റാഗിങ് എന്ന ദുഷിച്ച പദം വീണ്ടും സമൂഹത്തെ നോക്കി പല്ലിളിക്കുകയാണ്. ഉത്തരമില്ലാത്ത ചോദ്യമായി അതിങ്ങനെ ഇടയ്ക്കിടെ സമൂഹമധ്യത്തില്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നത് എന്തുകൊണ്ട്?
ഇപ്പോഴിതാ കേരളഹൈക്കോടതി റാഗിങ്ങിനു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണമെന്നു നിര്‍ദേശിച്ചിരിക്കുന്നു. വിദ്യാര്‍ഥികളുടെ റൗഡിത്തരം മൂലം മറ്റൊരു വിദ്യാര്‍ഥിക്കും ഇനി ജീവന്‍ നഷ്ടപ്പെടരുതെന്നാണ് ജസ്റ്റീസ് ഡി.കെ. സിങ് നിര്‍ദേശിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്‍ റാഗിങ്പീഡനത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ നടപടി നേരിട്ട അധ്യാപകരുടെ ഹര്‍ജി തീര്‍പ്പാക്കിയവേളയിലായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.
2024 ഫെബ്രുവരിയിലാണു സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥി അതിക്രൂരമായ ആള്‍ക്കൂട്ടവിചാരണയ്ക്കും മര്‍ദനത്തിനുമിരയായത്. 17ന് കോളജിനുസമീപം ആ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭരണപരമായ വീഴ്ചകളുടെ പേരില്‍ സസ്‌പെന്‍ഷനിലായ വെറ്ററിനറി സര്‍വകലാശാല ഡീനും മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡനുമായ ഡോ. എം.കെ. നാരായണന്‍, അസി. വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥന്‍ എന്നിവര്‍ തങ്ങള്‍ക്കെതിരായ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി തീര്‍പ്പാക്കവേ ഹൈക്കോടതി സര്‍വകലാശാലയ്‌ക്കെതിരേ നടത്തിയ ഈ രൂക്ഷവിമര്‍ശനം ഏവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഹര്‍ജിക്കാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നു മൂന്നംഗസമിതി കണ്ടെത്തിയിട്ടും സാങ്കേതികകാര്യങ്ങള്‍ പറഞ്ഞ് ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന കോടതിയുടെ കുറ്റപ്പെടുത്തല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഉള്‍ക്കൊള്ളുമോ? കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കെതിരേ ഫലപ്രദമായ നടപടി യെടുക്കാത്ത സര്‍വകലാശാലയുടെയും, കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിസിയുടെയും നിര്‍വികാരത ഞെട്ടിക്കുന്നുവെന്നാണു കോടതി പറഞ്ഞത്.
കോടതിയുടെ ഈ ആശങ്കയ്ക്ക് അസ്തിവാരമുറപ്പിക്കുന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന മറ്റൊരു പുതിയ വാര്‍ത്ത. റാഗിങ്‌വിരുദ്ധ ചട്ടങ്ങള്‍ പാലിക്കാത്തതിന് കേരളത്തിലെ അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു സര്‍വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നു. കേരളകലാമണ്ഡലം, പാലക്കാട് ഐ.ഐ.ടി., തിരുവനന്തപുരത്തെ എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതികസര്‍വകലാശാല, മലപ്പുറത്തെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയാണവ. ഇതു കേരളത്തിലെ കാര്യം. റാഗിങ് തടയുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കാത്തതിനു രാജ്യത്തെ മൂന്ന് ഐ.ഐ.എമ്മുകളും നാല് ഐ.ഐ.ടി.കളുമുള്‍പ്പെടെ 89 ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് യുജിസി കാരണം കാണിക്കല്‍ നോട്ടീസയച്ചത്. നമ്മുടെ വിദ്യാഭ്യാസസ്ഥാപനാധികൃതരുടെ റാഗിങ്ങിനോടുള്ള സമീപനം എത്രയോ ലാഘവമാര്‍ന്നതാണെന്ന് ഇതില്‍നിന്നു പകല്‍പോലെ വ്യക്തമാണല്ലോ. ഈ അലംഭാവം അനുവദിച്ചുകൂടാ.
1998 ല്‍ റാഗിങ് നിരോധനനിയമം നടപ്പാക്കിയ സംസ്ഥാനമാണു കേരളം. എന്നിട്ടെന്തുണ്ടായി? ഇതുവരെ ഒറ്റക്കേസില്‍ മാത്രമാണ് റാഗിങ്ങിനു ശിക്ഷ വിധിച്ചിട്ടുള്ളത്-2005 ല്‍ കോട്ടയം സ്‌കൂള്‍ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ നടന്ന ബലാത്സംഗവുംകൂടി ഉള്‍പ്പെട്ട റാഗിങ്ങിന്റെ പേരില്‍. കലാലയങ്ങളില്‍ അരങ്ങേറുന്ന നിഷ്ഠുരമായ റാഗിങ്ങുകളില്‍ തുച്ഛമായ എണ്ണമാണ് പുറംലോകമറിയുന്നത്. പലതും പിന്നാമ്പുറത്ത് ഒത്തുതീര്‍ന്നു ചരമമടയുകയാണ്. ഇക്കാര്യത്തില്‍ കലാലയാധികൃതര്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നു പൊതുജനം സംശയിച്ചാല്‍ അവരെ കുറ്റംപറയാനൊക്കുമോ? അതിന് അടിവരയിടുന്നതാണ് യുജിസി വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് ഇപ്പോള്‍ അയച്ചിരിക്കുന്ന കാരണംകാണിക്കല്‍ നോട്ടീസുകള്‍.
2001 ലാണ് സുപ്രീംകോടതിയുടെ റാഗിങ് നിരോധനം നിലവില്‍ വരുന്നത്. 2009 ല്‍ റാഗിങ് നിരോധനചട്ടങ്ങളു മായി യുജിസിയും രംഗത്തുവന്നു. റാഗിങ്‌വിരുദ്ധസ്‌ക്വാഡും കമ്മിറ്റിയുമൊക്കെ ഇതിന്റെ ബാക്കിപത്രമാണ്. ഓരോ അക്കാദമികവര്‍ഷത്തിലും പ്രവേശനസമയത്തു വിദ്യാര്‍ഥികളും രക്ഷിതാക്കളും റാഗിങ് വിരുദ്ധസമ്മതപത്രം നല്‍കണമെന്ന ചട്ടം നിലനില്‌ക്കെ, ഇതു സമര്‍പ്പിക്കുന്നതില്‍ നിരന്തരവീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കാണ് യുജിസി ഇപ്പോള്‍ നോട്ടീസയച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിന്‍വലിക്കാന്‍ യുജിസിക്ക് അധികാരമുണ്ട്. പക്ഷേ, വേണ്ടത് അതിനുള്ള ഇച്ഛാശക്തിയാണ്. സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഏതെങ്കിലുമൊരു വിദ്യാഭ്യാസസ്ഥാപനത്തിന് റാഗിങ്ങെന്ന അരാഷ്ട്രീയപേക്കൂത്തിനു കുടപിടിക്കാന്‍ കഴിയുമോ? ആരും ഇതിന് അച്ചാരംവാങ്ങി അധഃപതിക്കരുതേയെന്നാണു ഞങ്ങള്‍ക്കു പറയാനുള്ളത്.
എഡിറ്റോറിയല്‍
റാഗിങ് പേക്കൂത്തിന് ആരും അച്ചാരം വാങ്ങരുതേ
