പുതിയ തുരങ്കവും ജലസംഭരണിയും ശാശ്വതപരിഹാരം
135 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ചു വിശദീകരിക്കേണ്ടതില്ല. സുര്‍ക്കി മിശ്രിതമുപയോഗിച്ച് പഴയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചതാണിത്.
ജലനിരപ്പ് 136 അടിയില്‍നില്ക്കുമ്പോള്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാല്‍ അണക്കെട്ടിനു താങ്ങാന്‍ കഴിയില്ലെന്ന് ഐ ഐ ടി റൂര്‍ക്കിയുടെ പഠനങ്ങള്‍ പറയുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 48 മണിക്കൂര്‍ നീളെ അതിതീവ്ര മഴ പെയ്താല്‍ അതു തകരാം. അണക്കെട്ട് കവിഞ്ഞൊഴുകുകയും മറിഞ്ഞുവീഴുകയും ചെയ്യാം. മേഘസ്‌ഫോടനങ്ങളുടെ സമീപകാല ഉദാഹരണമാണ് വയനാട്.
പെരിയാര്‍ ദേശീയോദ്യാനം അണക്കെട്ടിനു ചുറ്റുമുണ്ടെന്ന കാര്യം നാം മറക്കരുത്. ഇതു കടുവകളുടെയും ആനകളു ടെയും സംരക്ഷണകേന്ദ്രമാണ്. ജൈവവൈവിധ്യത്തിന്റെ ഒരു കേന്ദ്രം. ഇങ്ങനെ അനേകം രാഷ്ട്രീയ, പരിസ്ഥിതി, വന്യജീവി, നിയമ, സാങ്കേതിക, സാമ്പത്തിക, വൈകാരികപ്രശ്‌നങ്ങള്‍ കാരണം ഒരു പുതിയ അണക്കെട്ടു നിര്‍മിക്കുക അത്ര എളുപ്പമല്ല. തമിഴ്‌നാട്ടില്‍ 39 എംപിമാരുണ്ട്. രാഷ്ട്രീയകാരണങ്ങളാല്‍ കേന്ദ്രം തമിഴ്നാടിനെ അനുകൂലിക്കും.
പുതിയ അണക്കെട്ട് അത്ര എളുപ്പമല്ലെന്നു വാദിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, നിലവിലുള്ള കരാര്‍ തമിഴ്‌നാടിന് അനുകൂലമാണെന്നതാണ്. അതിനാല്‍ അവരുടെ സമ്മതമില്ലാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മറ്റൊരു കാരണം കൂടിയുണ്ട്. നിലവിലെ കരാര്‍പ്രകാരം അണക്കെട്ടിന്മേല്‍ തമിഴ്നാടിന് സമ്പൂര്‍ണനിയന്ത്രണമുണ്ട്. പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിന് ഒരു പുതിയ കരാര്‍ ആവശ്യമാണ്. പക്ഷേ അതുവഴി തമിഴ്നാടിന് അവരുടെ ഏകാധിപത്യം നഷ്ടപ്പെടുമെന്നതിനാല്‍ അവര്‍ പുതിയ കരാറിനോ അണക്കെട്ടിനോ വഴങ്ങാന്‍ മടിക്കും.
തമിഴ്നാട് തങ്ങളുടെ അറ്റകുറ്റപ്പണികളില്‍ ആത്മവിശ്വാസം പുലര്‍ത്തുന്നുണ്ടാകാം. അതുകൊണ്ടായിരിക്കാം അവര്‍ പുതിയ അണക്കെട്ടിനെ എതിര്‍ക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ സീപ്പേജ് അളവെടുപ്പിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തട്ടെ. അണക്കെട്ടിന്റെ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി അനുവദിക്കട്ടെ. ഇത് ഡാമിന്റെ അടിത്തട്ടിലെ അറകള്‍ വെളിപ്പെടുത്തും. പക്ഷേ, സീപ്പേജ് കണക്കുകള്‍ കൃത്യമായിരിക്കില്ല. പഴയ അണക്കെട്ടിനു ഡ്രെയിനേജ് ഗാലറിയില്ല. ഗാലറി പുതിയ ആര്‍സിസി കവറിങ്ങിലാണ്. അതിനാല്‍ നല്ലൊരു അളവില്‍ സീപ്പേജ് വെള്ളം സുര്‍ക്കി നിര്‍മിതിക്കും കോണ്‍ക്രീറ്റ് പാളിക്കും ഇടയിലൂടെ കടന്നുപോകും. അതു ഗാലറിയിലേക്കു വരില്ല.
ഭാഷയുടെയും വെള്ളത്തിന്റെയും കാര്യത്തില്‍ തമിഴ്നാട് ജനത വളരെ സെന്‍സിറ്റീവാണ്. നമുക്ക് അനുകൂലമാണെങ്കില്‍പോലും നിയമപരമായ ഒരു പരിഹാരം ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കും.
തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ ചില ബലപ്പെടുത്തലുകള്‍
അണക്കെട്ടിന്റെ പിന്‍ഭാഗത്ത് 10 മീറ്റര്‍ കട്ടിയുള്ള ആര്‍സിസി ആവരണം നല്‍കിയിരിക്കുന്നു. ഇത് താഴെനിന്ന് 145 അടി വരെ ഉയരമുള്ളതാണ്. എന്നാല്‍, ഉള്‍ഭാഗം സുര്‍ക്കിനിര്‍മിതമാണ്. സുര്‍ക്കിയും കോണ്‍ക്രീറ്റും വ്യത്യസ്ത വസ്തുക്കളാണ്. അവ ഏകതാനമോ ഏകശിലാരൂപമോ അല്ല. ഭൂകമ്പസമയത്ത് അവ വെവ്വേറെ പ്രവര്‍ത്തിക്കും.
ജലനിരപ്പിനു മുകളില്‍ സിമന്റ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. സിമന്റ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് ഗ്രൗട്ടിങ്. സിമന്റ് കോണ്‍ക്രീറ്റും സുര്‍ക്കിയും രണ്ടു വ്യത്യസ്തവസ്തുക്കളാണ്. അതിനാല്‍ അത് നിഷ്പ്രയോജനമാണ്.
അണക്കെട്ടിന്റെ മുകളില്‍ ആര്‍സിസി ക്യാപ്പിങ് നടത്തിയിരിക്കുന്നു. ഇത് സുര്‍ക്കി നിര്‍മിതിയുടെ ലോഡ് വര്‍ദ്ധിപ്പിക്കും. ഇത് അണക്കെട്ടിനെ സമ്മര്‍ദത്തിലാക്കുന്നു.
കേബിള്‍ ആങ്കറിങ് നടത്തുന്നു. ഇതു ഫലപ്രദമല്ല. നിര്‍മാണം കോണ്‍ക്രീറ്റില്‍ മാത്രമാണെങ്കില്‍ കേബിള്‍ ആങ്കറിങ് നടത്താം. എന്നാല്‍ ഇവിടെ, മുകളിലെ കോണ്‍ക്രീറ്റിനുകീഴില്‍ സുര്‍ക്കി നിര്‍മിതിയാണ്. രണ്ടു വ്യത്യസ്ത വസ്തുക്കള്‍. ഇടയില്‍ ധാരാളം ഒഴിഞ്ഞ ഇടങ്ങള്‍ ഉണ്ട്. ഇതിലൂടെ ആങ്കറിങ് കേബിളുകള്‍ കടന്നുപോകുന്നു. അതിനാല്‍ അത്ര ഫലപ്രദമല്ല.
2011 ല്‍ നടന്ന സ്‌കാനിങില്‍ തെറ്റായ അറ്റകുറ്റപ്പണികള്‍ കാരണം അണക്കെട്ടില്‍ തകരാറുകള്‍ സംഭവിച്ചതായി കണ്ടെത്തുകയുണ്ടായി.
പുതിയ അണക്കെട്ട്
ഭൂകമ്പസാധ്യതയുള്ള സ്ഥലത്തിനു സമീപം പുതിയൊരു അണക്കെട്ട് എങ്ങനെ നിര്‍മിക്കാം? പുതിയ അണക്കെട്ടിന്റെ അടിത്തറയ്ക്കായി വളരെ ആഴത്തില്‍ കുഴിക്കലും സ്‌ഫോടനവും എങ്ങനെ നടത്താന്‍ കഴിയും? അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാണ്. നിലവിലുള്ള അണക്കെട്ടിനെ ബാധിക്കാതെ നമുക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയുമോ?
നിലവിലുള്ളതിനു തുല്യമായ അളവ് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകണമെങ്കില്‍ പുതിയ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം, പുതിയ അണക്കെട്ട് ഇപ്പോഴത്തെ അണക്കെട്ടിന്റെ താഴെ ഭാഗത്താണു വരുന്നത്. അതിനാല്‍ കൂടുതല്‍ വനങ്ങള്‍ വെള്ളത്തിനടിയിലാകും. ഇത്തരം കാരണങ്ങളാല്‍ പുതിയ അണക്കെട്ട് പ്രായോഗികമല്ല.
അണക്കെട്ട് പൊളിച്ചുമാറ്റണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നു. അണക്കെട്ട് പൊളിച്ചുമാറ്റുകയെന്നാല്‍ അണക്കെട്ട് പ്രവര്‍ത്തിക്കാതിരിക്കുക അഥവാ പ്രവര്‍ത്തനരഹിതമാക്കുക എന്നതാണ്. അതാണ് ഡീക്കമ്മീഷന്‍ ചെയ്യുക എന്നതിന്റെ അര്‍ഥം. എന്നാല്‍, ഈ അണക്കെട്ടിന്റെ അടിത്തട്ടില്‍നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ കഴിയില്ല. ഇപ്പോഴത്തെ തുരങ്കം 104.50 അടി ഉയരത്തില്‍നിന്നാണ് ആരംഭിക്കുന്നത്. അതിനാല്‍ എപ്പോഴും അണക്കെട്ടില്‍ അത്രയും അടി ഉയരം വെള്ളം ഉണ്ടാകും. ഇത് കേരളത്തിന് വലിയ അപകടമാണ്.
ടണല്‍ ഓപ്ഷന്‍ എന്തുകൊണ്ട്?
നിലവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ഡൈവേര്‍ഷന്‍ വെയറായി നിലനിര്‍ത്തുക. ജലനിരപ്പ് 50 അടിയായി കുറയ്ക്കുക. ജലപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനു ഒരു പുതിയ തുരങ്കം നിര്‍മിക്കുക. ടണലിന്റെ വലുപ്പം, നീളം തുടങ്ങിയ വിശദാംശങ്ങള്‍ എഞ്ചിനീയര്‍മാര്‍ക്കു തയ്യാറാക്കാം. തമിഴ്‌നാട്ടില്‍ നിര്‍മിക്കേണ്ട പുതിയ സംഭരണിയുടെ വിശദാംശങ്ങള്‍ അവര്‍ക്കു തയ്യാറാക്കാം. അണക്കെട്ടിലെ ജലനിരപ്പ് കുറയുമ്പോള്‍ റിസ്‌ക് ഫാക്ടറും കുറയും.
തമിഴ്നാട്ടില്‍ ജനസാന്ദ്രത കുറവാണ്. ഭൂമി ധാരാളമായി ലഭ്യമാണ്. വന്യജീവി, വനം, പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഗുരുതരമല്ല. അതിനാല്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിനോ വലിയ ജലസംഭരണികള്‍ നിര്‍മിക്കുന്നതിനോ അവര്‍ക്ക് എളുപ്പത്തില്‍ സ്ഥലം കണ്ടെത്താന്‍ കഴിയും. വലിയ തോതിലുള്ള പുനരധിവാസം ആവശ്യമില്ല.
വൈഗ അണക്കെട്ടുപോലെ തമിഴ്‌നാട്ടില്‍ മൂന്നോ നാലോ വലിയ ജലസംഭരണികള്‍ നിര്‍മിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോടാവശ്യപ്പെടുക. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നുള്ള ജലം പുതിയ തുരങ്കത്തിലൂടെ സംഭരിക്കുന്നതിനാണിത്. പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ചരിവിലാണ് ഈ നിര്‍മാണം നടത്തേണ്ടത്. തുരങ്കനിര്‍മാണവും അതോടൊപ്പം ആരംഭിക്കുക. ചെലവ് കേരളസര്‍ക്കാര്‍ വഹിക്കുമെന്ന് ഒരു കരാര്‍ ഉണ്ടാക്കുക. മുല്ലപ്പെരിയാറ്റില്‍നിന്ന് ഒരു തുള്ളി വെള്ളംപോലും ഞങ്ങള്‍ക്കു വേണ്ടെന്ന് തമിഴ്നാടിനോടു പറയുക. സുരക്ഷ മാത്രമാണ് നമുക്കു വേണ്ടത്. മുല്ലപ്പെരിയാറ്റില്‍നിന്നു മുഴുവന്‍ വെള്ളവും നല്‍കാമെന്ന് തമിഴ്‌നാടുമായി ഒരു കരാര്‍ ഉണ്ടാക്കുക.
ജനങ്ങളുടെ സുരക്ഷ
അതേസമയം, പുതിയ തുരങ്കം നിര്‍മിച്ച് ജലനിരപ്പ് കുറച്ചതിനുശേഷവും, ഒരു ദുരന്തമുണ്ടായാല്‍, അണക്കെട്ടിന്റെ കീഴിലുള്ള ആളുകളെ സംരക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക.
ദുരന്തമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുക. അടിയന്തരോപയോഗത്തിനായി റോഡുകള്‍ നിര്‍മിക്കുക. നേരത്തേയുള്ള മുന്നറിയിപ്പുസംവിധാനങ്ങള്‍ ക്രമീകരിക്കുക.
വന്‍കിട കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കിയിട്ടുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. അവരുടെ പാട്ടക്കാലാവധി കഴിഞ്ഞു. ആവശ്യം വന്നാല്‍ സര്‍ക്കാരിന് ഈ ഭൂമി തിരിച്ചുപിടിച്ച് ദുരിതബാധിതരെ പുനരധിവസിപ്പിക്കാം.
കേരളവും തമിഴ്നാടും തമ്മിലുള്ള ഒരു രാഷ്ട്രീയഒത്തുതീര്‍പ്പിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ.