•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആദര്‍ശരാഷ്ട്രീയത്തിന്റെ അഗ്നിസ്തംഭം

ഈയിടെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചരിത്രകാരനുമായിരുന്ന കെ. എം. ചുമ്മാറിനെക്കുറിച്ച്

ല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തനായ നേതാവായിരുന്നു കെ. എം. ചുമ്മാര്‍. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ത്തന്നെ പ്രക്ഷോഭകാരി. സ്വാതന്ത്ര്യസമരകാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വോളന്റിയര്‍. പാലാ സെന്റ് തോമസ് കോളജിലെ ആദ്യകാല വിദ്യാര്‍ത്ഥി. ക്ലാസ്സുമുറികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമപ്പുറമുള്ള അറിവുകളിലേക്കായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണം. പഠിച്ചിറങ്ങിയപ്പോള്‍ അധ്യാപകനാവാനായിരുന്നു താത്പര്യം. മൂന്നരപ്പതിറ്റാണ്ട് അധ്യാപകനായിരുന്നു. ഹെഡ്മാസ്റ്ററുമായി. പക്ഷേ, എന്നും സജീവരാഷ്ട്രീയത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആളായിരുന്നു ചുമ്മാര്‍സാര്‍. 
എന്നാല്‍, അധികാരരാഷ്ട്രീയത്തോട് എന്നും അകലം പാലിച്ചാണ് അദ്ദേഹം നിലകൊണ്ടത്. എന്നും അദ്ദേഹത്തിനു പ്രചോദനമായത് ഗാന്ധിജിയും നെഹൃവുമായിരുന്നു. മരിക്കുംവരെ കോണ്‍ഗ്രസുകാരനായി ജീവിച്ച ഒരു യഥാര്‍ത്ഥ 'സത്യഗ്രഹി' ആയിരുന്നു ചുമ്മാര്‍സാര്‍.     
ഒരു നല്ല പ്രഭാഷകനായിരുന്നു കെ.എം. ചുമ്മാര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസംഗങ്ങള്‍ക്ക് ഒരുതരം പനമ്പിള്ളിശൈലിയായിരുന്നു, നര്‍മവും പരിഹാസവുംകൊണ്ട് എതിര്‍പക്ഷത്തിന്റെ മര്‍മം പിളര്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണശൈലി. വിമര്‍ശനകലയില്‍ അഴീക്കോടും ചുമ്മാറും ഒരു പരിധിവരെ ഒപ്പത്തിനൊപ്പം നിന്നു. പ്രത്യേകിച്ചു രണ്ടുപേരും കമ്മ്യൂണിസ്റ്റുവിരുദ്ധരായി നിലകൊണ്ട കാലത്ത്. ചുമ്മാര്‍ എന്നും കമ്യൂണിസ്റ്റ്‌വിരോധിയായിത്തന്നെ നിലകൊണ്ടു. നമ്പൂതിരിപ്പാടിനെ നിരന്തരം യുക്തിഭദ്രമായി വിമര്‍ശിച്ചിരുന്ന ചുമ്മാറെക്കുറിച്ച് ഇ.എം.എസ് നും മതിപ്പായിരുന്നുവെന്നതിന്റെ തെളിവ് ചരിത്രപരമായ ചില കാര്യങ്ങളില്‍ ഇ.എം.എസ്. ചുമ്മാറിന്റെ ലേഖനങ്ങളിലെ ചില കണ്ടെത്തലുകളെ ആധികാരികമായി പരിഗണിച്ചിരുന്നുവെന്നതാണ്. 
രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായിരുന്ന കെ.എം. ചുമ്മാര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു സത്യാന്വേഷിയായിരുന്നുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. വായനയുടെയും എഴുത്തിന്റെയും ലോകത്തായിരുന്നു ചുമ്മാര്‍സാറിന്റെ ജീവിതം. ദേശീയതയുടെ സംസ്‌കാരത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. ജനാധിപത്യത്തിലും മതേതരത്വത്തിലും മാത്രമല്ല, നെഹൃവിയന്‍ സോഷ്യലിസത്തിലും അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ രേഖകളെല്ലാം നിധിപോലെ കാത്തുവച്ചു. കേരളത്തില്‍ ഒരുപക്ഷേ, ഇത്രയും വലിയ ഒരു 'ഹോം ലൈബ്രറി' മറ്റൊരു രാഷ്ട്രീയനേതാവിനും ഉണ്ടായിരുന്നിരിക്കുകയുമില്ല. ഖാദിയും കോണ്‍ഗ്രസുമായിരുന്നു ചുമ്മാര്‍സാറിന്റെ ബലഹീനത. ബലവും അതുതന്നെയായിരുന്നുവെന്നതാണ് ശരി. 
നേര്‍ബുദ്ധിയായ രാഷ്ട്രീയക്കാരനായിരുന്നു 'ചുമ്മാര്‍ജി.' നേര്‍വാക്കും നേര്‍വഴിയുമായിരുന്നു അദ്ദേഹത്തിന്റെ നീതിയും ശൈലിയും. സ്വാതന്ത്ര്യസമരത്തിന്റെ മൂര്‍ദ്ധന്യത്തില്‍പ്പോലും ഗാന്ധിജിയോടു നയപരമായ ഭിന്നത ധൈര്യത്തോടെ നേരേപറഞ്ഞ നെഹൃവിന്റെ ഉദാഹരണം പറഞ്ഞുകൊണ്ടു രാഷ്ട്രീയത്തില്‍ നേതാക്കളുടെ വെറും അനുയായികളായി മാറിയ 'ന്യൂജെന്‍'കാരെ ചുമ്മാര്‍സാര്‍ സ്റ്റഡിക്ലാസ്സുകളിലും പാര്‍ട്ടി സമ്മേളനങ്ങളിലും 'പെട്ടിതൂക്കികള്‍' എന്നു വിളിച്ചു പൊട്ടിത്തെറിച്ചു. പോയകാലത്തിന്റെ നന്മകളെ അദ്ദേഹം അഭിമാനത്തോടെ എണ്ണിപ്പറഞ്ഞു. വര്‍ത്തമാനകാലരാഷ്ട്രീയത്തിലെ 'അടിമ' മനോഭാവത്തെ പ്രസംഗവേദികളില്‍ അദ്ദേഹം കണക്കിനു പരിഹസിച്ചു. സ്ഥാനമാനങ്ങള്‍ക്കോ പദവികള്‍ക്കോവേണ്ടി ഒരിക്കല്‍പ്പോലും ചുമ്മാര്‍സാര്‍ ഒരു നേതാവിനുമുന്നിലും കൈകൂപ്പി നിന്നതുമില്ല. നിയമസഭയിലേക്കു മത്സരിക്കുവാന്‍ ഇങ്ങോട്ടുവച്ചുനീട്ടിയ ടിക്കറ്റുപോലും ചുമ്മാര്‍ അങ്ങോട്ടു മടക്കിനല്‍കി. എന്നിട്ട് പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി രാപകല്‍ പ്രസംഗിച്ചുനടന്നു. അതായിരുന്നു. കെ.എം. ചുമ്മാരുടെ രാഷ്ട്രീയം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതിനിധി മാത്രമല്ല പ്രതീകവുമായിരുന്നു ചുമ്മാര്‍സാര്‍. 
പൊതുജീവിതത്തില്‍ അദ്ദേഹത്തിന് ഒരേയൊരു 'പ്രകടനപത്രിക' മാത്രമേ ഉണ്ടായിരുന്നുള്ളൂ: അടിപതറാത്ത ആദര്‍ശനിഷ്ഠയും കറ കലരാത്ത രാഷ്ട്രീയസത്യസന്ധതയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)