"Touch down confirmed'', കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയില്‍ മുഴങ്ങിക്കേട്ട ചാരിതാര്‍ത്ഥ്യം തുളുമ്പിയ ഈ പെണ്‍ശബ്ദം ഓരോ ഇന്ത്യക്കാരിയുടെയും സിരകളെ ത്രസിപ്പിക്കാന്‍ പ്രാപ്തമായതായിരുന്നു. അതേ, ചൊവ്വഗ്രഹത്തിന്റെ പൂര്‍വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി, മനുഷ്യരാശിയുടെ ചരിത്രത്തിലെ നിര്‍ണായകദൗത്യവും പേറി ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പെഴ്‌സിവിയറന്‍സ് പേടകം ഇക്കഴിഞ്ഞ ഫെബ്രുവരി 19 നു പുലര്‍ച്ചെ ചുവന്ന മണ്ണില്‍ വിജയകരമായി നിലംതൊട്ടത് ഡോ. സ്വാതി മോഹന്‍ തികഞ്ഞ അഭിമാനത്തോടെ ലോകത്തോടു വിളിച്ചുപറയുകയായിരുന്നു. 2020 ജൂലൈ 30 ന് 300 കോടി ഡോളറിന്റെ മുതല്‍മുടക്കില്‍ ഫ്‌ളോറിഡയിലെ നാസയുടെ യു.എല്‍.എ. അറ്റ്‌ലഡ് 541 ല്‍ നിന്ന് ആരംഭിച്ച അഞ്ചാമത്തെ ചൊവ്വാദൗത്യം, ഏറ്റവും വലുതും ഭാരം കൂടിയതും ആധുനികവുമായ പെഴ്‌സിവിയറന്‍സ് റോവര്‍ ആറുമാസങ്ങള്‍ക്കുശേഷം 48 കോടി കിലോമീറ്റര്‍ താണ്ടി, മാനവരാശിക്ക് അഭിമാനനിമിഷങ്ങള്‍ സമ്മാനിച്ച് ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ സ്പര്‍ശിച്ചു. ചൊവ്വയുടെ ആകാശത്ത് ആദ്യമായി ചിറകുവിരിച്ചു പറക്കാന്‍ ലക്ഷ്യമിടുന്ന ഇന്‍ജെന്യൂയിറ്റി എന്ന ഹെലികോപ്റ്ററും ഈ റോവര്‍ വഹിക്കുന്നുണ്ടെന്നത് സവിശേഷമായ വസ്തുതയാണ്.
ചൊവ്വയുടെ വടക്കന്‍ മേഖലയായ, പ്രാചീനകാലത്തു ജീവനും വെള്ളവും നിലനിന്നിരുന്നെന്നു സംശയിക്കപ്പെടുന്ന, ജെസീറോ ഗര്‍ത്തത്തില്‍ പറന്നിറങ്ങിയ ഈ റോവര്‍ എല്ലാ അര്‍ത്ഥത്തിലും അവിടുത്തെ ജീവസാന്നിധ്യത്തെ തേടുകയാണ്. അതായത്, 350 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ജലസാന്നിധ്യമുണ്ടായിരുന്നെന്നു കരുതപ്പെടുന്ന ജെസീറോ ക്രേറ്ററില്‍ നിലനില്ക്കാന്‍ സാധ്യതയുള്ള ജീവന്റെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ ഒരു മാസ്മരിക കുതിച്ചുചാട്ടത്തിന് സമീപഭാവിയിലെ ചൊവ്വ സാക്ഷിയാകേണ്ടിവന്നേക്കും. ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും ഘടനയും പഠിക്കുന്നതും, പ്രതലത്തിലെ പാറക്കഷണങ്ങള്‍ ഉള്‍പ്പെടെ ഉപരിതലം കുഴിച്ചുള്ള സാമ്പിള്‍ശേഖരണവും ഒരു ചെറുകാറിന്റെ മാത്രം വലുപ്പുമുള്ള റോവറിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.
ചൊവ്വയുടെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷത്തില്‍ 19500 കി.മീ. വേഗത്തില്‍ ഊളിയിട്ടു പറന്ന പെഴ്‌സിവിയറന്‍സ് പാരച്യൂട്ടുകളുടെ സഹായത്തോടെ നിയന്ത്രണവിധേയമാക്കി ഉപരിതലം തൊടുന്നതുവരെയുള്ള കഠിനവും നിര്‍ണായകവുമായ ആശങ്കയുടെ ഏഴുമിനിറ്റുകള്‍ ശാസ്ത്രലോകം ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. ഈ ഘട്ടത്തില്‍ 1300 ഡിഗ്രിവരെ ഉയര്‍ന്ന താപനില പേടകത്തില്‍ അനുഭവപ്പെട്ടെങ്കിലും താപകവചം അതിനെ പൂര്‍ണമായി ചെറുക്കുകയും മാറുന്ന അന്തരീക്ഷമര്‍ദത്തിനെതിരേ സ്ഥിരത നിലനിര്‍ത്താന്‍ ത്രസ്റ്ററുകള്‍ ജ്വലിപ്പിക്കുകയും ചെയ്തു. ഉദ്വേഗഭരിതമായ ആ നിമിഷങ്ങളില്‍ തുണയായി നിലകൊണ്ട ഗതിനിര്‍ണയസംവിധാനം, 'ആറ്റിറ്റിയൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നവിഗേഷന്‍' എന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമായിരുന്നു എന്ന വസ്തുത ഓരോ ഇന്ത്യക്കാരനെയും അഭിമാനപുളകിതനാക്കുന്നു. ചൊവ്വയില്‍ ഇറങ്ങുന്നതിനുമുമ്പ് കൃത്യമായ നിരീക്ഷണം നടത്തി അനുയോജ്യമായ സാഹചര്യം കണ്ടെത്താനും സ്ഥാനം നിര്‍ണയിക്കാനും കൃത്യമായ ദിശയില്‍ ദൗത്യം സാധിച്ചെടുക്കാനും സൗരോര്‍ജചാനലുകളെ സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തേക്കു വിരിച്ചു നിര്‍ത്താനും ഈ സാങ്കേതികവിദ്യ വിപ്ലവകരമായി വിജയിച്ചു. ഒരുപക്ഷേ, റഡാറിന്റെ സഹായത്തോടെ ഏകദേശകണക്കുകൂട്ടലുകള്‍ നടത്തി അതിസാഹസികമായി നടത്തപ്പെട്ടിരുന്ന ഉപരിതല ലാന്‍ഡിങ്പ്രക്രിയകള്‍ക്ക് ഒരു പരിഹാരമെന്നോണം ഡോ. സ്വാതി മോഹന്റെ പുതിയ വിദ്യ ഭാവിയിലെ വമ്പന്‍ ബഹിരാകാശപേടകങ്ങള്‍ക്ക് കണ്ണുകളും കാതുകളുമായി മാറിയേക്കുമെന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
ഒരു കൊച്ചു കറുത്ത പൊട്ടും തൊട്ട്, മാസ്‌കും ധരിച്ച് നാസയുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് ചൊവ്വ പര്യവേക്ഷണത്തിനു നിര്‍ദേശങ്ങള്‍ കൈമാറിയ ഇന്ത്യക്കാരിയെയാണ് അമ്പരപ്പോടും കൗതുകത്തോടുംകൂടി ഇന്ന് ലോകം തേടുന്നത്. ഓരോ സ്ത്രീയിലും അഭിമാനം വിതറിയ നാസയുടെ ചൊവ്വാദൗത്യത്തിന്റെ ലാന്‍ഡിങ് സംവിധാനം, കമ്മ്യൂണിക്കേഷന്‍ എന്നീ സുപ്രധാനചുമതലകളുടെ പ്രൊജക്ട് ലീഡര്‍. ജന്മംകൊണ്ട് ഭാരതീയ, കര്‍മംകൊണ്ട് അമേരിക്കന്‍. ഒരു വയസ്സുള്ളപ്പോഴാണ് കര്‍ണാടക സ്വദേശമായുള്ള സ്വാതിയുടെ കുടുംബം ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയത്. കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക്ക് സീരീസ് കണ്ടു മോഹിച്ച് പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തണമെന്ന് സ്വപ്നംകണ്ട പെണ്‍കുട്ടി തന്റെ ദൃഢനിശ്ചയത്തെ പിന്തുടര്‍ന്ന് ശാസ്ത്രജ്ഞയായി നാസയിലെത്തിയ കഥ തികച്ചും അവിശ്വസനീയായി തോന്നിയേക്കാം. പതിനാറാം വയസ്സുവരെ ശിശുരോഗവിദഗ്ധയാവാന്‍ ആഗ്രഹിച്ചിരുന്ന സ്വാതി ഒരു ഫിസിക്‌സ് ക്ലാസില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങും, എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങും, പി.എച്ച്.ഡി.യും പൂര്‍ത്തിയാക്കി നാസയിലെത്തുകയായിരുന്നു. പിന്നീട് കാസിനി (ശനിയിലേക്കുള്ള ദൗത്യം), ഗ്രെയ്ല്‍ (ചന്ദ്രനിലേക്കുള്ള ബഹിരാകാശ വാഹനങ്ങള്‍) തുടങ്ങി നിരവധി പ്രധാന നാസദൗത്യങ്ങളുടെ ഭാഗമായി. നിലവില്‍ പെഴ്‌സിവിയറന്‍സ് പദ്ധതിയുടെ ഗൈഡന്‍സ്, കണ്‍ട്രോള്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവിയാണ് സ്വാതി മോഹന്‍. ചൊവ്വ ഒരു തുടക്കം മാത്രം. ഇനിയും പ്രപഞ്ചത്തിലെ സുന്ദരമായ കാണാപ്പുറങ്ങള്‍തേടി സ്വാതി തന്റെ ജൈത്രയാത്ര തുടരുന്നു.
തന്റെ കുഞ്ഞുസ്വപ്നങ്ങളും പേറി മുന്നേറാന്‍, കുതിച്ചുയരാന്‍ തുടിക്കുന്ന ഓരോ കുരുന്നിനും ഡോ. സ്വാതി മോഹന്റെ വിജയപാത കരുത്തും ആര്‍ജവവുമാകട്ടെ. പെണ്‍മനസ്സുകളില്‍ മൊട്ടിടുന്ന ആഗ്രഹങ്ങളെ ദൃഢനിശ്ചയവും അടങ്ങാത്ത ആഗ്രഹവുമായി മാറ്റിയെടുക്കാനായാല്‍, അതിനു നമ്മുടെ സമൂഹം വഴിയൊരുക്കിയാല്‍, ഇനിയും അഭിമാനത്തോടെ നെഞ്ചോടു ചേര്‍ക്കാന്‍ ഒട്ടേറെ സ്വാതിമാര്‍ ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും.