•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇന്ധനവിലക്കയറ്റം 100 തികച്ച് ആഘോഷമാക്കാനോ?

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില, സര്‍വകാലറിക്കാര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് ലിറ്ററിന് 90 രൂപയും കടന്നു മുന്നേറുന്നു. ഇപ്പോഴും ദിനംപ്രതി വില കൂട്ടുന്നു. സെഞ്ച്വറി അടിച്ച്, ''100'' തികച്ച്, അതും ഒരു ആഘോഷമാക്കാനോ, മോദി സര്‍ക്കാരിന്റെ പുറപ്പാട്?
കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രസാദ് ഇക്കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രസ്താവിച്ചു, ഇവിടെ വില കൂടിയത് അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്റെ വില കൂടിയതുകൊണ്ടാണെന്ന് ആവശ്യമുള്ള ക്രൂഡോയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യേï നമുക്കു മറ്റെന്തു ചെയ്യാന്‍ കഴിയുമെന്നാണ് അദ്ദേഹം ചോദിച്ചത്. മന്ത്രി പറഞ്ഞതു നേരാണോ?
ഇപ്പോള്‍ നാം ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ വില, 52 ഡോളര്‍ മാത്രം. ഡോ. മന്‍മോഹന്‍സിങ്ങിന്റെ കോണ്‍ഗ്രസ് ഭരണകാലത്ത് 152 ഡോളറായിരുന്നു വില. അന്ന്, ഇവിടെ പെട്രോള്‍വില 70 രൂപ! അപ്പോള്‍ മന്ത്രി പറയുന്നത് നുണയോ?
കൊവിഡ് 19 കൊടുമ്പിരിക്കൊണ്ടണ്ടിരുന്ന കാലത്ത് ക്രൂഡിന്റെ വില 40 ഡോളര്‍ തലത്തിലേക്കു താഴ്ന്നിരുന്നു. അവിടെ നിന്നുയര്‍ന്ന് അത് 50 ഡോളറിലെത്തിയതാണ്, നമ്മുടെ മന്ത്രി വലിയ അന്താരാഷ്ട്ര വിലക്കയറ്റമായി വര്‍ണിച്ചത്. പെട്രോളിന്റെ  വിലക്കയറ്റത്തിനു യഥാര്‍ത്ഥ കാരണം, കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍/ഡീസലിന്മേലുള്ള എക്‌സൈസ് തീരുവ ഉയര്‍ത്തിയതു മാത്രമാണ്. ഇന്നത്തെ ക്രൂഡോയിലിന്റെ വിലയ്ക്ക് ക്രൂഡ് വാങ്ങി നമ്മുടെ റിഫൈനറികള്‍ അതു ശുദ്ധീകരിച്ച് പെട്രോള്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ് 35 - 36 മാത്രമേ വരൂ. ഡീസലിന് ഇത് രണ്ടോ മൂന്നോ രൂപ കൂടി ആയേക്കാം. ഇതിന്മേല്‍ വന്‍തോതില്‍ എക്‌സൈസ് തീരുവ ചുമത്തുന്നതുകൊണ്ടാണ് വില ഉയരുന്നത്. ഈ ഉയര്‍ന്ന  വിലയിന്മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ മൂല്യവര്‍ദ്ധിതനികുതി(VAT) യും ചുമത്തുന്നു. ഇന്നു നാം 90 രൂപയ്ക്ക് പെട്രോള്‍ വാങ്ങുമ്പോള്‍ അതില്‍ 60 രൂപയും നികുതിയാണ്. അതിന്റെ നാലിലൊരു ഭാഗം സംസ്ഥാനസര്‍ക്കാരുകളുടെ നികുതിയും.
വിലക്കയറ്റത്തിനു കാരണം, നികുതി ഉയര്‍ത്തിയതു മാത്രമാണ്. അപ്പോള്‍ കേന്ദ്രമന്ത്രി പറയേണ്ടï ന്യായം എന്തെന്നോ? ''കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിലെ വ്യവസായ, ബിസിനസ്, തൊഴില്‍, സേവനമേഖലകളാകെ തകര്‍ന്നു; അതോടെ സര്‍ക്കാരിന്റെ നികുതിവരുമാനവും ഇടിഞ്ഞു. നഷ്ടം നികത്താന്‍ വഴി തേടേണ്ടേ?'' നികുതിവരുമാനത്തിലുണ്ടായ കുറവ് വീണ്ടെടുക്കാന്‍ കേന്ദ്രം കണ്ടïഎളുപ്പവഴിയാണ് പെട്രോളിയം മേഖലയെ കൊള്ളനികുതിക്കു വിധേയമാക്കുക എന്നത്; പ്രതിദിനം മുപ്പതും നാല്പതും പൈസ കണ്ട് നികുതി ഉയര്‍ത്തുന്നു. ചെറിയ ഡോസില്‍ ഉള്ളില്‍ച്ചെല്ലുന്നത് വിഷമാണെങ്കിലും, അതിന്റെ ഫലം ജനത്തിനു കാണാനും അറിയാനും വേദനിക്കാനും ഉടനേ ഇടയാകില്ലല്ലോ. (ഈ 'ഡെയ്‌ലി ഡോസ്' പ്രയോഗം തുടങ്ങിയത് പക്ഷേ, യുപിഎ സര്‍ക്കാരായിരുന്നു.)
കൊവിഡിന്റെ തുടക്കത്തില്‍ ലോകത്തിലേറ്റവും കര്‍ക്കശമായ 'ലോക്ഡൗണ്‍' അനുഭവിക്കേണ്ടിവന്നത് പാവം ഇന്ത്യക്കാരായിരുന്നു. അതും വെറും നാലു മണിക്കൂറിന്റെ മുന്നറിയിപ്പോടെ. ലോക്ഡൗണ്‍ കഠിനമായതോടെയാണ്, സമ്പദ്‌വ്യവസ്ഥ മുഴുവന്‍ നിശ്ചലമായതും എല്ലാ മേഖലകളും തകര്‍ച്ച നേരിടേണ്ടി വന്നതും. അങ്ങനെ ജോലിയും, കൂലിയും നഷ്ടപ്പെട്ട് ശിക്ഷയനുഭവിച്ചുകഴിഞ്ഞ ജനങ്ങളെ സര്‍ക്കാര്‍ വീണ്ടും ശിക്ഷിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയുയരുന്നതോടെ നിത്യോപയോഗവസ്തുക്കള്‍ ഉള്‍പ്പെടെ സര്‍വസാധനങ്ങളുടെയും വില ഉയരുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതി ഉയരുന്നതോടെ സംസ്ഥാനസര്‍ക്കാരുകളുടെ മൂല്യവര്‍ദ്ധിതനികുതി വരുമാനവും ഉയരുന്നു. അതുകൊണ്ടായിരിക്കാം, സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള കക്ഷികളെല്ലാം, പെട്രോള്‍ വിലക്കയറ്റത്തിനെതിരേ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാതെ, കിട്ടുന്ന തുക വാങ്ങിയെടുത്ത് മുമ്പോട്ടു പോകാന്‍ ശ്രമിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ക്രൂഡിന്റെ വില 150 ഡോളറില്‍ എത്തുകയും, ഇവിടെ പെട്രോള്‍വില 70 രൂപയ്ക്കു മുകളിലേക്കു കയറുകയും ചെയ്തപ്പോള്‍ ബിജെപി നടത്തിയ ശക്തമായ പ്രതിഷേധപ്രകടനങ്ങളും സമരങ്ങളും അവര്‍ സൗകര്യപൂര്‍വം മറക്കുകയാണ്. പക്ഷേ, ജനം മറന്നിട്ടില്ല. നഗരവീഥികളിലൂടെ കാളവണ്ടിയോടിച്ചും, അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടിലേക്കു ജാഥയായി ബൈക്കുകള്‍ ഓടിച്ചുകയറ്റിയതും ഓര്‍ക്കുന്നവരുണ്ട്. ഇന്ന്, ക്രൂഡിന്റെ വില അന്നത്തെ 150 ഡോളറിന്റെ മൂന്നിലൊരു ഭാഗം മാത്രമായി നില്‍ക്കുമ്പോഴാണ് നാം 90 രൂപയ്ക്ക് പെട്രോള്‍ വാങ്ങേണ്ടിവന്നിരിക്കുന്നത്.  അന്നു ബിജെപിയുടെ സമരപരിപാടികള്‍ക്ക് ആഘോഷപൂര്‍വമായ പ്രചരണം  നല്‍കിയ മാധ്യമങ്ങള്‍ക്കും ഇന്ന്, ഇത് ഒരു വലിയ വിഷയമല്ല. നമ്മുടെ നഗരങ്ങളിലും ഗ്രാമാന്തരങ്ങളിലും പ്രതിഷേധക്കാരുടെ ബഹളവുമില്ല. ഈ കഠിനമായ വിലക്കയറ്റം ആരെയും വേദനിപ്പിക്കുന്നില്ലേ? എന്തുകൊണ്ട് ഈ ശ്മശാനമൂകത?
മാധ്യമങ്ങളോടു ചോദിച്ചുനോക്കൂ; അവര്‍ പറയും, ''പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല. ശക്തമായ പ്രതികരണവും ഇടപെടലും അവരുടെ ഭാഗത്തു കാണുന്നില്ല. വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രകടനങ്ങളുമില്ല. അപ്പോള്‍ ഞങ്ങള്‍ എന്തു റിപ്പോര്‍ട്ടു ചെയ്യാനാണ്?''
പ്രതിപക്ഷത്തോടു ചോദിച്ചാല്‍ അവര്‍ പറയും, ''ഞങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, മാധ്യമങ്ങളൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല. അവരെല്ലാം സര്‍ക്കാരിന് ഒരു അനിഷ്ടവും വരാതെ സൂക്ഷിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥിതിയില്‍ ആയിക്കഴിഞ്ഞിരിക്കുന്നു. അവരെ വരുതിയില്‍ നിറുത്താനുള്ള തന്ത്രങ്ങള്‍ വിജയകരമായി ബിജെപി പയറ്റുന്നു.''
ഏതായാലും, കഷ്ടപ്പെടുന്നത് പാവങ്ങളെക്കാള്‍, മദ്ധ്യതരക്കാരാണ്. 'മിഡില്‍ ക്ലാസ്' എന്നു വിവരിക്കപ്പെടുന്ന ഇക്കൂട്ടര്‍ക്ക് ഒരു ചെറിയ കാറോ ടൂവീലറുകളോ സ്വന്തമായി ഉണ്ടായിരിക്കും; പരിമിതമായ വരുമാനംകൊണ്ട് ബുദ്ധിമുട്ടി, രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ എക്കാലവും പാടുപെടുന്ന ഇവര്‍ക്ക് പെട്രോള്‍ വിലക്കയറ്റം കനത്ത പ്രഹരംതന്നെയാണ്. പക്ഷേ, ഉത്തരേന്ത്യയില്‍ ഈ മദ്ധ്യവിഭാഗം ബഹുഭൂരിപക്ഷവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തരാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഏതു കഠിനനടപടിയെടുക്കാനും ഭയമില്ല; തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവരുടെ വോട്ടു നേടാനുള്ള 'വിഭാഗീയ വികാരം ഉണര്‍ത്തല്‍' എന്ന പഴയ ആയുധവും കൈവശമുണ്ടല്ലോ. അവരില്‍നിന്നു വലിയ പ്രതിഷേധപ്രകടനമൊന്നും  ഉണ്ടാകുമെന്ന് ബിജെപിക്കു ഭയപ്പെടാനില്ല, എന്നര്‍ത്ഥം.
കോണ്‍ഗ്രസ് പാര്‍ട്ടിയാണെങ്കില്‍, അന്താരാഷ്ട്ര എണ്ണവില അവരുടെ ഭരണകാലത്ത് 150 ഡോളറില്‍ എത്തിയപ്പോഴത്തെ സ്ഥിതിയും, അത് 50 ഡോളര്‍ മാത്രമായി നില്‍ക്കുന്ന ഇന്നത്തെ സ്ഥിതിയും  താരതമ്യം ചെയ്ത് ജനങ്ങള്‍ക്കു കാര്യം എളുപ്പം മനസ്സിലാകുന്ന വിധത്തില്‍ വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല; മാദ്ധ്യമങ്ങള്‍ക്ക് പടംപിടിച്ച  കാണിക്കാന്‍ സഹായകമായ നിറപ്പകിട്ടുള്ള കാളവണ്ടിജാഥകളോ സൈക്കിള്‍ യാത്രകളോ സംഘടിപ്പിക്കുന്നുമില്ല.
ഇതിനിടയ്ക്ക് മറ്റൊരു തമാശ: നമ്മുടെ എണ്ണശുദ്ധീകരണശാലകളില്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ്, സംസ്‌കരിച്ച് നാം ഉത്പാദിപ്പിക്കുന്ന പെട്രോള്‍, ഡീസല്‍ എന്നിവ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നു. എന്തുവിലയ്ക്ക്? വെറും 34 രൂപയ്ക്ക് പെട്രോളും 37 രൂപയ്ക്ക് ഡീസലും!
തീപിടിക്കുന്ന വിലയായ 90 രൂപയ്ക്ക് ജനങ്ങള്‍ക്കു പെട്രോള്‍ നല്‍കുന്ന സര്‍ക്കാര്‍ 15 വിദേശരാജ്യങ്ങളിലേക്ക് പെട്രോള്‍ കയറ്റിയയയ്ക്കുന്നത് തുച്ഛമായ വിലയ്ക്ക്. വിവരാവകാശനിയമപ്രകാരം ഈയിടെ മാംഗ്‌ളൂര്‍ റിഫൈനറീസ് പെട്രോകെമിക്കല്‍സ്  എന്ന പൊതുമേഖലാസ്ഥാപനത്തില്‍നിന്നു ലഭിച്ച വിവരമാണിത്.
ഇന്നു ലോകത്തില്‍ ഏറ്റവുമധികം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതേ സമയം ഏറ്റവുമധികം പെട്രോളും ഡീസലും മറ്റു റിഫൈനറി ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിലും നാമുണ്ട് (ഈ ലിസ്റ്റില്‍ നാം പത്താംസ്ഥാനത്ത്.)
ഇന്ന് ഇന്ത്യയ്ക്കു വിദേശനാണ്യത്തിന്റെ കാര്യത്തില്‍ പഞ്ഞമില്ല. റിക്കാര്‍ഡുതലത്തിലാണ്, നമ്മുടെ വിദേശനാണ്യനീക്കിയിരുപ്പിന്റെ കണക്ക്. 540 ബില്യന്‍ ഡോളര്‍! ഒരു ബില്യന്‍ ഡോളര്‍, 7500 കോടി രൂപ എന്നു കണക്കാക്കുക. ഈ സാഹചര്യത്തില്‍ 34 രൂപയ്ക്കും, 37 രൂപയ്ക്കും മറ്റും എന്തിനുവേണ്ടിയാണ് നാം പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്നത്? ആ കയറ്റുമതി നിര്‍ത്തി ആ ഉത്പന്നംകൂടി നമ്മുടെ ആഭ്യന്തരവിപണിയില്‍ വില്പന നടത്തിയാല്‍, ജനങ്ങള്‍ക്ക് പെട്രോളും ഡീസലും പത്തോ പതി നഞ്ചോ രൂപകണ്ട് വില കുറച്ച് ലഭ്യമാക്കാന്‍ കഴിയും. അതേ സമയം സര്‍ക്കാരിന് പെട്രോളിയം മേഖലയില്‍നിന്നു ലഭിക്കുന്ന നികുതിവരുമാനം കുറയാതെ സൂക്ഷിക്കാന്‍ കഴിയും; മൂന്നാമതായി, റിഫൈനറിയുടെ വരുമാനവും, ലാഭവും ഉയരുകയും ചെയ്യും. ഒരു വെടിക്ക് മൂന്നു പക്ഷികള്‍!
ഇതോടൊപ്പം സര്‍ക്കാരിന്റെ അനാവശ്യച്ചെലവുകള്‍ കുറയ്ക്കുകയും അഴിമതി കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്താല്‍ പെട്രോള്‍വില വീണ്ടും കുറച്ചുകൊണ്ടുവരാന്‍ കഴിയും. ജനങ്ങളുടെ നടുവ് ഒടിക്കാതെ സര്‍ക്കാരിന് ആവശ്യമായ നികുതി വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷേ, ദന്ത ഗോപുരത്തില്‍നിന്നിറങ്ങി, കഷ്ടപ്പെടുന്ന ജനങ്ങളുടെ ദീനരോദനം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതോ, ഞങ്ങള്‍ എന്തു ചെയ്താലും, തിരഞ്ഞെടുപ്പു വരുമ്പോള്‍ അവരുടെ വോട്ടു നേടാനുള്ള വേറേ ആയുധം കൈയിലുണ്ട്, എന്നു കരുതി അഹങ്കാരപൂര്‍വ്വം മുന്നോട്ടു പോകുമോ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)