മഹാമാരിയുടെ കാലത്തും നല്ല സിനിമകളോടുള്ള മലയാളിയുടെ മമതയ്ക്കു കുറവില്ല. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) രജതജൂബിലിപ്പതിപ്പ് അതിജീവനകാലത്തു സിനിമാക്കാഴ്ചകളുടെ പുത്തനനുഭവമാണു മലയാളിക്കു സമ്മാനിച്ചത്.
കൊവിഡ് പശ്ചാത്തലത്തില്‍ നാലു നഗരങ്ങളിലായി ക്രമീകരിച്ച രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പ് ഫെബ്രുവരി 17 മുതല്‍ 21 വരെയാണു നടന്നത്.
46 രാജ്യങ്ങള്‍ 80 സിനിമകള്‍
കൊച്ചിയിലെ ആറു തിയേറ്ററുകളിലായി 46 രാജ്യങ്ങളില്‍നിന്നുള്ള 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരുക്കിയ മേളയുടെ മുഖ്യവേദി എറണാകുളം സരിത തിയേറ്ററായിരുന്നു. സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ തിയേറ്ററുകളിലും സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം കോ വാഡിസ് ഐഡയായിരുന്നു കൊച്ചിയിലെ മേളയുടെ ഉദ്ഘാടനചിത്രം. ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രം, മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
21 വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചിയില്‍
1999 ഏപ്രില്‍ മൂന്നുമുതല്‍ പത്തു വരെ നാലാമത് ഐഎഫ്എഫ്‌കെയ്ക്കാണ് കൊച്ചി മുമ്പു വേദിയായത്. ചലച്ചിത്രകലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1998 ല്‍ ചലച്ചിത്ര അക്കാദമിക്കു രൂപം നല്‍കിയതിനുശേഷം നടന്ന ആദ്യത്തെ മേളയായിരുന്നു അത്.
ചലച്ചിത്രനിര്‍മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐഎഫ്എഫ്‌കെക്കു ലഭിച്ചതും ഈ മേളയിലാണ്. മത്സരവിഭാഗം ആരംഭിച്ചതും കൊച്ചിയിലെ മേളയില്‍ത്തന്നെ.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട്ടാണ് ആദ്യ ചലച്ചിത്രമേള നടന്നത്. 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഐഎഫ്എഫ്‌കെയുടെ സ്മരണകള്‍ പുതുക്കുന്ന ഫോട്ടോ എക്‌സിബിഷന്‍ മുഖ്യവേദിയായ സരിത തിയേറ്റര്‍ കോംപ്ലക്‌സില്‍ ഉണ്ടായിരുന്നു.
കൈയടി നേടി കോസ
കാടിനും കാടിന്റെ മക്കള്‍ക്കും എതിരേ നാടു നടത്തുന്ന നീതിനിഷേധങ്ങളുടെ കഥ പറയുന്ന ഹിന്ദി ചിത്രം 'കോസ' കൈയടി നേടി. മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത സിനിമ മേളയിലെ മത്സരവിഭാഗത്തിലാണു പ്രദര്‍ശിപ്പിച്ചത്.
ഛത്തീസ്ഗഢിന്റെ പശ്ചാത്തലത്തിലാണു സിനിമ ഒരുക്കിയിരിക്കുന്നത്. കോസ മുസാക്കി എന്ന ആദിവാസി ബാലനാണു കേന്ദ്രകഥാപാത്രം. ആടിനെ വിറ്റ് ആ പണം കൊണ്ട് കടം വീട്ടാമെന്ന വിശ്വാസത്തില്‍ വീട്ടില്‍നിന്നിറങ്ങുന്ന കോസയെ, പണവുമായി മടങ്ങുന്നതിനിടെ പോലീസ് പിടികൂടുന്നു. സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനു കാരണക്കാരനായ മാവോയിസ്റ്റ് എന്നു ധരിച്ചാണ് പോലീസ് കോസയെ കസ്റ്റഡിയിലെടുക്കുന്നത്. പിടികൂടിയ ആള്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ തിരയുന്ന മാവോയിസ്റ്റ് ആണെന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസും നിയമസംവിധാനങ്ങളും കൈകോര്‍ക്കുന്നതിലൂടെ സിനിമ പുരോഗമിക്കുന്നു.
ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും കുറ്റസമ്മതമൊഴിയില്‍ ഒപ്പുവയ്പ്പിക്കാന്‍ ശ്രമിക്കുന്നു. കോസ മുസാക്കിയെന്ന കൗമാരക്കാരന്‍ നേരിട്ട പീഡനങ്ങളെ വര്‍ണിക്കാനാകാത്തതിനാലാകാം ഇരുട്ടിലൂടെ സംവിധായകന്‍ അതിനെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. സിനിമാസ്വാദകര്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട കോസ, മേളയില്‍ നിറഞ്ഞ സദസില്‍ രണ്ടു വട്ടം പ്രദര്‍ശിപ്പിച്ചു.
അസര്‍ബൈജാനിയന്‍ ചിത്രം ബൈലെസുവാര്‍, വിയറ്റ്‌നാമീസ് ചിത്രം റോം, ബ്രസീലിയന്‍ ചിത്രം മെമ്മറി ഹൗസ്, മെക്‌സിക്കന്‍ ചിത്രം ബേര്‍ഡ് വാച്ചിംഗ്, ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്നിവ ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാജിക്കല്‍ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ സ്പ്രിംഗ്, സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് എന്ന ചിത്രം വേറിട്ട സിനിമാനുഭവമാണു സിനിമാപ്രേമികള്‍ക്കു സമ്മാനിച്ചത്.
മലയാളം ഹൗസ് ഫുള്‍
ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മലയാളചിത്രങ്ങള്‍ക്കു മികച്ച പ്രതികരണമാണു ലഭിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുക്കിയ 'ചുരുളി'യായിരുന്നു കൂടുതല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ മലയാള സിനിമ. മത്സരവിഭാഗത്തിലായിരുന്നു ചുരുളിയുടെ പ്രദര്‍ശനം. ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ ചുരുളി ആസ്വാദകര്‍ക്കിടയില്‍ ആവേശമുണര്‍ത്തിയിരുന്നു. മേളയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ റിസര്‍വേഷന്‍ നിമിഷനേരംകൊണ്ടാണു പൂര്‍ത്തിയായത്. പ്രേക്ഷകപ്രീതി കണക്കിലെടുത്തു ചുരുളി രണ്ടു തവണ പ്രദര്‍ശിപ്പിച്ചു.
മനസ്സിന്റെ അടിസ്ഥാന ചോദനകളാല്‍ ഉഴലുന്ന മനുഷ്യന്റെ കഥയാണ് ചുരുളി. വിനയ് ഫോര്‍ട്ടാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലിജോ ജോസിന്റെ സിനിമകളില്‍ ഏറ്റവും മികച്ചതാണു ചുരുളിയെന്ന് അഭിപ്രായപ്പെട്ടവരേറെ.
വിപിന്‍ ആറ്റ്‌ലിയുടെ 'മ്യൂസിക്കല്‍ ചെയര്‍' എന്ന ചിത്രത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ രേഖപ്പെടുത്തിയത്. 32 വയസുള്ള മാര്‍ട്ടിന്‍ എന്ന യുവ എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മരണഭയം എപ്പോഴും മാര്‍ട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാര്‍ട്ടിന്റെ യാത്രയാണ് മ്യൂസിക്കല്‍ ചെയറിന്റെ പ്രമേയം. വിപിന്‍ ആറ്റ്‌ലിയെ കൂടാതെ അലന്‍ രാജന്‍ മാത്യു, പത്മകൃഷ്ണന്‍ അയ്യര്‍ എന്നിവരും സിനിമയില്‍ വേഷമിട്ടു.
കാഞ്ഞങ്ങാട് ഭാഷ പറഞ്ഞ സെന്ന ഹെഗ്‌ഡെയുടെ 'തിങ്കളാഴ്ച നിശ്ചയം', ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത മലയാളചിത്രം 1956, മധ്യതിരുവിതാംകൂര്‍ എന്നീ ചിത്രങ്ങളും കൈയടി നേടി.
നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം സമ്മാനിച്ച 'ബിരിയാണി' ചലച്ചിത്രമേളയിലും കൈയടി നേടി.
കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ ശ്രീധര്‍ തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. ഖദീജ എന്ന മുസ്ലീം സ്ത്രീയുടെ ജീവിതകഥയാണ് ബിരിയാണിയുടെ പ്രധാന പ്രമേയം. സജിന്‍ ബാബുവിന്റേതാണു സംവിധാനം.
ജയരാജ് സംവിധാനം ചെയ്ത ഹാസ്യം, വിഷയത്തിന്റെ പ്രാധാന്യംകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഒരു ഇടനിലക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യന്‍ ഏറ്റവും ഭയക്കുന്ന മരണം എന്ന വികാരത്തിന്റെ വേറിട്ടൊരു ആവിഷ്‌കാരമാണ് ഹാസ്യത്തിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്കു കാണിച്ചു തരുന്നതും. മത്സരവിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
വിവരസാങ്കേതികവിദ്യ അതിവേഗം വളരുന്ന കാലത്തു സിനിമ പിടിക്കാന്‍ വലിയ കാമറയോ ഫിലിം ക്രൂവോ ഒന്നും ആവശ്യമില്ലെന്നു തെളിയിക്കുന്നതായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യു സൂണ്‍. കൊവിഡ് കാലത്ത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് സി യു സൂണ്‍. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ചലച്ചിത്രമായി ഒ ടി ടി റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപകപ്രശംസ നേടിയിരുന്നു. ദുബായില്‍ വീട്ടുജോലിക്കുള്ള വിസയില്‍ എത്തി സെക്‌സ് റാക്കറ്റിന്റെ കണ്ണികളില്‍ കുടുങ്ങുന്ന അനുമോള്‍ രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് കഥ പറയുന്നത്. മലയാളത്തില്‍നിന്നുള്‍പ്പടെ പത്തു നവാഗതരുടെ സിനിമകളാണു മേളയിലുണ്ടായിരുന്നത്.
(ലേഖകന്‍ ഐഎഫ്എഫ്‌കെ മീഡിയ കമ്മിറ്റി അംഗമാണ്.)