ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് അത്രയ്ക്കലക്ഷ്യമായി, തീര്‍ത്തും സാധാരണമായി അടുക്കളപ്പുറത്തു ചാരിവച്ചിരുന്ന കുറ്റിച്ചൂലുമെടുത്ത് ജയാപ്പന്‍ പുറത്തിറങ്ങിയപ്പോള്‍ എന്റമ്മ ഒരത്യാഹിതം സംഭവിച്ചെന്ന മട്ടില്‍ അതു നോക്കി നിന്നു...
അമ്മയ്ക്ക് ജയാപ്പനോട് ഒരു പ്രത്യേക വാത്സല്യമുണ്ട്. അമ്മ കല്യാണം കഴിഞ്ഞ് ആ വീട്ടിലേക്കു വരുമ്പോള്‍ ജയാപ്പന്‍ നാലാം ക്ലാസ്സുകാരനാണ്. അമ്മയുടെ കണ്‍മുമ്പിലൂടെ വളര്‍ന്ന ജയാപ്പനോട് പ്രത്യേകസ്‌നേഹം അമ്മയ്ക്കുള്ളതായി തോന്നിയിട്ടുണ്ട്. ജയാപ്പന്റെ മുറ്റമടി അമ്മയുടെ ഹൃദയത്തിലൂടെയാവണം വരഞ്ഞുകോറിപ്പോയിട്ടുണ്ടാകുക!
മോളന്ന് കൈക്കുഞ്ഞാണ്.. അവളെയും മടിയില്‍ വച്ച് അകത്തിരിക്കുകയായിരുന്ന എന്നോട് ''ജയനാണ് അവടെ മുറ്റമടിക്കണത്'' എന്ന് നിരാശയോടെ അമ്മ പറഞ്ഞു.
ഞാന്‍ ജനലിലൂടെ നോക്കിയപ്പോള്‍, അസാമാന്യവഴക്കത്തോടെ ചൂല് കൈയിലിട്ടൊന്നു കറക്കി അതിന്റെ കെട്ടു മുറുക്കി മതിലിലൊന്ന് ആഞ്ഞു കുത്തി വീണ്ടും കുനിഞ്ഞ് വലത്തോട്ടും ഇടത്തോട്ടും ചൂല് പരത്തിയടിച്ച് ടൈല്‍സിട്ട മുറ്റത്ത് വീണുകിടക്കുന്ന പ്ലാവിലകളെ ജയാപ്പന്‍ ആട്ടിയോടിച്ചു...
അമ്മയുടെ നിരാശ കണ്ട് എനിക്കു ചിരിവന്നു.
''അതിനെന്താ? നല്ലതല്ലേ?''
''നിനക്കു നല്ലതാവും. ഞാനിതൊന്നും കണ്ടു ശീലിച്ചിട്ടില്ല. അതാവും.''
ഞാന്‍ അഭിപ്രായൈക്യം പ്രകടിപ്പിക്കാത്തതിന്റെ നിരാശയില്‍ അമ്മയ്ക്കു ദേഷ്യം വന്നു.
''അവള്‍ക്കവടെന്താ പണി? അവള്‍ക്ക് ചെയ്തൂടേ?''
അച്ഛന്റെ അനിയന്മാരുടെ വീടുകള്‍ തൊട്ടപ്പുറത്താണ്. ഒരേ പറമ്പിലാണ്. വിശേഷദിവസങ്ങളിലൊക്കെ എല്ലാവരും ഒന്നിച്ചാകും..
ഇടയ്ക്ക് വിശിഷ്ടവിഭവങ്ങള്‍ പരസ്പരം കൈമാറുമ്പോള്‍, ജയാപ്പനുണ്ടാക്കീതാണെന്നു കേള്‍ക്കുമ്പോഴേക്കും ഞാന്‍ ആവേശത്തോടെ പാത്രത്തിലേക്കു കയ്യിടുമായിരുന്നു... അച്ഛനെടുത്തു വെക്കട്ടെ എന്നു പറഞ്ഞ് അമ്മയെന്റെ കൈ തട്ടിമാറ്റി ഏറ്റവും നല്ല കഷണങ്ങള്‍ മാറ്റിവയ്ക്കും... മധ്യവര്‍ഗകുടുംബങ്ങളിലെ തീര്‍ത്തും സ്വാഭാവികമായ 'നീതി' അതായിരുന്നല്ലോ...
ഞങ്ങളോടാരോടും പങ്കുവയ്ക്കാത്ത, എത്ര പരീക്ഷിച്ചാലും ശരിയാകാത്ത വിശേഷപ്പെട്ട രുചിക്കൂട്ടുകള്‍ ജയാപ്പന്റെ കറികള്‍ക്കുണ്ടാകുമായിരുന്നു.. അതു കഴിക്കുമ്പോള്‍ ജയാപ്പനൊരു ഷെഫാവാമായിരുന്നല്ലോ എന്ന് ഞാന്‍ നിരാശപ്പെടും.. ഗള്‍ഫിലെ മെക്കാനിക്കിന്റെ പണിയും ജയാപ്പനും തമ്മില്‍ ഒരിക്കലും ചേരില്ലെന്നു തോന്നും.
ജയാപ്പന്‍ അധികസമയവും അടുക്കളയോടു ചേര്‍ന്നുള്ള ഉമ്മറത്താണ് ഇരിക്കാറുള്ളത്.. ചക്കക്കാലമാകുമ്പോള്‍ ജയാപ്പന്‍ അത് വെട്ടിയരിയുകയായിരിക്കും.. മറ്റു ചിലപ്പോള്‍ കൂര്‍ക്ക നന്നാക്കുകയായിരിക്കും.. ചിലപ്പോള്‍ അതിവിദഗ്ധമായി മീന്‍ നന്നാക്കുകയായിരിക്കും. മീന്‍കത്രികയുപയോഗിച്ച് മീന്‍ നന്നാക്കുന്നത് ഞാനാദ്യമായി കണ്ടിട്ടുള്ളത് ജയാപ്പനില്‍നിന്നാണ്.
ജയാപ്പന്‍ പാചകം ചെയ്യുന്ന സമയത്ത് അടുക്കളയില്‍ അസാധാരണമായ ഒരു ശാന്തത നിറഞ്ഞുനില്‍ക്കുമായിരുന്നു.. സിങ്കില്‍ പാത്രങ്ങള്‍ കുമിഞ്ഞുകൂടാതെ.... കഴിച്ചതിന്റെയും അരിഞ്ഞതിന്റെയും അവശിഷ്ടങ്ങള്‍ ചുറ്റും തെറിക്കാതെ ട്രിപ്പിള്‍ ഡ്രം പ്രാക്റ്റീസുപോലെ തവികൊണ്ട് മറ്റു പാത്രങ്ങളില്‍ത്തട്ടി ബഹളമുണ്ടാക്കാതെ അത്രയ്ക്കാസ്വദിച്ച് ഒരു ധ്യാനം പോലെയായിരുന്നു ജയാപ്പന്റെ അടുക്കളപ്പെരുമാറ്റം.. കോലാഹലങ്ങളില്ലാതെ അത്രയ്ക്കു നിശ്ശബ്ദമായുള്ള അടുക്കളപ്പെരുമാറ്റം എനിക്കു പരിചയമുള്ള ഒരാളിലും ഞാന്‍ കണ്ടിട്ടില്ല...
ജയാപ്പന്റെ മുറ്റമടി പിന്നെപ്പിന്നെ ഒരു സ്വാഭാവികകാഴ്ചയായി. കാലങ്ങളായുള്ള മുട്ടുവേദനയില്‍നിന്നു മേമ മോചിക്കപ്പെട്ടു. എന്നാലും ആണുങ്ങള്‍ ചൂലു തൊടാന്‍ പാടില്ലെന്ന മധ്യവര്‍ഗ്ഗവിശ്വാസങ്ങള്‍ അമ്മയെ അസ്വസ്ഥയാക്കി..
''ഗള്‍ഫീന്നു വന്നേന്റെയാണ് ചെക്കന്... രണ്ടീസം കഴിഞ്ഞാ നിന്നോളും'' എന്ന അമ്മയുടെ പ്രതീക്ഷയെ തകര്‍ത്തുകൊണ്ട് ജയാപ്പന്‍ ആ വീടിനെയങ്ങ് മൊത്തത്തില്‍ ഏറ്റെടുത്തു. സാധനങ്ങള്‍ വാങ്ങാന്‍ മേമ പുറത്തു പോയി. കറന്റുബില്ലടയ്ക്കാനും കുറിയടയ്ക്കാനും വീടിനു മുന്നില്‍ പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണാവശ്യങ്ങള്‍ക്കും മേല്‍നോട്ടത്തിനുമായി മേമ മുന്നില്‍ നിന്നു. പണിക്കാര്‍ക്ക് അഞ്ചുമണിയാകുമ്പോ കൂലി നല്‍കി അവരെ പറഞ്ഞയച്ചു. രണ്ടു പെണ്‍മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കായി ഹാള്‍ ബുക്ക് ചെയ്യാനും സ്വര്‍ണമെടുക്കാനും ഭക്ഷണവും പന്തലും ഏല്പിക്കാനും മേമ ഓടി നടന്നു. ഗള്‍ഫില്‍ സമ്പാദിച്ച പൈസ കൊണ്ട് ബില്‍ഡിങ് പണിയുന്ന സമയത്ത് 'എന്റെ പേരില്‍ ഒന്നും വേണ്ട. ഓരോ കാര്യത്തിന് ഞാന്‍ നടക്കേണ്ടിവരും. എനിക്കു പറ്റില്ല.. നിന്റെ പേരിലാക്കിക്കോ' എന്നു പറഞ്ഞ് ജയാപ്പന്‍ ഉദാരനായി. തന്റെ സമ്പാദ്യങ്ങളൊക്കെയും സംശയലേശമെന്യേ ഭാര്യയ്ക്കു വിട്ടുകൊടുത്ത് പരസ്പരവിശ്വാസത്തിന്റെ സ്വാസ്ഥ്യത്തില്‍ ജയാപ്പന്‍ കിടന്നുറങ്ങി. സെന്ററില്‍ തുണിക്കടയിട്ടപ്പോള്‍ മേമ രാവിലെ ഒമ്പതു മണിക്കു പോകും. വൈകുന്നേരം കടയടച്ചു വരുമ്പോള്‍ മേമയെയും കാത്ത് ആ വീട്ടില്‍ പണികളൊന്നുമുണ്ടാകില്ലായിരുന്നു.... അങ്ങനെ സ്വാസ്ഥ്യത്തോടെ വന്നുകയറുന്ന ഒരു വീട് ഞങ്ങളുടെയൊന്നും വിദൂരസങ്കല്പങ്ങളില്‍പ്പോലുമില്ലായിരുന്നു...
മകള്‍ ഗര്‍ഭിണിയായ സമയത്ത്, അവളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് രുചിക്കൂട്ടുകള്‍ മാറിമാറി പരീക്ഷിക്കുന്ന ജയാപ്പന്‍ ഞങ്ങള്‍ക്കദ്ഭുതമായിരുന്നു. അച്ഛനുണ്ടാക്കിയ ഒരു കറിയും ഇന്നോളം കഴിച്ചിട്ടില്ലാത്ത മക്കളായിരുന്നു ഞങ്ങള്‍...
ചക്ക വെട്ടാനും വാഴക്കുടപ്പന്‍ അരിയാനും കടച്ചക്കയരിയാനും അപൂര്‍വങ്ങളിലപൂര്‍വമായി അച്ഛന്‍ അടുക്കളയില്‍ കയറുന്നത് ഞങ്ങള്‍ക്കദ്ഭുതമായിരുന്നു. അത്തരം ദിവസങ്ങളില്‍ അമ്മ അച്ഛനെ ഏറ്റവും ആര്‍ദ്രമായി നോക്കുമായിരുന്നു. ഊണുകഴിക്കാനിരിക്കുമ്പോള്‍ 'അച്ഛനാ അരിഞ്ഞുതന്നത്' എന്നു പറഞ്ഞ് ആ കറിയുടെ മൊത്തം ക്രെഡിറ്റും കറിപൗഡര്‍ പരസ്യത്തിലെ വീട്ടമ്മയെപ്പോലെ യാതൊരവകാശവാദങ്ങളുമില്ലാതെ അമ്മ അച്ഛനു തീറെഴുതിക്കൊടുക്കുമായിരുന്നു.
അല്ലാത്തപ്പോഴെല്ലാം ഒച്ചിനെപ്പോലെ അമ്മ വീടും ചുമന്നു നടന്നു. 'ഞാനൊരു ദിവസം മാറി നിന്നാല്‍ കാണാം... അച്ഛനും മക്കളും പഠിച്ചോളും' എന്ന ഭീഷണി ഇടയ്ക്കിടെ വീട്ടില്‍ മുഴങ്ങി.. അച്ഛന്റെ ഏഴുമണിക്കുള്ള കട്ടന്‍ചായയും എട്ടുമണിക്കുള്ള പ്രഭാതഭക്ഷണവും പതിനൊന്നു മണിക്കുള്ള അധികം മധുരമിടാത്ത ചെറുനാരങ്ങവെള്ളവും പന്ത്രണ്ടരയ്ക്കുള്ള ഉച്ചഭക്ഷണവും മൂന്നരയ്ക്കുള്ള ചായയും ഏഴരയ്ക്കുള്ള രാത്രിഭക്ഷണവും മുടങ്ങിയാലുണ്ടാകുന്ന ഭീകരപ്രതിസന്ധി അമ്മ ഞങ്ങളെയും ഓര്‍മപ്പെടുത്തി. ഇതൊക്കെ സമയാസമയത്തു ചെയ്തുകൊടുക്കുന്നതു കൊണ്ടാണ് അച്ഛനിങ്ങനെ ശാന്തനായിരിക്കുന്നതെന്നും അല്ലെങ്കിലച്ഛനീ വീടിളക്കിമറിക്കുമെന്നും ഞങ്ങള്‍ വിശ്വസിച്ചു.
ഞങ്ങളുടെ പ്രസവസമയത്ത് ആശുപത്രിയിലും അമ്മയുടെ വീട്ടിലെ മരണങ്ങള്‍ക്കുമല്ലാതെ അമ്മ വീട്ടില്‍നിന്നു മാറിനില്‍ക്കില്ലായിരുന്നു... ഞാനില്ലെങ്കില്‍ ശരിയാവില്ല എന്നു പറഞ്ഞ് അമ്മ എപ്പോഴും ആ വീടിന്റെ ചങ്ങല തന്റെ കാലില്‍ കെട്ടിയിട്ടു.
ഗേറ്റ് പൂട്ടുകയും വാതില്‍ പൂട്ടുകയുമായിരുന്നു അച്ഛന്റെ റിട്ടയേഡാനന്തര ജീവിതത്തിലെ ഏക തൊഴില്‍.. അമ്മയ്ക്കതില്‍ പരാതിയില്ലായിരുന്നു. അച്ഛന്‍ 18 വയസ്സുമുതല്‍ വീടിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ആളാ എന്ന കാര്യം അമ്മ നിരന്തരം ഞങ്ങളെ ഓര്‍മ്മപ്പെടുത്തി. 55-ാം വയസ്സില്‍ റിട്ടയേഡായ അച്ഛനു വിശ്രമം ആവശ്യമാണെന്ന് ഞങ്ങളാരും ചോദിക്കാതെതന്നെ ബോധ്യപ്പെടുത്തി.
റിട്ടയര്‍മെന്റും ആനുകൂല്യങ്ങളും ശമ്പളവുമില്ലാത്ത ലോകത്തെ ഏകതൊഴിലിടത്തില്‍ ഹൗസ് വൈഫായി അമ്മ തൊഴിലെടുത്തു. എന്തു ചെയ്യുന്നു? എന്ന ചോദ്യത്തിന് ഒന്നും ചെയ്യുന്നില്ല എന്ന് തീര്‍ത്തും സ്വാഭാവികമായി അമ്മ ഉത്തരം കൊടുത്തു.
പണി കൂടുതലുള്ള ദിവസങ്ങളില്‍ അമ്മയുടെ മുറുമുറുപ്പ് കേള്‍ക്കാന്‍ പറ്റുന്ന പാകത്തിലാകുമ്പോള്‍, നിന്നോട് വല്ലോരും ചെയ്യാന്‍ പറഞ്ഞോ? നിനക്കിവിടെ വെറുതെ വന്നിരുന്നൂടേ? നിനക്കിപ്പെന്താ ഈ വീട്ടില്‍ ഇത്ര വല്യ പണി? എന്ന് അച്ഛന്‍ പറയും. അമ്മയപ്പോള്‍ പിറുപിറുപ്പ് ശക്തമാക്കും. മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജില്‍ പഠിച്ച താന്‍ ഈ അടുക്കളയില്‍ തളച്ചിടേണ്ട ആളല്ലായിരുന്നു എന്ന് ഞങ്ങളെ ഓര്‍മപ്പെടുത്തും. കോളജില്‍ ഒപ്പം പഠിച്ച, ഇപ്പോള്‍ വിവിധ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന, തന്നെക്കാള്‍ അസമര്‍ത്ഥകളായ കൂട്ടുകാരികളുടെ പേര് അമ്മ പറയും. ഏതെങ്കിലും സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സോ ബാങ്ക് മാനേജരോ ഒക്കെയാവേണ്ടിയിരുന്ന അമ്മ മഞ്ഞള്‍ക്കറ പുരണ്ട ഈ മുഷിഞ്ഞ വേഷത്തില്‍ ഈ വീടിനുള്ളില്‍ പാഞ്ഞുനടക്കേണ്ടിയിരുന്ന ആളേ ആയിരുന്നില്ല എന്ന് ഞങ്ങളപ്പോള്‍ നിരാശപ്പെടും.
ഒരിക്കല്‍ അച്ഛനോട്, അച്ഛനെന്താ അമ്മേനെ ജോലിക്ക് വിടാഞ്ഞത് എന്നു ചോദിച്ചപ്പോള്‍, ഞാനാ! എന്നച്ഛന്‍ അമ്പരന്നു.
''അവള്‍ക്ക് പോവാനിഷ്ടല്ലാണ്ടായിരുന്നു. ഞാനൊന്നും ചെയ്തിട്ടല്ല. നിന്റമ്മ അതും അതിലപ്പുറോം പറയും'' എന്ന് അച്ഛനാ ആരോപണത്തെ പൂര്‍ണമായി നിഷേധിച്ചിട്ടുണ്ട്.
അഞ്ചുമണിക്കുള്ള അലാറനിലവിളിയില്‍ പിടഞ്ഞുണര്‍ന്ന്, അടുക്കളയിലേക്കൊരോട്ടപ്പാച്ചില്‍ നടത്തുന്ന അമ്മ!
ആ ഓട്ടം നില്‍ക്കുന്നത് രാത്രി കിടക്കുമ്പോഴായിരിക്കും...
ഒരിക്കല്‍ അടുക്കളപ്പുറത്തിരുന്ന് അമ്മ അരിക്കലം കരിയിട്ട് വെളുപ്പിക്കുന്നതിനിടയ്ക്ക് ഞാന്‍ ചോദിച്ചു:
''ഇനിയീ പാത്രം ഉപയോഗി ക്കില്ലേ?''
''ഏഹ്?'' അമ്മയ്ക്ക് കാര്യം മനസ്സിലായില്ല.
ഞാനും വിശദമാക്കാന്‍ നിന്നില്ല.
പിറ്റേന്നു രാവിലെ വീണ്ടും കരിയാക്കാനായാണ് തേച്ചു തേച്ച് കണ്ണാടിപോലെ ആ പാത്രം വെളുപ്പിക്കുന്നത്...! ചോദിച്ചാല്‍ നല്ല ചീത്ത കേള്‍ക്കും.. അമ്മ ചീത്ത പറഞ്ഞാല്‍ എനിക്കിപ്പോഴും കരച്ചില്‍ വരും..
അമ്മയ്ക്കു മാത്രം ചുമക്കാന്‍ കഴിയുന്ന മരുത്വാമലയായിരുന്നു ഞങ്ങളുടെ വീട്!
കല്യാണം കഴിഞ്ഞാല്‍ ഞങ്ങളും അങ്ങനെയാകണമെന്ന് അമ്മ ആഗ്രഹിച്ചു... ഞാനാദ്യമൊക്കെ അങ്ങനെതന്നെയായിരുന്നു.. എന്റെ ഇഷ്ടങ്ങളൊക്കെ ഞാന്‍ മാറ്റിവച്ചു... ഏറ്റവും പ്രിയപ്പെട്ട ഉള്ളിത്തീയലിന്റെ രുചി അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ മാത്രം ഞാനറിഞ്ഞു. ചെന്നുകയറിയ കുടുംബത്തിന്റെയും ഭര്‍ത്താവിന്റെയും രുചിക്കൂട്ടുകളിലേക്ക് എന്നെ പറിച്ചുനട്ടു..
പിന്നെപ്പിന്നെ എനിക്കു ബോറടിക്കാന്‍ തുടങ്ങി.
മറ്റുള്ളവരുടെ ഇഷ്ടങ്ങളിലേക്കുള്ള പരകായപ്രവേശങ്ങള്‍ ഞാന്‍ നിര്‍ത്തിയതങ്ങനെയാണ്...
'നീ തേക്കുമ്പോള്‍ നിറച്ചും ചുളിവാ' എന്ന് ഭര്‍ത്താവൊരിക്കല്‍ പരാതി പറഞ്ഞതില്‍പ്പിന്നെ ആ പരിപാടിയേ അവസാനിപ്പിച്ചു... സാരി തേക്കാതെ ഉടുക്കുന്ന എനിക്ക് ചുളിവു വീഴാത്ത ഷര്‍ട്ടുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറ്റില്ലായിരുന്നു... ഞാനത് തുറന്നുപറഞ്ഞപ്പോള്‍ അവിശ്വസനീയമായതെന്തോ കേട്ടപോലെ ഭര്‍ത്താവെന്നെ നോക്കി... ഞാന്‍ ഗൂഢമായ ചിരിയോടെ ആ നോട്ടത്തെ അവഗണിച്ചു...
പാചകം എനിക്കൊരു പ്രശ്നമല്ലായിരുന്നു. എങ്കിലും അടുക്കളയ്ക്ക് ഞാനെന്നെ മുഴുവനായി വിട്ടുകൊടുത്തില്ല.. വേഗത്തില്‍ പണികള്‍ തീര്‍ക്കാന്‍ അസാമാന്യമായ കഴിവെനിക്കുണ്ടെന്ന് അമ്മ അഭിമാനത്തില്‍ പലരോടും പറയുന്നതു കേട്ടിട്ടുണ്ട്. പണികള്‍ പെട്ടെന്നു തീര്‍ത്ത് ബാക്കിയുള്ള സമയത്ത് ഞാന്‍ ജനാലയിലെ പൊടികള്‍ തുടയ്ക്കുമെന്നും തലയണക്കവര്‍ തുന്നുമെന്നും മുറ്റത്തെ ചെടികള്‍ക്കിടയിലുള്ള കളകള്‍ പറിക്കുമെന്നും എല്ലാവരും പ്രതീക്ഷിച്ചു... ചുറ്റുമുള്ളവര്‍ പ്രതീക്ഷിച്ച വീട്ടമ്മയുടെ ചേരുവകളൊന്നും കൃത്യമായി എന്നിലില്ലായിരുന്നു...
പ്രതീക്ഷ വലിയ ഭാരമാണെന്നും, മറ്റുള്ളവരില്‍ പ്രതീക്ഷയുടെ ഭാരങ്ങള്‍ നിക്ഷേപിക്കാതെ ജീവിച്ചാല്‍ ജീവിതം കുറേക്കൂടി സുന്ദരമാണെന്നും ഞാനും അപ്പോഴേക്കും തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു...