•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി ഇനി ഓര്‍മകളില്‍

മുതിര്‍ന്ന കഥകളിയാചാര്യനും നൃത്താധ്യാപകനും ആയിരുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ അരങ്ങൊഴിഞ്ഞു. കഥകളിയുടെ വടക്കന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രമുഖനായിരുന്നു. 
1916 ജൂണ്‍ 26 ന് കൊയിലാണ്ടി ചേലിയ കിണറ്റിന്‍കരവീട്ടില്‍ ചാത്തുക്കുട്ടിനായരുടെയും അമ്മുക്കുട്ടിയുടെയും മകനായാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ ജനനം. 
ബാല്യത്തില്‍ത്തന്നെ മാതാപിതാക്കന്മാര്‍ നഷ്ടപ്പെട്ട കുഞ്ഞിരാമന്‍നായര്‍ അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. നാട്ടിലെ പ്രധാന കോല്‍ക്കളി ആശാന്മാരായിരുന്നു അവര്‍. കുഞ്ഞിരാമന്‍നായരുടെ കലാരംഗത്തേക്കുള്ള പ്രവേശനത്തിന് ഇത് സഹായകമായി.
വാര്യംവീട് തറവാട്ടിലെ നാടകസംഘം അവതരിപ്പിച്ച വള്ളിത്തിരുമണം നാടകത്തിലെ തോഴിയെ അവതരിപ്പിച്ചാണ് കലാരംഗത്തു തുടക്കം കുറിച്ചത്. ആ നാടകത്തിന്റെ മുഖ്യസംഘാടകനായിരുന്ന പള്ളിക്കര ഗോവിന്ദമേനോനാണ് കുഞ്ഞിരാമന്‍നായരെ കഥകളിയിലേക്കു കൈപിടിച്ചു നടത്തിയത്. 
കഥകളി അഭ്യസിക്കുന്നതില്‍നിന്നു കാരണവന്മാര്‍ വിലക്കിയിട്ടും സഹോദരിയുടെ പക്കല്‍നിന്നു കടംവാങ്ങിയ നാലണയുമായി നാടുവിട്ട കുഞ്ഞിരാമന്‍നായര്‍ മേപ്പയൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തില്‍ ചേര്‍ന്നു. പാലക്കാട് കരുണാകരമേനോനായിരുന്നു ആദ്യഗുരു. കിരാതത്തിലെ പാഞ്ചാലിയായിരുന്നു അരങ്ങത്തെ ആദ്യവേഷം. കുചേലനും ദുര്യോധനനും കീചകനുമായെല്ലാം വേഷങ്ങള്‍ കെട്ടിയാടിയെങ്കിലും കൃഷ്ണവേഷത്തിലാണ് ശോഭിച്ചത്. 
ഗുരു കരുണാകരമേനോന്റെ മരണശേഷം, ഗാന്ധിശിഷ്യയായിരുന്ന കൗമുദിറ്റീച്ചറായിരുന്നു കുഞ്ഞിരാമന്‍ നായരുടെ കലായാത്രയില്‍ വഴികാട്ടിയായത്. കടത്തനാട്ട്  രാമവര്‍മ്മത്തമ്പുരാന്റെ മകളായിരുന്ന കൗമുദിറ്റീച്ചര്‍ തന്റെ വിദ്യാലയത്തിലെ കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കഥകളിയല്ലാതെ മറ്റൊരു നൃത്തരൂപവും അറിയില്ലായിരുന്ന ചേമഞ്ചേരി, കൗമുദിറ്റീച്ചറിന്റെ പ്രോത്സാഹനഫലമായാണ് പ്രശസ്തനര്‍ത്തകിയായിരുന്ന ബാലചന്ദ്രഭായിയില്‍നിന്നു ഭരതനാട്യം അഭ്യസിച്ചത്. 
കഥകളിയും മോഹിനിയാട്ടവും സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയ കേരളനടനം എന്ന കലാരൂപത്തിന്റെ രൂപകല്പനയിലും പ്രചാരണത്തിലും ഗുരു ഗോപിനാഥിനോടൊപ്പം കുഞ്ഞിരാമന്‍ നായര്‍ അക്ഷീണം പ്രവര്‍ത്തിച്ചു. 
1977 ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ക്കൊപ്പം പൂക്കാട് കലാലയവും 1983 ല്‍ ചേലിയ കഥകളി വിദ്യാലയവും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സ്ഥാപിച്ചു. കൃഷ്ണലീലയെന്ന കലാരൂപവും കണ്ണൂരിലെ ഭാരതീയ നൃത്തകലാലയവും കുഞ്ഞിരാമന്‍നായരുടെ പ്രയത്‌നഫലമായി പിറവികൊണ്ടവയാണ്. 
തലശ്ശേരി ഫെയറി സര്‍ക്കസിനുവേണ്ടി ചേമഞ്ചേരി ചിട്ടപ്പെടുത്തിയ കൃഷ്ണഗോപികാനൃത്തം പുതുമ നിറഞ്ഞ ഒരു നൃത്താവിഷ്‌കാരമായിരുന്നു. അറുപതോളം നൃത്തനാടകങ്ങള്‍ ചിട്ടപ്പെടുത്തി രംഗത്തവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ മിക്കതിലും പ്രധാന വേഷങ്ങള്‍  കൈകാര്യം ചെയ്യുകയും ചെയ്തു.
2017 ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി കുഞ്ഞിരാമന്‍നായരെ ആദരിച്ചു. 1979 ല്‍ നൃത്തത്തിനു സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1999 ല്‍ കഥകളിക്കും നൃത്തത്തിനും കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2001 ല്‍ കേരള കലാമണ്ഡലത്തിന്റെ വിശിഷ്ടസേവന പുരസ്‌കാരം, കലാമണ്ഡലം ഏര്‍പ്പെടുത്തിയ കലാരത്‌നം അവാര്‍ഡ്, കേന്ദ്ര സാമൂഹ്യനീതിവകുപ്പിന്റെ വയോശ്രേഷ്ഠപുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു. 2002 ല്‍ കൊച്ചി കേരളദര്‍പ്പണം നാട്യകുലപതിയായി പ്രഖ്യാപിച്ചു. പത്തുവര്‍ഷം കേരള ഗവണ്‍മെന്റ് നടനഭൂഷണം എക്‌സാമിനറായും ഒരു വര്‍ഷം കേരളകലാമണ്ഡലം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും ഒരു വര്‍ഷം സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)