•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പഠിക്കേണ്ടത് മനുഷ്യത്വത്തിന്റെ വ്യാകരണം

''വെട്ടുക, മുറിക്കുക, പങ്കുവയ്ക്കുക
ഗ്രാമം, പത്തനം ജനപഥമൊക്കെയും, 
            കൊന്നും തിന്നും
വാഴുക പുലികളായ്, സിംഹങ്ങളായും
മര്‍ത്യരാവുക മാത്രം വയ്യ; ജന്തുത ജയിക്കുന്നു.''
പരിഷ്‌കൃതിയുടെ വഴികളില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു മുന്നേറുമ്പോഴും മനുഷ്യരാകാന്‍ നമ്മള്‍ മറന്നുപോകുന്നു എന്ന് മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കാലങ്ങള്‍ക്കുമുമ്പേ നമ്മെ ഓര്‍മിപ്പിച്ചു!
നാസിഭടന്മാരാല്‍ താനും തന്റെ സമൂഹവും ക്രൂരമായി വേട്ടയാടപ്പെട്ട നാളുകളിലും മരണമെത്തുന്നതും കാത്ത് തടവറയില്‍ക്കഴിഞ്ഞ ഏകാന്തദിനങ്ങളിലും ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടി തന്റെ ഡയറിയില്‍ ആവര്‍ത്തിച്ചുകുറിച്ച ഒരു വാചകം 'ക േെശഹഹ യലഹശല്‌ല ശി ാലി' എന്നായിരുന്നല്ലോ. മനുഷ്യത്വത്തിന്റെ ഉറവ വറ്റാത്ത മനസ്സുകളെ നോക്കി നിസ്സഹായതയോടെയും പ്രതീക്ഷയോടെയും നില്ക്കുന്ന മനുഷ്യര്‍ എല്ലാക്കാലത്തെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ്. നീതിപീഠത്തിനും ഭരണകര്‍ത്താക്കള്‍ക്കും മുന്നില്‍ നീതിക്കുവേണ്ടി നിലവിളിക്കുന്നവരില്‍ എല്ലാക്കാലത്തും പൊതുവായി കാണുന്ന ചില മുഖങ്ങളില്ലേ? കര്‍ഷകര്‍, കുടിയിറക്കപ്പെട്ടവര്‍, കൊല ചെയ്യപ്പെട്ട മക്കള്‍ക്കുവേണ്ടി നീതി തേടുന്നവര്‍, ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന ജീവിതവും സ്വപ്നങ്ങളുമൊന്ന് 'ശരിയാക്കി'യെടുക്കാന്‍ സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങി നിരാശരായവര്‍, അര്‍ഹമായ ജോലി നിഷേധിക്കപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്നവര്‍, അവരുടെ പേരിനും നാടിനും മാത്രമല്ലേ മാറ്റമുണ്ടാകുന്നുള്ളൂ; അവരുടെ വിലാപത്തിനും അവരനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും അവരെ വിഴുങ്ങുന്ന സംഘര്‍ഷത്തിനും ഒരേ സ്വരവും ഒരേ ഭാഷയുമല്ലേ?
നിയമത്തെ നീതിയോടും കാരുണ്യത്തോടുമിണക്കി വ്യാഖ്യാനിക്കാന്‍ നമ്മുടെ അധികാരികള്‍ക്കും ഭരണാധിപന്മാര്‍ക്കും കഴിയാതെ പോകുന്നത് മനുഷ്യത്വത്തിന്റെ ഭാഷ എവിടെയോവച്ച് അവര്‍ക്കു നഷ്ടമാകുന്നതുകൊണ്ടല്ലേ?
സനീഷ് ജോസഫിനെ കേരളം മറന്നിട്ടുണ്ടാവില്ല. ക്യാന്‍സര്‍ കീഴടക്കിയ ജീവിതം അതിന്റെ അവസാനനാളുകളിലേക്കടുക്കുകയാണെന്നറിഞ്ഞപ്പോള്‍ വേദനയും അനാരോഗ്യവും തകര്‍ത്ത ശരീരവും മനസ്സുമായി കട്ടപ്പന രജിസ്റ്റര്‍ ഓഫീസിന്റെ മുറ്റത്ത് കാറില്‍ ക്ഷമയോടെ കാത്തിരുന്ന ചെറുപ്പക്കാരന്‍. നാളെ താന്‍ ഇല്ലാതെയാകുന്ന ദിനങ്ങളില്‍ തനിച്ചായിപ്പോകുന്ന കുടുംബത്തെയോര്‍ത്തുള്ള ആകുലതയായിരുന്നിരിക്കണം  ആ മനസ്സു നിറയെ. അതുകൊണ്ടാണല്ലോ എഴുന്നേറ്റുനില്ക്കാനോ നടക്കാനോപോലുമാകാത്ത അവസ്ഥയിലും ആധാരം രജിസ്ട്രര്‍ ചെയ്തു കിട്ടുന്നതിനുവേണ്ടി അയാള്‍ അവസാനമായി വീടിനു പുറത്തേക്കിറങ്ങുന്നത്. മൂന്നാംനിലയിലെ തന്റെ ഓഫീസുമുറിയില്‍ ആധാരവും ആവശ്യക്കാരനും ഹാജരായാല്‍ മാത്രമേ നടപടിയുണ്ടാകൂ എന്നു കര്‍ശനനിലപാടെടുത്ത ഉദ്യോഗസ്ഥ. ആവശ്യക്കാരനെ കസേരയിലിരുത്തി മൂന്നു നിലകള്‍ ചുമന്നുകയറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ബന്ധുക്കള്‍. എല്ലാം കഴിഞ്ഞു തിരിച്ചുപോരുമ്പോഴും ഒടുവില്‍ എല്ലാംവിട്ട് ഭൂമിയില്‍നിന്നു യാത്രയാകുമ്പോഴും സനീഷിനെ ഒത്തിരി നൊമ്പരപ്പെടുത്തിയ അനുഭവം. അതിന്റെ ആഴമെത്രെയെന്നു സങ്കല്പിക്കാന്‍ മൂന്നാംനിലയിലെ കസേരകള്‍ക്കു കഴിഞ്ഞിട്ടുണ്ടാവും; അതിലിരുന്നവര്‍ക്കു കഴിഞ്ഞില്ലെങ്കിലും. എനിക്കുറപ്പാണ്, മൂന്നാംനിലയിലെ കസേരയില്‍നിന്ന് ഇനിയുമെത്ര നിലകള്‍ കയറിയാലും ആ അധികാരിയുടെ മനസ്സില്‍ എന്നും ഉണ്ടാവും, സനീഷിന്റെ നിസ്സഹായമായ നോട്ടവും നിറഞ്ഞ കണ്ണുകളും. 'ഒരാള്‍ ഒറ്റയ്‌ക്കൊരു ദൈവാലയത്തിലേക്ക് ഒരിക്കലും പ്രവേശിക്കുന്നില്ല' എന്നും 'ഏകനായി ഒരാള്‍ക്ക് ദൈവത്തെ സമീപിക്കാനാവില്ല' എന്നും കുറിച്ചത് പ്രിയപ്പെട്ട ബോബി ജോസ് കട്ടികാട് അച്ചനാണ്. നാം നിഷേധിച്ച മനുഷ്യത്വത്തില്‍ തകര്‍ന്നുപോയ പലരുടെയും നിലവിളികളുമുണ്ടാവും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം. 'ഞാനാണോ എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍?' എന്ന് ഓരോ ദിനവും നാം ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കുന്നു.
ചിലരെ കുടിയിറക്കാന്‍, ചിലരെ പിടിച്ചയുടന്‍ കൊന്നുകളയാന്‍ എന്ത് ആവേശമാണ് നമുക്ക്! 'നിങ്ങളുതന്നെ കൈകാര്യം ചെയ്‌തോ' എന്ന്  വേണ്ടപ്പെട്ടവര്‍ നല്കിയ ഉറപ്പിലല്ലേ മധുവെന്ന ആദിവാസിയുവാവ് കൊല്ലപ്പെട്ടത്? നാടിനെയും മനുഷ്യരെയും അടുത്തറിഞ്ഞപ്പോള്‍ നാടിനെക്കാള്‍ നല്ലത് കാടാണെന്നറിഞ്ഞു തിരിച്ചുനടന്നവന്‍. മോഷ്ടിച്ചെടുത്ത രണ്ടു പിടി അരി അടുപ്പത്തിട്ട് പൊരിയുന്ന വയറുമായി കാത്തിരുന്നവനെയാണ് പത്തിരുപതുപേര്‍ ഒത്തുചേര്‍ന്ന് അടിച്ചും തൊഴിച്ചും കൈകാലുകള്‍ ബന്ധിച്ചും ആര്‍പ്പുവിളികളോടെയും ആഘോഷമായി നാട്ടില്‍ കൊണ്ടുവന്ന് കശാപ്പു ചെയ്തത്. മിച്ചം വന്ന  അരിമണികള്‍ കിഴി കെട്ടി തൊണ്ടിമുതലായി തലയില്‍ വച്ചുകൊടുക്കാനും മറക്കാത്ത ജാഗ്രത പുലര്‍ത്തിയ മനുഷ്യര്‍.
''ഏതണുജീവിതന്‍ നോവുമെന്‍
വാഴ്‌വിന്റെ വേദനയാണതു
തീര്‍ക്കലാണെന്‍ സുഖം'' എന്നും 
''ആരുടെ കാലില്‍ത്തറയ്ക്കുന്ന മുള്ളുമെ-
ന്നാത്മാവില്‍ കുത്തി നോവിക്കും'' എന്നും
കവികള്‍ പാടിയ സംസ്‌കൃതിയില്‍നിന്നു നാം ഇന്ന് ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ  'ത്രില്ലി'ലേക്കു മാറുകയാണോ? തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടട്ടെ. തെറ്റും ശരിയും നാം തന്നെ നിശ്ചയിച്ച് നാം തന്നെ കൊല്ലുകയും കുഴിച്ചുമൂടുകയും ചെയ്യുമ്പോള്‍ നാം പഠിച്ച ധര്‍മത്തിനും മൂല്യത്തിനും മനുഷ്യാകാരംപൂണ്ട മൂല്യങ്ങള്‍ക്കും  ഇവിടെ എന്താണു പ്രസക്തി?
കുഞ്ഞുങ്ങളും വൃദ്ധരും ഉള്‍പ്പെടെയുള്ള ആറു കുടുംബങ്ങളെ ഒറ്റ രാത്രിയില്‍ വിളിച്ചിറക്കി, പാഠപുസ്തകങ്ങളോ സര്‍ട്ടിഫിക്കറ്റുകളോപോലും എടുക്കാനനുവദിക്കാതെ അവരുടെ കുടിലുകള്‍ നിമിഷങ്ങള്‍ക്കകം ഇടിച്ചുനിരത്തിയ 'നിയമം നടപ്പാക്കല്‍' പ്രക്രിയകള്‍ നാം കണ്ടതും അടുത്ത നാളിലാണ്.
നീതിയുടെ അവസാനമാര്‍ഗം സ്വന്തം ദേഹത്തേക്കൊഴിക്കുന്ന മണ്ണെണ്ണയും കത്തിച്ചുപിടിച്ചിരിക്കുന്ന ഒരു തീപ്പെട്ടിക്കൊള്ളിയുമാണെന്ന ബോധം എത്ര വേഗമാണ് ഇന്നു മനുഷ്യരിലേക്കു പടര്‍ന്നുകൊണ്ടിരിക്കുന്നത്!
കേന്ദ്രഗവണ്‍മെന്റിന്റെ കാര്‍ഷികോപദേഷ്ടാവായിരുന്ന പി.സി. ബോധ് എഴുതിയ പുസ്തകമാണ് 'എമൃാലൃ ൌെശരശറല ശി കിറശമ, അ ുീഹശര്യ ങമഹശഴിമിര്യ'. 1995 മുതല്‍ 2015 വരെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വാര്‍ഷികശരാശരിയായി അദ്ദേഹം പറയുന്നത് 15,306 എന്ന സംഖ്യയാണ്. ഓരോ മാസവും 984, ഓരോ ദിവസവും 31 എന്ന കണക്കില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നു. 2015 നു ശേഷം നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഇത്തരം കണക്കുകള്‍ കൃത്യമായി പുറത്തുവിടുന്നില്ല എന്ന ആക്ഷേപവുമുണ്ട്.
നമ്മെ അന്നമൂട്ടുന്ന സൈനികരാണ് കര്‍ഷകര്‍. നിലനില്പിനുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ രാഷ്ട്രീയസമരമായി മാത്രം കണ്ട് നമുക്ക് അവഗണിക്കാനാകുമോ? നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കര്‍ഷകകോര്‍പ്പറേറ്റ് കൂട്ടായ്മയില്‍ തങ്ങളുടെ ഭാവി സുരക്ഷിതമാണെന്നു വിശ്വസിക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പോലുള്ള പൊതുവിതരണസംവിധാനത്തിലൂടെയും സര്‍ക്കാര്‍ 'മണ്ഡി'കളിലൂടെയും ഗ്രാമീണചന്തകളിലൂടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുമ്പോള്‍ കിട്ടുന്ന ലാഭം സ്വകാര്യകോര്‍പ്പറേറ്റുകളുമായി  കൈകോര്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്കു കിട്ടുമെന്ന് എന്താണുറപ്പ്? 'പ്രൈസ് അഷ്വറന്‍സ് ബില്‍' എന്ന വകുപ്പിനെക്കുറിച്ച് ആവര്‍ത്തിച്ചു പറയുന്നെങ്കിലും സഹായവില  ഉറപ്പാക്കാനുള്ള യാതൊരു സംവിധാനവും ഇതിലില്ല എന്നതല്ലേ സത്യം? സര്‍ക്കാര്‍ പിന്മാറിയ ഇടങ്ങളിലെല്ലാം കര്‍ഷകര്‍ ചൂഷണത്തിനിരയാകുന്നു എന്നതു മറ്റൊരു യാഥാര്‍ത്ഥ്യം.
'ഭരിക്കുന്ന സുഖം നിനക്കും ഭരിക്കപ്പെടാത്തതിന്റെ സുഖം അവര്‍ക്കും ഉണ്ടാകട്ടെ' എന്നാണ് ദശരഥമഹാരാജാവ് പട്ടാഭിഷേകത്തിന്റെ തലേരാത്രിയില്‍ ശ്രീരാമനു നല്കുന്ന ഉപദേശം. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ എഴുതിയ 'സാകേതം' നാടകത്തിലേതാണു സന്ദര്‍ഭം. നിയമം നിര്‍മിക്കുമ്പോഴും വ്യാഖ്യാനിക്കുമ്പോഴും നടപ്പിലാക്കുമ്പോഴും ഭരണകര്‍ത്താക്കള്‍ക്കു വേണ്ടത് മനുഷ്യത്വത്തിന്റെ വ്യാകരണവും ഭാഷയുമാണെന്നല്ലേ ഈ സംഭാഷണം വ്യക്തമാക്കുന്നത്. ഒരു നിയമം നിര്‍മിക്കുന്നതിനെക്കുറിച്ചാലോചിക്കുമ്പോള്‍, കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും നിസാരനും നിസ്സഹായനുമായ ഒരുവന്റെ മുഖം മനസ്സിലുണ്ടാവണമെന്നും  അവനെ അത് എങ്ങനെയാവും ബാധിക്കുക എന്നോര്‍ക്കണമെന്നും പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവാണ്.
മര്‍ത്തര്യല്ലാതെ നാം മറ്റെന്തൊക്കെ ആയാലും എന്തു മെച്ചം? പുലരട്ടെ, നിയമവും നീതിയും മനുഷ്യത്വവും കൈകോര്‍ക്കുന്ന കാലം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)