•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മൗനം വാചാലമാക്കിയ നീതിമാന്‍

നാനാതരത്തിലുള്ള നാശനഷ്ടങ്ങളുടെയും നൊമ്പരങ്ങളുടെയും നിരാശയുടെയും നിലയില്ലാക്കയത്തില്‍ നീന്തിത്തളര്‍ന്ന നിമിഷങ്ങളിലും നല്ല ദൈവത്തെ പഴിപറയാതെ പഴയ നിയമത്തിലെ പതിറ്റവരുടെ പിതാവ് ഇപ്രകാരം ചോദിച്ചു: ''ദൈവദൃഷ്ടിയില്‍ നീതിജ്ഞരായിരിക്കാന്‍ നരരില്‍ ആര്‍ക്കാവും?'' (ജോബ് 4:17). നൂറ്റാണ്ടുകള്‍ക്കുശേഷം പാവനാത്മാവിനാല്‍ പ്രേരിതനായി സുവിശേഷകന്‍ നസറത്തിലെ ഒരുരുനാട്ടാശാരിയെ സ്മരിച്ചുകൊണ്ട് പ്രസ്തുത ചോദ്യത്തിന്നുഉത്തരമെന്നവണ്ണം സാക്ഷ്യപ്പെടുത്തി: ''ജോസഫ് നീതിമാനായിരുന്നു'' (മത്താ. 1:19). ഏറെയൊന്നും ആരും അവനെക്കുറിച്ച് എഴുതിയില്ല. എങ്കിലും, 'നീതിമാന്‍' എന്ന ഏകവാക്കില്‍ ആ സാത്വികന്റെ സംഭവബഹുലമായ ജീവചരിതം സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. വിശ്വവിമോചകന്റെ വളര്‍ത്തച്ഛനായിരുന്ന ആ വലിയ മനുഷ്യനെപ്പറ്റിയുള്ള വിശുദ്ധഗ്രന്ഥവര്‍ണന ഇത്ര ശുഷ്‌കമായിപ്പോയതില്‍ ശങ്കിക്കേണ്ടതില്ല. വിശിഷ്ടജന്മങ്ങള്‍ക്കു വിശേഷണങ്ങള്‍ അധികം ആവശ്യമില്ലല്ലോ? അവരുടെ ആന്തരികമേന്മ അക്ഷരക്കൂട്ടുകളുടെ അര്‍ത്ഥങ്ങള്‍ക്കും അതീതമാണ്.
നസറത്തിലെ ജോസഫ് രാജവംശജനായിരുന്നെങ്കിലും അവന്റെ കരയിണകളില്‍ ഉളിയും കൊട്ടുവടിയുമാണു കൂട്ടിനുണ്ടായിരുന്നത്. കാലുകളില്‍ കനകമെതിയടികള്‍ക്കു പകരം തേഞ്ഞുതുടങ്ങിയ തോല്‍ച്ചെരിപ്പ്. തങ്കക്കിരീടത്തിനു  പകരം മരപ്പൊടിമണമുള്ള തലപ്പാവ്. അരയില്‍ അങ്കവാളിനു പകരം അളവുകോല്‍. പരിമളം പൂശിയ പട്ടുകുപ്പായങ്ങള്‍ക്കു പകരം വിയര്‍പ്പിന്റെ വാസനയുള്ള വേലവസ്ത്രം. പിന്നെയെന്തായിരുന്നുരുആ മരയാശാരിയുടെ മഹത്ത്വം? എന്തായിരുന്നു അവന്റെ നീതിയുടെ നിദാനം? ഒരു വരിയില്‍ ഒതുക്കിപ്പറഞ്ഞാല്‍ ഉത്തരം ഇങ്ങനെയാകാമെന്നുന്നുതോന്നുന്നു: നീതിസ്വരൂപനും സത്യവാനുമായ ദൈവത്തിന്റെ (ദിന. 32:4) പൂഴിമണ്ണിലെ പാദമുദ്രയായിരുന്നുരുഅവന്‍. അപരന്‍ അര്‍ഹിക്കുന്നത് അവന്നുഅളന്നുകൊടുക്കുക  എന്നതാണ്ണുലോകനീതിയെങ്കില്‍, അപരന് അനര്‍ഹമായിട്ടുള്ളതുപോലും അളവുകളില്ലാതെ കൊടുക്കുക എന്ന സ്വര്‍ഗനീതിയെ ജോസഫ് സ്വജീവിതശൈലിയാക്കി അഭ്യസിച്ചു. കൈയിലുണ്ടായിരുന്നവയെല്ലാം കര്‍ത്താവിനും കുടുംബത്തിനും കണ്ടവര്‍ക്കെല്ലാവര്‍ക്കും അവന്‍ കണ്ണടച്ചുകൊടുത്തു.
നീതിസൂര്യനായ ദൈവത്തെ ചന്ദ്രബിംബത്തെപ്പോലെ ചുറ്റിസഞ്ചരിച്ച് ആ പ്രഭാസ്രോതസ്സില്‍നിന്നു തേജസ്സു സ്വാംശീകരിച്ച് പ്രതിദിനജീവിതത്തില്‍ പ്രതിഫലിപ്പിച്ചു. സ്വര്‍ഗഹിതത്തെ സ്വന്തഹിതമാക്കി. ദൈവേഷ്ടത്തിന്റെ ദിവ്യാള്‍ത്താരയില്‍ സകലതും സമര്‍പ്പിച്ചു. നശ്വരമായ നരജന്മത്തളികയില്‍ പിച്ചയായിക്കിട്ടിയ പുരുഷായുസ്സ് പൂര്‍ണമായും സ്വന്തമല്ലാതിരുന്ന സ്വപ്നങ്ങള്‍ക്കും, പൊരുളറിയാത്ത പദ്ധതികള്‍ക്കുമായി പണയപ്പെടുത്തി. കര്‍ത്താവിന്റെ കിനാവുകളിലും, നിനവുകളിലും സ്ഥാനം സുസ്ഥിരമാക്കി. കൈമുതലെന്നുന്നു പറയാന്‍ കേവലമൊരു പകല്‍ക്കിനാവുപോലുമില്ലായിരുന്നു കാരണം, അവന്‍ കണ്ടവയിലൊന്നുപോലും അവന്റെതായിരുന്നില്ല, പിന്നെയോ, മനുഷ്യരക്ഷയെപ്രതി ദൈവത്തിന്റെ മിഴിവല്ലികളില്‍ മൊട്ടിട്ടവയായിരുന്നു. അവയിലൊക്കെ വെറുമൊരുരുവേഷമിടാന്‍ അവന്‍ വിളിക്കപ്പെട്ടു എന്നുന്നുമാത്രം. അതിനാല്‍, ദൈവത്തിന്റെ തിരുവുള്ളച്ചിറകുകളില്‍ തന്റെ തളിര്‍ക്കിനാക്കള്‍ തൂവലുകളായി തുന്നിച്ചേര്‍ത്തുവച്ച് അവിടുത്തേക്കിഷ്ടമുള്ള ദിക്കുകളിലേക്കും ദേശങ്ങളിലേക്കും വഹിച്ചുകൊണ്ടുപോകാന്‍ വിട്ടുകൊടുത്തു. സ്വപ്നങ്ങളിലെ സന്ദേശങ്ങളെ വിശകലനം ചെയ്യാനല്ല, അവയില്‍ വിശ്വാസം നിക്ഷേപിക്കാനാണ്ണുഅവന്‍ പരിശ്രമിച്ചത്. സമയാസമയങ്ങളില്‍ ദൈവം ചുരുളഴിച്ചുകൊടുത്ത രക്ഷാകരരഹസ്യങ്ങളുടെ അന്തസാരങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാതെതന്നെ അവയുടെ ദാതാവിന്നുസ്വയം അടിയറവുവച്ചു. അത്യുന്നതന്റെ ആഗ്രഹങ്ങള്‍ക്കടിമപ്പെട്ടുകൊണ്ട് പരിശുദ്ധ അമ്മ അരുള്‍ ചെയ്ത ആദ്യത്തെ 'ആമ്മേന്‍' പോലെതന്നെ മാനവലോകത്തിന്റെ മോചനചരിത്രത്തില്‍ മഹത്തരമായിരുന്നു ആ മരപ്പണിക്കാരന്റെ മൗനസമ്മതവും.
വിശുദ്ധ വെളിപാടുകളുടെ വെള്ളിപ്പാളങ്ങളിലൂടെ ചിരപ്രയാണം ചെയ്തതിനാല്‍ അവന്റെ പദ്ധതികളൊന്നും പതിരിടപോലും പാളിപ്പോയില്ല. തന്റെ പ്രയത്‌നങ്ങളെ പരംപൊരുളായവന്റെ പരിപാലനയ്ക്കു പ്രതിഷ്ഠിച്ചതിനാല്‍ അവയെല്ലാംതന്നെ ഫലമണിഞ്ഞു. കാവലായിരുന്ന കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ പ്രത്യാശയര്‍പ്പിച്ചതിനാല്‍ അവന്റെ കാലുകള്‍കുകുടുക്കില്‍പ്പെട്ടില്ല. സര്‍വശക്തനുനുസദാ സ്വീകാര്യനായിരുന്ന അവന്റെ അധരങ്ങളിലും ആലോചനകളിലും ദൈവനിശ്ചയംകുകുടികൊണ്ടിരുന്നു. കുശവനായ കര്‍ത്താവിന്റെ കരവിരുതില്‍ കമനീയമായി കടഞ്ഞെടുക്കപ്പെട്ട കളിമണ്‍കലശമായിരുന്നുരുആ കരുണാമയന്‍.
വേളിക്കുമുമ്പേ വയറ്റിലുള്ളവളും, തന്മൂലം തിരസ്‌കൃതയുമായി മാറിയ മറിയമെന്ന നാടന്‍പെണ്ണിനുനുനാട്ടുക്കൂട്ടം നല്കുമായിരുന്ന ശാസനങ്ങളില്‍നിന്നും ശിക്ഷകളില്‍നിന്നും ശരണമേകാന്‍ സാധുവായ ഒരു സത്രം സൂക്ഷിപ്പുകാരന്റെ വേഷം സസന്തോഷം അവന്‍ സ്വീകരിച്ചു. കര്‍ത്താവ് കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടു കൊടുത്ത കുരിശുകളെ കൂസലുകൂടാതെ ഒരുരുകഴുതയെപ്പോലെ ചുമന്നു. പ്രതിസന്ധികളുടെ പരിണതഫലങ്ങളെക്കുറിച്ചു ചിന്തിക്കാതെ ചങ്കൂറ്റത്തോടെ അവയെ ആ തടിപ്പണിക്കാരന്‍ തരണം ചെയ്തു. ശത്രുകോപത്തില്‍നിന്നു ശിശുവിനെ രക്ഷിക്കാന്‍ ഉള്ളിന്റെയുള്ളില്‍ ഉത്കണ്ഠകളുടെ ഉമിത്തീയുമായി പരദേശത്തേക്കു പലായനം ചെയ്തപ്പോഴും പരാതികളോ പരിഭവങ്ങളോ ആ പാവത്തിനില്ലായിരുന്നു. അരുമസുതനും അമ്മയ്ക്കും അവസാനംവരെ സ്‌നേഹവും സന്തോഷവും വാത്സല്യവും വാരിക്കോരിക്കൊടുത്തു. അവരിവരും തന്റേതുമാത്രമല്ലെന്നറിയാമായിരുന്നിട്ടും അന്നവും അഭയവും നല്കി. അവരുടെ സംതൃപ്തിയായിരുന്നുരുആ സാധുശീലന്റെ സമ്പാദ്യവും സാഫല്യവും. പ്രാര്‍ത്ഥിക്കാനും പ്രായത്തിലും ജ്ഞാനത്തിലും പ്രീതിയിലും വളര്‍ന്നുവരാനും പുത്രനെ പഠിപ്പിച്ചു. ഒഴിവുവേളകളില്‍ സഹധര്‍മിണിയെ വീട്ടുവേലകളില്‍ സഹായിച്ചു. മിഴികള്‍ മയങ്ങാതെയും നടുവു നിവര്‍ത്താതെയും കുടുംബത്തിനുവേണ്ടി കഠിനവേല ചെയ്തതിനാല്‍ അവന്റെ ശരീരത്തിന്നുആരോഗ്യവും, അസ്ഥികള്‍ക്ക് അനായാസതയും ആവോളമുണ്ടായിരുന്നു. വിശപ്പ് അനുഭവിക്കാന്‍ ഇടയനായ കര്‍ത്താവ് അവന് ഇടവരുത്തിയില്ല. ദൈവസൂനുവിന്റെ ദിവ്യദേഹത്തെ പാലിച്ച പാരിലെ പ്രഥമസക്രാരിയായ കന്യാമറിയത്തിന്റെയരികില്‍ കത്തിനിന്ന കെടാവിളക്കായിരുന്നുരുആ കളങ്കരഹിതന്‍. പതിവ്രതയും പരിശുദ്ധയുമായിരുന്ന മറിയത്തിന്റെ മിഴിദര്‍പ്പണങ്ങളില്‍ നീതിയുടെ നരാകാരമായി പ്രതിബിംബിച്ചുനിന്ന അവനെ അനുനിമിഷം കണ്ടുകൊണ്ടിരുന്നതിനാലാകാം ആ കന്യകയ്ക്ക് 'നീതിയുടെ നിലക്കണ്ണാടി' (ങശൃൃീൃ ീള ഖൗേെശരല) എന്ന മറുനാമം നല്കപ്പെട്ടത്.
നീതിയെ അവന്‍ ഒരിക്കലും ബലികഴിച്ചില്ല. മനസ്സാക്ഷിയുടെ മര്‍മരങ്ങളെ മാനിച്ചിരുന്ന ആ മര്യാദക്കാരന്റെ നാഡികളില്‍ നേരിന്റെ നീരോട്ടവും, നയനങ്ങളില്‍ നിര്‍മലതയുടെ നീലിമയുമുണ്ടായിരുന്നു. സത്യസന്ധവും സുകൃതനിര്‍ഭരവുമായ ജീവിതം സ്വന്തമുണ്ടായിരുന്ന അവന്റെ വക്ഷസ്സിനുള്ളിലെ വറ്റാത്ത നീരുറവയില്‍നിന്ന് സത്യന്യായധര്‍മാദികള്‍ നിര്‍ഝരികളായി നിറഞ്ഞൊഴുകിയിരുന്നു. സത്യവും ധര്‍മവും നീതിയും ആ സമര്‍പ്പിതന്റെ വ്രതത്രയമായിരുന്നു. നീതിരഹിതമായി അവന്‍ ഒന്നും നേടിയില്ല. നീതിയെ നിധി പോലെ കാത്തു. കള്ളത്തോതുകളോ, കപടക്കണക്കുകളോ കൈവശമില്ലായിരുന്നു. ദുര്‍ഭാഷികളില്‍നിന്നും ദുര്‍മാര്‍ഗികളില്‍നിന്നും ദൂരെ നിന്നതിനാല്‍ ധര്‍മിഷ്ഠരെയും നീതിജ്ഞരെയും കാക്കുന്ന കര്‍ത്താവ് അവന്റെ കോട്ടയായി നിലകൊണ്ടു.
'നിറകുടം തുളുമ്പില്ല' എന്ന ചൊല്ല് ആ ജീവിതത്തില്‍ സാര്‍ത്ഥകമായി. സത്യവാനായിരുന്നതിനാല്‍ സര്‍വശക്തന്റെ സൗഹൃദത്തിലായിരുന്ന അവന്റെ പാതകള്‍ പൂര്‍വാഹ്നത്തിലെ പൊന്‍വെയില്‍പോലെ പ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരുന്നു (സുഭാ. 4:18). നല്ലവ നിനച്ചു; പഥ്യമായവ പറഞ്ഞു; ചന്തമുള്ളവ ചെയ്തു. അതുകൊണ്ടുതന്നെ, അവന്റെ നെഞ്ചറയില്‍ നന്മയുടെ നെന്മണികള്‍ നിറഞ്ഞുകൂടി. പൊയ്മുഖങ്ങളണിഞ്ഞില്ല. കാപട്യത്തെ കാംക്ഷിച്ചില്ല. ആയതിനാല്‍ പ്രതിദിനം പുഷ്ടിപ്രാപിച്ചിരുന്ന അവന്റെ ഭവനത്തില്‍ ഐശ്വര്യത്തിന്റെ ഭദ്രദീപം എപ്പോഴും ജ്വലിച്ചുനിന്നു. ആ തച്ചനെ തിന്മ തീണ്ടിയതേയില്ല.
അക്ഷരജ്ഞാനം അധികമില്ലായിരുന്നെങ്കിലും അനുഭവജ്ഞാനം അവന്നുആവശ്യത്തിലേറെയുണ്ടായിരുന്നു. നിന്ദനങ്ങളുടെ നടുക്കടലിലും ജീവിതനൗകയില്‍ നീതിയുടെ നങ്കൂരമിട്ടു കിടന്നു. കഷ്ടപ്പാടുകളുടെ കല്‍ച്ചീളുകളും മനോവേദനകളുടെ മുള്ളുകളും നിറഞ്ഞ നിരത്തുകളിലൂടെ നീങ്ങാനായിരുന്നുരുആ നിര്‍ദോഷിക്കിഷ്ടം. വിശുദ്ധമായതൊന്നും വിദൂരസ്ഥമാകാനോ കാതലുള്ളതൊന്നും കളഞ്ഞുപോകാനോ അവന്‍ അനുവദിച്ചില്ല. ചെയ്യാന്‍ കഴിഞ്ഞിരുന്ന നന്മകള്‍ അവയ്ക്കര്‍ഹരായിരുന്ന ആര്‍ക്കും അവന്‍ നിഷേധിച്ചില്ല. വിശ്വസിച്ചവരെ വഞ്ചിച്ചില്ല. നിര്‍ലോപം ദാനം ചെയ്തു. അങ്ങനെ, ദൈവത്തിനുള്ളത് ദൈവത്തിനും, മനുഷ്യര്‍ക്കുള്ളത് മനുഷ്യര്‍ക്കും (മര്‍ക്കോ. 12:17) പകുത്തുകൊടുത്ത ആ കൂലിപ്പണിക്കാരന്റെ കരളില്‍ കര്‍ത്താവിന്റെ കൈയൊപ്പ് പതിഞ്ഞുകിടന്നിരുന്നു. അനശ്വരജീവന്റെ അവകാശിയായി വാനിടത്തില്‍ വളര്‍ത്തുമകന്‍ ഒരുക്കിവച്ച വാസയിടങ്ങളിലൊന്നില്‍ ആ വന്ദ്യപിതാവ് വാഴുന്നു.
നീതിമാന്മാരെ സ്മരിക്കുന്നത് അനുഗ്രഹമാണ് (സുഭാ. 10:7). നസറത്തിലെ ജോസഫ് എന്ന നീതിമാന്റെ പിന്‍തലമുറക്കാരായ നാമും നീതിയില്‍ നിലനിന്നാല്‍ സ്വര്‍ഗഭാഗ്യം നേടും. നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുമ്പോള്‍ നമുക്കും സംതൃപ്തി സമ്മാനിക്കപ്പെടും (മത്താ.5:6). ആകയാല്‍, നീതി ശീലിക്കാനുള്ള വേദഗ്രന്ഥത്തിന്റെ വിളി (സുഭാ. 1:3) സ്വീകരിക്കാം. നീതിയില്‍ നിവസിക്കുകയെന്നാല്‍ യേശുവില്‍ ജീവിക്കുകയെന്നത്രേ. കാരണം, അവനാണ് നമ്മുടെ നീതി (1 കൊറി. 1:30).

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)