വീട്ടില്‍ ഓണ്‍ലൈനില്‍ ഇരിക്കുന്ന കുട്ടിക്ക് സ്‌കൂളില്‍ ഇരിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്വം ഒരിക്കലും ഉണ്ടാകില്ല. കുട്ടിയുടെ പഠനനിലവാരം അളക്കാനോ അതിന്റെ രേഖ തയ്യാറാക്കാനോ അദ്ധ്യാപകര്‍ വീട്ടില്‍ ഇല്ല. പഠനനിലവാരരേഖ നോക്കി കുട്ടിയുടെ പുരോഗതി വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്കു കഴിയില്ല. ഇതില്‍നിന്നെല്ലാം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണെന്നു മനസ്സിലാക്കാം.
അദ്ധ്യാപകര്‍ക്ക് പൊന്നുവില!
വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ ആര്‍ക്കും കൈയടി നേടാനുള്ളതല്ല. കുട്ടികളുടെ കാര്യത്തില്‍ വളരെ ശുഭോദര്‍ക്കമായി ചിന്തിക്കുന്നവരാണ് അധ്യാപകര്‍.
തന്റെ മുമ്പിലിരിക്കുന്ന കുട്ടി പഠിച്ചു നന്നാകുന്നതു കാണാനാണ് ഏതൊരു അദ്ധ്യാപകനും ആഗ്രഹിക്കുന്നത്. ശമ്പളം വാങ്ങാനുളള ഒരു തൊഴില്‍ മാത്രമല്ല അദ്ധ്യാപനം. മനസ്സും ജീവനുമുള്ള കുഞ്ഞുങ്ങളെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനു പര്യാപ്തമായവിധം രൂപപ്പെടുത്താനുള്ള തീവ്രപോരാട്ടമാണ് ക്ലാസുമുറികളില്‍ നടക്കുന്നത്. ഇന്നത്തെ പണി നാളത്തേക്കു മാറ്റിവയ്ക്കാന്‍ പറ്റില്ല. നഷ്ടപ്പെടുന്ന ദിനങ്ങളും അവസരങ്ങളും ഇവിടെ വീണ്ടും ലഭിക്കില്ല.
ഓണ്‍ലൈന്‍ പകരം
സംവിധാനം ആവുകയില്ല!
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസപ്രക്രിയ ആഴത്തില്‍ വേരോടിയതാണ്. ഇതു പറിച്ചെറിഞ്ഞ് ഓണ്‍ലൈന്‍ സംവിധാനം എളുപ്പത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നതല്ല.
വിദ്യാഭ്യാസം ഒരു പ്രക്രിയയാണ്. അത് ക്ലാസുമുറിയില്‍ മാത്രമേ നടക്കൂ. ഗുരുവിന്റെ അടുത്തുനിന്നു മാത്രമേ വിദ്യ അഭ്യസിക്കാനാവൂ.
ചോരയും നീരും മനസ്സും ചിന്തയും ഉള്ള വ്യക്തിയാണ് ഒരു വിദ്യാര്‍ത്ഥി. അവനെ കൈകാര്യം ചെയ്യാന്‍ അദ്ധ്യാപകര്‍ തന്നെ വേണം. വിദ്യാലയങ്ങള്‍ അതിനുള്ള പണിപ്പുരകളാണ്. അവിടെ അതിനുള്ള ക്രമീകരണങ്ങളുണ്ട്.
പുത്തന്‍ ടെക്‌നിക്കുകള്‍
പുതുപുത്തന്‍ ടെക്‌നിക്കുകളാണ് ഇന്ന് വിദ്യാലയങ്ങളില്‍ ഇംപ്ലിമെന്റ് ചെയ്യേണ്ടിവരുന്നത്. വിദ്യാഭ്യാസപ്രക്രിയ എപ്പോഴും അഡ്വാന്‍സ് ചെയ്യപ്പെടണം. അതിനാല്‍ അദ്ധ്യാപകര്‍ കാലാനുസൃതമായി നവീകരിക്കപ്പെടണം. സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങളും ഒന്നിനൊന്നു പരിഷ്‌കരിക്കപ്പെടണം. പുതിയ ടീച്ചിംഗ് എയ്ഡുകളും വിവരസ്രോതസുകളും തേടേണ്ടിവരും.
കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും നെറ്റ് വര്‍ക്കും എല്ലാം ക്ലാസുമുറിയില്‍ കടന്നുവന്നത് ഇതിനാലാണ്. ഇവയെല്ലാം പഠനപ്രക്രിയയെ സഹായിക്കും. എന്നുവച്ച് പഠനത്തിന് ഇതുമാത്രം മതി എന്നു നാം കരുതരുത്. ഇനി സ്‌കൂളും വേണ്ട അദ്ധ്യാപകരും വേണ്ട ഓണ്‍ ലൈന്‍ ക്ലാസ് മാത്രം മതി എന്നു കരുതിയാല്‍ അതു തീര്‍ത്തും മൗഢ്യമായിരിക്കും.
കുട്ടികളുടെ ഭാവി?
ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും സ്‌കൂളുകളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തപ്പോള്‍ എല്ലാവരും ആശങ്കയിലായി. കുട്ടികളുടെ പഠനം, പരീക്ഷകള്‍, ക്ലാസുകയറ്റം, ഉന്നതപഠനം, ജോലി ഇങ്ങനെ തുടങ്ങി ആശങ്കകള്‍ നമ്മെ കുഴക്കി.
രക്ഷിതാക്കളുടെ ടെന്‍ഷന് അല്പം അയവ് ഉണ്ടായത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോഴാണ്. എന്നാല്‍, തുടര്‍ച്ചയായി മണിക്കൂറുകളോളം കുട്ടികളെ പിടിച്ചിരുത്താന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു കഴിയുന്നില്ല. ആദ്യത്തെ താല്‍പര്യവും ഉത്സാഹവും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. തല്‍സമയം എന്നതു മാറി 'യൂ ട്യൂബില്‍ പിന്നെ' എന്ന അലംഭാവം കുട്ടികളെ ബാധിച്ചിരിക്കുന്നു.
സ്‌കൂളിലെ ചിട്ടവട്ടങ്ങള്‍
ഒരു സ്‌കൂള്‍ ആകുമ്പോള്‍ അവിടെ ചില ചിട്ടവട്ടങ്ങളും അച്ചടക്കവും പെരുമാറ്റമര്യാദകളും ഉണ്ട്. ഒരു ടൈം ടേബിളിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്.
അദ്ധ്യാപകരുടെ പ്രേരണ കുട്ടികളുടെ പഠനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഘടകമാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇതൊന്നും പ്രായോഗികമല്ല. ഉഴപ്പാനുള്ള പ്രവണത മിക്ക കുട്ടികള്‍ക്കും ഉണ്ട്. കൃത്യമായി പഠിച്ചില്ലെങ്കില്‍, ഹോം വര്‍ക്കുകള്‍ ചെയ്തില്ലെങ്കില്‍ അദ്ധ്യാപകര്‍ പിടികൂടും. ഇന്റേണല്‍ മാര്‍ക്കു കുറയ്ക്കും. ഇത് കുട്ടികള്‍ക്കറിയാം. വീട്ടില്‍ ഓണ്‍ലൈനില്‍ ഇരിക്കുന്ന കുട്ടിക്ക് സ്‌കൂളില്‍ ഇരിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്വം ഒരിക്കലും ഉണ്ടാകില്ല. കുട്ടിയുടെ പഠനനിലവാരം അളക്കാനോ അതിന്റെ രേഖ തയ്യാറാക്കാനോ അദ്ധ്യാപകര്‍ വീട്ടില്‍ ഇല്ല. പഠനനിലവാരരേഖ നോക്കി കുട്ടിയുടെ പുരോഗതി വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്കു കഴിയില്ല. ഇതില്‍നിന്നെല്ലാം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണെന്നു മനസ്സിലാക്കാം.