ഈശോമിശിഹാ സത്യദൈവമാണ്
മിശിഹായിലുള്ള നമ്മുടെ വിശ്വാസം പുതുക്കാനും വളര്‍ത്താനും ശക്തിപ്പെടുത്താനും നാം നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണം. നമുക്ക് അപ്പോളജിയുടെ വഴിയല്ല, ആത്മീയതയുടെ വഴിയാണ് ആവശ്യം. മിശിഹായെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക ഡോഗ്മായാണിത്. മിശിഹാ ഏകവ്യക്തി, സത്യദൈവം, സത്യമനുഷ്യന്‍. ഡോഗ്മാ പഴഞ്ചനോ കാലഹരണപ്പെട്ടതോ തള്ളിക്കളയേണ്ടതോ അല്ല. കീര്‍ക്കഗാഡിന്റെ നിരീക്ഷണം ശ്രദ്ധേയമത്രേ: സഭയുടെ ഡോഗ്മാകള്‍ ഒരു രാജകൊട്ടാരത്തിന്റെ ഉള്ളുപോലെയാണ്. കൊട്ടാരത്തിനുള്ളില്‍ സൗന്ദര്യവും സാമര്‍ത്ഥ്യവുമുള്ള രാജാവും രാജ്ഞിയും വിശ്രമിക്കുന്നു. നിങ്ങള്‍ അവരെ ഉണര്‍ത്തിയാല്‍ മാത്രം മതി. അവര്‍ ഉണര്‍ന്നാല്‍ എല്ലാ പ്രതാപങ്ങളോടുംകൂടി തുള്ളിച്ചാടും, ആഘോഷമാകും! രാജാവുണര്‍ന്നാല്‍ രാജ്യം നന്നാവും. ഡോഗ്മാകള്‍ വേണ്ടരീതിയില്‍ മനസ്സിലാക്കിയാല്‍ വിശ്വാസികള്‍ക്കു വലിയ ശക്തിയാകും.
ഡോഗ്മാ വായിച്ചും പഠിച്ചും അതിലേക്കു നമ്മള്‍ ജീവന്‍ നല്കിക്കൊണ്ടിരിക്കണം. ''അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു'' (എസക്കിയേല്‍ 37:10). ഡോഗ്മാകള്‍ സഭയുടെ സൈന്യം തന്നെയാണ്, വളക്കൂറുള്ള മണ്ണാണ്. വിശ്വാസഘടകങ്ങള്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ഇടങ്ങളാണ് ഡോഗ്മാകള്‍. സഭയുടെ ആധികാരികമായ പ്രബോധനങ്ങളുടെ ഒരു ഉയിര്‍ത്തെഴുന്നേല്പ് അത്യന്താപേക്ഷിതമാണ്.
AD 112 ല്‍ Pliny the Younger രാജാവായ ട്രാജന് എഴുതി: പ്രഭാതത്തിനുമുമ്പ് അവര്‍ (ക്രൈസ്തവര്‍) ഒരുമിച്ചുകൂടി മിശിഹാ ദൈവമാണ് എന്ന ഗീതം ആലപിക്കുന്നു. Carmen christo quasi Deo dicere; ഗീതങ്ങളിലൂടെ ക്രൈസ്തവര്‍ മിശിഹായുടെ ദൈവത്വം ഏറ്റുപറയുന്നു. സഭയുടെ പിറവിയോടുകൂടിയാണ് മിശിഹായുടെ ദൈവത്വം പ്രഘോഷിക്കാന്‍ തുടങ്ങിയത്.
നിഖ്യാ സൂനഹദോസ് (325) മിശിഹായുടെ ദൈവത്വവും മനുഷ്യത്വവും പൂര്‍ണമായി നിര്‍വചിച്ചു. അവിടുന്നു സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും പിതാവിനോടുകൂടെ ഏകസത്തയുമാണ്. പരിപൂര്‍ണമനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായി. മഹാനായ അത്തനേഷ്യസാണ് ഈ ദൈവശാസ്ത്രശൈലി പ്രദാനം ചെയ്തതും അതു വ്യാഖ്യാനിച്ചതും. ദൈവത്വത്തിന്റെ പൂര്‍ണത മുഴുവനും മിശിഹായില്‍ ഒന്നിക്കുന്നു.
നിഖ്യായുടെയും കാല്‍സിഡോണിന്റെയും (451) സാരസംഗ്രഹമാണ് കത്തോലിക്കാസഭയുടെ അടിസ്ഥാനപ്രബോധനം. മാര്‍ അപ്രേമിന്റെ ഗീതങ്ങളെല്ലാം മിശിഹായുടെ പൂര്‍ണമനുഷ്യത്വവും പൂര്‍ണദൈവത്വവും ഏകവ്യക്തിയില്‍ എങ്ങനെ കലര്‍പ്പില്ലാതെ വസിക്കുന്നു എന്നു വ്യക്തമാക്കുന്നു. ഒരു നൂറ്റാണ്ടുകൊണ്ടു സഭാമക്കള്‍ മിശിഹായുടെ ദൈവികതയിലുള്ള വിശ്വാസത്തില്‍ ആഴപ്പെട്ടു. ആരിയനിസത്തെ കീഴ്‌പ്പെടുത്തിക്കൊണ്ട് മിശിഹായുടെ ദൈവികതയെക്കുറിച്ചുള്ള ഡോഗ്മാ സഭയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായി. പാശ്ചാത്യ - പൗരസ്ത്യസഭകള്‍ ഒരുപോലെ ഈ പ്രബോധനത്തെ ഉള്‍ക്കൊണ്ടു.
ഈ ഡോഗ്മാ അവികലമായി പാലിക്കപ്പെടാന്‍ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും ഉണ്ടായി. ചിലപ്പോഴെങ്കിലും ഡോഗ്മാ ഒരു ബൗദ്ധികവ്യായാമം മാത്രമായി കരുതപ്പെടാന്‍ തുടങ്ങി. മിശിഹായുടെ ഏകവ്യക്തിത്വം, മിശിഹാ ഏക രക്ഷകന്‍ തുടങ്ങിയ കാര്യങ്ങള്‍ സൗകര്യാര്‍ത്ഥം വിട്ടുകളയാന്‍ ചിലരെങ്കിലും തയ്യാറായി. മിശിഹാ എനിക്ക് ആരാണ്, എന്താണ് എന്നതിലേക്കു മാത്രം ചിന്തകള്‍ ഒതുങ്ങി. മിശിഹാ അതില്‍ത്തന്നെ ആരാണ്, എന്താണ് എന്നതിലേക്കുള്ള ചിന്തകള്‍ പരിമിതപ്പെട്ടു. മിശിഹായെക്കുറിച്ചള്ള വസ്തുനിഷ്ഠവും സൈദ്ധാന്തികവുമായ പഠനങ്ങള്‍ വ്യക്തിനിഷ്ഠമായ നിരൂപണങ്ങള്‍ക്കു കീഴ്‌പ്പെട്ടു. ദാര്‍ശനികനായ ഇമ്മാനുവേല്‍ കാന്റ് പറഞ്ഞു: ''മിശിഹാ എന്ന വ്യക്തിയെക്കാള്‍ മിശിഹാ കൊണ്ടുവന്ന ധാര്‍മികനിലപാടു(moral ideal))കളാണു പ്രധാനപ്പെട്ടത്''. ക്രിസ്തീയതയെ ധാര്‍മികചിന്തകള്‍ മാത്രമായി ചുരുക്കുന്നത് ആപത്കരമാണ്. ക്രിസ്തീയാത്മീയത കേവലം ഒരു ദൈവാനുഭവമല്ല, ഈടുറ്റ ദൈവശാസ്ത്രമാണ്.
ഗാന്ധിജി: ''മനുഷ്യനായ ഈശോ ഈ ഭൂമുഖത്തു ജീവിച്ചിരുന്നതേയില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അത് അത്ര ഗൗനിക്കില്ല. സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് ഗ്രന്ഥകര്‍ത്താവിന്റെ ഭാവനയാണ് എന്നു കരുതിയാലും എനിക്ക് അദ്ഭുതമില്ല. എന്നെ സംബന്ധിച്ചിടത്തോളം മലയിലെ പ്രസംഗം എന്റെ ദൃഷ്ടിയില്‍ സത്യമാണ്!'' ഇതും മിശിഹായെക്കുറിച്ചുളള സമഗ്രദര്‍ശനം നല്കുന്നില്ല.
ദൈവശാസ്ത്രമേഖലയില്‍ R. Bult-mann ഒരു de - mythologization - മിത്ത് ഇല്ലാതാക്കുക - എന്ന കാഴ്ചപ്പാട് കൊണ്ടുവന്നു. മിശിഹായുടെ ദൈവികതയെ വീണ്ടും ചുരുക്കി. ക്രൈസ്റ്റ് എന്ന ഫോര്‍മുല തെറ്റാണ് എന്നു സ്ഥാപിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ക്രിസ്തീയതയെ ചെറുതാക്കി. അദ്ദേഹം വീണ്ടും പറഞ്ഞു: ''മിശിഹാ ദൈവമല്ല, എന്നാല്‍, മിശിഹായില്‍ ദൈവമുണ്ട്.'' ഇവിടെ നിഖ്യാ പഠിപ്പിച്ച ഡോഗ്മായില്‍നിന്ന് നമ്മള്‍ ഏറെ താഴെ പോവുകയാണ്. യഥാര്‍ത്ഥ സഭാമനസ്സാക്ഷി ഇത്തരം പഠനങ്ങളെ അവഗണിച്ചു തള്ളിക്കളയും. സഭയില്‍, സാധാരണക്കാരുടെ വിശ്വാസം ഏറ്റവും പ്രധാനപ്പെട്ടതാണ്. (Sensus fidelium, the sense of the faithful). വിശ്വാസികളുടെ നിലപാട് വളരെ പ്രധാനപ്പെട്ടതാണ്. ദൈവശാസ്ത്രത്തിന്റെ ഗ്രാമര്‍ എന്നുപോലും ഇത് അറിയപ്പെടുന്നു. പല പ്രതിസന്ധികളിലും സഭയെ പിടിച്ചുനിര്‍ത്തിയത് ദൈവജനത്തിന്റെ വിശ്വാസമാണ്. അല്മായരുടെ വിശ്വാസമാണ്, മാര്‍ഗനിര്‍ദേശകരുടെയും ബുദ്ധിമാന്മാരുടെയും നിരൂപകരുടെയും നിലപാടുകള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല.
മിശിഹാ പൂര്‍ണദൈവം
മിശിഹായുടെ ദൈവത്വത്തിലുള്ള വിശ്വാസത്തില്‍ നാം ആഴപ്പെടണം. ഈ അവബോധത്തില്‍ വിശ്വാസികള്‍ പ്രകാശിതരാകണം. ഇന്നും ഈശോയ്ക്കു മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തു പറയുന്നു എന്നതില്‍ അത്ര താത്പര്യമില്ല. നിരന്തരമായ ചോദ്യം നീ എന്നെക്കുറിച്ച് എന്തു പറയുന്നു (മത്താ. 16:17) എന്നു മാത്രമാണ്. സുവിശേഷങ്ങളില്‍നിന്നു നാം മനസ്സിലാക്കുന്നത് ഈശോയുടെ ദൈവികതയാണ്. 'ഭൂമിയില്‍ മനുഷ്യപുത്രനു പാപങ്ങള്‍ മോചിക്കാന്‍ അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനാണിത്' (മത്താ. 9:6). സര്‍വവും എന്റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തുവാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല (മത്താ. 11:27).
മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ് (മര്‍ക്കോ 2:28). മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടുംകൂടി മഹത്ത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും (മത്താ. 25:34). സുവിശേഷത്തിലെ ഓരോ താളും ഈശോയുടെ ദൈവികത പ്രസരിപ്പിക്കുന്നു.
വി. യോഹന്നാന്‍ ഈശോയുടെ ദൈവികത തന്റെ സുവിശേഷത്തിന്റെ കേന്ദ്രമാക്കി. ''എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് ഈശോ ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്'' (യോഹ. 20:31).
''ഞാന്‍ ഇവയെല്ലാം എഴുതിയതു ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്ക് നിത്യജീവനുണ്ട് എന്ന് നിങ്ങള്‍ അറിയേണ്ടതിനാണ്'' (യോഹ. 8:27). ദൈവപുത്രനിലുള്ള വിശ്വാസം മായാത്ത മുദ്ര പതിപ്പിക്കും. ''ഞാനും പിതാവും ഒന്നാണ്'' (യോഹ. 10:30).
ഒരുവന്‍ ഹൃദയംകൊണ്ടു വിശ്വസിക്കുന്നു - corde creditur. മിശിഹായുടെ ദൈവികതയില്‍ മായം ചേര്‍ക്കാനാവില്ല. ഈശോ മനുഷ്യനോ ദൈവമോ എന്നതല്ല, പൂര്‍ണദൈവവും പൂര്‍ണമനുഷ്യനും ആണെന്നതാണ് സത്യം. വിശ്വാസപ്രമാണത്തിന് credo എന്നാണല്ലോ പറയുന്നത്. ഹൃദയം കൊടുത്തു സമ്പാദിച്ചത് എന്നാണര്‍ത്ഥം. ചരിത്രത്തില്‍ നിരവധി ക്രിസ്തുവീക്ഷണങ്ങള്‍ ഉടലെടുത്തു. ദൈവവിചാരവും ബോധ്യവും ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന മനുഷ്യനാണ് ഈശോ. ഈശോ ദൈവികത സംവഹിക്കുന്ന മനുഷ്യനാണ്; ദൈവികത സ്ഥിരമായി വസിക്കുന്ന വ്യക്തിയാണ്. ഇത്തരം വിശദീകരണങ്ങളൊന്നും ക്രൈസ്തവവിശ്വാസത്തിന്റെ രഹസ്യാത്മകത വെളിപ്പെടുത്താനോ മിശിഹായുടെ ദൈവികത പൂര്‍ണമായി കാത്തുസൂക്ഷിക്കാനോ പറ്റുന്നതല്ല. ഇതിന്റെ കാരണം ഈശോതന്നെ വെളിപ്പെടുത്തുകയും യോഹന്നാന്‍ അതു വേണ്ടവിധം ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. ''സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല'' (യോഹ. 3:13). ദൈവം മനസ്സായാല്‍ മനുഷ്യനായി മാറാന്‍ കഴിയും, പക്ഷേ, മനുഷ്യന്‍ ആഗ്രഹിക്കുമ്പോഴൊക്കെ ദൈവമായി മാറ്റാനോ മാറാനോ ആവില്ല.
നമ്മുടെ വിശ്വാസത്തിനു ജീവിക്കുന്ന വിശദീകരണങ്ങള്‍ നല്‍കണം. വിശ്വാസം പുരാതനമോ ആധുനികമോ ആയ ഏതെങ്കിലും ഫോര്‍മുല ആവര്‍ത്തിക്കുകയല്ല. വി. പൗലോസ് പറയുന്നു, ''മനുഷ്യര്‍ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു'' (റോമ 10:10). വിശ്വാസം ഹൃദയത്തിന്റെ വേരുകളില്‍നിന്നാണു പൊട്ടിമുളയ്ക്കുന്നത് (വി. അഗസ്തിനോസ്). ഹൃദയത്തിലുള്ളതാണ് നമ്മള്‍ പ്രഘോഷിക്കുന്നത്. ഹൃദയത്തിലുള്ള വിശ്വാസത്തെ വ്യത്യസ്തങ്ങളായ തത്ത്വസംഹിതകള്‍കൊണ്ടു മറയ്ക്കപ്പെടുത്തരുത് (എഴുതപ്പെട്ട വിശ്വാസസംഹിതകള്‍ പ്രധാനപ്പെട്ടതാണ് Fides quae ); എന്നാല്‍ വ്യക്തിപരമായ വിശ്വാസമാണ് (Fides qua ) ഏറ്റവും പ്രധാനം. ഹൃദയത്തില്‍ ജന്മമെടുക്കുന്ന ഈ വിശ്വാസം ദൈവവുമായുള്ള ആഴമായ ഐക്യത്തില്‍നിന്നു വരുന്നതാണ്. ഈശോ ആവര്‍ത്തിച്ചു ചോദിക്കുന്നു: നീ വിശ്വസിക്കുന്നുവോ? (യോഹ. 9:35; യോഹ 11:26). ഉവ്വ്, നാഥാ ഞാന്‍ വിശ്വസിക്കുന്നു എന്ന ഉത്തരമാണ് ലഭിക്കുന്നത്.
ഈശോയുടെ ദൈവികതയാണ് വിശ്വാസത്തിന്റെ എവറസ്റ്റ്. കാലിത്തൊഴുത്തില്‍ പിറക്കുകയും കഴുതപ്പുറത്തു സഞ്ചരിക്കുകയും കുരിശില്‍ മരിക്കുകയും ചെയ്ത ഈശോയിലുള്ള വിശ്വാസം എന്നും വെല്ലുവിളിയാണ്. ഇത് വളരെ വിദൂരതയിലിരിക്കുന്ന ഒരു ദൈവത്തെക്കുറിച്ച്, എന്റെ ചിന്തകള്‍ക്ക് അനുസൃതമായി ഞാന്‍ രൂപപ്പെടുത്തുന്ന ഒരു ഈശോയില്‍നിന്ന് വളരെ വ്യത്യസ്തമാണ്. ഇവിടെയാണ് വിശ്വാസത്തിന്റെ ഏറ്റവും വലിയ തരംഗം. വിശ്വാസത്തിന്റെ വേരുകള്‍ ഹൃദയത്തിലാണെന്നത് നമ്മള്‍ വീണ്ടും കണ്ടെത്തണം. ഹൃദയങ്ങളുടെ ഉയര്‍ത്ത (sursum corda) ലാണ് യഥാര്‍ത്ഥ വിശ്വാസപ്രഘോഷണം.
മൂന്നാം ഭാഗം അടുത്ത ലക്കത്തില്‍