•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നോമ്പിനെക്കാള്‍ വലുതാണ് നോവിന്റെ മക്കള്‍

താപസവഴി ഒരു മരുഭൂമിസഞ്ചാരമാണ്! ഇല്ലായ്മകളുടെയും ഒപ്പം പ്രലോഭനങ്ങളുടെയും മരുഭൂമിയിലെ ഞെരുക്കങ്ങള്‍ തിരിച്ചറിയുന്ന ഇടങ്ങള്‍! സകലവിധ ഭൗമികതകളെയും മുന്നിലെത്തിക്കുകയും  അവയെ അഭൗമികമായി നേരിടുകയും ചെയ്യുന്ന വിശുദ്ധിയുടെ വിചാരങ്ങള്‍ ഉള്ളില്‍ ഉറഞ്ഞുകൂടുന്ന അപൂര്‍വതയുടെ ദിനങ്ങളാണ്  നോമ്പുകാലം! 
നമുക്കെല്ലാം ഒരു വന്ന വഴിയുണ്ട്. പുറപ്പെട്ടുപോന്ന താന്താങ്ങളുടെ 'ദേശ'ത്തേക്കുള്ള ഒരു മടങ്ങിപ്പോക്ക് അത്യാവശ്യമായിരിക്കുന്നു. പലതിനും പുനരാലോചന വേണമെന്നു സാരം. കുരിശു താങ്ങുന്ന  ഒരു ശിമയോനാകുന്നതിലേക്ക് നമ്മുടെ നോമ്പെടുപ്പ് വിശാലമാകുമ്പോഴാണ് നമ്മുടെ മനസ്സിന്റെ ഉള്ളറകളില്‍ ദൈവം ഉപവിഷ്ടനാകുന്നതും ദൈവത്തോടു ചേര്‍ന്ന് നമ്മുടെ ജീവിതം പച്ച പിടിക്കുന്നതും. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റുന്ന നൊമ്പരമുണ്ടല്ലോ - അതാണു നാം ഏറ്റെടുക്കേണ്ടത്.
ആധുനികജീവിതസാഹചര്യത്തില്‍ നോമ്പുകാലം ചോദ്യചിഹ്നമുയര്‍ത്തുന്നുണ്ടാവാം. എന്തിനീ ഉപേക്ഷകള്‍? എവിടെയാണ് ദൈവമിരിക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് സ്വയം ശൂന്യമാകുന്നത്? ഇങ്ങനെ നോമ്പിനും ഉപവാസത്തിനുമെതിരേ 'കാലം' സംസാരിച്ചുതുടങ്ങിയിരിക്കുന്നു. നിശ്ചിതകാലം ചില ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപേക്ഷയും അതിനുശേഷം ഇതേ ഭക്ഷണങ്ങളുടെ ആഴക്കടലില്‍ മുങ്ങുന്നതുമാണ് നോമ്പെന്ന ധാരണയാണു പലര്‍ക്കും. ഉപേക്ഷിക്കുന്നതൊക്കെ അപേക്ഷകളുടെ ഉത്തരമായി അപരനിലോ ആവശ്യക്കാരനിലോ എത്തുന്നതിലാണ് നോമ്പിന്റെ കനം അടങ്ങുന്നത്. മാറ്റി വയ്ക്കുന്നതൊക്കെ മാറ്റമില്ലാതെ മടങ്ങിയെത്തുമ്പോള്‍ നമ്മിലെ ആത്മാവിന്റെ സഞ്ചാരം ഇടുങ്ങിയ വഴിയില്‍ത്തന്നെയോ? സമൂഹത്തിന്റെ ചില വീക്ഷണങ്ങളോടു സമരസപ്പെടുന്ന അവസരവാദമായി നോമ്പെടുപ്പു മാറിയാല്‍ പിന്നെന്തു താപസസഞ്ചാരം? 
ആത്മാര്‍ത്ഥത ആത്മാവിന്റെ മുഖമാണെന്നാണു പറയുക. അതു ശരിയുമാണ്. ഇന്ന് നാം കണ്ടുമുട്ടാനാഗ്രഹിക്കുന്നതും ഇത്തരം മുഖങ്ങളെയാണ്. പൊയ്മുഖങ്ങളെക്കണ്ട് പൊറുതിമുട്ടുമ്പോഴും നമ്മുടെ മുഖം യേശുവിന്റെ മുഖത്തോടു ചേര്‍ത്തുനിര്‍ത്തുന്ന 'കുരിശെടുപ്പ്' സ്വന്തമാക്കണം. കുരിശു തരുന്നവരോടുള്ള മനോഭാവങ്ങള്‍ ക്രൂശിതന്റേതാകുമ്പോഴാണ് നമ്മിലെ മനുഷ്യന്‍ ദൈവികതയുടെ ഇടം തേടുന്നവരാകുന്നത്! സന്മാര്‍ഗ്ഗത്തില്‍ ചരിക്കുമ്പോഴാണ് സദ്ഗുണസമ്പന്നരാകാനും നല്ല മനസ്സിന്റെ ഉടമകളാകാനും സാധിക്കുക; അതിനുപക്ഷേ, ചുറ്റുവട്ട സമ്മര്‍ദങ്ങളെ അതിജീവിക്കേണ്ടതുണ്ട്.  ഈ അതിജീവനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് തപസ്സിലൂടെ നാം സാധിക്കുന്നത്. സകലവിധ വൈരുധ്യങ്ങള്‍ക്കും നടുവില്‍ ദൈവാത്മാവിന്റെ നിറവില്‍ ജീവിക്കാനുള്ള ആര്‍ജവം നേടുക, അത്രതന്നെ.
സ്വാതന്ത്ര്യം നല്കിയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. ജീവനും മരണവും നമുക്കു മുമ്പില്‍ വച്ചിരിക്കുന്നു. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. പക്ഷേ, ഈ ഇഷ്ടത്തിന്റെ തിരഞ്ഞെടുപ്പ് ദൈവേഷ്ടത്തിലേക്കു ചേര്‍ന്നുനില്ക്കണമെന്നു മാത്രം. മാറ്റുകൂട്ടുന്നത് അഗ്നികൊണ്ടാണെന്നതു നിശ്ചയം. എന്നു പറഞ്ഞാല്‍ ഒരു അഗ്നിയാത്രയ്‌ക്കൊടുവിലാണ് ജീവന്റെ സൂക്ഷിപ്പിരിക്കുന്നത്. ശിശുവിനെപ്പോലെ ചെറുതാകാനും സമ്പത്തു വിറ്റ് ദരിദ്രര്‍ക്കു പങ്കുവച്ച് പൂര്‍ണരാകുവാനും ശ്രമിക്കുന്നതില്‍ ഒരു അഗ്നിയുടെ ചൂടു തിരിച്ചറിയാം. 'വിധി'യെന്ന വെറും വാക്ക് പറഞ്ഞ് ആധുനികമനുഷ്യര്‍ ജീവന്റെ വിലയില്‍നിന്നു മാറി നിന്ന് നിസ്സംഗരാകുന്നതിലെ 'അഗ്നി'യും തിരിച്ചറിയണം. മാറ്റമാകാനും മാറ്റുകൂട്ടാനുമാകുന്ന അഗ്നിയും മരണം പതിയിരിക്കുന്ന അഗ്നിയും തിരിച്ചറിയാനുള്ള കാലംകൂടിയാണ് നോമ്പുകാലം. നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ഏതു ദിശയിലേക്കു നമ്മുടെ ജീവിതത്തെ വഴിമാറ്റുന്നുവെന്നു ശ്രദ്ധിക്കണം. ജീവന്റെ കൂട്ടിരിപ്പും ജാഗ്രതയുടെ പ്രാര്‍ത്ഥനയും വിശ്വാസത്തിന്റെ ദൃഢതയും നമുക്കൊപ്പമുണ്ടാകണം; അതിനായി ദൈവത്തോടു ചേര്‍ന്നിരിക്കണം, ഉപാസകരാകണം. 
തന്നിഷ്ടങ്ങളുടെ സൈബര്‍ യുഗത്തില്‍ നന്മയുടെ തിരഞ്ഞെടുപ്പ് അഗ്നിയിലൂടെ സഞ്ചരിക്കുന്നതിനു സമാനമാണ്. അഹിംസയും അടിമത്തവും തിരിച്ചറിഞ്ഞു ജീവിക്കണം. ആത്മീയതയുടെ അന്തസ്സത്തയെ ഉള്‍ക്കൊണ്ട് ആത്മധൈര്യവും ആത്മവിശ്വാസവും സ്വന്തമാക്കണം. ജീവനും മരണവും മുന്നിലുള്ളപ്പോള്‍ ജീവന്റെ തിരഞ്ഞെടുപ്പിനായി, അഗ്നിശുദ്ധിക്കായി നോമ്പിനെ പിന്തുടരണം. വിധിയെന്നു പറഞ്ഞ് എന്തിനെയും മാറ്റിനിര്‍ത്താതെ ദൈവത്തിന്റെ പദ്ധതിയെന്തെന്ന് അന്വേഷിക്കാനുള്ള മൗനത്തിന്റെ നാളുകളുംകൂടിയാണു തപസ്സുകാലം. പ്രാര്‍ത്ഥനയില്‍ ദൈവവുമായി സംഭാഷണത്തിലാകാനുള്ള ഒരു കാല്‍വരിയാത്ര!
എല്ലാമായവന്‍ ഒന്നുമല്ലാത്തവനെപ്പോലെ ശൂന്യവത്കരിക്കുന്നുവെന്നും നമ്മെക്കാളും വലിയവരാണ് മുന്നിലെത്തുന്ന സകലരുമെന്നും തിരിച്ചറിവുണ്ടാകണം. 'മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ'' (മര്‍ക്കോ. 10:45).
നിത്യജീവനിലേക്കും നിത്യശിക്ഷയിലേക്കുമുള്ള പ്രവേശനകവാടത്തിലെ ചോദ്യവും ഉത്തരവും ആശങ്കയുമൊക്കെ നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുന്നതാകണം. മനുഷ്യപുത്രന്‍ മഹത്ത്വത്തിന്റെ സിംഹാസനത്തിലിരുന്ന് പറയുന്നത് നോമ്പുകാലത്ത് പ്രത്യേകം ചിന്തനീയമാണ്. ..''എനിക്കു വിശന്നപ്പോള്‍ ... എനിക്കു ദാഹിച്ചപ്പോള്‍...ഞാന്‍ പരദേശിയായിരുന്നപ്പോള്‍... ഞാന്‍ നഗ്നനായിരുന്നപ്പോള്‍... രോഗിയായിരുന്നപ്പോള്‍... കാരാഗൃഹത്തിലായിരുന്നപ്പോള്‍... എന്നിങ്ങനെ 'ഞാന്‍' നിങ്ങള്‍ക്കു മുന്നിലെത്തിയപ്പോള്‍ എന്നാണ് മനുഷ്യപുത്രന്‍ വിധിവാചകത്തില്‍ പറഞ്ഞുതുടങ്ങുന്നത്. പക്ഷേ, കേട്ടുനിന്നവരെല്ലാം ചോദിക്കുന്നു: 'നീ എപ്പോള്‍ എന്റെ മുന്നില്‍ വന്നു കര്‍ത്താവേ...?' എപ്പോള്‍ എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. കര്‍ത്താവു മുന്നിലെത്തുന്ന സമയം തിരിച്ചറിയുമ്പോഴാണ് സ്വര്‍ഗത്തിന്റെ പുസ്തകത്തില്‍ നമ്മുടെ അടയാളങ്ങള്‍ പതിയുന്നത്. ഇല്ലാത്തവര്‍ക്കു നല്കുമ്പോള്‍ കര്‍ത്താവിനാണു നല്കുന്നത്. ഇല്ലാത്തവനിലും ഇല്ലായ്മയിലുമാണ് കര്‍ത്താവിന്റെ സാന്നിധ്യമെന്നത് നോമ്പുകാലപ്രബോധനമാകണം. നോമ്പിന്റെ പൂര്‍ണതയിലും അശരണരുടെ ആലംബമാകുന്നതിലാണ് താപസരുടെ സഞ്ചാരം സാര്‍ത്ഥകമാകുന്നതെന്ന് സാരം! അപരനെ തിരിച്ചറിയാനുള്ള ഹൃദയപരമാര്‍ത്ഥതയ്ക്കായി ഒരുങ്ങണം, പ്രാര്‍ത്ഥിക്കണം. നൊമ്പരമറിയുന്നവര്‍ക്ക് നോവിന്റെ മക്കളെ തിരിച്ചറിയാനും കഴിയണം. നമ്മില്‍ ദൈവം വസിക്കുന്നെങ്കില്‍ അപരനിലെ ദൈവപരിപാലന തിരിച്ചറിയാനാകും!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)