•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വയല്‍വരമ്പിലെ സുവിശേഷകാന്തി

സി. റോസ് ആന്റോ
ആലപ്പുഴ ജില്ലയിലെ കൈതവനയില്‍ മംഗലത്തുവീട്ടില്‍ ദേവസ്യ ആന്റണിയുടെയും ത്രേസ്യാമ്മ ആന്റണിയുടെയും പന്ത്രണ്ടു മക്കളില്‍ ഒന്‍പതാമത്തെ മകള്‍.  പ്രൈമറി, ഹൈസ്‌കൂള്‍, പ്രീഡിഗ്രി, ഡിഗ്രി പഠനം ആലപ്പുഴയില്‍. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജിയില്‍
(CUSAT) നിന്ന് MA,M.Phil, Ph.D ബിരുദങ്ങള്‍. M.Phil  ന് ഫസ്റ്റ് റാങ്ക്  നേടി. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ അധ്യാപികയായതിനുശേഷം സന്ന്യാസിനിയായി. 30 വര്‍ഷത്തെ അധ്യാപനത്തിനുശേഷം 2020 ല്‍ കോളജില്‍നിന്നു വിരമിച്ചു. അധ്യാപനത്തിലും സാമൂഹികപ്രവര്‍ത്തനങ്ങളിലുമായി ഇരുപതിലധികം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.  
    കൃഷിയിലും സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളിലും സായുജ്യം കണ്ടെത്തുന്ന സിസ്റ്റര്‍ റോസ് ആന്റോ തന്റെ പ്രേഷിതവഴികളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണിവിടെ.


~ഒരു സന്ന്യാസിനിയായി ജീവിക്കാന്‍ സാധിക്കുന്നതില്‍ ദൈവത്തോട് എനിക്ക് നന്ദിയുണ്ട്. ഈ ചെറിയ ജീവിതത്തിനിടയില്‍ ഒത്തിരിയേറെ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിന് ദൈവം ഇടയാക്കി. എന്റെ വീട് ആലപ്പുഴയിലാണ്. 31 വര്‍ഷം ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ അധ്യാപികയായിരുന്നു. അധ്യാപികയായി മാത്രമാണ് ഞാന്‍ കോളജില്‍ എത്തിയത്; പിന്നീടാണ് ഇരിഞ്ഞാലക്കുട ഹോളി ഫാമിലി സന്ന്യാസിനീസമൂഹത്തില്‍ അംഗമാകുന്നത്. ഇപ്പോള്‍ ഇരിഞ്ഞാലക്കുടയിലുള്ള കൃപാഭവനിലെ അംഗമാണ്. 
ഞാന്‍ പ്രവര്‍ത്തിച്ച മേഖലകളിലൊക്കെ എന്റെ വിദ്യാര്‍ത്ഥിനികളെക്കൂടി കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായിരുന്ന സമയത്ത് കുട്ടികളെ സമൂഹവുമായി ചേര്‍ത്തുനിര്‍ത്തുന്നതിനായി നിരവധി കാര്യങ്ങള്‍ ചെയ്യുകയുണ്ടായി. 
അതിലൊന്നാണ് പൊതിച്ചോര്‍ പദ്ധതി. കുട്ടികള്‍ വീട്ടില്‍നിന്നു കൊണ്ടുവരുന്ന പൊതിച്ചോറുമായി ഉച്ചയ്ക്ക് പൊരിവെയിലത്ത് ഞങ്ങള്‍ പട്ടണത്തിലേക്കിറങ്ങും. അവിടെ കടത്തിണ്ണകളിലും പാതയോരത്തുമായി വിശന്നു പൊരിഞ്ഞിരിക്കുന്ന ഒത്തിരിപ്പേര്‍ ഉണ്ടാവും. വിശക്കുന്ന ആളുകളുടെ കൈയില്‍ പൊതിച്ചോര്‍ വച്ചുകൊടുക്കുമ്പോള്‍ എന്റെ കുട്ടികളുടെ കണ്ണ് നിറയുന്നതു കണ്ടിട്ടുണ്ട്. ന്യൂജെന്‍ എന്നൊക്കെപ്പറഞ്ഞ് നമ്മളില്‍ ചിലര്‍ പരിഹസിക്കുമെങ്കിലും നമ്മുടെ കുട്ടികള്‍ നന്മ നിറഞ്ഞവരും തീക്ഷ്ണതയുള്ളവരുമാണ്. ഞാന്‍ എന്റെ ഉച്ചഭക്ഷണം ഒഴിവാക്കി, കോളജില്‍ തോട്ടപ്പണിക്കു വരുന്ന ഒരു തൊഴിലാളിക്ക് ഉച്ചഭക്ഷണം കൊടുക്കുന്നത്  വിദ്യാര്‍ത്ഥികള്‍ കണ്ടു. അത് അവര്‍ക്കൊരു സന്ദേശമായി. ഇങ്ങനെയാണ് 'പൊതിച്ചോര്‍' എന്ന ആശയത്തിലേക്കു ഞങ്ങള്‍ എത്തിച്ചേര്‍ന്നതും കുട്ടികള്‍ എന്നോടു സഹകരിച്ചിരുന്നതും. 
പ്രകൃതിയെയും മണ്ണിനെയും മനുഷ്യനെയുമൊക്കെ സ്‌നേഹിക്കാന്‍ പഠിച്ചത് എന്റെ കുടുംബത്തില്‍നിന്നാണ്. എന്റെ അമ്മ ഒരു മനഃശാസ്ത്രജ്ഞനായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അമ്മയുടെ ജീവിതമായിരുന്നു ഞങ്ങളുടെ പാഠങ്ങള്‍. ഒന്നിനും അമ്മ നിര്‍ബന്ധിച്ചില്ല. ഓരോന്നും അമ്മ ചെയ്തു കാണിച്ചു. ഞങ്ങള്‍ പന്ത്രണ്ടു മക്കളും അതു പിന്തുടര്‍ന്നു.
കോളജില്‍നിന്നു റിട്ടയറായശേഷം ഞാനിപ്പോള്‍ കൃഷിരംഗത്താണ്. തികച്ചും ജൈവരീതിയില്‍ നെല്‍കൃഷി ചെയ്തുവരികയാണ് ഇപ്പോള്‍. അതും പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലത്ത്. നൂറുമേനി വിളവും കിട്ടുന്നുണ്ട്. കൃഷിയിലേക്കിറങ്ങിയത് കൃഷിക്കാരുടെ അനുഭവങ്ങള്‍ ഒന്നു പഠിക്കാന്‍തന്നെയാണ്. ഓരോ തവണയും ഭക്ഷണം കഴിക്കുമ്പോള്‍ ഇതിനുവേണ്ടി അധ്വാനിച്ചവരെ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. കര്‍ഷകരുടെ കടബാധ്യതയെക്കുറിച്ചും അവരുടെ ആത്മഹത്യയെക്കുറിച്ചുമൊക്ക കേട്ടറിഞ്ഞതുകൊണ്ടാണ്, എനിക്ക് ഒരു പരിചയവുമില്ലാത്ത കൃഷിമേഖല ഞാന്‍ തിരഞ്ഞെടുത്തത്. ഇപ്പോള്‍ കര്‍ഷകരുടെ കഷ്ടപ്പാടെന്തെന്നു ശരിക്കും പഠിച്ചു. ഡല്‍ഹിയിലെ ദുരിതകാലാവസ്ഥ സഹിച്ചു നീതിക്കുവേണ്ടി മല്ലിടുന്ന കര്‍ഷകരെ പ്രാര്‍ത്ഥനയോടെ ഓര്‍ക്കുന്നു. അതിജീവനത്തിനുവേണ്ടി, നമുക്ക് ഭക്ഷണം ഒരുക്കിത്തരുന്നതിനുവേണ്ടി, പ്രതികൂലസാഹചര്യങ്ങളോടു മല്ലിട്ട് കഴിഞ്ഞ മൂന്നുമാസത്തോളമായി അവര്‍  സമരം ചെയ്യുകയാണ്. 
പ്രകൃതിയെ സ്‌നേഹിക്കുക എന്ന പാഠം എന്നെ പഠിപ്പിച്ചതും എന്റെ കുടുംബമാണ്. കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ 2500 കാറ്റാടിമരങ്ങള്‍ നട്ടുപിടിപ്പിച്ചു. ചെറിയൊരു കറുത്ത കവറില്‍ തൊട്ടാവാടിപോലെയുള്ള കുഞ്ഞുതൈയാണ് കിട്ടിയത്. അത് ഇപ്പോള്‍ ഒരു വലിയ കാടായി നില്ക്കുകയാണ്. 2004 ലെ സുനാമിക്കു ശേഷമാണ് അതു നട്ടത്. സുനാമിക്കോളനി എന്നാണ് ആ പ്രദേശം അറിയപ്പെടുന്നത്. സുനാമിക്കുശേഷം ഓഖി വന്നു. ഈ പ്രദേശത്ത് ഒട്ടും തന്നെ വെള്ളം കയറിയില്ല. അതിനടുത്ത സ്ഥലങ്ങളിലൊക്കെ ഓഖി നാശം വിതച്ചപ്പോഴും ഈ മരങ്ങള്‍ കരുത്തോടെ നില്ക്കുന്ന കാഴ്ച വളരെ അഭിമാനകരമായിരുന്നു.
്യൂഞാന്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത്, നാനൂറോളം ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്; കോളജ് കാമ്പസില്‍ അഞ്ഞൂറോളം മരങ്ങളും. അ ൃേലല ളീൃ ല്‌ലൃ്യ വീാല എന്ന പദ്ധതിയനുസരിച്ച് കോളജിലെ എല്ലാ കുട്ടികള്‍ക്കും ഓരോ പേരത്തൈ കൊടുത്തുവിട്ടു. ഒീാല ളീൃ വീാലഹല ൈഎന്ന പ്രോജക്ടിന്റെ ഭാഗമായി നിര്‍ധനരായ നിരവധി പേര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കി. വിശേഷദിവസങ്ങളില്‍ ആദിവാസി ഊരുകളില്‍ ഭക്ഷണക്കിറ്റ്  നല്‍കിക്കൊണ്ടിരിക്കുന്നു. ആദിവാസി ഊരുകളിലെ വനിതകളെ പുറംലോകത്തേക്കിറക്കാനും  ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും പഠിപ്പിച്ചു. അവരെ കടല്‍ കാണിക്കാനും ബോട്ടിങ്ങിനും നാട്ടിലെ ഉല്ലാസസ്ഥലങ്ങളില്‍ കൊണ്ടുവരാനും എനിക്കു സാധിച്ചു.
പങ്കുവയ്ക്കല്‍ എന്ന ദൈവികപുണ്യം ശീലിച്ചത് എന്റെ അമ്മയില്‍നിന്നാണ്. പന്ത്രണ്ടു മക്കളുള്ള ഒരിടത്തരം കുടുംബത്തില്‍ പങ്കുവയ്ക്കല്‍ എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമായിരുന്നു. അമ്മയോടൊപ്പം കൃഷിപ്പണി ചെയ്തും പശുക്കളെ പരിപാലിച്ചും ഇളയ സഹോദരരെസംരക്ഷിച്ചും കഴിച്ചുകൂട്ടുന്ന സമയം... അതിനിടയില്‍ കിട്ടുന്ന ചുരുങ്ങിയ ഇടവേളകളില്‍ മാത്രമായിരുന്നു പഠനം നടന്നിരുന്നത്. പഠിക്കാന്‍ സമയപരിമിതി ഉണ്ടായിരുന്നതുകൊണ്ടുതന്നെ ഉത്സാഹത്തോടെ പഠിച്ചു. എന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന ആളുകള്‍ക്ക് എന്തെങ്കിലും ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നത് ഞങ്ങളുടെ കൈകളിലൂടെയാകാന്‍ അമ്മ ശ്രദ്ധിച്ചിരുന്നു. അങ്ങനെ പങ്കുവയ്ക്കലിന്റെ ആനന്ദം വളരെ ചെറുപ്പത്തില്‍ത്തന്നെ ഞാന്‍ അനുഭവിച്ചു.
ഞാനൊരു കിഡ്‌നി ഡോണറാണ്. അതും പങ്കുവയ്ക്കലിന്റെ മറ്റൊരു പാഠമായി ഞാന്‍ കാണുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന മൂവാണ്ടന്‍ മാവില്‍നിന്നു താഴെ വീഴുന്ന മാമ്പഴം പന്ത്രണ്ടു മക്കളും അപ്പനും അമ്മയും ഒരുപോലെ പങ്കുവച്ചു കഴിച്ചിരുന്ന ആ അനുഭവം തന്നെയാണ് കിഡ്‌നി ദാനത്തിലൂടെയും എനിക്കു ലഭിച്ചത്. സന്ന്യാസിനിയായതിന്റെ ജൂബിലി വര്‍ഷത്തില്‍ (2018) മരണാസന്നനായ ഒരാള്‍ക്ക് ജീവന്‍ പങ്കിട്ടു നല്കിയത് കര്‍ത്താവിനോടുള്ള വലിയ നന്ദിയായി ഞാന്‍ സമര്‍പ്പിക്കുന്നു.
ഞാന്‍ കിഡ്‌നി കൊടുത്ത തിലകന്‍ ഇപ്പോള്‍ ജോലിക്കു പോകുന്നതു കാണുമ്പോള്‍, ദൈവകൃപയാല്‍ അതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചെറിയ സഹനങ്ങളുണ്ടെങ്കില്‍ ജീവിതത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. ജീവിതം ഒന്നേയുള്ളൂ. നമുക്കു സാധിക്കുമെങ്കില്‍ ഒരു തൂവല്‍ ഇവിടെ കൊഴിച്ചു കടന്നുപോവുക.
നിങ്ങള്‍ ഇരിക്കുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടുക. മുന്നോട്ടു കയറുക. സ്വരമുയര്‍ത്തിപ്പറയുക. ചോദ്യങ്ങളെ അഭിമുഖീകരിക്കാതിരിക്കാന്‍ പിറകിലേക്കു മാറാതിരിക്കുക. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണം എന്ന ആഗ്രഹവും അതിനുള്ള അശ്രാന്തപരിശ്രമവും  ഉണ്ടായിരിക്കണം. മാത്രല്ല, നാം ജീവിക്കുന്ന സമൂഹത്തോട് ആത്മാര്‍ത്ഥമായ പ്രതിബദ്ധതയും ഉണ്ടാവണം.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)