ഭാഷ അടിസ്ഥാനപരമായി ആശയവിനിമയോപാധിയാണ് എന്ന നിലയിലുള്ള വിലയിരുത്തലുകളും നിര്‍വചനങ്ങളും നടത്തിയിരുന്ന കാലം കഴിഞ്ഞു. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി എന്ന മട്ടിലല്ല ഇപ്പോള്‍ നിരീക്ഷിക്കേണ്ടത്; ആശയത്തിനുള്ള ഉപാധിയായാണ്. ഭാഷ എന്നത് വെറുമൊരു ഉപകരണമല്ലെന്നും സാമൂഹികവും ശാസ്ത്രീയവും രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ ഒരുപ്രതിഭാസമാണെന്നുമുള്ള അടിത്തറയില്‍നിന്നുകൊണ്ടാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. മാത്രമല്ല, മാതൃഭാഷയും നവോത്ഥാനവും ജനാധിപത്യവും തമ്മില്‍ ഏറ്റവും കൂടുതല്‍ ബന്ധം സൂക്ഷിക്കുന്നത് കേരളത്തിലാണ്. മാതൃഭാഷ എന്നത് ഒരു നവോത്ഥാനസങ്കല്പമാണ് എന്നിരിക്കലും,
'മറ്റുള്ള ഭാഷകള്‍ കേവലം
ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷ
താന്‍'
എന്ന വള്ളത്തോളിന്റെ വരികള്‍ മുന്‍നിര്‍ത്തിയായിരിക്കും മിക്കവാറും നമ്മള്‍ മാതൃഭാഷയെ നിര്‍വചിക്കുന്നത്. ഇവിടെ പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള വ്യത്യാസത്തെ സംബന്ധിച്ച വിശദീകരണങ്ങള്‍ നല്കാറുണ്ട്. അതു മിക്കവാറും ചെന്നെത്തുന്നത് മലയാളം പെറ്റമ്മയും ഇംഗ്ലീഷ് പോറ്റമ്മയും എന്ന മട്ടിലേക്കാണ്. മാതാവ് സംസാരിക്കുന്ന ഭാഷയാണ് കുട്ടികള്‍ ആദ്യം അവരുടെ ഭാഷയായി സ്വീകരിക്കുന്നത് എന്ന ഒരു യുക്തിയുടെ അടിസ്ഥാനത്തിലായിരിക്കാം മാതൃഭാഷ എന്ന പ്രയോഗം കടന്നുവന്നത്. എന്നാല്‍, എല്ലായ്‌പോഴും മാതാവ് സംസാരിക്കുന്ന ഭാഷയായിരിക്കണമെന്നില്ല ഒരു ശിശുവിന്റെ മാതൃഭാഷ. പ്രത്യേകിച്ച്, മാതാപിതാക്കള്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അതിജീവിച്ചവരാണെങ്കില്‍ മാതൃഭാഷാസങ്കല്പത്തില്‍ത്തന്നെ മാറ്റം വന്നേക്കാം.
ഇതുമായി ബന്ധപ്പെടുത്തി ചിന്തിക്കാവുന്ന മറ്റൊരു സിദ്ധാന്തമാണ് പിതൃഭാഷ. ലക്കാനിയന്‍ മനോവിശ്ലേഷണം ഭാഷയെ പിതാവായിട്ടാണ് കാണുന്നത്. അങ്ങനെ നോക്കിയാല്‍ എല്ലാ ഭാഷകളും പിതൃഭാഷകളാണെന്നു കരുതേണ്ടിവരും. വാസ്തവത്തില്‍, ഭാഷ എന്ന ഒരു പൊതുസങ്കല്പത്തെയാണ് ഇത്തരത്തില്‍ ഒരു ആശയംകൊണ്ടു പൊതിഞ്ഞിരിക്കുന്നത്. അതേസമയം, 1867 ല്‍ റവ.ജോര്‍ജ് മാത്തന്‍ 'ബാലാഭ്യസന'ത്തെക്കുറിച്ചു നടത്തിയ ഒരു പ്രസംഗത്തില്‍ - ഈ പ്രസംഗം പിന്നീട് ലേഖനരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി - മാതൃഭാഷയെ 'ജന്മഭാഷ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏതായാലും മനുഷ്യന്‍ ജനിച്ചു വീഴുന്ന സാഹചര്യത്തില്‍നിന്നു സ്വായത്തമാക്കുന്ന ഒരു ഭാഷയാണ് എല്ലായ്‌പോഴും അവന് ആശയത്തെ പ്രകടിപ്പിക്കാന്‍ തുണയാവുക എന്ന സങ്കല്പമാണ് ഈ സിദ്ധാന്തങ്ങളെല്ലാം മുന്നോട്ടുവയ്ക്കുന്നത്.
മാതൃഭാഷാസംരക്ഷണത്തിനുവേണ്ടി ഒട്ടേറെ രക്തരൂഷിത സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിക്കുന്നത് ബംഗ്ലാദേശിലെ സര്‍വകലാശാലാവിദ്യാര്‍ഥികളുടെ രക്തസാക്ഷിത്വം സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ്. 1952 ഫെബ്രുവരി 21 ന് ബംഗാളിഭാഷയില്‍ സര്‍വകലാശാലാവിദ്യാഭ്യാസം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധസമരക്കാര്‍ക്കിടയിലേക്ക് പോലീസ് വെടിയുതിര്‍ക്കുകയും സമരത്തില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ്, ബംഗാളിഭാഷാപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ഭാഷാദിനമായി ഈ ദിവസത്തെ മാറ്റിത്തീര്‍ത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് 1999 നവംബര്‍ 17 ന് യുനെസ്‌കോ ലോകമാതൃഭാഷാദിനമായി ഫെബ്രുവരി 21 പ്രഖ്യാപിച്ചത്.
ഇന്ത്യയിലും ഇത്തരത്തിലുള്ള ചില ഭാഷാസമരങ്ങള്‍ നടന്നതായി കാണാം. ആന്ധ്രയില്‍ പോറ്റി ശ്രീരാമലു 1952 ഒക്‌ടോബര്‍ 19 മുതല്‍ ഡിസംബര്‍ 15 വരെ നടത്തിയ നിരാഹാരസമരവും തമിഴ്‌നാട്ടില്‍ 1965-66 കാലഘട്ടത്തില്‍ നടന്ന ഹിന്ദി വിരുദ്ധസമരവും മാതൃഭാഷയ്ക്കുവേണ്ടി നടത്തിയ സമരങ്ങളുടെ പട്ടികയില്‍ പെടുത്താവുന്നവയാണ്.
മാതൃഭാഷയെ ഇത്രമേല്‍ സ്‌നേഹിക്കുന്ന ഒരു ജനത, നവോത്ഥാനത്തിനും ജനാധിപത്യപ്രക്രിയയ്ക്കും അടിത്തറ പാകിയ ഒരു ജനത തീര്‍ച്ചയായും സാങ്കേതികവിദ്യയിലും ഭാഷയുടെ സ്വീകാര്യത ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
അനുനിമിഷം ശാഖോപശാഖകളായി വളരാനും വികസിക്കാനും സാധ്യതയുള്ള ഒരു പ്രതിഭാസമാണ് ഭാഷ. ഭാഷ യാതൊരു നിയന്ത്രണങ്ങളും കൂടാതെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ഭാഷയെ വ്യവസ്ഥപ്പെടുത്താന്‍ വ്യാകരണകൃതികളിലൂടെ വൈയാകരണന്മാര്‍ ചില ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. എങ്കിലും ഈ വ്യവസ്ഥാകരങ്ങളെ അതിജീവിക്കുക എന്നതാണ് എല്ലായ്‌പോഴും ഭാഷയുടെ പ്രകൃതി. അതേസമയം സാങ്കേതികവിദ്യയ്ക്കുമേല്‍ മനുഷ്യകേന്ദ്രിതമായ പല നിയന്ത്രണങ്ങളും വന്നുഭവിക്കുന്നതു കാണാം. അത്തരം നിയന്ത്രണങ്ങളിലൂടെയാണ് സാങ്കേതികവിദ്യ പുതുക്കപ്പെടുന്നതു പരിഷ്‌കരിക്കപ്പെടുന്നതും.
ടൈപ്പ് റൈറ്റര്‍ യുഗത്തിലുണ്ടായ സാങ്കേതികപരിമിതി ആധുനിക വിവരസാങ്കേതികവിദ്യയ്ക്കില്ല. സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായി സാങ്കേതികവിദ്യയെ പരുവപ്പെടുത്തേണ്ടിയിരിക്കുന്നു. ഭാഷയുടെ സജീവത നിലനിര്‍ത്തിക്കൊണ്ടുവേണം അതിനോടു നീതിപുലര്‍ത്തേണ്ടത്. ഭാഷയെ സജീവമാക്കാനുള്ള നിരവധി കാര്യങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഭാഷയുടെ സജീവത നിലനിര്‍ത്തുന്നതോടൊപ്പം സാങ്കേതികത അതിനോടൊപ്പം വളരുന്നില്ല എന്നും നാം തിരിച്ചറിയേണ്ടതാണ്.
സ്വതന്ത്രമായി വികസിച്ചുവരുന്ന ഒരു ഭാഷ പൊതുസമൂഹത്തിന്റെ സ്വത്താണ്. എന്നാല്‍, സാങ്കേതികവിദ്യയുടെ വികസനം പലപ്പോഴും പല കുത്തകകളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നു. ഇതിന് അപവാദമായി ചൂണ്ടിക്കാട്ടാവുന്നത് സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ നിര്‍മിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഭാഷയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഭാഷയ്ക്ക് കരുത്തുപകരുകയും ചെയ്യുന്ന ഒരു സംഗതിയാണ്. മലയാളികള്‍ ഇന്നുപയോഗിക്കുന്ന ഫോണ്ടുകളെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറായി രൂപംകൊണ്ടവയാണ്. ഇതിന്റെ പോരായ്മയെന്തെന്നുവച്ചാല്‍, വിപണിതാത്പര്യത്തിനനുസരിച്ച് രൂപംകൊണ്ട മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ സാങ്കേതിക രംഗത്തെ അതികായന്മാര്‍ അവതരിപ്പിച്ച ഭാഷാകംപ്യൂട്ടിങ് ടൂളുകളാണ് ഇപ്പോഴും നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനമായി റെന്ററിങ്, ഫോണ്ട്, അക്ഷരവലിപ്പം, അക്ഷരക്രമം തുടങ്ങിയവയൊക്കെ നമ്മുടെ ഭാഷയുടെ രീതിശാസ്ത്രത്തോടു പൊരുത്തപ്പെടുന്നവയായിക്കൊള്ളണമെന്നില്ല. ഉദാഹരണമായി, 'ന്റ' എന്ന അക്ഷരത്തെ മലയാളഭാഷാസാങ്കേതികവിദഗ്ധര്‍ ഭയപ്പെടുകയാണ്. യൂണികോഡിലേക്ക് മാറ്റുമ്പോള്‍ 'ന്, റ' എന്നുമാത്രമേ ഈ അക്ഷരത്തെ കാണാന്‍ സാധിക്കൂ. അതുപോലെതന്നെയാണ് 'മ്പ' എന്ന അക്ഷരവും. ഇതിന്റെ റെന്ററിങ്ങിലെ പിഴവുകളും തീര്‍ക്കേണ്ടതുണ്ട്. റെന്ററിങ്ങിലെ ഇത്തരം പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാഷാസാങ്കേതികവിദഗ്ധരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയുള്ള പിഴവുകളുണ്ടാകുന്നതിനുള്ള കാരണം, അക്കാദമികതലത്തിലുള്ള ഭാഷാവിദ്യാഭ്യാസം സാങ്കേതികവിദ്യയോടു പുറംതിരിഞ്ഞുനില്ക്കുന്നു എന്നതാണ്.
കൈയക്ഷരം മനസ്സിലാക്കിക്കൊണ്ടുള്ള എഴുത്തുരീതിയാണ് മറ്റൊരു പ്രധാനപ്പെട്ട മേഖല. ഗൂഗിളിന്റെ ഹാന്‍ഡ് റൈറ്റിംഗ് റെക്കഗ്‌നേഷന്‍ ടൂള്‍ നിലവിലുണ്ട്. വാസ്തവത്തില്‍, മലയാളം ടൈപ്പിങ്ങിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ടൈപ്പ് റൈറ്റര്‍ എന്ന പ്രതിഭാസംതന്നെ അസ്തമിച്ചിരിക്കുന്നു. എങ്കിലും അതേ 'കീ' സമ്പ്രദായമാണ് ഇന്ന് കപ്യൂട്ടറുകളില്‍ ഉപയോഗിച്ചുപോരുന്നത്. എന്നാല്‍, അതിനൊരു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുവരുന്നത് മൊബൈല്‍ ഫോണുകള്‍ നമ്മെ തീര്‍ത്തും നിരാശപ്പെടുത്തിയിട്ടുമില്ല. മൊബൈല്‍ ഫോണുകളില്‍ ടച്ച് സ്‌ക്രീന്‍ വന്നതോടുകൂടി വിരല്‍കൊണ്ട് എഴുതാവുന്ന സാങ്കേതികവിദ്യയിലേക്കു നമ്മള്‍ മാറി.
ഭാഷ മനുഷ്യനോടൊപ്പം ജനിക്കുകയും മനുഷ്യനോടൊപ്പം വളരുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ സാങ്കേതികമായി അതിനെ അടയാളപ്പെടുത്തുന്ന എല്ലാ പ്രക്രിയകളും ഭാഷയുടെ വളര്‍ച്ചയ്ക്കു നിദാനമാണ്. സാങ്കേതികവിദ്യയ്ക്കുവേണ്ടി ഭാഷയെ വികലമാക്കുന്നതിലല്ല കാര്യം; മറിച്ച്, ഭാഷയ്ക്കുവേണ്ടി സാങ്കേതികവിദ്യയെ നിയന്ത്രിതമായ രീതിയില്‍ ക്രമീകരിക്കുക എന്നതിലാണ് കാര്യം.