോമസ് പള്ളിക്കൂടത്തിലേക്കു നടന്നു. പിന്നീട് അഞ്ചു വര്‍ഷം കഴിഞ്ഞ് മൈക്കിളിനെ കാണുമ്പോള്‍ അവന്‍ അഞ്ചുവര്‍ഷത്തെ വിശേഷങ്ങള്‍ കൈമാറുന്നു. അപ്പനെ കാട്ടാന ചവിട്ടിക്കൊന്ന കഥ കേട്ടപ്പോള്‍ മലബാറിനു പോയ ദിവസം മൈക്കിളിനോടൊത്തു കണ്ട ആ മനുഷ്യന്റെ രൂപം തോമസിന്റെ ഓര്‍മയില്‍ തെളിയുന്നു. മാത്യുവുമൊത്ത് കൊല്ലപ്പിള്ളി പട്ടണത്തില്‍ചെന്ന് കടയില്‍ ക്കയറി നാരങ്ങാവെള്ളം കുടിച്ചിട്ട് പറ്റ് എഴുതിയേക്കാന്‍ പറയുന്ന സന്ദര്‍ഭത്തില്‍ കാശു തന്നിട്ടു പോയാല്‍ മതി എന്നു കടക്കാരന്‍ പറയുന്നു. അതിനു മാത്യുവിന്റെ മറുപടി 'ഞങ്ങളെന്താ മലബാറിനു പോകുന്നുണ്ടോ?' എന്നാണ്. തോമസ് പാലായുടെ പാലാപുരാവൃത്തത്തില്‍ ലളിതമായ ജീവിതമാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ജനകീയ വശ്യതയുള്ള ഭാഷയാണ് അദ്ദേഹമുപയോഗിക്കുന്നത്. പരിഹാസമതിലൊട്ടും ഇല്ല. പാലാപ്രകൃതിയുടെ നാടന്‍മട്ട് ഒട്ടേറെയുണ്ടുതാനും. സാര്‍ ഇംഗ്ലീഷില്‍ത്തന്നെ ഇംഗ്ലീഷു പഠിപ്പിക്കുമ്പോള്‍ ഞങ്ങള്‍ മലയാളത്തില്‍ ഞങ്ങളുടെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും എന്നു പറയുന്നതില്‍ ആ ലാഘവം സമൃദ്ധമായി ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അനുഭവങ്ങളുടെ കഥനമാകയാല്‍ ആത്മകഥ വായിക്കുന്ന സുഖത്തോടെ അനുഭവിച്ചുപോകാമെന്നു ഒരു മെച്ചവും പള്ളിക്കൂടം കഥകള്‍ക്കുണ്ട്. വിദ്യാര്‍ഥിജീവിതം, ട്രെയിനിങ് കാലം, അധ്യാപനജീവിതം എന്നിങ്ങനെ സ്വന്തം ജീവിതത്തെ എഴുത്തില്‍ ഗംഭീരമായി തോമസ് പാലാ സാക്ഷാത്കരിക്കുന്നു.
സ്‌കൂളില്‍ ഇന്‍സ്‌പെക്‌റുടെ പരിശോധന നടക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളും ചിട്ടിബിസിനസു നടത്തുന്ന കേശവപിള്ളസാറിന്റെ കേട്ടെഴുത്തും ഇട്ടന്‍സാറിന്റെ എണ്ണം പഠിപ്പിക്കലും ദശമുഖന്‍ എന്ന് വാക്കിന് മുഖത്തു ദശയുള്ളവന്‍ എന്ന് അര്‍ഥം പറഞ്ഞുകൊടുക്കുന്ന പൈലിസാറും, നാഷനല്‍ ഹൈവേയിലെ ഹൈ ഉയര്‍ന്നതും വേ വഴിയും ആയി അര്‍ഥം 'ഉയര്‍ന്ന വഴി' എന്നു കണ്ടെത്തുന്ന രാധാമണിറ്റീച്ചറുമൊക്കെ ചിരിക്കുള്ള വക നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവു പ്രകാരം സ്‌കൂളുകളില്‍ ഒരു മാര്‍ക്കു കിട്ടിയവരെയും പൂജ്യം മാര്‍ക്കു കിട്ടിയവരെയും ജയിപ്പിക്കുന്ന പ്രമോഷന്‍സമ്പ്രദായത്തെ തോമസ് പാലാ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. അതിലും നല്ലൊരു പരിപാടിയെക്കുറിച്ചും പറയുന്നു. ജൂണ്‍ ഒന്നിന്നു പള്ളിക്കൂടം തുറക്കുന്ന അന്നു കുട്ടികളെ വിളിച്ചുകൂട്ടി ഹെഡ്മാസ്റ്റര്‍ പറയട്ടെ: ''നിങ്ങളെല്ലാവരും ജയിച്ചിരിക്കുന്നു. അഞ്ചിലായിരുന്നവര്‍ ആറിലും ആറിലായിരുന്നവര്‍ ഏഴിലും അങ്ങനെ കഴിഞ്ഞ വര്‍ഷം ഏതേതു ക്ലാസിലായിരുന്നോ അതിന്റെ അടുത്ത ക്ലാസിലായിരിക്കും നിങ്ങള്‍. ഈ വര്‍ഷം ഇപ്പോള്‍ നിങ്ങള്‍ക്കു പോകാം. ഇനി നിങ്ങള്‍ വരേണ്ടത് അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന്''. അത്രയ്ക്കു മൂര്‍ച്ചയുള്ള വിമര്‍ശനമായിരുന്നു തോമസ് പാലായുടേത്. എഴുത്തില്‍ അദ്ദേഹം ലയിപ്പിച്ച ആ ചിരി അനുഭവിച്ചറിയേണ്ടതാണ്. മാഞ്ഞുപോകാതെ മനസ്സില്‍ നിറയുന്നതാണ് വാക്കില്‍ വെളിപ്പെടുന്ന ആ ചിരി.
ലേഖനം
പള്ളിക്കൂടം കഥകള്‍ പറയുന്നത്
