രക്ഷിതാക്കള്‍ക്കും മക്കള്‍ക്കും തമ്മില്‍ എന്താണ് അന്തരം? രക്ഷിതാക്കള്‍ക്ക് ''അച്ഛന്‍'' അല്ലെങ്കില്‍ ''അമ്മ'' എന്ന അദ്വിതീയസ്ഥാനമുണ്ട്, വാത്സല്യമുണ്ട്.
അറിവുണ്ട്, അനുഭവസമ്പത്തുണ്ട്, ദീര്‍ഘവീക്ഷണമുണ്ട്. കുടുംബം പുലര്‍ത്താനുള്ള വരുമാനമാര്‍ഗവും അവര്‍ക്കറിയാം. മക്കള്‍ക്കാകട്ടെ, ഇതില്‍ പലതും ഇല്ലെന്നു മാത്രമല്ല, ഉള്ളതുതന്നെ തുലോം കുറവുമാണ്. പരമ്പരാഗതമായ ഒരു കാഴ്ചപ്പാടാണിത്. അവിടെ മക്കള്‍ക്കു മാതാപിതാക്കളോടു വിധേയത്വമുണ്ട്, ആദരവുണ്ട്, ഭയഭക്തികളുണ്ട്. ഉണ്ടെന്നോ, ഉണ്ടായിരുന്നെന്നോ? ഉണ്ടായിരുന്നു എന്നു പറയേണ്ടിവരും!
മക്കളും മാതാപിതാക്കളും തമ്മിലുള്ള അറിവിന്റെ അനുപാതം കീഴ്‌മേല്‍ മറിയാന്‍ തുടങ്ങിയത് ഇന്റര്‍നെറ്റിന്റെ ആഗമനത്തോടെയാണ്. ഇന്നത്തെ ദ, ആല്‍ഫാ ജനറേഷനില്‍പ്പെട്ട (1997 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ പിറന്നവര്‍) കുട്ടികള്‍ക്ക്, തങ്ങളുടെ രക്ഷിതാക്കള്‍ അത്ര കേമന്മാരാണെന്നൊന്നും തോന്നിയിട്ടില്ല. ഡിജിറ്റല്‍സാക്ഷരതയുള്ള രക്ഷിതാക്കളെ ഫ്രണ്ട്‌സായും അതില്ലാത്തവരെ 'പൂവര്‍ ഗൈഡായും' അവര്‍ കണ്ടു.
ജീവിതാനുഭവങ്ങളും അതു നല്‍കുന്ന ഉള്‍ക്കാഴ്ചയും മാറ്റിനിര്‍ത്തിയാല്‍, മക്കള്‍ക്ക് അമിതമായ അറിവുണ്ടായിരുന്നു. ഭാവിപരിപാടികള്‍ ചിട്ടപ്പെടുത്തിക്കൊടുക്കാന്‍ ചാറ്റ്‌ബോട്ടുകള്‍ റെഡി. സ്‌കൂള്‍കുട്ടികള്‍ക്കുപോലും മില്യനറാകാന്‍ നൂറു വഴികള്‍ ഇന്റര്‍നെറ്റിലുണ്ട്.
ബാങ്കുബാലന്‍സ് നോക്കാനും, ജീ പേ ചെയ്യാനും, വാട്‌സാപ്പില്‍ മെസേജ് അയയ്ക്കാനും മക്കളുടെ സഹായം വേണ്ടിവന്നിരിക്കുന്നു. വിരല്‍ത്തുമ്പിലെ ജാലവിദ്യകള്‍ കണ്ട്, അഭിമാനത്തോടെ മിഴിച്ചുനില്‍ക്കുന്നു. സാമൂഹികമര്യാദകള്‍, ആഭിജാത്യബോധം ഇതൊക്കെ കോമഡിക്കത്രികയ്ക്കിരയാകുമ്പോള്‍ ജാള്യത്തോടെ ഒതുങ്ങിക്കൊടുക്കാതെ മറ്റെന്തു ചെയ്യാന്‍? ബോറടിക്കുമ്പോഴും, ഇച്ഛാഭംഗം നേരിടുമ്പോഴും ഹിംസാത്മകത പുറത്തുവരുന്നു. അഭിമാനത്തോടെ ഭയക്കാനും അച്ഛനമ്മമാര്‍ ശീലിച്ചുകഴിഞ്ഞു.
തങ്ങള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന ചിന്തയ്ക്കു തടയിട്ടത് മക്കളെക്കുറിച്ചുള്ള വാത്സല്യമായിരുന്നു. 'എത്ര കഷ്ടപ്പെട്ടതാ ഇവര്‍ക്കുവേണ്ടി...' ഇടയ്‌ക്കൊക്കെ ഉരുവിടും. വാത്സല്യം വെറും കടമയാണെന്നാണ് അവര്‍ക്കു കിട്ടിയ ഗൂഗിള്‍ മറുപടി!
ഡിജിറ്റല്‍ സാമഗ്രികള്‍ കൈയിലെടുക്കുന്ന നിമിഷം തന്നെ, കുഞ്ഞുങ്ങളില്‍ മൂല്യബോധത്തിന്റെ പച്ചപ്പുകള്‍ നട്ടുവളര്‍ത്തണം. ഇതു കേവലം രക്ഷിതാക്കളുടെ മാത്രം ചുമതലയല്ല. സുമനസ്സുകളായ സകലര്‍ക്കും ഈ യജ്ഞത്തില്‍ കൈകോര്‍ക്കാം.