മാര്‍ച്ചുമാസം ആദ്യവാരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ മെസപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും പേറുന്ന ഇറാക്കിലേക്കു നടത്തിയ ചരിത്രസന്ദര്‍ശനമായിരുന്നു അന്താരാഷ്ട്രമാധ്യമങ്ങളിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. ഇറാക്ക് സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പാ എന്നതാണ് ഈ ചരിത്രസന്ദര്‍ശനത്തിനു കൂടുതല്‍ ശ്രദ്ധ കൈവരുവാന്‍ കാരണം. കൂടാതെ, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തിന്റെ കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമരേണ്ടിവന്ന മധ്യപൂര്‍വദേശത്തെ ക്രിസ്ത്യാനികളും യസീദികളും ഉള്‍പ്പടെയുള്ള മതന്യൂനപക്ഷങ്ങളുടെ കദനകഥകള്‍ ലോകത്തെ പിടിച്ചുകുലുക്കിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും മാര്‍പാപ്പായുടെ സന്ദര്‍ശനത്തിനു വലിയ പ്രാധാന്യം ലഭിക്കുകയുണ്ടായി. കൂടാതെ, ഹാഗിയ സോഫിയ ദൈവാലയമുള്‍പ്പടെയുള്ളവയെ പിടിച്ചെടുത്തുകൊണ്ട് മധ്യപൂര്‍വദേശത്ത് ഒരു പാന്‍ ഇസ്ലാമിക് ദേശീയത സൃഷ്ടിക്കുവാനുള്ള സിറിയയുടെയും പ്രസിഡന്റ് ബര്‍ഹാം സാലിഹിന്റെയും ശ്രമങ്ങള്‍ ആഗോളതലത്തില്‍ത്തന്നെ വലിയ ചര്‍ച്ചയാകുമ്പോഴാണ് മാര്‍പാപ്പാ ഇറാഖ് സന്ദര്‍ശിച്ചത് എന്ന ചരിത്രപ്രാധാന്യംകൂടി ഇതിനുണ്ട്. മാര്‍ച്ച് ആദ്യവാരം നാലുദിവസത്തെ സന്ദര്‍ശനത്തിന് ബാഗ്ദാദിലെ അലി റ്റാല്യ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പായ്ക്ക് അത്യുജ്ജ്വലസ്വീകരണമാണു നല്‍കപ്പെട്ടത്. ഷിയാ മുസ്ലീം സംഘടനകള്‍ മാര്‍പാപ്പായുടെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ പതിനായിരത്തോളം വരുന്ന സുരക്ഷാസൈന്യത്തെയാണ് മാര്‍പാപ്പായുടെ സുരക്ഷയ്ക്കുവേണ്ടി വിന്യസിച്ചിരുന്നതു എന്നതുകൂടി ശ്രദ്ധേയമാണ്. ഷിയാ ഇസ്ലാമിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ ഗ്രാന്റ് അലി ആയത്തുള്ള അല്‍ നിസ്താനിയുടെ മേല്‍നോട്ടത്തിലാണ് മാര്‍പാപ്പായുടെ സന്ദര്‍ശനപരിപാടികള്‍ ക്രമീകരിച്ചിരുന്നത് എന്നതുകൂടി വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി.
ഇറാക്ക് പ്രസിഡന്റ് ബര്‍ഹാം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി നടത്തിയ സംഭാഷണങ്ങളും അതുപോലെ ആയത്തുള്ള അല്‍ നിസ്താനിയുമായി നടത്തിയ കൂടിക്കാഴ്ചകളും ഇറാക്കിലെ മതസാഹോദര്യത്തിന്റെ സന്ദേശം ഇറാക്കില്‍ മാത്രമല്ല സമീപരാജ്യങ്ങളിലുംകൂടി എത്താന്‍ സഹായകമായി. ബാഗ്ദാദില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയും അതുപോലെ നസ്‌റിയയില്‍ നടത്തിയ സര്‍വമതസമ്മേളനവും ബൈബിളിലെ ചരിത്രനഗരമെന്നു വിശേഷിപ്പിക്കുന്ന വലിയപിതാവായ അബ്രഹാമിന്റെ ഉര്‍ നഗരത്തിലേക്കു നടത്തിയ സന്ദര്‍ശനവുമൊക്കെ വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. യഹൂദ - ക്രിസ്ത്യന്‍ - മുസ്ലീം മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായിട്ടാണ് അബ്രഹാമിന്റെ ഉര്‍ നഗരത്തെ വിശേഷിപ്പിക്കുന്നത്.
നാലു ദിവസം ഇറാക്കില്‍ വലിയ രീതിയില്‍ വളരെ വ്യാപകമായി സന്ദര്‍ശനം നടത്തിയ മാര്‍പാപ്പായുടെ വളരെ തിരക്കിട്ട സന്ദര്‍ശനപരിപാടികള്‍ ഇറാക്കിലെ കത്തോലിക്കാവിശ്വാസികള്‍ക്കു വലിയ ആവേശവും പ്രചോദനവും പ്രതീക്ഷയും നല്‍കിയെന്ന യാഥാര്‍ത്ഥ്യംകൂടി എടുത്തുപറയേണ്ടതുണ്ട്.
പഴയ മെസപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ ഏറ്റവും വളക്കൂറുള്ള മണ്ണായ ഇറാക്കില്‍ എ.ഡി. ഒന്നാം നൂറ്റാണ്ടിനുശേഷം കത്തോലിക്കാസഭ തഴച്ചുവളര്‍ന്ന പ്രദേശങ്ങളായിരുന്നു. സദ്ദാം ഹുസൈന്റെ ഏകാധിപത്യഭരണത്തില്‍പ്പോലും കത്തോലിക്കരുടെ അവകാശങ്ങള്‍ ഭരണഘടനാപരമായിത്തന്നെ സംരക്ഷിക്കപ്പെട്ടിരുന്നു. സദ്ദാംഹുസൈന്റെ വിശ്വസ്തനായിരുന്ന താരിക് അസീസ് കത്തോലിക്കാവിശ്വാസിയായിരുന്നതിനാല്‍ ഭരണത്തിന്റെ ഉന്നതതലത്തില്‍പ്പോലും വലിയ പ്രാതിനിധ്യം ഇറാക്കിലെ മതന്യൂനപക്ഷമായിട്ടുകൂടി ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലുണ്ടായ സംഭവങ്ങള്‍ ഇറാക്കിലെ കത്തോലിക്കാവിശ്വാസികളുടെ നിലനില്പിനെത്തന്നെ വളരെ ഗുരുതരമായി ബാധിച്ചു. 2003 ല്‍ ഇറാക്കിലുണ്ടായ അമേരിക്കന്‍ അധിനിവേശവും അതിനുശേഷം സദ്ദാം ഹുസൈന്‍ വധിക്കപ്പെടുന്നതും അരക്ഷിതാവസ്ഥ നിലനിന്ന ഇറാക്കില്‍ 2010 നുശേഷം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം ശക്തിപ്പെട്ടതുമെല്ലാം അവിടുത്തെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തിലുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇറാക്കില്‍ ശക്തിപ്പെട്ടതോടുകൂടി അവിടുത്തെ മതന്യൂനപക്ഷങ്ങള്‍ വളരെ ഗുരുതരമായി വെല്ലുവിളികളെയാണു നേരിട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാദത്തില്‍ പ്രധാനമായും ഞെരിഞ്ഞമര്‍ന്നത് ക്രിസ്ത്യാനികളും യസീദികളുമായിരുന്നു. ഇറാക്കിലെമ്പാടും പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റിനു വലിയ സ്വാധീനമുണ്ടായിരുന്ന മുസൂള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നൂറുകണക്കിനു ക്രിസ്ത്യന്‍ ദൈവാലയങ്ങളാണ് അഗ്നിക്കിരയാക്കിയത്. ആയിരക്കണക്കിനു ക്രിസ്ത്യാനികളാണ് ഇസ്ലാമിക് സ്റ്റേറ്റിനെ ഭയപ്പെട്ടുകൊണ്ടു ഇറാക്കില്‍നിന്നു പലായനം ചെയ്തത്. സ്വന്തം കൃഷിയിടങ്ങളും ആടുമാടുകളെയുമൊക്കെ ഉപേക്ഷിച്ചു പോകാന്‍ വൈമനസ്യം കാണിച്ച അവശേഷിക്കുന്ന ക്രിസ്ത്യാനികളോട് വളരെ ക്രൂരമായ പെരുമാറ്റമാണ് ഇസ്ലാമിക സ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ക്രിസ്തുമതവിശ്വാസികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഭീമമായ നികുതി ചുമത്തി; അതിനെക്കാളും ക്രൂരമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തി. നിരവധി ക്രിസ്ത്യന്‍, യസീദി പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ക്കു ലൈംഗിക അടിമകളാക്കി മാറ്റുന്ന സാഹചര്യമുണ്ടായി. ആയിരക്കണക്കിനു ക്രിസ്ത്യന്‍, യസീദി പെണ്‍കുട്ടികളെയാണ് ഇതുപോലെ ക്രൂരമായി ലൈംഗിക അടിമകളാക്കിയത്.
ഐ.എസ്. തീവ്രവാദികളുടെ തടവറയില്‍നിന്നു രക്ഷപ്പെട്ട നാദിയ മുറാദ് എന്ന യസീദി പെണ്‍കുട്ടിയുടെ കരളലിയിക്കുന്ന കദനകഥ കേട്ട് ലോകംതന്നെ ഞെട്ടിത്തരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയില്‍ നാദിയ മുറാദ് നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ട്, ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദത്തിന്റെ ക്രൂരത തിരിച്ചറിഞ്ഞ്, അതില്‍ പങ്കെടുത്ത നിരവധിയാളുകള്‍ പൊട്ടിക്കരഞ്ഞു. അത്ര ക്രൂരമായിരുന്നു ഇസ്ലാമിക സ്റ്റേറ്റിന്റെ കീഴില്‍ ഇറാക്കിലെ ക്രിസ്ത്യന്‍, യെസീദി ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടിവന്ന ദുരിതാനുഭവങ്ങള്‍. നിരവധി ക്രിസ്തുമത വിശ്വാസികളെ പരസ്യമായി തലവെട്ടി, നിരവധി ആളുകളെ കുരിശില്‍ തലകീഴായി തൂക്കി ആണിയടിച്ചു കൊന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ എത്രയോ വീഡിയോകളാണ് - കടല്‍ത്തിരത്തും മരുഭൂമിയിലുമൊക്കെ പരസ്യമായി ക്രിസ്തുമതവിശ്വാസികളുടെ തല ഛേദിക്കുന്ന ദൃശ്യങ്ങള്‍ - പുറത്തുവന്നത്. വളരെ ക്രൂരമായ വേട്ടയാടലുകള്‍ക്കൊടുവില്‍ ഇറാക്കിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ എണ്ണം ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെ എത്തിനില്‍ക്കുന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കിന്‍ പ്രകാരം ഇനി രണ്ടുരലക്ഷം കത്തോലിക്കര്‍ മാത്രമേ ഇറാക്കില്‍ അവശേഷിച്ചിട്ടുള്ളു. ബാക്കി എല്ലാവരും നാടുവിട്ടു പോകുകയോ ക്രൂരമായ മതപരിവര്‍ത്തനത്തിനു വിധേയമാവുകയോ ചെയ്തിരിക്കുന്നു. ഇറാക്കില്‍ അവശേഷിക്കുന്ന രണ്ടരലക്ഷം ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും താമസിക്കുന്നത് വടക്കന്‍ പ്രദേശങ്ങളായ നിനവേ സമതലങ്ങളിലും കുര്‍ദിസ്ഥാന്‍ പ്രദേശങ്ങളിലുമാണ്. അവശേഷിക്കുന്ന ക്രിസ്ത്യാനികളില്‍ 67 ശതമാനവും മാര്‍പാപ്പായെ അംഗീകരിക്കുന്ന കല്‍ദിയന്‍ കത്തോലിക്കരാണ്. ഇവര്‍ സ്വന്തമായ ആരാധനക്രമങ്ങളും പാരമ്പര്യങ്ങളും പിന്‍തുടരുന്നവരാണ്. ബാക്കി ഇരുപതുശതമാനം ആളുകള്‍ ഇറാക്കിലെ ഏറ്റവും പഴക്കം ചെന്ന അസീറയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റില്‍ വിശ്വസിക്കുന്നവരാണ്. കൂടാതെ, സിറിയന്‍ ഓര്‍ത്തഡോക്‌സ്, അല്‍മേനിയന്‍ കത്തോലിക്കര്‍, ഇവാഞ്ചലിസ്റ്റ്, പ്രൊട്ടസ്റ്റന്റ് തുടങ്ങിയ ക്രിസ്ത്യന്‍ വിഭാഗങ്ങളും പേരിനെങ്കിലും ഇപ്പോഴും ഇറാക്കില്‍ അവശേഷിക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ വലിയ ആശ്വാസമാണ്. കഴിഞ്ഞ നാളുകളില്‍ അവര്‍ കടന്നുപോയ ആ മനോവ്യഥകള്‍, ക്രൂരമായ പീഡനങ്ങള്‍ എല്ലാം സഹിച്ചുകൊണ്ടു വിശ്വാസത്തെ പ്രതി പിടിച്ചുനിന്ന ക്രിസ്ത്യന്‍വിശ്വാസികള്‍ക്ക് അവരുടെ മുറിവുകളില്‍, വേദനകളില്‍ ആശ്വാസമായി വലിയ ഇടയന്റെ ചരിത്രസന്ദര്‍ശനം മാറി എന്നത് ഒരു യാഥാര്‍ത്ഥ്യംതന്നെ. തികച്ചും വ്യത്യസ്തനായ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ശിരസ്സില്‍ ഒരു പൊന്‍കിരീടംകൂടി ഈ ഇറാക്ക് സന്ദര്‍ശനത്തോടൂകൂടി അണിയിക്കപ്പെട്ടിരിക്കുകയാണ്. കാരണം, നൊമ്പരങ്ങളിലും വേദനകളിലും ആശ്വാസമായി ഓടിയെത്തുന്ന ഒരു പ്രതിച്ഛായയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുള്ളത്. വേദനിക്കുന്നവരുടെ, വിശ്വാസത്തെ പ്രതി മുറിവേല്‍ക്കുന്നവരുടെ സമീപസ്ഥനായി താനുണ്ടാകും എന്ന വലിയ സന്ദേശമാണ് വലിയ ഇടയന്‍ തന്റെ ഇറാക്ക് സന്ദര്‍ശനത്തിലൂടെ ലോകത്തിനു നല്‍കിയത്.